അക്ബർ ഖാൻ


കലകളുടെ കൂട്ടത്തിൽ ആളുകളുടെ ഹൃദയം കീഴടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ സംഗീതത്തിനാണ്. ആ മഹാസാഗരത്തിൽ ചെറിയ ഓളങ്ങൾ തീർക്കാനെങ്കിലും സാധിച്ചാൽ ജീവിതം ധന്യമായി എന്ന് കരുതുന്ന ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഏഷ്യാനെറ്റിന്‍റെ ‘മൈലാഞ്ചി’, സീ കേരളത്തിന്‍റെ ‘സരിഗമപ’ എന്നീ റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും യുവതലമുറയുടെയും ഹരമായി മാറിയ അക്ബർ ഖാന് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമേയില്ല. വലിയ ഒരു ഫാൻ ബേസുണ്ട് അക്ബറിന്‍റെ സ്വരമാധുരിക്ക്.

ഗായകൻ എന്നതിലുപരി സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിത്താറിസ്റ്റ് എന്നീ നിലകളിലും സ്റ്റാറാണ് ഈ തൃശൂരുകാരൻ. തന്‍റെ സംഗീതയാത്രയെക്കുറിച്ച് അക്ബർ മനസ്സ് തുറക്കുന്നു...


വിദ്യാസാഗർ പാടാൻ വിളിച്ചപ്പോൾ

ഒരു കഥ പറഞ്ഞാൽ കേട്ടിരിക്കാൻ സമയമുണ്ടോ എന്ന് ചോദിച്ച് അക്ബർ സംസാരം തുടങ്ങി... ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോഴാണ് എന്നെ തേടി വിളിയെത്തിയത്. ‘‘വിദ്യാസാഗറിന്‍റെ ഓഫിസിന്ന് പേശറെ...അക്ബർ താനേ...’’ എന്ന് ചോദിച്ചു.

വിദ്യാജിയുടെ പി.എ. മുരുകനായിരുന്നു വിളിച്ചത്. എന്നാൽ, ആരോ പറ്റിക്കാൻ വിളിക്കുന്നതാവും എന്ന് കരുതി ‘‘ചുമ്മാ പറ്റിക്കാതെ പോടേ...’’ എന്നു പറഞ്ഞ് കാൾ കട്ട് ചെയ്തു. അദ്ദേഹം വീണ്ടും വിളിച്ചു. കുറച്ചു തിരക്കാണെന്ന് പറഞ്ഞ് ഇക്കുറിയും കാൾ കട്ടാക്കി. അന്ന് രാത്രി ഗായിക സുജാതച്ചേച്ചി വിളിച്ചിട്ട് വിദ്യാസാഗർ വിളിക്കുമെന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ എന്‍റെ കിളി പോയി... ‘സരിഗമപ’യിലെ ജഡ്ജുമാരിൽ ഒരാളായിരുന്നു സുജാതച്ചേച്ചി. അവർ മത്സരാർഥികളുടെ വോയ്സ് വിദ്യാസാഗറിന് അയച്ചുകൊടുത്തിരുന്നു. അതിൽ അദ്ദേഹത്തിന് ഇഷ്ടമായത് എന്‍റെ ശബ്ദമാണ്. എന്നെ ഒരു സിനിമയിൽ പാട്ടു പാടിക്കാൻ വിളിച്ചതായിരുന്നു. ഉണ്ടായ കാര്യങ്ങളൊക്കെ സുജാതച്ചേച്ചിയോട് പറഞ്ഞു.

‘‘എന്തു പരിപാടിയാണ് നീ കാണി​ച്ചത്’’ എന്ന് അവർ ചോദിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. അപ്പോൾ തന്നെ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ക്ഷമ ചോദിച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്. സിനിമയിൽ പാടാനാണ് എന്ന് പറഞ്ഞ് പലരും വിളിച്ച് പറ്റിക്കാറുണ്ടെന്നും അങ്ങനെയാണെന്നാണ് കരുതിയത് എന്നും പറഞ്ഞു.

അത് കുഴപ്പമില്ല, ശബ്ദം പാടാൻ ഓകെയാണോ എന്ന് മുരുകൻ ചോദിച്ചു. ഓകെ ആണെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ചെന്നൈയിലേക്ക് വരാൻ നിർദേശിച്ചു. വലിയൊരു അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാൽ, ‘സരിഗമപ’യുടെ ഷൂട്ടിങ് കഴിഞ്ഞിട്ടുമില്ല. ‘സരിഗമപ’യുടെ ഡയറക്ടർ സെർഗോ വിജയരാജിനോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം എന്‍റെ പാട്ടിന്‍റെ ഷൂട്ട് പെട്ടെന്ന് തീർത്തുതരാമെന്ന് ഏറ്റു. മറ്റു മത്സരാർഥികളും സഹകരിച്ചു.

ടീമിലെ ഒരാൾക്ക് അവസരം കിട്ടുന്നതിൽ എല്ലാവരും ഹാപ്പിയായിരുന്നു. ‘സരിഗമപ’യിൽ ഉള്ളതുകൊണ്ട് മറ്റു ഷോകളൊന്നും ചെയ്യരുതെന്ന് നിർദേശമുണ്ടായിരുന്നു. കാരണം അത് ശബ്ദത്തെ ബാധിക്കും. പ്രോഗ്രാമുകൾ ഇല്ലാത്തതിനാൽ പണവുമില്ല. കൂടെയുള്ള ജാസിമിനോട് കുറച്ച് പണം കടം വാങ്ങി.

ചെന്നൈക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. സാധാരണ രാത്രി യാത്ര പുറപ്പെട്ടാൽ പിറ്റേന്ന് രാവിലെ എട്ടിന് ബസ് ചെന്നൈയിൽ എത്താറുള്ളതാണ്. കഷ്ടകാലത്തിന് അന്ന് ബസ് വഴി തെറ്റി. പത്തരയായപ്പോഴാണ് ചെന്നൈയിൽ എത്തിയത്.

10ന് വിദ്യാജിയുടെ സ്റ്റുഡിയോയിൽ എത്താൻ പറഞ്ഞതാണ്. ബസിൽ നിന്നിറങ്ങി ഭക്ഷണം പോലും കഴിക്കാതെ ഫ്രഷായി ഓട്ടോയിൽ ടി നഗറിലെ വിദ്യാജിയുടെ ഓഫിസിലെത്തി. ഓടിക്കിതച്ചെത്തിയ എന്നെ കണ്ടയുടൻ വിദ്യാജി പറഞ്ഞു. ‘‘തമ്പീ നിങ്ങൾ ലേറ്റായിരിക്ക്..’’

മുക്കാൽ മണിക്കൂറോളം ​വിദ്യാജി എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അത്‍ വലിയ വിഷമമുണ്ടാക്കി. ബസ് വൈകിയതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ അവിടെനിന്ന് ഒരു കട്ടൻ ചായ കിട്ടി. പിന്നീട് അദ്ദേഹം ലിറിക്സ് തന്നു. അത് എഴുതിയെടുക്കാൻ പറഞ്ഞു. പല്ലവി പഠിപ്പിച്ചുതന്നു.

പല്ലവി പാടിയപ്പോൾ തന്നെ ‘‘തമ്പീ വോയ്സ് റൊമ്പ ക്യൂട്ടായിരുക്ക്...’’ എന്ന് അഭിനന്ദിച്ചു. ഒരു തുടക്കക്കാരന് സന്തോഷത്തിന് ഇതിൽപരം എന്തുവേണം. സിനിമയുടെ നിർമാതാവും സംവിധായകനും അവിടെ ഇരിക്കു​ന്നുണ്ടായിരുന്നു. അവരിൽ ആദ്യം കണ്ടപ്പോഴേ ഒരു അനിഷ്ടം പ്രകടമായിരുന്നു. ചിരിക്കുന്നുപോലുമുണ്ടായിരുന്നില്ല. വിദ്യാജിയെ പോലൊരാളെ കാത്തിരിപ്പിച്ചതി​ന്‍റെ മുഷിപ്പാകാം.

പല്ലവി കഴിഞ്ഞ് അനുപല്ലവിയും പഠിപ്പിച്ചുതന്നു. അതുകഴിഞ്ഞ് ചരണം. ടെൻഷനടിച്ച് ചരണം കുറിച്ചുവെക്കാൻ വിട്ടുപോയതിനാൽ അദ്ദേഹത്തി​ന്‍റെ മുന്നിൽവെച്ചുതന്നെ എഴുതിയെടുത്തു. റെക്കോഡിങ് കഴിഞ്ഞപ്പോൾ നന്നായി പാടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, അവിടെയുണ്ടായിരുന്നവർക്ക് ഇഷ്ടമായില്ലെന്നും നമുക്ക് മറ്റൊരിക്കൽ കാണാമെന്നും വിദ്യാജി പറഞ്ഞു. നല്ലൊരു ഭാവിയുണ്ടെന്നും പറഞ്ഞ് അനുഗ്രഹിച്ചു. അദ്ദേഹത്തെ കണ്ടതുതന്നെ വലിയ ഭാഗ്യമാണെന്ന് പറഞ്ഞ് ഒപ്പംനിന്ന് ഒരു ഫോട്ടോയുമെടുത്ത് പിരിഞ്ഞു.

ഭാര്യ ഡോ. ഷെറീൻ ഖാനൊപ്പം അക്ബർ ഖാൻ


തട്ടിക്കളഞ്ഞ ശിപാർശ

ആകെ പതറിപ്പോയിരുന്നു. പാട്ടു പാടാമെന്ന് കരുതി വന്നിട്ട് ഒന്നും നടന്നില്ല. കൈയിൽ ബാക്കിയുള്ളത് 300 രൂപ മാത്രം. വല്ലതും കഴിച്ചിട്ട് ട്രെയിനിൽ ജനറൽ കമ്പാർട്മെന്‍റിൽ കയറി നാട്ടിലേക്ക് തിരിക്കാം എന്ന് കരുതി. ഉമ്മയെ കാണാൻ അതിയായ ആഗ്രഹം തോന്നി. അതിനിടക്ക് സുജാതച്ചേച്ചി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

കുറച്ചു കഴിഞ്ഞ് അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. കണ്ടിട്ട് പോയാൽ മതിയെന്ന് നിർബന്ധം പിടിച്ചു. അങ്ങനെ ബാക്കിയുള്ള കാശിന് ഓട്ടോയിൽ അണ്ണാനഗറിലെ സുജാതച്ചേച്ചിയുടെ ഫ്ലാറ്റിലെത്തി. അവിടെയെത്തി എല്ലാം വിശദമായി പറഞ്ഞു. വിശക്കുന്നുണ്ടോന്ന് ചോദിച്ച് ചേച്ചി ഭക്ഷണം ഓർഡർ ചെയ്തു. കുറച്ചുനേരം അവരുടെ കുടുംബവുമായി സമയം ചെലവഴിച്ചു.

ചേച്ചിയുടെ വിഷമം മാറിയില്ല... നാളെ ഫ്രീ ആണോ എന്ന് ചോദിച്ചു. എ.ആർ. റഹ്മാൻ വന്നിട്ടുണ്ട്. നാളെ റഹ്മാനെ കാണാൻ പോകാമെന്ന് പറഞ്ഞു. അദ്ദേഹത്തി​ന്‍റെ അടുത്ത് നീ ഒരു പാട്ടു പാടും. അത് കഴിഞ്ഞ് എല്ലാം നി​ന്‍റെ ഭാഗ്യം പോലിരിക്കും എന്നുംകൂടി പറഞ്ഞു. ചേച്ചി റഹ്മാൻ സാറിനെ വിളിക്കാൻ ഫോൺ എടുത്തതാണ്. ഞാൻ സമ്മതിച്ചില്ല.

എന്തായാലും വിദ്യാജിയെ കാണാൻ പറ്റി. അദ്ദേഹത്തിന്‍റെ അനുഗ്രഹവും കിട്ടി. ഇനി മറ്റൊരു ലെജൻഡിനെ കൂടി വയ്യ ചേച്ചീ. മനസ്സ് ശരിയല്ല എന്ന് പറഞ്ഞു. അതോടെ പിന്നെയാകാം എന്ന് ചേച്ചി സമ്മതിച്ചു. അങ്ങനെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിപാർശ തട്ടിക്കളഞ്ഞു. അതിൽ ഇപ്പോഴും നിരാശയുണ്ട്. എന്നാലും കിട്ടേണ്ട കാര്യങ്ങൾ തേടിയെത്തുമെന്ന വിശ്വാസത്തിൽ ജീവിക്കുകയാണ്.

സംഗീതം തന്നത് വിലമതിക്കാനാവാത്ത കുറെ സൗഹൃദങ്ങളാണ്. ചിത്രച്ചേച്ചി, സുജാതച്ചേച്ചി എന്നിവരുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോൾ സ്റ്റാർ സിംഗറിലെ ജൂറിയാകാനുള്ള ഭാഗ്യം ലഭിച്ചു. സംഗീതത്തിൽ ഒരു ബാക്ഗ്രൗണ്ടുമില്ലാത്ത ഒരാളെ ഇത്രയെങ്കിലും ആകാൻ സഹായിച്ചത് ആ ബന്ധങ്ങളാണ്.

കൂടെയുണ്ട് സംഗീതം

ചെറുപ്പത്തിലേ പാടുമായിരുന്നു. മദ്റസയിൽ നബിദിന പരിപാടികൾക്കൊക്കെ പാടുമായിരുന്നു. അങ്ങനെയാണ് ഉള്ളിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞത്. ഉമ്മയും ഉപ്പയും താൽപര്യമെടുത്താണ് പാട്ടു പഠിപ്പിക്കാൻ ചേർത്തത്. മൂന്നാം ക്ലാസ് മുതൽ കർണാട്ടിക് മ്യൂസിക് പഠിച്ചു തുടങ്ങി. 10ാം ക്ലാസ് വരെ തുടർച്ചയായി ഏഴു വർഷം പഠിച്ചു. അതുകഴിഞ്ഞ് ഹിന്ദുസ്താനി, വെസ്റ്റേൺ, വോക്കൽ മ്യൂസിക് ഒക്കെ പഠിച്ചു.

പ്ലസ്ടു പരീക്ഷയെഴുതി നിൽക്കുമ്പോൾ ജയ്ഹിന്ദ് ടി.വിയിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ പ​ങ്കെടുത്തു. അതായിരുന്നു ആദ്യ റിയാലിറ്റി ഷോ വേദി. അതിനുശേഷം പട്ടുറുമാലിലെത്തി. ‘മൈലാഞ്ചി’യിൽ രണ്ടാം സ്ഥാനം ലഭിച്ചു. ആദ്യമായി ഗൾഫ് കാണുന്നത് ആ പ്രോഗ്രാം വഴിയായിരുന്നു. അതു കഴിഞ്ഞ് ഏഷ്യാനെറ്റ് അവാർഡ് നൈറ്റുകളിലൊക്കെ പാടാൻ അവസരം കിട്ടി. ഒരുപാട് ഗൾഫ് ഷോകളിലും.

എല്ലാവർക്കും പ്രിയം തും ഹി ഹോ...

ഇതുവരെ ആയിരത്തോളം സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ടാകും. എല്ലാ ജോണറിലുള്ള പാട്ടുകളും പാടാറുണ്ട്. വെസ്റ്റേൺ, ഹിന്ദി, ഗസൽ, ഖവാലി എല്ലാം പാടാറുണ്ട്. ചിലർ ‘സരിഗമപ’യിൽ പാടിയ പാട്ടുകൾ ചോദിച്ചു. ‘തും ഹി ഹോ’ എല്ലാവരും ചോദിക്കും. ഈ പാട്ട് വഴിയാണ് മലയാള സിനിമയിൽ പാടാൻ അവസരം കിട്ടുന്നത്. പിന്നെ ‘അല അ​ലൈ’ ചോദിക്കാറുണ്ട്. ‘സരിഗമപ’യിൽ ഉള്ളപ്പോൾ അക്ബർ ഖാൻ എന്ന പേരിൽ കുറെ ഫാൻ പേജുകളുണ്ടായി.

പലരും വിലപിടിപ്പുള്ള സമ്മാനമൊക്കെ തരും. സി.ആർ.പി.എഫിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി മരിക്കുന്നതിനുമുമ്പ് ഒരു സമ്മാനം വാങ്ങിവെച്ചിരുന്നു. അവളുടെ മരണശേഷം സുഹൃത്താണ് സമ്മാനമായ ഗിത്താർ എത്തിച്ചുനൽകിയത്. അർബുദത്തിന്‍റെ നാലാം സ്റ്റേജിലെത്തിയ ആ പെൺകുട്ടിക്ക് എന്നോട് സംസാരിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. സംസാരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും അതിനവൾ കാത്തുനിന്നില്ല. ആ പെൺകുട്ടിയുടെ ഡയറിയിലും എന്നെക്കുറിച്ച് എഴുതിയിരുന്നു. സംഗീതത്തിൽ മാത്രം കിട്ടുന്ന അപൂർവതകളാണ് ഇതൊക്കെ.

ജീവിക്കാൻ എക്സ്കവേറ്ററും ഓടിച്ചു

എക്സ്കവേറ്റർ മെക്കാനിസം പഠിച്ചശേഷം ഗൾഫിലേക്ക് പോകാനായിരുന്നു പ്ലാൻ. ഉപ്പ ഖത്തറിലായിരുന്നു. അവിടെ ഷിപ്‍യാർഡിലൊക്കെ നല്ല ചാൻസാണ് ഇത് പഠിച്ചാൽ. എന്നാൽ നാലോ അഞ്ചോ മാസം മാത്രമേ ആ ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ. കാരണം ആ ജോലി തുടരുകയാണെങ്കിൽ പാട്ട് കൂടെ കൊണ്ടുപോകാനാവില്ല. എല്ലാറ്റിലും വലുത് സംഗീതം തന്നെയായിരുന്നു. അതിനാൽ ജോലി വിട്ടു.

സെർഗോ വിജയരാജിനൊപ്പം


‘സരിഗമപ’യിലേക്ക്...

‘മൈലാഞ്ചി’യിൽ പാടുന്ന കാലത്താണ് സെർഗോ വിജയരാജ് സാറിനെ പരിചയപ്പെട്ടത്. ഷോ ഡയറക്ടർ അദ്ദേഹമായിരുന്നു. മ്യുസിഷ്യന്മാർക്ക് സ്ഥിര വരുമാനമുണ്ടാകില്ല. പലപ്പോഴും സ്റ്റേജ്​ ഷോകളെ ആശ്രയിച്ചായിരിക്കും ജീവിതം. ഒരു മാസം ഷോ ഒന്നുമില്ലെങ്കിൽ പട്ടിണിയായിരിക്കും.

നോട്ടു നിരോധന കാലത്ത് അങ്ങനെയൊരു ദുരിത ജീവിതമായിരുന്നു. അത് കഴിഞ്ഞ് പ്രളയം വന്നു. അക്കാലത്ത് സിനിമയിൽ അവസരം തേടി എറണാകുളത്തെത്തി. കൂട്ടുകാരൊന്നിച്ച് ഫ്ലാറ്റ് വാടകക്ക് എടുത്തു. പ്രോഗ്രാമുകൾക്ക് പോവുക. അല്ലാത്ത സമയത്ത് ചാൻസ് ചോദിച്ചു നടക്കുക. ഇതായിരുന്നു പതിവ്. സിനിമയിൽ പാടൽ സ്വപ്നം മാത്രമായി അവശേഷിച്ചു. കൂടെയുണ്ടായിരുന്നവർ നാട്ടിലേക്ക് മടങ്ങി.

ഒറ്റക്ക് ഫ്ലാറ്റ് വാടക കൊടുക്കാൻ വഴിയില്ലാതായപ്പോൾ അവിടം വിട്ടു. ആ സമയത്താണ് വിജയരാജ് സീ ടി.വിയുടെ ‘സരിഗമപ’യിലേക്ക് വിളിച്ചത്. ആ ഷോ വലിയൊരു വഴിത്തിരിവായിരുന്നു. സുജാത, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരൊക്കെ പാട്ടിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞു. ‘സരിഗമപ’യിൽ മത്സരാർഥിയായി നിൽക്കുമ്പോൾ ‘മാർഗംകളി’, ‘എടക്കാട് ബറ്റാലിയൻ’ ഉൾപ്പെടെ അഞ്ചാറ് സിനിമകളിൽ പാടി. എല്ലാ ഭാഷകളും വഴങ്ങുമായിരുന്നു.

കുടുംബത്തോടൊപ്പം


അതിർത്തി കടന്നുള്ള പ്രണയം

സംഗീതംതന്നെയാണ് ജീവിതത്തിലേക്ക് പ്രണയവും കൊണ്ടുവന്നത്. ലഖ്നോ സ്വദേശി ഡോ. ഷെറീൻ ഖാനുമായുള്ള നിക്കാഹ് കഴിഞ്ഞു. ഒരു മ്യൂസിക് പരിപാടിക്കിടെ യാദൃച്ഛികമായാണ് ഷെറീനെ പരിചയപ്പെട്ടത്. ഹിന്ദി പാട്ടുകൾ പാടു​മ്പോൾ ഉർദു വാക്കുകളുടെ ഉച്ചാരണം കറക്ട് ചെയ്യാൻ പറ്റുന്ന ആളെ അന്വേഷിച്ചുപോയപ്പോഴാണ് സുഹൃത്ത് ഷെറീൻ ഖാന്‍റെ കുടുംബത്തിന്‍റെ ഫോൺ നമ്പർ കൈമാറിയത്. ഷെറീനെ കണ്ടു സംസാരിച്ചപ്പോൾ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റിയ ആളാണെന്ന് തോന്നി.

മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ യു.പിയിൽനിന്ന് കേരളത്തിലേക്ക് വന്നതാണ് ഷെറീന്‍റെ ഉപ്പയും ഉമ്മയും. അഞ്ചുമക്കളിൽ മൂന്നുപേരും കേരളത്തിലാണ് പഠിച്ചത്. വീട്ടിൽ ഉമ്മക്ക് ഹിന്ദിയറിയാത്തതിനാൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ​ഷെറീനെ പരിചയപ്പെടുന്നതു വരെ ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. ആളെ കണ്ടുകഴിഞ്ഞപ്പോൾ ഉമ്മ ഹാപ്പിയായി. ഇനി റിസപ്ഷൻ​ വേഗം നടത്താനുള്ള പരിപാടിയിലാണ്.

കുന്നോളം സ്വപ്നങ്ങൾ

മ്യൂസിക് കമ്പനി തുടങ്ങാനുള്ള ഓട്ടത്തിലാണിപ്പോൾ. ആയുർവേദം, ആധുനിക വൈദ്യം, നാച്ചുറോപ്പതി, ഹോമിയോപ്പതി എല്ലാമടങ്ങുന്ന ഒരു ആശുപത്രി തുടങ്ങണമെന്നാണ് ഷെറീന്‍റെ ആഗ്രഹം. സിനിമയിൽ ഏതൊക്കെയാണ് അടുത്ത പ്രോജക്ടുകൾ എന്ന് പറയാൻ സാധിക്കില്ല. കാരണം സിനിമകൾ റിലീസ് ആയാൽ മാത്രമേ അതിൽ പാടിയിട്ടുണ്ടോ എന്ന് അറിയാൻ പറ്റൂ.

സ്റ്റുഡിയോയിൽ പോയി നമ്മൾ പാട്ടൊക്കെ പാടിയിട്ടുണ്ടാകും. എന്നാൽ, സിനിമയിൽ വരുമ്പോൾ വേറെ ആളു​ടെ ശബ്ദത്തിലായിരിക്കും പുറത്തുവരുക. സ്വന്തം പാട്ടുണ്ടല്ലോ എന്ന് കരുതി തിയറ്ററിൽ പോയിരിക്കുമ്പോഴാണ് നമ്മുടെ പാട്ടുകൾ മറ്റാരോ ആണ് പാടിയിരിക്കുന്നത് എന്നതറിയുക. അതാണ് സിനിമ... വല്ലാതെ വിഷമമുണ്ടാക്കുന്ന സന്ദർഭങ്ങളാണ് അതൊക്കെ.

മലയാള സിനിമയിലെ അനിവാര്യനായ ഗായകനായി അക്ബർ ഖാൻ മാറിയിട്ടില്ല. ആ തിരിച്ചറിവുള്ളതുകൊണ്ട് ആ വിഷമം പെട്ടെന്ന് മറക്കും. ഉമ്മ റഹ്മത്ത്, ഉപ്പ ബാപ്പുട്ടി, സഹോദരങ്ങളായ ഫഹദ്, ഹഫീന എന്നിവരടങ്ങുന്നതാണ് കുടുംബം. ഏറ്റവും വലിയ ഫാനും ഉമ്മയാണ്. ഉമ്മയുടെ നിർബന്ധം കൊണ്ടാണ് പാട്ട് പഠിച്ചു തുടങ്ങിയത്.

ഇന്ന് സംഗീതത്തിന്‍റെ ലോകത്ത് എവിടെ എങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ കടപ്പാട് ഉമ്മക്കാണ്. സഹോദരങ്ങൾ വിവാഹം കഴിച്ചു. ഇനിയെന്‍റെ ഊഴമാണ് –അക്ബർ വിശേഷങ്ങൾ പറഞ്ഞുനിർത്തി.





Tags:    
News Summary - I have not become an indispensable singer in Malayalam cinema - Akbar Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.