‘ദൂരെ കിഴക്കുദിക്കും... മാണിക്യച്ചെമ്പഴുക്ക...’, ‘കണ്ണീർപൂവിന്‍റെ കവിളിൽ തലോടി...’, ‘സൂര്യകിരീടം വീണുടഞ്ഞു...’ മലയാള സംഗീതലോകത്ത് പാട്ടുകാരായി ഒന്നോ രണ്ടോ പേർ മാത്രം നിറഞ്ഞുനിന്ന കാലത്ത് തന്‍റെ ശബ്ദംകൊണ്ടു മാത്രം അടയാളപ്പെടുത്തിയ ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച എം.ജി. ശ്രീകുമാർ.
മെലഡിയായും ഫാസ്റ്റ് നമ്പറായും ഭക്തിഗാനമായുമെല്ലാം എം.ജിയുടെ ശബ്ദം ദിവസവും കേൾക്കാത്ത മലയാളികളുണ്ടാകില്ല. സംഗീതത്തിൽ എം.ജിയുടെ ഗുരു സ്വന്തം കുടുംബം തന്നെയാണ്. സംഗീതജ്ഞരായ മാതാപിതാക്കൾ. അച്ഛൻ മലബാർ ഗോപാലൻ നായർ. അമ്മ കമലാക്ഷി.
സഹോദരൻ സംഗീതംകൊണ്ട് മഹാത്ഭുതം തീർത്ത മാന്ത്രികൻ എം.ജി. രാധാകൃഷ്ണൻ. സഹോദരി ഓമനക്കുട്ടി സംഗീതാധ്യാപിക. മലയാളിക്ക് സംഗീതാസ്വാദനത്തിന്‍റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ മനസ്സുതുറക്കുന്നു...
അമ്മയാണ് എല്ലാം
‘അമ്മയാണാത്മാവിൻ താളം
ആ നന്മയാണറിവിന്‍റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിക്ക് കാവലാണെന്നും...’
ഇതിൽ എല്ലാമുണ്ട്. അമ്മയുടെ ഗന്ധം എനിക്കിപ്പോഴും കിട്ടും. എനിക്കെല്ലാം അമ്മയായിരുന്നു. വീട്ടിലായിരുന്നപ്പോഴും ലേഖയുടെ കൂടെ മാറിത്താമസിച്ചപ്പോഴുമെല്ലാം ഗാനമേളക്ക് പോകുമ്പോൾ അമ്മയെ കാണാൻ മറക്കാറില്ല. തിരിച്ചുപോരുമ്പോഴും അമ്മയെ കണ്ട് കുറച്ച് പൈസയും നൽകും.
അത് അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. വലിയ തുകയൊന്നും ഉണ്ടാകില്ല. എങ്കിലും മക്കളുടെ കൈയിൽനിന്ന് കിട്ടുന്നതിന്‍റെ സന്തോഷം ആ മുഖത്തുണ്ടാകും. ‘നീ നന്നായി വാടാ...’ എന്ന് ഓരോ തവണയും അനുഗ്രഹിക്കുന്നതാണ് മനസ്സിൽ മുഴുവൻ. അമ്മ അന്നിടുന്ന പൗഡർ, ആ പൗഡറിന്‍റെയും അമ്മയുടെയും ഗന്ധം എപ്പോഴും എനിക്ക് അറിയാൻ കഴിയും.
ചിട്ടയുള്ള ആളാണ് അമ്മ. കാലത്ത് അഞ്ചുമണിക്ക് എണീക്കും. കുളിച്ച് പ്രാർഥിച്ച് അടുത്തുള്ള അമ്പലത്തിൽ പോകും. ഏഴുമണിക്ക് തിരിച്ചെത്തി ഒരു ചായ കുടിക്കും. എട്ടുമണിക്ക് രണ്ട് ഇഡലി. ഉച്ചക്ക് ഇത്തിരി ചോറും സാമ്പാറും. വൈകീട്ട് കുറച്ച് പാൽ. ഇതാണ് അമ്മയുടെ ഡയറ്റ്. വെജിറ്റേറിയനാണ്.
ആദ്യ ഗുരു ചേട്ടൻതന്നെ
സംഗീതത്തിൽ എന്‍റെ ഗുരു ചേട്ടൻ എം.ജി. രാധാകൃഷ്ണനാണ്. അദ്ദേഹം ഒരു ബോൺ ആർട്ടിസ്റ്റാണെന്ന് പറയാം. ക്ലാസിക്കൽ മ്യൂസിക്കിൽ അദ്ദേഹത്തിനുള്ള ജ്ഞാനവും കഴിവും മറ്റാർക്കുമുണ്ടെന്ന് തോന്നിയിട്ടില്ല. ഇന്ന് പാടിക്കൊണ്ടിരിക്കുന്ന ആർക്കുംതന്നെ അദ്ദേഹത്തോളം ജ്ഞാനമില്ല.
എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു ചേട്ടൻ. അദ്ദേഹം കഴിഞ്ഞാൽ ക്ലാസിക്കൽ മ്യൂസിക്കിലെ മറ്റൊരു ഗുരു ചേച്ചി ഓമനക്കുട്ടിയാണ്. അവർക്കിരുവർക്കുമൊപ്പമിരുന്ന് പാടിയതിന്‍റെ ഒരു അംശം മാത്രമേ എനിക്ക് കിട്ടിയിട്ടുള്ളൂ.
മണിച്ചിത്രത്താഴ് പോലുള്ള സിനിമകളിലെ സംഗീതം മാത്രം മതി ചേട്ടനെ എല്ലാവരും ഓർക്കാൻ. നിരവധി സിനിമകൾ അദ്ദേഹത്തിന്‍റെ സംഗീതംകൊണ്ടുമാത്രം ഉയരത്തിലെത്തിക്കാനായി. എന്നാൽ, അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തെ ഒരിക്കലും തേടിയെത്തിയിട്ടില്ല. ആ ദുഃഖം അദ്ദേഹം മരിക്കുന്നതുവരെ മനസ്സിലുണ്ടായിരുന്നു. സിനിമകളിൽ സംഗീതംകൊണ്ട് മാന്ത്രികത തീർത്തപ്പോഴെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാമായിരുന്നു. എല്ലാവരുടെയും മനസ്സിൽ അത് വിഷമമാണ്.
ആരെയും വകവെക്കാത്ത സ്വഭാവമായിരുന്നു ചേട്ടന്. സിനിമാസംഗീതലോകത്തെ എല്ലാവരും ചേട്ടന്‍റെ സുഹൃത്തുക്കളായിരുന്നു. അരവിന്ദൻ ചേട്ടൻ, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ ചേട്ടൻ, ഭരതൻ ചേട്ടൻ, വേണു നാഗവള്ളി, പ്രിയദർശൻ... അങ്ങനെ പോകും ആ നിര.
ഒരു പാട്ട് സംഗീതം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണെങ്കിൽ ‘എന്തു പാട്ടാടോ ഇത്?’ എന്നു ചോദിച്ചാൽ ‘നിന്‍റെ സിനിമ എനിക്ക് വേണ്ടെടാ’ എന്ന് തിരിച്ചുപറയും ചേട്ടൻ. അതായിരുന്നു അദ്ദേഹത്തിന്‍റെ സ്വഭാവം. സ്വന്തംകഴിവിൽ അദ്ദേഹത്തിനുള്ള ആത്മവിശ്വാസംകൂടിയായിരുന്നു അത്. ആ സ്വഭാവംകൊണ്ടുതന്നെ നിരവധി നഷ്ടങ്ങളും അദ്ദേഹത്തിന് സംഭവിച്ചു. സ്വന്തമായി വ്യക്തിത്വമുള്ള, ഒരു കലാകാരനായിരുന്നു ചേട്ടൻ, പിതൃതുല്യൻ.
‘നീ നിന്‍റെ രീതിയിൽ പാടിയാൽ മതി’
സിനിമാഗാനരംഗത്തേക്ക് വരുമ്പോൾ സ്വന്തം ശബ്ദത്തിൽ പാടുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എല്ലാവരും അനുകരിക്കാനായിരുന്നു ശ്രമം. എന്നാൽ, ആദ്യംതന്നെ ചേട്ടൻ നൽകിയ ശാസന ‘നീ നിന്‍റെ രീതിയിൽ പാടിയാൽ മതി, ആരെയും അനുകരിക്കാൻ നിൽക്കണ്ട’ എന്നതായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ സ്വന്തം ശബ്ദത്തിൽ, സ്വന്തം ശൈലിയിൽ പാടാൻ ആരംഭിച്ചു. ആ ശബ്ദംതന്നെയാണ് എന്നെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയതും.
ആദ്യമൊക്കെ എല്ലാവർക്കും എന്‍റെ ശബ്ദം അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ എല്ലാവരും അംഗീകരിക്കുമെന്ന് ചേട്ടന് ഉറപ്പുണ്ടായിരുന്നു. നസീർ സാറിനും മമ്മൂട്ടിക്കും ലാലിനുമെല്ലാം പാടിക്കൊണ്ടിരുന്നത് ദാസേട്ടനായിരുന്നു.
ആ സമയത്താണ് എനിക്ക് സിനിമയിൽ പാടാൻ ഭാഗ്യം ലഭിക്കുന്നത്. അന്ന്, പ്രിയദർശൻ ഐ.വി. ശശി സാറിന്‍റെ അസോസിയേറ്റായി നിരവധി സിനിമകൾ ചെയ്തിരുന്നു. പിന്നീട് പ്രിയൻ സ്വതന്ത്ര സംവിധായകനായി ‘പൂച്ചക്കൊരു മൂക്കുത്തി’യൊക്കെ ചെയ്തു.
താളവട്ടം എന്ന ചിത്രം വന്നപ്പോഴേക്കും മദ്രാസിൽ പോയി. അവിടെയായിരുന്നു തുടക്കം. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ ‘ഓർമകളോടി കളിക്കുവാനെത്തുന്ന...’, താളവട്ടത്തിലെ ‘പൊൻവീണേ...’ തുടങ്ങിയ പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ അത്യാവശ്യം ആളുകൾ എന്നെ അറിഞ്ഞുതുടങ്ങി. അന്ന് മദ്രാസിൽ നമ്മളിലെ ഗായകനെ എല്ലാം വിലയിരുത്തുന്നത് ഓർക്കസ്ട്രയിലെ ആർട്ടിസ്റ്റുകളാണ്.
വയലിൻ, സിതാർ, കീബോർഡ്, ഫ്ലൂട്ട് ഇവയൊക്കെ വായിക്കുന്നവർ ഒരു സ്റ്റുഡിയോയിൽനിന്ന് മറ്റു സ്റ്റുഡിയോയിലേക്ക് വർക്കുകൾക്കായി പോയിക്കൊണ്ടിരിക്കും. അവർ മറ്റുള്ളവരോട് പറയും ‘കേരളാവിൽനിന്നൊരു ഒരു പയ്യൻ വന്തിര്ക്ക്. റൊമ്പ അഴകാ പാടിയിട്ടിര്ക്ക്’.
അതുമാത്രം മതിയായിരുന്നു വീണ്ടും പാട്ടുകൾ ലഭിക്കാൻ. അവരുടെ വാക്കുകൾ കേട്ട് സംഗീതസംവിധായകർ അന്വേഷിച്ചെത്തും. അതൊരിക്കലും റെക്കമെന്‍റേഷൻ അല്ല, ഒരു പ്രോത്സാഹനമായിരുന്നു. പലരും പറയുന്നത് കേൾക്കാം, അവരുടെ പാട്ടുകൾ തട്ടിയെടുത്തു എന്നെല്ലാം. എന്നാൽ, അങ്ങനെയൊന്നും പറയാൻ സാധിക്കില്ല. യാഥാർഥ്യം മറ്റൊന്നായിരിക്കും.
ആദ്യ യുഗ്മഗാനം ചിത്രക്കൊപ്പം
എന്‍റെ ആദ്യത്തെ ഡ്യുയറ്റ് പാട്ടും ചിത്രക്കൊപ്പമായിരുന്നു. ചിത്രയെ പണ്ടുമുതലേ അറിയാം. കോട്ടൺഹില്ലിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മുതൽതന്നെ. ഒറ്റ കുടുംബമായിരുന്നു ഞങ്ങളുടേത്. ചിത്ര വീട്ടിൽ വരുമ്പോഴെല്ലാം ചേച്ചിക്കൊപ്പമായിരുന്നു. അവിടെ വന്ന് പഠിക്കും. ചിത്രയുടെ പാട്ട് ചേട്ടന് വലിയ ഇഷ്ടമായിരുന്നു.
അദ്ദേഹംതന്നെയാണ് സംവിധായകൻ മധുച്ചേട്ടന് ചിത്രയെ പരിചയപ്പെടുത്തുന്നതും, ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിലേക്ക്. ഈ ചിത്രത്തിൽ പാടാനായി ചേട്ടനൊപ്പം ചിത്ര സ്റ്റുഡിയോയിലെത്തി. ചിത്രയെ കണ്ടതും ‘രാധാകൃഷ്ണാ, ആരാ നീ പാടാൻ കൊണ്ടുവന്ന പുതിയ ആൾ’ എന്നായിരുന്നു മധുച്ചേട്ടന്‍റെ ചോദ്യം. കാരണം അന്ന് ചിത്ര ചെറിയ കുട്ടിയായിരുന്നു. ‘ഇവൾ പാടുമോ?’ എന്നതായിരുന്നു മധുച്ചേട്ടന്‍റെ അടുത്ത ചോദ്യം.
എന്നാൽ, ചിത്ര അസാധ്യമായി പാടി. അത് എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു. ‘പ്രണയവസന്തം’ എന്ന പാട്ട് ഞാനാണ് ആദ്യം പാടിയതെങ്കിലും ദാസേട്ടന്‍റെ ശബ്ദത്തിൽ പുറത്തുവരുകയായിരുന്നു. അതിലെനിക്ക് വിഷമമൊന്നുമില്ല. അന്ന് അങ്ങനെയൊക്കെ ഉണ്ടാവും. അന്ന് നമ്മൾ പാടിവെച്ചിട്ട് പോയാലും ദാസേട്ടന്‍റെ ശബ്ദംവെച്ച് നമുക്കാർക്കും താരതമ്യം ചെയ്യാൻ കഴിയില്ല. അതൊരു മാജിക്കൽ വോയ്സ് തന്നെയായിരുന്നു.
ഇപ്പോൾ പാടിക്കൊണ്ടിരിക്കുന്ന കുട്ടികളുടെയടുത്തും ഞാൻ പറയുന്ന ഒരു കാര്യം, ആരും അദ്ദേഹത്തെ അനുകരിക്കരുത് എന്നതാണ്. കുറച്ചൊക്കെ പാടാം. പക്ഷേ, അങ്ങനെ പാടിയിട്ട് കൊള്ളാം, ഇത് ഇന്നയാളുടെ പാട്ടിനെപ്പോലെയുണ്ട് എന്നുപറയുന്നത് ഒരിക്കലും നല്ല കമന്‍റ് അല്ല. എത്ര പാടിയാലും അതിൽ നമ്മുടെ ഒരു വ്യക്തിത്വം ഇല്ലെങ്കിൽ പിന്നെന്ത് കാര്യം?
‘പയിനായിര’വും ‘പൂക്കുറ്റി’യും
മിമിക്രിക്കാരെ അന്നും ഇന്നും വലിയ കാര്യമാണ്. സന്തോഷിപ്പിച്ചും നോവിച്ചും അവർ പലതും ചെയ്യും. അവർക്ക് ആദ്യം എന്നിൽനിന്ന് കിട്ടിയത് ‘പയിനായിരം’ ആയിരുന്നു. ഞാനതിനെ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ. ഞാനൊരു അഭിമുഖത്തിൽ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
അതോടെ അവർ ‘പയിനായിര’ത്തിന് ശക്തി കൂട്ടി. പിന്നീട് ഞാനത് വിട്ടുകളഞ്ഞു. അവർ എന്തെങ്കിലും ചെയ്യട്ടെ. ‘പയിനായിര’ത്തിനുശേഷം ‘പൂക്കുറ്റി’യായിരുന്നു അവർക്ക് എന്നിൽനിന്ന് കിട്ടിയ മറ്റൊന്ന്. ഇനി എന്താണ് അവർക്ക് കിട്ടുകയെന്ന് അറിയില്ല.
ഓൺലൈൻ മീഡിയകളാണ് മറ്റൊന്ന്. ‘എം.ജി. ശ്രീകുമാറിന് എന്തുപറ്റി?’ എന്നൊക്കെ ടൈറ്റിൽ കാർഡിട്ട് ഓരോ വാർത്തയിറക്കും. സത്യത്തിൽ ഞാനിവരോടെല്ലാം നന്ദി പറയുകയാണ് ചെയ്യുക. അവരിനിയും എഴുതണം, അവരിങ്ങനെ അനാവശ്യ ചർച്ചകളൊക്കെയായി മുന്നോട്ടുപോകുമ്പോൾ ഞാൻ കുറച്ചുകൂടി പോപ്പുലർ ആവും. സജീവമായി എന്‍റെ പേരും നിൽക്കും.
ലിവിങ് ടുഗതർ റിലേഷൻ പ്രോത്സാഹിപ്പിക്കില്ല
തുടക്കം കച്ചേരികളിലും ഗാനമേളകളിലുമായിരുന്നു. ഗാനമേളകൾ ഹിറ്റായതോടെ ഒരു മാസം പത്തും പതിനഞ്ചും പ്രോഗ്രാമുകളൊക്കെയായി ആകെ തിരക്കായിരുന്നു. ആ സമയങ്ങളിൽ കല്യാണാലോചനകൾ വന്നിരുന്നു. എന്നാൽ, എനിക്ക് താൽപര്യമുണ്ടായിരുന്നില്ല.
ചിത്രം സിനിമയിൽ പാടിക്കഴിഞ്ഞതിനു ശേഷമാണ് ലേഖയെ പരിചയപ്പെടുന്നത്. 14 വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു. അത് വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം വലിയ പ്രശ്നങ്ങളുണ്ടാക്കി. പിന്നീട് പ്രശ്നങ്ങളെല്ലാം കുറഞ്ഞുതുടങ്ങി.
മൂകാംബിക ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി. അവിടെവെച്ചുതന്നെ രജിസ്റ്റർ ചെയ്തു. നാട്ടിലെത്തിയശേഷവും രജിസ്റ്റർ മാര്യേജ് ചെയ്തു. അന്ന് അങ്ങനെയായിരുന്നെങ്കിലും ഇപ്പോൾ, ഈ കാലത്ത് ലിവിങ് ടുഗതർ റിലേഷനെ പ്രോത്സാഹിപ്പിക്കില്ല.
സൗഹൃദക്കൂട്ടം
കോഫി ഹൗസ് ആയിരുന്നു ഞങ്ങളുടെ സൗഹൃദകേന്ദ്രം. അവിടെ പോയി ഇരുന്നാണ് സിനിമാചർച്ചകളൊക്കെ നടത്തുന്നത്. അന്ന് പ്രിയദർശൻ അധികം ഫേമസ് ആയിട്ടില്ല. പ്രിയൻ അന്ന് ഞങ്ങളുടെ കൂടെ കൂടും. ‘അഗ്നിനിലാവ്’ എന്ന പേരിൽ ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതിയിരുന്നു അന്ന് ഞങ്ങൾ.
അത് സിനിമയായതൊന്നുമില്ല. കൂട്ടുകാർക്കൊപ്പമിരിക്കുമ്പോൾ സംസാരം മുഴുവൻ സിനിമയായിരിക്കും. ശേഖർ എന്ന പഴയ ആർട്ട് ഡയറക്ടർ, ഡയറക്ടർ അശോകൻ, സുരേഷ് കുമാർ, സനൽ അങ്ങനെ കുറേപ്പേരുണ്ടാകും.
ഞങ്ങളുടെയൊരു വലിയ ഗ്രൂപ് ഉണ്ട്. ഇടക്കിടക്ക് മോഹൻലാലും വരും. അവിടെവെച്ചാണ് സുരേഷ് കുമാർ താൻ ‘കൂലി’ എന്ന ഒരു സിനിമ എടുക്കുന്നുണ്ടെന്ന് പറയുന്നത്. സൗഹൃദം വഴിതന്നെയാണ് ഞാൻ സിനിമയിലെത്തിയത്. കൂലിയിലെ ‘വെള്ളിക്കൊലുസോടെ...’ എന്ന പാട്ട് ഞാൻ പാടി. അവിടെയായിരുന്നു ശരിക്കും സിനിമാഗാനലോകത്തേക്കുള്ള തുടക്കം, തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽനിന്ന്.
കുട്ടിപ്പാട്ടുകാർക്കൊപ്പം
കുട്ടികൾക്കൊപ്പം പാടാൻ എന്നും ഇഷ്ടമാണ്. അങ്ങനെ പാടുമ്പോൾ നമ്മളും ചെറുപ്പമായിപ്പോകും. നല്ല കഴിവുള്ള, എല്ലാതരം പാട്ടുകളും പാടാൻ കഴിയുന്ന ഒത്തിരി കുട്ടികളെ ഞാൻ എന്നും കാണുന്നതാണ്. പാട്ട് മാത്രമല്ല, ഇപ്പോഴുള്ള കുട്ടികളൊക്കെ എന്തൊരു സംസാരമാണ്! ഷോയിലൊക്കെ അവർ പറയുന്നതുകേട്ടാൽ നമ്മൾ വാ പൊളിച്ചു നിന്നുപോകും.
അവർക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാണ്. ഒരുപാട് കാര്യങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കാൻ അവസരം കിട്ടാറുണ്ട്. അതിനൊപ്പം പഴയ കഥകളും അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.