'മംമ്ത മോഹൻദാസ്...'മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരാണത്. ശക്തമായ ഒരുപിടി കഥാപാത്രങ്ങൾക്ക് അഭ്രപാളിയിൽ ജീവൻ നൽകി കൈയടി നേടിയ നായിക. അതിനുമപ്പുറം, തോൽക്കാൻ ഒരുക്കമല്ലാത്ത മനസ്സും ഇച്ഛാശക്തിയുംകൊണ്ട് അർബുദത്തോട് പൊരുതി അമ്പരപ്പിച്ച വ്യക്തിത്വം.
രണ്ടാം വരവിൽ അർബുദം കടന്നാക്രമിച്ച് കീഴ്പ്പെടുത്തുമെന്നുറപ്പിച്ച ഘട്ടത്തിൽ മിറാക്ക്ൾ പോലെ അമേരിക്കയിൽനിന്നെത്തിയ മരുന്ന് പരീക്ഷണത്തിനായുള്ള ക്ഷണത്തെ ഏറ്റെടുത്തു മംമ്ത. അമേരിക്കയിൽ തനിച്ചു താമസിച്ച്, പുതു പരീക്ഷണത്തിന്‍റെ ഭാഗമായി രോഗത്തെ പടിക്കു പുറത്താക്കി തന്‍റെ ശരീരംകൊണ്ട് ആധുനിക വൈദ്യശാസ്ത്രത്തിനും നേട്ടങ്ങൾ സമ്മാനിച്ചു.
സംവിധായകനും തിരക്കഥാകൃത്തും നൽകുന്ന കഥക്കപ്പുറത്തേക്ക് വായനയും ചിന്തയും അഭിപ്രായങ്ങളുംകൊണ്ട് എന്നും വിസ്മയിപ്പിച്ച താരമാണ് ബഹ്റൈനിൽ ജനിച്ചു വളർന്ന ഈ കണ്ണൂരുകാരി. പ്രവാസത്തിലായിരുന്നു മംമ്തയുടെ ബാല്യവും കൗമാരവുമെങ്കിലും അവർ വെട്ടിപ്പിടിച്ചത് തെന്നിന്ത്യൻ ചലച്ചിത്ര ലോകമായിരുന്നു.
ഹരിഹരൻ സംവിധാനം ചെയ്ത 'മയൂഖ'ത്തിലൂടെ കടന്നുവന്ന 21കാരി ഇന്ന് സിനിമയിൽ 17 വർഷം പിന്നിട്ടിരിക്കുന്നു. ഒന്നര പതിറ്റാണ്ടിലേറെ പിന്നിട്ട ചലച്ചിത്ര ജീവിതത്തിൽ 55ഓളം മികച്ച സിനിമകൾ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ജന ഗണ മന' എന്ന ദേശീയ ശ്രദ്ധയാകർഷിച്ച ചിത്രത്തിലും നായികാതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടി.
മമ്മൂട്ടിയും മോഹൻലാലും തുടങ്ങി ജയറാം, സുരേഷ്ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നീ മുൻനിര താരങ്ങളുടെ നായികയായും ഹരിഹരൻ മുതൽ രാജമൗലിവരെയുള്ള പ്രതിഭാധനരായ സംവിധായകരുടെ ചിത്രങ്ങളിൽ നിറഞ്ഞാടിയും മംമ്ത സിനിമയിൽ സ്വന്തമാക്കിയത് കനപ്പെട്ട മേൽവിലാസം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായ കരിയർ.
ഹിറ്റ് ഗാനങ്ങളുമായി ആരാധക മനസ്സിൽ ഇടം നേടിയ ഗായിക. ഏറ്റവും ഒടുവിൽ സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസുമായി ചലച്ചിത്ര നിർമാണ മേഖലയിലേക്കും കാലെടുത്തുവെക്കുകയാണ് മംമ്ത മോഹൻദാസ്. 'മാധ്യമം കുടുംബവു'മായി സിനിമയും ജീവിതവും പങ്കുവെക്കുകയാണ് താരം...
പ്രവാസ ജീവിതം ബഹ്റൈനിലായിരുന്നു ജനനവും പഠനവുമെല്ലാം. പ്രവാസ ലോകത്തുനിന്ന് സിനിമയിലേക്കുള്ള യാത്രയെ എങ്ങനെ വിശദീകരിക്കാം.
എന്‍റെ പ്രവാസത്തെക്കാൾ ഡാഡിയുടെ പ്രവാസത്തെ കുറിച്ചാണ് എനിക്ക് കൂടുതൽ പറയാനുള്ളത്. 17ാം വയസ്സിൽ കൊൽക്കത്തയിലേക്ക് നാടുവിട്ടായിരുന്നു ഡാഡിയുടെ പ്രവാസത്തിന് തുടക്കം. അവിടെ ഒന്നര-രണ്ടു വർഷത്തോളം അമ്മാവനൊപ്പമായിരുന്നു. കുറച്ച് വാശിയുടെകൂടി കഥയുണ്ട് ആ നാടുവിടലിനു പിന്നിൽ. കർക്കശക്കാരനായിരുന്നു ഡാഡിയുടെ അച്ഛൻ. അതുകൊണ്ടു ഡാഡി വീട്ടിൽ റെബലായി.
സിനിമ കണ്ട് വീട്ടിലെത്തുമ്പോൾ ബെൽറ്റുകൊണ്ടൊക്കെ തല്ല് കിട്ടുമായിരുന്നുവത്രേ. അങ്ങനെ, 17-18 വയസ്സിൽ അമ്മയോട് പറഞ്ഞുകൊണ്ടായിരുന്നു കൊൽക്കത്തയിലേക്കുള്ള നാടുവിടൽ. അവിടെനിന്ന് അമ്മാവന്‍റെ സഹായത്തോടെ മസ്കത്തിലേക്ക് പറന്നു.
പിന്നീടാണ് അക്കൗണ്ടൻറായി ബഹ്റൈനിൽ പ്രവാസം ആരംഭിക്കുന്നത്, 1975ൽ. ഇപ്പോൾ, 45 വർഷം പ്രവാസം പിന്നിട്ടിട്ടും ബഹ്റൈൻ വിടാൻ ഡാഡിക്ക് ഒരു പ്ലാനുമില്ല. പിന്നെ ഏതാനും വർഷങ്ങൾക്കുശേഷം വിവാഹവും 1984ൽ അവർക്കിടയിലേക്ക് ഞാനുമെത്തി.
അവിടെ സൽമാനിയ ആശുപത്രിയിലായിരുന്നു എന്‍റെ ജനനം. സ്കൂൾ പഠനമെല്ലാം ബഹ്റൈനിലായിരുന്നു. അമ്മയുടെ സഹോദരിമാരിൽ ഒരാൾ ഖത്തറിലുമുണ്ടായിരുന്നു. മറ്റൊരാൾ കോഴിക്കോട്ടും. അവധിക്കാലത്ത് എല്ലാവരും ഖത്തറിലോ ബഹ്റൈനിലോ ഒന്നിക്കും. അങ്ങനെ കുട്ടിക്കാലത്ത് ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചതായിരുന്നു പ്രവാസം.
16 വർഷം മുമ്പ് യാദൃച്ഛികമായായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. അന്ന് സിനിമ തിരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ മറ്റൊരു വഴിയിൽ എത്തിപ്പെടുമായിരുന്നു. പഠനം പൂർത്തിയാക്കി, ഡാഡിയെ പോലെ ഇൻവെസ്റ്റ്മെന്റ് ബാങ്കറായോ മറ്റോ ജോലി ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം.
ഡാഡിയും മമ്മിയും ഒന്നും അടിച്ചേൽപിച്ചിരുന്നില്ല. എന്നാൽ, ഓരോ ഘട്ടത്തിലും ഉചിതമായ തീരുമാനങ്ങളെടുത്താണ് ഞാൻ വളർന്നത്. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയോ വലിയൊരു സുഹൃദ് വലയമോ ഇല്ലാത്തതിനാൽ സ്കൂൾ കഴിഞ്ഞാൽ കുടുംബത്തിൽ തന്നെയായിരുന്നു. അതിനിടയിൽ, മ്യൂസിക് പഠനവും സജീവമായി.
കർണാട്ടിക്കും ഹിന്ദുസ്ഥാനിയുമെല്ലാം പഠിച്ച് സംഗീതത്തിൽ സന്തോഷം കണ്ടെത്തി. എന്‍റെ പത്താം ക്ലാസ് വരെ അമ്മ ടീച്ചറായി ജോലിചെയ്തിരുന്നു. എന്നാൽ, മകളുടെ പഠനം പ്രധാനമായതോടെ അമ്മ ജോലി ഉപേക്ഷിച്ച് എനിക്കൊപ്പമായി. പിന്നെ ബംഗളൂരുവിൽനിന്ന് ബിരുദവും അതിനിടയിലെ മോഡലിങ്ങുമെല്ലാം കടന്ന് സിനിമയിലേക്കുള്ള അരങ്ങേറ്റമായി.
സിനിമ 2005ൽ 'മയൂഖ'ത്തിൽ തുടങ്ങി 2022ൽ 'ജന ഗണ മന'യിലെത്തിയ അഭിനയ ജീവിതം. 55ലേറെ സിനി മകൾ പിന്നിട്ട കരിയറിൽ ഒടുവിലെകഥാപാത്രമായ 'സബ മറിയം' ഏറെ ശ്രദ്ധിക്കപ്പെട്ടു. ചലച്ചിത്ര ജീവിതത്തെ കുറിച്ച്
'ജന ഗണ മന' പോലൊരു സിനിമ എഴുതാൻ കഴിവുള്ള എഴുത്തുകാർ നമുക്കുണ്ട് എന്നത് ഏറെ അഭിമാനം നൽകുന്നതാണ്. റിലീസിങ് കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോൾ ദേശീയതലത്തിൽ തന്നെ മികച്ച അഭിപ്രായം സിനിമക്ക് ലഭിക്കുന്നു എന്നത് സന്തോഷം നൽകുന്നു. ചിത്രത്തിന്‍റെ കഥപറയുമ്പോൾ തന്നെ ഇതൊരു ഗംഭീര സിനിമയാവുമെന്ന് ഉറപ്പുണ്ടായിരുന്നു.
കഴിഞ്ഞ 17 വർഷത്തെ കരിയറിനിടയിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. പലപ്പോഴും, പാതിവഴിയിൽ തന്നെ ബോറടിച്ച് മുഷിഞ്ഞ ഒരുപാട് അനുഭവങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഡയറക്ടർ ഡിജോയും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ജന ഗണ മനയുടെ കഥ പറഞ്ഞുതുടങ്ങുമ്പോൾ തന്നെ അതൊരു തീപ്പൊരിയാണെന്ന് തിരിച്ചറിഞ്ഞു.
സിനിമയിലെ കഥാപാത്രങ്ങൾ ആരൊക്കെയെന്ന് തീരുമാനിക്കും മുമ്പായിരുന്നു, പ്രധാന കേന്ദ്രമായ സബ മറിയം എന്നിലേക്കെത്തുന്നത്. സിനിമയുടെ ആത്മാവും ശക്തയായ കഥാപാത്രവുമായ ആ കോളജ് അധ്യാപിക ഏറെ ആകർഷിച്ചു. ഒരുപാട് രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നു, ആഘോഷിക്കപ്പെടുന്ന പലരും അതിന് അർഹരാണോ എന്ന് ചോദ്യമുയർത്തപ്പെടുന്നു...
അങ്ങനെ കാലികപ്രസക്തമാണ് സിനിമ മുന്നോട്ടുവെക്കുന്ന ആശയം. ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു സിനിമയാവും ഇതെന്ന് തുടക്കത്തിൽ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സ്വീകരിക്കപ്പെട്ടതിൽ സന്തോഷം.
17 വർഷത്തെ കരിയറിൽ ഏറ്റവുമേറെ ഇഷ്ടപ്പെടുന്ന റോൾ
അഭിനയിച്ച ഒരുപാട് കഥാപാത്രങ്ങൾ എനിക്ക് ഇഷ്ടമാണ്. എന്നാൽ, എന്‍റെ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാൽ അവ കൂടുതലായി കാണുന്ന പതിവില്ല. പലപ്പോഴും ഡബിങ്ങിലോ ഫൈനൽ എഡിറ്റ് കഴിഞ്ഞ ശേഷമോ ഒരു തവണ മാത്രം കാണും. പിന്നെ, ആ സിനിമയും അഭിനയവും മറക്കും.
അടുത്തത് പ്രേക്ഷകർക്കുള്ള സമയമാണ്. അവർ കണ്ട് തീരുമാനിക്കട്ടെ എന്നാണ് എന്‍റെ രീതി. അതേസമയം, ലോക സിനിമകളും ഇതര ഭാഷ സിനിമകളും കണ്ട് പുതിയത് വല്ലതും പഠിക്കുകയാണ് പതിവ്. അങ്ങനെ കണ്ടെത്തി പഠിച്ചെടുക്കുന്ന അറിവ് മറ്റൊരു കഥാപാത്രത്തെ രൂപപ്പെടുത്താൻ എനിക്ക് സഹായകമാവുന്നു.
അതേസമയം മയൂഖത്തിലെ ഇന്ദിര, അരികെയിലെ അനുരാധ, കഥ തുടരുന്നുവിലെ വിദ്യാലക്ഷ്മി, ടു കൺട്രീസിലെ ലയ, മൈ ബോസിലെ പ്രിയ എസ്. നായർ, ഭ്രമത്തിലെ സിമി, ജന ഗണ മനയിലെ സബ മറിയം എന്നിവയൊക്കെ ഇഷ്ടം കൂടുതലുള്ള ചില കഥാപാത്രങ്ങളാണ്.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം എന്താണ്
ഇന്ന കഥാപാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നിയന്ത്രണങ്ങളൊന്നുമില്ല. മദ്യപിക്കുന്നതോ മറ്റോ ആയ പലകഥാപാത്രങ്ങളെയും ഇമേജിനെ നെഗറ്റിവായി ബാധിക്കുമെന്നതിന്‍റെ പേരിൽ പലരും ഒഴിവാക്കുന്നത് കാണാറുണ്ട്. അവരൊന്നും ആർട്ടിസ്റ്റുകളല്ലേ എന്നാണ് ഞാൻ ആലോചിക്കാറ്.
നല്ല സ്ത്രീയോ മോശം സ്ത്രീയോ എന്ന് നോക്കി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറില്ല. കാലിയായ ഒരു പാത്രത്തിൽ ഒഴിക്കുന്ന വെള്ളംപോലെ ഏത് കഥാപാത്രത്തെയും സിനിമക്ക് ആവശ്യമായ നിലയിൽ അവതരിപ്പിക്കുക എന്നതാണ് അഭിനേത്രി എന്ന നിലയിൽ എന്‍റെ ലക്ഷ്യം.
അതിന്‍റെ ഫലമാണ് സബ മറിയം എന്ന പവർഫുൾ കാരക്ടറും ടു കൺട്രീസിലും മൈ ബോസിലും ഭ്രമത്തിലും പിറന്ന മറ്റ് കാരക്ടറുകളുമെല്ലാം വ്യത്യസ്തമായിരിക്കുന്നത്. എഴുത്തുകാരനും സംവിധായകനും ആവശ്യപ്പെടുന്ന കഥാപാത്രത്തെ നൽകുക എന്നതിലാണ് ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ ശ്രദ്ധിക്കുന്നത്.
ജീവിതം, അതിജീവനം തിരക്കേറിയ കരിയറിനിടയിലാണ് അർബുദബാധിതയാവുന്നത്. ഇപ്പോൾ രോഗമുക്തയായി തിരിഞ്ഞുനോക്കുമ്പോൾ...
സിനിമയിൽ തിരക്കായി, ഒട്ടേറെ മികച്ച കഥാപാത്രങ്ങളും കൈയിലിരിക്കെയാണ് അർബുദം തേടിയെത്തുന്നത്. രോഗം തിരിച്ചറിയുമ്പോൾ 24 വയസ്സായിരുന്നു. സമപ്രായക്കാരിലും കൂട്ടുകാർക്കുമിടയിൽ എന്‍റെ രോഗവിവരം ഞെട്ടലിനൊപ്പം അത്ഭുതവുമായിരുന്നു. കാരണം, കൂട്ടുകാർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ് വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർക്കുമതൊരു വണ്ടറായി.
രോഗം ഒരു സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡാഡിയും മമ്മിയും പതറാതെ തന്നെ നേരിട്ടു. അവർ നൽകിയ ധൈര്യമാണ് എനിക്ക് മനോവീര്യമേകിയത്. എങ്കിലും, കീമോയും റേഡിയേഷനും അതിന്‍റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് വൈകാതെ സിനിമയിൽ തിരിച്ചെത്തി.
ആ തിരിച്ചുവരവിൽ ആദ്യം ചെയ്ത സിനിമയായിരുന്നു 'കഥ തുടരുന്നു' (മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒരുപിടി പുരസ്കാരങ്ങൾ നേടിയ കഥാപാത്രം). അവസാനം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ 2014ൽ കഴിഞ്ഞതിനു പിന്നാലെയാണ്, അർബുദത്തിന്‍റെ രണ്ടാം വരവ്. കൂടുതൽ ശക്തമായിരുന്നു ഈ വരവ്, കടുത്ത വേദനയും ശാരീരിക അവശതകളുമായി. രോഗ
ത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ ഇത്തവണ തീരുമാനിച്ചു. 2009ൽ തുടങ്ങിയ ഈ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചുെകാണ്ടിരുന്നു. രോഗത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോയെന്നായിരുന്നു പ്രാർഥന.
ഒരു പരീക്ഷണ വസ്തുവായി ക്ലിനിക്കൽ ട്രയലും തിരിച്ചുവരവും
ചികിത്സക്കായി ഇടതടവില്ലാതെ ആശുപത്രികളിൽ കയറിയിറങ്ങിയ ആറു വർഷം ശരിക്കും മടുപ്പിച്ചു. ഇതിനിടയിൽ സിനിമയും ചെയ്തിരുന്നു. ജീവിതം വല്ലാത്തൊരു വെല്ലുവിളിയായ കാലം. ഇതിനിടയിലാണ് മിറാക്ക്ൾ പോലെ അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ എന്നെ തേടിയെത്തിയത്. ഡാഡിയുടെ പ്രാർഥനയുടെ ഉത്തരമെന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത്. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്തുവായി ഞാനും നിൽക്കുകയായിരുന്നു.
ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു. ലോസ് ആഞ്ജലസിൽ താമസിച്ചുള്ള ആ ചികിത്സ വിജയകരമായി. മരുന്ന് ഫലിച്ചു, ഓരോ ദിവസവും കീഴടക്കിക്കൊണ്ടിരുന്ന
രോഗത്തിനുമേൽ ഞാൻ നടുനിവർത്തി നിന്നുതുടങ്ങി. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച് ഞാൻ പിടിച്ചു നിൽക്കുന്നു. പാർശ്വഫലങ്ങളായി നേരിയ ശാരീരിക പ്രയാസങ്ങളുണ്ടെങ്കിലും രോഗത്തെ അതിജയിച്ചു. ഇന്നും ആഴ്ചയിൽ ഒരാളെങ്കിലും ചികിത്സയെ കുറിച്ച് അറിയാനും ഉപദേശം തേടാനുമായി ബന്ധപ്പെടാറുണ്ട്. അവർക്ക് എന്നാൽ കഴിയുംവിധം വിവരങ്ങൾ നൽകുകയും ചികിത്സയിലേക്ക് ഗൈഡ് ചെയ്യുകയും ചെയ്യുന്നു. ഭാവിയെെന്തന്നതിനെക്കുറിച്ച് ആധിയില്ല. എന്തിനെയും നേരിടാൻ സജ്ജമാണ്.
സിനിമയിലെ ചൂഷണം മലയാള സിനിമയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് നടി ആക്രമിക്കപ്പെട്ട വിഷയം. ഇക്കാര്യത്തിൽ മംമ്തക്ക് പറയാനുള്ളത്?
ഇതൊരു സെൻസിറ്റിവായ വിഷയമാണ്. സിനിമ മേഖലയിൽ എന്നല്ല, ലോകത്തുതന്നെ ഇത്തരം വിഷയങ്ങളിൽ രണ്ടു പക്ഷമുണ്ട്. ഞാൻ ഒരു പക്ഷത്തും ചേരുന്നില്ല. പക്ഷേ, ഈ വിഷയത്തിലുമുണ്ട് രണ്ടു പക്ഷങ്ങൾ. അവ രണ്ടിനെ കുറിച്ചും എനിക്ക് അറിവുണ്ട്. എവിടെയെങ്കിലും തെറ്റായി വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതി
നൊരു തുല്യപങ്കാളിത്തമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പക്വതയുള്ള സ്ത്രീയെന്ന നിലയിൽ അത്തരമൊരു സാഹചര്യം ഞാനുണ്ടാക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഈ വിഷയത്തിൽ ഒരിക്കൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ, അത് വളച്ചൊടിക്കുകയും വിവാദമാക്കി എന്നെ ക്രൂശിക്കുകയും ചെയ്തിരുന്നു.
എപ്പോഴും സ്വയം ഇരയായി നിൽക്കാതെ സ്ത്രീയെന്ന നിലയിൽ മുഖ്യധാരയിൽ അഭിമാനത്തോടെ ജീവിക്കണമെന്നാണ് എന്‍റെ അഭിപ്രായം. മാനസികമോ ശാരീരികമോ ആയ ചൂഷണങ്ങളുണ്ടായാൽ അവിടം വിട്ട് സ്വന്തം നില കണ്ടെത്താൻ ഇപ്പോൾ ആളുകൾ മടിക്കുന്നില്ല. അഹിതമായ കാര്യങ്ങൾക്ക് വഴങ്ങി എന്നും ഇരയായി നിൽക്കാൻ തയാറാവാതെ അവിടം വിട്ട് സ്വന്തം വഴി കണ്ടെത്തുകയാണ് അവർ.
അതുമൊരു അതിജീവനമാണ്. സ്വയം ഇരവത്കരിക്കപ്പെടുന്ന വാദങ്ങൾ ആദ്യം നിർത്തണമെന്നാണ് എന്‍റെ അഭിപ്രായം. അതേസമയം, സ്ത്രീകൾ പലപ്പോഴും പുരുഷന്മാരെ പേടിപ്പിച്ചു നിർത്തുന്നതായി അനുഭവപ്പെടാറുണ്ട്. പുരുഷ സുഹൃത്തുക്കൾ ഇത് ഭയപ്പാടോടെ പങ്കുവെക്കാറുമുണ്ട്. പുരുഷനും സ്ത്രീക്കും തുല്യമായ ശാക്തീകരണവും തുല്യപദവിയുമുണ്ടാവണമെന്നാണ് ഞാൻ കരുതുന്നത്.
സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ.
സമൂഹത്തിൽ ഉള്ളതുപോലെ സിനിമയിലുമുണ്ട് പല മോശം കാര്യങ്ങളും. എന്നാൽ, സിനിമയൊരു പ്രഫഷനൽ മേഖലയാണ്. ഇവിടെ പ്രഫഷനലായി ഇടപെടേണ്ടതിനു പകരം വ്യക്തിപരമായി ഇടപെടുന്നത് പ്രശ്നമാണ്. ഇരയാക്കപ്പെട്ടുവെന്ന് തോന്നിയ ഒരു അനുഭവം എന്‍റെ കരിയറിലുമുണ്ടായിട്ടുണ്ട്.
അവിടെ എന്‍റെ പങ്കുകൂടി ഉള്ളിടത്തു മാത്രമായിരുന്നു അത്. ചൂഷണം ചെയ്യപ്പെട്ടുവെന്ന് തോന്നുന്ന അത്തരം സാഹചര്യത്തിൽനിന്ന് മാറുകയും അകലം പാലിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ, വീണ്ടും അവിടെ തുടരുകയും ആവർത്തിക്കുകയും ചെയ്തശേഷം, ഇരയെന്ന് അവകാശപ്പെടുന്നതിൽ എന്തു കാര്യം. പെൺകുട്ടികൾ കൂടുതൽ സ്മാർട്ടാവണം.നിഷ്കളങ്കമായി പ്രവർത്തിക്കാൻ പറ്റിയ ഒരിടമല്ല സിനിമ. എപ്പോഴും ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് ബോധ്യത്തോടെയും ഉണർന്നിരുന്നും ജോലിചെയ്യേണ്ട മേഖലയാണിത്.
ഹേമ കമീഷൻ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കുവേണ്ടി തന്നെയാണ് ഞാനും ശബ്ദിക്കുന്നത്. അതേസമയം, ശരിയായ ഇരകൾ എപ്പോഴും നിശ്ശബ്ദരാവുന്നുവെന്നതാണ് സത്യം. അവർക്ക് പുറത്തുവന്ന് പറയാനോ പോരാടാനോ കഴിയുന്നില്ല.
ചലച്ചിത്ര ലോകത്തെ കാൽവെപ്പുകൾ
സിനിമയിലെ പുതിയ സംരംഭം എന്ന നിലയിലാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. മികച്ച ചില പ്രോജക്ടുകൾ പ്രേക്ഷകരിെലത്തിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, അതിന് ചെലവഴിക്കാൻ ഇപ്പോൾ എനിക്ക് സമയമില്ലെന്നതാണ് സത്യം.
'ജന ഗണ മന' പോലെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു പ്രോജക്ട് കൈയിലുണ്ട്. സ്ത്രീകളുടെ അവകാശവും മറ്റും ചർച്ചയാവുന്ന കാലികപ്രാധാന്യമുള്ള വിഷയമെന്ന നിലയിൽ അത് എത്രയും വേഗം പൂർത്തിയാക്കണമെന്നുണ്ട്. മറ്റൊന്ന്, ഒരു ലവ് സ്റ്റോറിയാണ്. അതിനൊപ്പം നല്ലൊരു മ്യൂസിക് ആൽബവും വൈകാതെ പുറത്തിറങ്ങും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.