അനുമോൾ


അക്കാലത്ത് ഓണവും എന്‍റെയും അനിയത്തിയുടെയും പിറന്നാളുകൾ പോലും ആഘോഷിച്ചില്ല -അനുമോൾ

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...

നിശ്ശബ്ദമായിപ്പോയ ആ ഓണക്കാലങ്ങൾ

അനുമോൾ (നടി)

ആഘോഷിക്കാത്ത ഒരുപാട് ഓണക്കാലങ്ങളുണ്ട് ജീവിതത്തിൽ. അച്ഛന്‍റെ മരണത്തിന് പിന്നാലെവന്ന ഓണങ്ങളാണ് ഞങ്ങൾക്ക് നിറമില്ലാതായിപ്പോയ ആഘോഷങ്ങൾ. ഞാൻ നാലാം ക്ലാസിൽ പഠിക്കു​മ്പോഴാണ് അച്ഛൻ മരിച്ചത്. അതിനുശേഷം കുറച്ച് വർഷങ്ങൾ ഞങ്ങൾക്ക് ഓണമുണ്ടായിരുന്നില്ല.

എന്‍റെയും അനിയത്തിയുടെയും പിറന്നാളുകൾ പോലും അക്കാലത്ത് ആഘോഷിച്ചിട്ടില്ല. അച്ഛനുണ്ടായിരുന്ന ഓണക്കാലങ്ങൾ ബഹളം നിറഞ്ഞതായിരുന്നു. വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും ഒക്കെയായുള്ള വലിയ ആഘോഷം. അതില്ലാതായപ്പോൾ ഞങ്ങൾ വലിയ ബഹളത്തിൽനിന്ന് പെട്ടെന്ന് നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് വീണ പോലെയായി.

അച്ഛൻ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരിച്ചെത്താൻ അമ്മ ഒരുപാട് വർഷമെടുത്തു. പെട്ടെന്നുള്ള മരണമായിരുന്നു അച്ഛന്‍റേത്. 30 വയസ്സുപോലും ആയിട്ടില്ലായിരുന്നു അപ്പോൾ അമ്മക്ക്. ഞങ്ങളാണെങ്കിൽ ചെറിയ കുട്ടികളും. ജീവിതത്തിനുമുന്നിൽ പകച്ചുപോയി അമ്മ.

അച്ഛനില്ലാത്ത ശൂന്യത ഞങ്ങളെയും ബാധിച്ചു. മറ്റു വീടുകളിലെ കുട്ടികൾ പൂക്കളമൊരുക്കുന്നു, വീട്ടിൽ സദ്യയൊരുക്കുന്നു. എന്നാൽ, ഞങ്ങൾക്ക് ഓണം സാധാരണ ദിവസം പോലെ കടന്നുപോയി. ഓണം ആഘോഷിക്കുന്നില്ല എന്നതിനേക്കാൾ ഞങ്ങളെ കാണുമ്പോൾ ആളുകൾക്കുണ്ടായിരുന്ന സഹതാപമാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നിയത്.

ഇത്ര ചെറുപ്പത്തിലേ കുട്ടികൾക്ക് അച്ഛനില്ലാതായിപ്പോയല്ലോ എന്ന സഹതാപമായിരുന്നു ആളുകൾക്ക്. അച്ഛനില്ലാത്ത കുട്ടികൾ എന്ന മേൽവിലാസത്തിൽ വളരുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയ ഒന്നാണെന്ന് ഞങ്ങളറിഞ്ഞു. കുറെ കാലമെടുത്തു അതിൽനിന്ന് കരകയറാൻ.

വീട്ടിലെ മൂത്ത കുട്ടിയായതിനാൽ ഇനി വീട്ടുകാരെ നോക്കാൻ ഞാൻ വേണം എന്ന ചിന്ത അമ്മ എന്നിലുണ്ടാക്കിയെടുത്തു. അതോടെ എന്നിലുണ്ടായിരുന്ന വിഷമങ്ങൾ അകന്നുപോകാൻ തുടങ്ങി.





Tags:    
News Summary - Onam memories of Anu Mol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.