സി.എസ്. ചന്ദ്രിക


മനസ്സിലെ നോവാണ് ആ ഓണക്കാലം -സി.എസ്. ചന്ദ്രിക

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...

മനസ്സിൽ എന്നും നോവായി മൂലക്കളമിട്ട ആ ഓണം

സി.എസ്. ചന്ദ്രിക (എഴുത്തുകാരി)

പൂ പറിക്കാൻ പോകലും പൂക്കളമിടലും ഒക്കെയായി കുട്ടിക്കാലത്താണ് ഓണം നന്നായി ആഘോഷിച്ചത്. പരമ്പരാഗത രീതിയിലുള്ള ആഘോഷം. ഓണത്തിന്‍റെ തലേദിവസമായിരുന്നു ഏറ്റവും രസം.

മുതിർന്നവർ മറ്റു പണികളുടെ തിരക്കിലാകുമ്പോൾ ഞങ്ങൾ കുട്ടികൾ ഓണനിലാവിൽ തിളങ്ങുന്ന വീടിന്‍റെ മുറ്റത്തെ മാവി​ൽ കെട്ടിയ ഊഞ്ഞാലിലാടിത്തിമിർക്കും.

കുറച്ചു മുതിർന്നപ്പോൾ ഒരുപാട് കാലം ഓണം സാധാരണദിവസം പോലെയങ്ങ് കടന്നുപോയി. നഗരങ്ങളിലായിരുന്നു അക്കാലത്തെ ജീവിതം. അതും വാടക വീടുകളിൽ. അതുകൊണ്ടൊക്കെയാകാം ആഘോഷകാലങ്ങളെല്ലാം യാന്ത്രികമായി. ഒരുപാട് കാലം അങ്ങനെയങ്ങ് പോയി. മകൾ ജനിച്ചപ്പോഴാണ് അതിനൊക്കെ മാറ്റം വന്നത്.

കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച സന്തോഷങ്ങൾ അവളും അറിയണമെന്ന ആഗ്രഹമായിരുന്നു കാരണം. അതിൽ പിന്നെ പൂക്കളമിടലും സദ്യവട്ടങ്ങളൊരുക്കലുമൊക്കെ ജീവിതത്തിലേക്ക് മടങ്ങിവന്നു. 2014ൽ വയനാട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായാണ് അവിടെയെത്തിയത്.

മൂലമായിരുന്നു അന്ന്. മൂലത്തിന് മൂലക്കളമിടണമെന്നാണ്. അതനുസരിച്ച് വലിയ മൂലക്കളം വരച്ച് ഞങ്ങൾ പൂക്കളമൊരുക്കി. പിറ്റേന്നത്തേക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കിവെച്ചു. അമ്മയെന്താണോ എനിക്ക് ഒരുക്കിത്തന്നിരുന്നത് അതെല്ലാം മകൾക്ക് നൽകാൻ ശ്രദ്ധിക്കുകയായിരുന്നു ഞാൻ.

വലിയ സന്തോഷത്തിലായിരുന്നു ഞാനും മോളും. അന്ന് രാത്രി എനിക്കൊരു ഫോൺ വന്നു. അതോടെ ഞങ്ങളുടെ സന്തോഷമെല്ലാം അസ്തമിച്ചുപോയി. വീട്ടിലേക്ക് വേഗം എത്തണമെന്നുപറഞ്ഞ് തൃ​ശൂരിൽനിന്ന് ഏട്ടനാണ് വിളിച്ചത്. അമ്മ മരിച്ചിട്ടുള്ള വിളിയായിരുന്നു അത്. പെട്ടെന്നുതന്നെ ഞങ്ങൾ ഇറങ്ങി. പുലർച്ചയാവുമ്പോഴേക്ക് നാട്ടിലെത്തി.

പിന്നീട് ഓണം എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ആ മൂലക്കളമിട്ട പൂക്കളമാണ്. ആഘോഷങ്ങൾ പാതിവഴിയിലാക്കിയ ആ ഓണക്കാലം. പിന്നീടും ഓണത്തിന് പൂക്കളമിട്ടിട്ടുണ്ട്, സദ്യയൊരുക്കിയിട്ടുണ്ട്. എന്നാൽ, അമ്മയില്ലാതായിപ്പോയ ആ ഓണക്കാലം മനസ്സിൽ മായാതെ കിടക്കും.

പിന്നീടുള്ള ഓണക്കാലങ്ങളിൽ ഇലയിൽ സദ്യ വിളമ്പുമ്പോൾ അമ്മയെങ്ങനെ ആയിരുന്നുവോ അതുതന്നെ ഞാനും ആവർത്തിച്ചു. എന്‍റെ മകൾക്കുവേണ്ടി.






Tags:    
News Summary - Onam memories of CS Chandrika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.