വി.ഡി. സതീശൻ


ആ വർഷത്തെ ഓണം ഓർക്കുമ്പോൾ മനസ്സിലെത്തുക മഴയുടെ ഇരമ്പൽ -വി.ഡി. സതീശൻ

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...

മഴയുടെ വന്യതയിൽ മുങ്ങിപ്പോയ ഓണം

വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)

ഓണമെന്ന് കേട്ടാൽ കുട്ടിക്കാലത്തെ ഓർമകളാവും മനസ്സിൽ നിറയുക. എന്നാൽ, ഓർമയിൽ ആഘോഷിക്കപ്പെടാതെ പോയത് 2018ലെ ഓണമാണ്. അതോർക്കുമ്പോൾ മഴയുടെ ഇരമ്പലാണ് മനസ്സിലേക്ക് ആദ്യമെത്തുക.

ആ വർഷം ആഗസ്റ്റ് ഒമ്പതു മുതൽ പ്രളയമായിരുന്നു. 15 ആയപ്പോഴേക്കും മൂർധന്യത്തിലെത്തി. പ്രകൃതിയോടുള്ള ഇഷ്ടം ഭീതിയായി മാറിയ നാളുകൾ. എന്‍റെ നിയോജക മണ്ഡലത്തിൽ മാത്രം 2000 വീടുകളായിരുന്നു തകർന്നത്, ഒന്നര ലക്ഷത്തോളം ആളുകളായിരുന്നു ക്യാമ്പിൽ.

ഒരുപാട് പേരുടെ ഉപജീവന മാർഗം നഷ്ടപ്പെട്ടു. വല്ലാത്ത ദൈന്യത നിറഞ്ഞ കാലം. എന്തു ചെയ്യണമെന്നു പോലും അറിയാതെ നിൽക്കുമ്പോഴാണ് ഓണം വരുന്നത്. മനസ്സിൽ നിർവികാരത നിറഞ്ഞുനിൽക്കുമ്പോൾ എന്താഘോഷമാണുള്ളത്.

സാധാരണ ചിങ്ങമാസം പിറക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും. ഓണക്കാലത്ത് മഴ പതിവാണ്. അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിൽ ചിന്നിച്ചിണുങ്ങി മഴ വന്നങ്ങ് പോകും. പ്രകൃതിയിലുണ്ടാകുന്ന മാറ്റം നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും.

മഴ ആസ്വദിക്കുന്ന ആളായതിനാൽ അതിന്‍റെ താളപ്പെരുക്കം റെക്കോഡ് ചെയ്തുവെക്കുന്ന ശീലമുണ്ടായിരുന്നു. ഓട്, ഓല, ടെറസ്, ഷീറ്റ്, കാട്, ഇല... അങ്ങനെ പല പ്രതലങ്ങളിൽ മഴ വീഴുന്ന ശബ്ദം റെക്കോഡ് ചെയ്യും. ഓരോന്നിലും പല താളമായിരിക്കും മഴപ്പെയ്ത്തിന്.

എന്നാൽ, പ്രളയകാലം മഴയുടെ ഭാവംതന്നെ മാറ്റിമറിച്ചു. മനസ്സിൽ ആളുകളുടെ ദൈന്യത നിറയുമ്പോൾ ആഘോഷിക്കാൻ എങ്ങനെ കഴിയും. മഴയുടെ വന്യതയിൽ മുങ്ങിപ്പോയ ഓണമായിരുന്നു അത്.






Tags:    
News Summary - Onam memories of VD Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.