ടോം ജോസഫ്, ഭാര്യ ജാനറ്റ്, മക്കളായ സ്​റ്റുവർട്ട്, ജുവൽ റോസ്, റിയ ടോം. ചി​​​ത്ര​​​ങ്ങ​​​ൾ: അനീഷ് തോടന്നൂർ


വീട് വിട്ടുനിൽക്കേണ്ടി വന്ന കാലം മുതൽ അങ്ങനെയാണ്. എത്ര തിരക്കായാലും ഒഴിവുസമയം കിട്ടിയാൽ ടോം ജോസഫിന്‍റെ റിലാക്സേഷൻ പോയന്‍റ് ഫാമിലിതന്നെയാണ്.

കുടുംബത്തോടൊപ്പം ഇത്തിരിനേരം ചെലവഴിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന റിലാക്സേഷനു പകരമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കളിക്കളത്തിലെ കഥകളിൽനിന്ന്​ മാറി ‘മാധ്യമം കുടുംബ’ത്തിനുവേണ്ടി അദ്ദേഹം വിശേഷം പറഞ്ഞുതുടങ്ങി...

എ പ്ലസ് ഭാര്യക്കുതന്നെ

കുടുംബം എന്ന വാക്ക്​ ഉച്ചരിക്കു​മ്പോൾതന്നെ ടോം ജോസഫ്​ എ പ്ലസ്​ നൽകുന്നത്​ പ്രിയപത്​നി ജാനറ്റിനാണ്​. ഏത്​ തിരക്കിലും ഓടി വീട്ടിലെത്താൻ കാരണം സ്​നേഹിക്കാൻ ഒരാൾ ഇവിടെയുള്ളതുകൊണ്ടാണ്. എന്നാൽ, ഈ ബന്ധത്തിന്‍റെ ലീഡർ സ്​ഥാനം തനിക്കാണെന്ന്​ മൂത്തമകൾ റിയ ടോം പറയുന്നു.

നിറഞ്ഞ ചിരിയോടെ ടോം അതിന്​ തലയാട്ടുന്നു. ബാഡ്​മിന്‍റണിൽ ഇതിനകം കരുത്ത്​ തെളിയിച്ച റിയക്ക്​ അനിയൻ സ്റ്റുവർട്ടിനെ കുറിച്ച്​ ​ഏറെ പ്രതീക്ഷയാണ്​. വോളിബാളിൽ ഏറെ മു​ന്നേറാൻ അവന്​ കഴിയുമെന്ന്​ റിയ. എന്നാൽ, ഈ അവകാശവാദങ്ങൾക്കൊന്നും സ്റ്റുവർട്ട്​ ചെവികൊടുക്കുന്നില്ല. ഇളയവൾ ജുവൽ റോസിന്​ നീന്തലിനോടാണ്​​ താൽപര്യമെന്ന്​ റിയ പറയുന്നു. അത്​ പാടെ തള്ളി ത​ന്‍റെ മേഖല തിരഞ്ഞെടുത്തിട്ടില്ലെന്ന്​ ജുവലും.

25 വർഷമായി ടോം ബി.പി.സി.എൽ ജീവനക്കാരനാണ്​​. ജാനറ്റ്​ സൗത്ത്​ പറവൂർ എൽ.എഫ്​.യു.പി.എസിൽ​ അധ്യാപികയാണ്​. റിയ ടോം തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്.എസിൽ പ്ലസ്​ ടു വിദ്യാർഥിനിയാണ്​. സ്​റ്റുവർട്ടും ജുവൽ റോസും തിരുവാണിയൂർ സി.ആർ.എസിൽ പഠിക്കുന്നു.


മധുരമൂറും കുട്ടിക്കാലം

ഞാനിതൊന്നുമാകുമായിരുന്നില്ല. ചിലപ്പോൾ തൊട്ടിൽപാലത്ത്​ ജീപ്പ്​ ഡ്രൈവറായേനെ. അന്ന്​ കായിക അധ്യാപകനായ കുമാരൻ സാറ്​ വന്ന്​ വിളിച്ചില്ലായിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല എന്ന് എപ്പോഴും ചിന്തിക്കും. ഒരുദിവസം ക്ലാസില്‍ വന്ന്,​ “തൊട്ടില്‍പാലത്തെ വോളി അക്കാദമി അവധിക്കാല വോളിബാള്‍ ക്യാമ്പ് നടത്തുന്നുണ്ട്, താൽപര്യമുള്ളവര്‍ വരണം” എന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വീട്ടില്‍ പോയി ചാച്ചനോടും അമ്മയോടും പറഞ്ഞു. ചേട്ടന്‍ റോയ് അക്കാലത്ത് കോച്ചിങ് ക്യാമ്പിന് പോവുന്നതുകൊണ്ട് വീട്ടുകാര്‍ എതിരൊന്നും പറഞ്ഞില്ല. വീട്ടില്‍നിന്ന് പുലര്‍ച്ച 5.15ന് ഇറങ്ങും. ശ്രേയസ് ബസില്‍ 5.45ന് കോച്ചിങ് സ്ഥലത്തെത്തും. 6.30ന് കോച്ചിങ് ആരംഭിക്കും.

തൊട്ടില്‍പാലത്തെ പുഴയുടെ വശത്ത്​ വിശാലമായ പാറക്കെട്ടുണ്ട്. അതിനു മുകളില്‍ മറ്റുള്ളവര്‍ വരുംവരെ കണ്ണുകളടച്ച് കിടക്കും. വോളി അക്കാദമിയിലേക്കുള്ള മറ്റ്​ കുട്ടികൾ അതുവഴി വരുന്നതിനാല്‍ ഞങ്ങള്‍ ഉറങ്ങിപ്പോയാലും അവരുടെ ശബ്ദം കേട്ട് ആ പാറയില്‍നിന്ന് എഴുന്നേറ്റ് അവര്‍ക്കൊപ്പം പോകാം.

ഗ്രൗണ്ടില്‍ എത്തിയാല്‍ പിന്നെ അക്കാദമിയിലെ തോമസ് സാറി​ന്‍റെ ശിക്ഷണം. ഒപ്പം ​പ്രകാശൻ സാറും പ്രദീപൻ മാഷും ഞങ്ങൾക്ക്​ വഴികാട്ടിയായി. അങ്ങനെ വോളി ലഹരിയായി. അത് വളർന്ന് ഇതുവരെയായി -ഇത് പറയുമ്പോൾ ടോം ജോസഫിന്‍റെ മുഖത്ത് ഒരു മത്സരം ജയിച്ച സന്തോഷം.


കുടുംബം: സന്തോഷത്തിന്‍റെ ഇടം

ജീവിതത്തിൽ സന്തോഷം നൽകുന്ന ഇടം കുടുംബംതന്നെയാണ് എന്നാണ് ടോം പറയുന്നത്. എറണാകുളത്തെ തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് കോഴിക്കോ​ട്ടെ കളിച്ചുവളർന്ന നാട്ടിലേക്കുള്ള യാത്ര എന്നും സന്തോഷംതന്നെയാണ്​. പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള മടക്കം എന്നുതന്നെ പറയാം.

തൊ​ട്ടിൽപാലത്തെ മലയോര ഗ്രാമം. പൂതംപാറയും ചെമ്പനോടയും ഒരുപോലെ പ്രിയമാണ്​. ഇപ്പോൾ മക്കളെയുംകൊണ്ടുള്ള യാത്രയിൽ പണ്ട്​ ചാടി നടന്ന പാറക്കെട്ടുകളും മറ്റും അതുപോലെ കിടക്കുന്നത്​ കാണിച്ച്​ പഴങ്കഥകൾ പറയു​മ്പോൾ ലഭിക്കുന്ന അനുഭവം സന്തോഷം എന്ന വാക്കിലൊതുങ്ങുമോയെന്നറിയില്ല. അത്​ കുട്ടികൾ കേട്ടിരിക്കുന്നത്​ തന്നെ ഒരു സുഖമാണ്.

പണ്ട്​ കളിത്തിരക്കിനിടയിലും സമയം കിട്ടു​േമ്പാൾ ഓടി വീട്ടിലെത്തും. പലരും ചോദിക്കും ഈ തിരക്കിനിടയിൽ വീട്ടിൽ പോകണമോയെന്ന്. എന്നാൽ, അവർക്കാർക്കും മനസ്സിലാകാത്ത ഒന്നുണ്ട്, വീട്ടിലെത്തി ഭാര്യയോടും ഇപ്പോൾ മക്കളോടും രണ്ട്​ വർത്തമാനം പറയു​േമ്പാൾ ലഭിക്കുന്ന ഊർജം ഒന്നുവേറെയല്ലേ എന്ന് ടോം ചോദിക്കുമ്പോൾ ഭാര്യ ജാനറ്റ്​ പുഞ്ചിരിച്ചു. അതിലുണ്ട് എല്ലാം.

കുടുംബനാഥന്‍റെ റോളിൽ

ജാനറ്റിനെ ആദ്യമായി കണ്ടതി​ന്‍റെ ഓർമയിപ്പോഴും പച്ചപിടിച്ച്​ കിടക്കുകയാണ്​​ ടോമിന്‍റെ മനസ്സിൽ. അത്​, 2000ത്തിലാണ്​. ഒരുദിവസം ​കളി കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങു​​​േമ്പാൾ തന്നെപ്പോലെ പൊക്കമുള്ള ഒരു കുട്ടി നോക്കിനിൽക്കുന്നു. ആ നോട്ടമാണ് ഇതുവരെ എത്തിച്ചതെന്ന്​ ചിരിയോടെ ടോം പറയു​​മ്പോൾ, ആ ചിരിക്കൊപ്പം ജാനറ്റും ചേരുന്നു. ജാനറ്റ്​ ശരിക്കും

തൊട്ടിൽപാലത്തുകാരിയല്ല. ​മൊകേരി കോളജിലെ പ്രഫസറായിരുന്നു ജാനറ്റി​​ന്‍റെ പിതാവ്​. അങ്ങനെ പൂതംപാറയിൽ താമസമാക്കിയതാണ്​. 2002ലായിരുന്നു വിവാഹം. കുടുംബനാഥൻ എന്ന നിലയിൽ പൂർണസംതൃപ്​തനാണ്​. ഈ റോൾ ദൈവം നൽകിയ വരദാനമായി ടോം കരുതുന്നു.

വീട്ടിൽ ജാനറ്റിന്‍റെ സാന്നിധ‍്യമുള്ളതിനാലാണ് കുടുംബനാഥന്‍റെ റോളിൽ തിളങ്ങാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏത്​ സാഹചര്യത്തിലും സന്തോഷത്തോടെ ഇരിക്കുകയും ഞങ്ങളെ മുഴുവൻ ആ ലോക​ത്തേക്ക്​ നയിക്കുകയും ചെയ്യുന്നത്​ ഭാര്യയാണ്​. കുടുംബം എന്ന നിലയിൽ ഞങ്ങളും മക്കളും കൂടിയിരിക്കുന്ന എല്ലാ ഇടവും സന്തോഷത്തി​ന്‍റേതാണ്.

ന്യൂജൻ കാലത്തെ കുടുംബജീവിതം

ന്യൂജൻ കാലത്തെ കുടുംബജീവിതത്തെ കുറിച്ച് ടോമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കാലം മാറിയതിനെ കുറിച്ച്​ നല്ല ബോധ്യമുണ്ട്​. എങ്കിലും പഴയ ജീവിതാനുഭവങ്ങൾ കുട്ടികളോട്​ പറഞ്ഞുകൊടുക്കുമെന്ന് അദ്ദേഹം പറയുന്നു. പെ​ട്ടെന്ന്​ അവർ ചിരിച്ച്​ തള്ളിയാലും പിന്നീട്​ അവരുടെ ഉള്ളിൽ അത്​ വളരും.

പഴയകാലം എല്ലാം സഹിക്കാൻ തയാറാവുന്നവരുടേതായിരുന്നു. ഇന്ന്​, മണ്ണിൽ പണിത്​ ഉയർത്തിയ ജീവിത​ത്തി​ന്‍റെ ഇന്നലെകൾ പലർക്കും ഓർമമാത്രമാണ്​. ജീവിതത്തി​ന്‍റെ രണ്ടു കാലവും കണ്ടവർ എന്ന നിലയിൽ പൊതുവായ ഈ മാറ്റം ഞങ്ങൾക്ക്​ അത്ഭുതമാണ്.

ജീവിതത്തി​ന്‍റെ ഓട്ടത്തിൽ കുടുംബത്തിന്​ പ്രാധാന്യം നൽകാത്തതാണ് ഇക്കാലത്ത് കുടുംബബന്ധങ്ങൾ തകരാൻ കാരണം. പുതിയ കാലത്ത്​ സമൂഹമാധ്യമങ്ങൾ തീർക്കുന്ന സൗഹൃദങ്ങൾ വലിയ വിന സൃഷ്​ടിക്കുന്നുണ്ട്​. എളുപ്പം സൗഹൃദങ്ങൾ ജനിക്കും. അതുപോലെ തന്നെ പെട്ടെന്ന് അവസാനിക്കും.

പിന്നീട് അത് പരിഹരിക്കാൻ സമയം ചെലവഴിക്കും. അത്​ കുടുംബബന്ധത്തിന്‍റെ ഇഴയടുപ്പം ഇല്ലാതാക്കും. പഴയകാലത്ത്​ മദ്യപാനമാണ്​ കുടുംബത്തെ തകർത്തതെങ്കിൽ ഇന്നത്​ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതിനായി നീക്കിവെക്കുന്ന സമയം നിയന്ത്രിച്ചേ മതിയാകൂവെന്ന് ടോം ജോസഫ് വ്യക്തമാക്കി.

ലഭിച്ചതെല്ലാം സന്തോഷം

കോഴിക്കോട്​ ജില്ലയിലെ മലയോര ഗ്രാമത്തിൽ വളർന്ന ഞാൻ ഒന്നു മാറി നടന്നിരുന്നെങ്കിൽ ഇന്ന്​, തൊട്ടിൽപാലത്ത്​ എന്തെങ്കിലും ​ജോലി ചെയ്​തു ജീവിക്കുന്നുണ്ടാവും. അതിനാൽ, ഇതുവരെ ലഭിച്ചതെല്ലാം സന്തോഷമാണ്​. രാജ്യത്തിനുവേണ്ടി കളിച്ചത്​ വലിയ ​സന്തോഷമാണ്​. ഇപ്പോൾ ഇന്ത്യക്ക്​ വേണ്ടി കോച്ചാകാൻ കഴിഞ്ഞത്​ വലിയ നേട്ടമായി കരുതുന്നു. കോച്ചിങ്​ രംഗത്ത്​ ഏറെ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്​.

അത്തരം അവസരങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാറ്റിനും പുറ​മെ, യാത്രക്കിടെ കണ്ട നിരവധിപേരെ വോളി രംഗത്ത്​ എത്തിക്കാൻ കഴിഞ്ഞത്​ വലിയ നേട്ടമാണ്​. പ്രത്യേകിച്ച് നല്ല നീളമുള്ളവരെ വഴിയിൽ കണ്ടാൽ അവരുടെ നമ്പർ വാങ്ങി സംസാരിച്ച്​ സായിയിലെത്തിക്കാറുണ്ട്​.

ഇങ്ങനെ രാജ്യത്തിനുവേണ്ടി കളിച്ചവർ വരെയുണ്ട്​. അവർ, പിന്നീട്​ ഞങ്ങളെ കണ്ടെത്തിയത്​ ഇന്നയാളാണെന്ന്​​ പറയുന്നത്​ കേൾക്കു​മ്പോൾ ലഭിക്കുന്ന സ​​ന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പലരും സർക്കാർ സർവിസിൽ കയറിക്കഴിഞ്ഞു -മിന്നൽ സ്മാഷിലൂടെ ഒരു സെറ്റ് സ്വന്തമാക്കിയതിനേക്കാളും സന്തോഷം ടോമിന്‍റെ മുഖത്ത് മിന്നിമറഞ്ഞു.

ഇനിയും ഏറെ ചെയ്യാനുണ്ട്

“ഏറെ വെല്ലുവിളികൾ നിറഞ്ഞ കായിക ജീവിതമാണ് കടന്നുപോയത്. ഇതിനിടയിൽ ജീവിതത്തിൽ ഏറ്റവും സ​ന്തോഷം തോന്നിയ നിമിഷം അർജുന അവാർഡ് ലഭിച്ചതാണ്. അതുകൊണ്ട് തന്നെ 2014 ഒരിക്കലും മറക്കില്ല. അസോസിയേഷനിലെ ചിലരുടെ ​പ്രവൃത്തികൾ വേദനയായുണ്ട്. പക്ഷേ, ഒന്നും പരിഗണിക്കുന്നില്ല. എ​ന്‍റെ യാത്ര മുന്നോട്ട് തന്നെയാണ്.​ വോളി​ബാൾ കോച്ചിങ് രംഗത്ത് ഏറെ ചെയ്യാനുണ്ടെന്നാണ് വിശ്വാസം.

ഏറ്റവും ഒടുവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്‍റെ കോച്ചായിരുന്നു. നാഷനൽ ഗെയിംസിൽ കേരള ടീമി​ന്‍റെ കോച്ചായി. നിലവിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സി​ന്‍റെ കോച്ചാണ്.

ഇനിയും ഏറെ ചെയ്യാനുണ്ട്. നിരവധി കുട്ടികളുണ്ടിവിടെ, വോളിയിൽ തിളങ്ങാൻ കായിക ശേഷിയുള്ളവർ. പലർക്കും ഈ മേഖലയുടെ സാധ്യതകൾ അറിയില്ല. ഞാനൊക്കെ കളിച്ചുവന്ന കാലത്ത് വേണ്ട​ത്ര പരിശീലകരുണ്ടായിരുന്നില്ല. പഴയ ഗ്രാമങ്ങളെപ്പോലെ ആവേശം വിതറുന്ന കായിക ക്ലബുകൾ കുറഞ്ഞുവരുന്നുവെന്നത് യാഥാർഥ‍്യമാണ്. എന്നാൽ, കളിക്കമ്പക്കാരുണ്ടെന്നതാണ് ആശ്വാസം...”

ഒമ്പത് തവണ അർജുന അവാർഡ് പുരസ്കാര ചുരുക്ക പട്ടികയിൽനിന്ന് തഴയപ്പെടുമ്പോഴും കോർട്ടിനു പുറത്തെ കളിയറിയാത്തതാണ് കാരണമെന്ന് ടോം പറയുമായിരുന്നു. ​അതെ, കളിക്കളത്തിലാണ് അന്നും ഇന്നും ഈ ആറടി അഞ്ച് ഇഞ്ചുകാരന്‍റെ കണ്ണ്. രണ്ടര പതിറ്റാണ്ട് മുമ്പ് തൊട്ടിൽപാലത്തെ മലയോര ഗ്രാമത്തിൽ ഏറെ ആവേശ​പൂർവം​ വോളിയെ ​ചേർത്ത് പിടിച്ച പയ്യൻ തന്നെയാണി​പ്പോഴും... വോളിബാൾ എന്ന കളിയുള്ള കാലത്തോളം രാജ്യത്തി​ന്‍റെ യശസ്സുയർത്തിയവരുടെ കൂട്ടത്തിൽ ടോം ജോസഫ് താരമായി ത​ന്നെ നിലകൊള്ളും. തീർച്ച...





Tags:    
News Summary - There are so many kids out there who have the potential to shine in volleyball -Tom Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.