പരീക്ഷക്കാലമാണ്. ഒറ്റയടിക്ക് ഒരുപാട് സമയം ഇരുന്ന് പഠിക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ? എങ്കിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം ഈ പത്തുകാര്യങ്ങൾ...

പഠനവും പരീക്ഷയും കുട്ടികൾക്കാണെങ്കിലും പരീക്ഷക്കാലം രക്ഷിതാക്കൾക്ക്​ ഒരു പരീക്ഷണ കാലമാണ്. പരീക്ഷയിൽ കുട്ടികളെക്കാൾ കൂടുതൽ ടെൻഷനടിക്കുന്നത് ഒരുപക്ഷേ, രക്ഷിതാക്കളാകും. ചെറുപ്പം മുതലേ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്​ കുട്ടികളെ വിലയിരുത്തുന്നത്.

അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ മറ്റുള്ളവരുമായി മത്സരിപ്പിക്കുന്നു. ഇതുപോലെ താരതമ്യം ചെയ്യുന്നതും ഉപദേശിക്കുന്നതും പേടിപ്പിക്കുന്നതുമെല്ലാം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്​. ഫലത്തിൽ പരീക്ഷ എന്നുകേള്‍ക്കുമ്പോള്‍തന്നെ കുട്ടികൾക്ക് ഉത്കണ്ഠയാണ്​ അനുഭവപ്പെടുക.

വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടോ, ഈ പത്തുകാര്യങ്ങൾ ശ്രദ്ധിക്കൂ...

നേരിടുന്നത്​ എക്സാം പ്രഷറിനെക്കാൾ വലിയ പ്രഷർ

പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ പരീക്ഷയിലെ മാർക്കിൽ കുട്ടികളുടെ ഉന്നത പഠനത്തിന്റെ സാധ്യതകളുണ്ട്​. അതിനാൽതന്നെ പൊതുപരീക്ഷകൾ എഴുതുന്നവരോടുള്ള രക്ഷിതാക്കളുടെ സമീപനത്തിൽ കൂടുതൽ ശ്രദ്ധ വേണം. സിലബസിലുള്ള എക്സാം പ്രഷറിനെക്കാൾ കൂടുതലായിരിക്കും രക്ഷിതാക്കൾ കുട്ടികളുടെ മുകളിൽ കൊടുക്കുന്ന പ്രഷർ. ഇത്‌ പലപ്പോഴും ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുന്നത്.

പരീക്ഷയിൽ രക്ഷിതാക്കളുടെ റോൾ

കുട്ടികളുടെ മികച്ച പ്രകടനം പരീക്ഷയില്‍ പ്രതിഫലിക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്തു ചെയ്യാൻ കഴിയും, ഏത​ു രീതിയിലാണ് അവർക്ക് പഠനത്തിൽ കുട്ടിയെ സഹായിക്കാനാവുക എന്നതൊക്കെ രക്ഷിതാക്കളെ അലട്ടുന്ന പ്രധാന ചോദ്യങ്ങളാണ്.

കുട്ടിയുടെ പരീക്ഷയിൽ രക്ഷിതാക്കൾക്ക് പ്രധാനമായും ചെയ്യാനാകുന്ന ഒരുകാര്യം അവരെ കൂടുതൽ പറഞ്ഞു പേടിപ്പിക്കാതിരിക്കുക എന്നതാണ്. കുട്ടികൾക്ക് പരീക്ഷ പൊതുവേ പേടിയുള്ള അനുഭവമാകും. പേടിയുള്ള ഒരു കാര്യത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ വളരെ പ്രയാസമാണ്​.

പരീക്ഷ എന്നത് അവരുടെ വലിയ യാത്രാവഴിയിലെ ഒരു ഘട്ടം മാത്രമാണ്, അതുകൊണ്ട് പേടിപ്പെടുത്തൽ ഒഴിവാക്കി അവരെ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുക.


ആത്മവിശ്വാസം പകരുക

പരീക്ഷക്ക്​ കുട്ടികൾ നന്നായി പഠിക്കുന്നുണ്ടാവാം. കുട്ടികളെ വിശ്വസിക്കുക. അവരെ മനസ്സിലാക്കി വേണ്ട പിന്തുണ കൊടുക്കുക. അതവർക്ക് ആത്മവിശ്വാസം നൽകും. പരീക്ഷ വിജയിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, അല്ലെങ്കിൽ എന്തു ചെയ്യും എന്നത് പറഞ്ഞാണ്​ കുട്ടികളെ പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്.

അത് പരീക്ഷപ്പേടി കൂട്ടാനേ ഇടയാക്കൂ. അതിനുപകരം പരീക്ഷക്ക് നല്ല മാർക്ക് വാങ്ങി പാസായാലുള്ള നേട്ടങ്ങളാണ് അവരോട് പറയേണ്ടത്, അതവർക്ക് പ്രതീക്ഷ നൽകും.

അന്തരീക്ഷം ഒരുക്കുക

പരീക്ഷക്കാലത്ത് സ്വസ്ഥമായി പഠിക്കാനുള്ള ഒരു അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. പഠനസമയത്ത് അവരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലുള്ള അനാവശ്യമായ സംസാരങ്ങളോ വഴക്കോ വാദപ്രതിവാദങ്ങളോ ഇല്ലാതിരിക്കാൻ ശ്രമിക്കുക. വീട്ടിൽ നടക്കുന്ന ചടങ്ങുകൾ ഈ ദിവസങ്ങളെ ബാധിക്കാത്ത രീതിയിൽ മാറ്റിവെക്കാം.

പഠനശൈലികൾ മനസ്സിലാക്കുക

ഓരോ കുട്ടിയുടെയും പഠനരീതി ഓരോ ശൈലിയിലാകും. ചിലർ ശബ്ദമില്ലാതെ വായിച്ചു പഠിക്കുന്നവരാണ്​. ചിലർക്ക് ഉച്ചത്തിൽ വായിക്കണം. ചിലർ കണ്ടോ, കേട്ടോ, പഠന പരീക്ഷണങ്ങൾ ചെയ്തോ പഠിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ പഠനരീതി കണ്ട് നിങ്ങളുടെ കുട്ടിയും അതേ രീതിയിൽതന്നെ പഠിക്കണം എന്ന് വാശി പിടിക്കരുത്. അവർ അവർക്കുചേരുന്ന രീതിയിൽ പഠിക്കട്ടെ.

അതുപോലെ ചിലർ രാത്രി കൂടുതൽ സമയം ഇരുന്ന് പഠിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ, ചിലർക്ക്​ രാവിലെ നേരത്തെ എഴുന്നേറ്റു പഠിക്കാനായിരിക്കും ഇഷ്ടം. കുട്ടികളെ മനസ്സിലാക്കി അവർക്ക് ഇഷ്ടപ്പെട്ട സമയത്ത് കൂടുതൽ പഠിക്കാനുള്ള സൗകര്യമുണ്ടാക്കുക. മാത്രമല്ല, പലരുമായും താരതമ്യപ്പെടുത്തുമ്പോൾ കുട്ടിയെ ഒന്നിനും കൊള്ളില്ല എന്ന സന്ദേശമാണ് അവർക്ക് നൽകുന്നത് എന്നോർക്കുക.

പഠനത്തിനും വേണം ബ്രേക്ക്​

ഒറ്റയടിക്ക് ഒരുപാട് സമയം ഇരുന്ന് പഠിക്കുമ്പോൾ കുട്ടികൾക്ക് ശ്രദ്ധ നഷ്ടപ്പെടും. അതുകൊണ്ടുതന്നെ ഇടക്കിടെ ചെറിയ ബ്രേക്ക് എടുക്കട്ടെ.

കുട്ടികൾ പഠിക്കുന്ന സമയത്ത് രക്ഷിതാക്കളിരുന്ന് ടി.വി കാണുക, മൊബൈൽ നോക്കുക പോലുള്ളവ ഒഴിവാക്കണം. അത് അവരുടെ ശ്രദ്ധ തെറ്റിക്കും. അവർക്കും അതു​ കാണാൻ ആഗ്രഹമുണ്ടാവുകയും ചെയ്യും.


കൂടെ പഠിക്കാൻ താൽപര്യം വേണം

ഒഴിവുനേരമുണ്ടെങ്കിൽ കുട്ടികൾ പഠിക്കുന്ന സമയത്ത് രക്ഷിതാക്കൾക്ക് അവർക്കു വേണ്ട പുസ്തകങ്ങൾ വായിക്കാം. വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്ന കോഴ്‌സുകൾ ചെയ്യാം. അങ്ങനെ കുട്ടികൾക്ക് പഠനത്തിന് ഒരു കമ്പനി കൊടുക്കാം. പരീക്ഷക്കാലത്ത് ഭക്ഷണ പരീക്ഷണങ്ങളും ഹെവി ഭക്ഷണവും മാറ്റി വേഗത്തിൽ ദഹിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ നൽകാം.

ഉറപ്പാക്കണം ഉറക്കം

പരീക്ഷ ദിവസങ്ങളിൽ ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഉറക്കമിളച്ചു പഠിച്ചാൽ പകൽ നല്ല രീതിയിൽ ഉണർവോടെ പരീക്ഷ എഴുതാൻ കഴിയണമെന്നില്ല. പരീക്ഷക്കാലങ്ങളിലും പഠനം മാത്രമല്ലാതെ കുറച്ചു സമയം കുട്ടികൾക്ക് സ്വസ്ഥമായിരിക്കാൻ അവസരം കൊടുക്കാം. പുറത്ത് നടക്കുക, വീട്ടുകാരും സുഹൃത്തുക്കളുമായി സംസാരിക്കുക, കുറച്ച് സമയം കളിക്കുക തുടങ്ങിയ കാര്യങ്ങൾ അവരുടെ മനസ്സിന് ഉണർവ് നൽകും.

മൊബൈൽ ഫോൺ നിയന്ത്രിക്കുക

പരീക്ഷക്കാലത്ത് മൊബൈൽ ഫോണിന്റെ അമിതോപയോഗം കുറക്കാൻ കുട്ടികളുമായി രക്ഷിതാക്കൾ സംസാരിച്ച്​ ഒരു ദിവസം എത്രസമയം ഉപയോഗിക്കാം (സ്ക്രീൻ ടൈം) എന്ന് ധാരണയുണ്ടാക്കുക. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ സ്ക്രീൻ ടൈമിന്റെ കാര്യം അവരെ ഓർമിപ്പിക്കുക.

ഭയം വേണം, അമിതമാകരുത്​

പരീക്ഷയെ ഒട്ടും ഭയമില്ലാതിരിക്കുന്നത് നല്ലതല്ല, ചെറിയ ഭയം പരീക്ഷക്ക് വേണ്ടി തയാറെടുക്കാൻ അവരെ സഹായിക്കും. എന്നാൽ, കുട്ടികൾ അമിതമായ പരീക്ഷപ്പേടി പ്രകടിപ്പിക്കുന്നുവെങ്കിൽ, അതായത് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമില്ലാതാവുക, അസ്വസ്ഥതകൾ കാണിക്കുക എന്നിവയുണ്ടെങ്കിൽ അത് അമിതമായ ഉത്കണ്​ഠയുടെ ലക്ഷണമാവാം. ഇത്തരം സന്ദർഭങ്ങളിൽ ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടാം.

Tags:    
News Summary - Even if the parent is more nervous than the child when examinations are approaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.