എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ ഫലം വന്നു.തുടർപഠനം, കോഴ്സുകൾ തുടങ്ങിയവയെപ്പറ്റി വിദ്യാർഥികളും രക്ഷിതാക്കളും ചിന്ത തുടങ്ങിക്കഴിഞ്ഞു. എങ്കിലും ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നിൽ കൃത്യമായ ഉത്തരമില്ലാതെ ത്രിശങ്കുവിലായ രക്ഷിതാക്കളും കുട്ടികൾക്കും നിരവധിയാണ്.
ഭാവിയില്‍ ആരാവണം, അനുയോജ്യമായ കോഴ്‌സ് ഏതാണ്, ഏത് സ്ഥാപനത്തില്‍ പ്രവേശനം നേടണം, എളുപ്പം ജോലി സാധ്യതയുള്ള കോഴ്സ് ഏതാണ്... തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ടു മനസ്സില്‍ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഓപ്ഷനുകൾ ഏറെ ഉള്ളതുകൊണ്ട് തന്നെ ആശങ്ക സ്വാഭാവികവുമാണ്.
അറിവുനേടുക എന്നതിനൊപ്പം മികച്ച ഒരു കരിയര്‍ സ്വന്തമാക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കുട്ടികളുടെ അഭിരുചിയും താൽപര്യവും വ്യക്തിത്വ സവിശേഷതകളും പരിഗണിച്ചാകണം ഇക്കാര്യത്തിൽ രക്ഷിതാക്കളും തീരുമാനമെടുക്കേണ്ടത്. തുടർപഠനനവുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
വേണം കരിയർ പ്ലാൻ
ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നം. കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. അതിനാല്‍ വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കാൻ ശ്രദ്ധിക്കണം.
ആരുടെയെങ്കിലും നിർബന്ധത്തിനും താൽപര്യങ്ങൾക്കും വഴങ്ങി കോഴ്‌സ് തിരഞ്ഞെടുക്കുന്നവർ ഒരു പക്ഷേ പരീക്ഷ ജയിച്ച് ജീവിതം തോല്‍ക്കുന്നവരായി മാറാനുള്ള സാധ്യതയുണ്ട്. കുട്ടിയുടെ അഭിരുചി മനസ്സിലാക്കാതെ സ്വന്തം താൽപര്യം അടിച്ചേൽപിക്കാൻ രക്ഷിതാക്കളും ശ്രമിക്കരുത്. അവരുടെ മനസ്സിലുള്ള സ്വപ്നങ്ങളെ മനസ്സിലാക്കി അതുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക.
സെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതാണ് വിദ്യാർഥികളുടെ ഭാവിയെ സംബന്ധിച്ച് ഏറ്റവും ഉത്തമം. കുട്ടിയുടെ വ്യക്തിത്വ സവിശേഷത, സർഗസിദ്ധി, അഭിരുചി, മനോഭാവം, ലക്ഷ്യം, താൽപര്യം, നൈപുണ്യശേഷി, കോഴ്സിന്‍റെ ദൈർഘ്യം, ഉപരിപഠന സാധ്യത, ജോലി സാധ്യത, കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത എന്നിവയെല്ലാം പരിഗണിച്ചാണ് കരിയര്‍ പ്ലാന്‍ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സിക്ക് ശേഷം
എസ്.എസ്.എൽ.സിക്ക് ശേഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന മേഖലയാണ് ഹയർ സെക്കൻഡറി. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി 46 കോമ്പിനേഷനുകളുണ്ട്. കൂടാതെ സി.ബി.എസ്.ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CIS CE), നാഷനൽ ഓപൺ സ്കൂൾ (NIOS- www.nios.ac.in), കേരള ഓപൺ സ്കൂൾ (സ്കോൾ കേരള - scolekerala.org) എന്നിവ വഴിയും പ്ലസ് ടു പഠിക്കാനവസരമുണ്ട്.
വൊക്കേഷനൽ ഹയർ സെക്കൻഡറി
പ്ലസ് ടു പഠനത്തോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലുമൊരു തൊഴിൽ മേഖലയിൽ പരിശീലനവും ലഭിക്കുന്ന കോഴ്സാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി (VHSE).സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ പഠിക്കാൻ അവസരമുണ്ട്. ഹയർ സെക്കൻഡറിക്കാർക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കും ലഭ്യമാണ്. വെബ്സൈറ്റ്: www.vhse.kerala.gov.in
ടെക്‌നിക്കൽ ഹയർ സെക്കൻഡറി
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാൻ അവസരമുണ്ട്. വെബ്സൈറ്റ് : ihrd.ac.in
കലാമണ്ഡലം
ചെറുതുരുത്തി കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഹയർ സെക്കൻഡറി പഠനം നടത്താം. പതിനാലോളം കലാവിഷയമുണ്ട്. സ്റ്റൈപൻഡ് ലഭ്യമാണ്. വെബ്സൈറ്റ്: www.kalaman dalam.org
പോളിടെക്‌നിക്
ഏറെ ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകൾ. മൂന്നുവർഷമാണ് കോഴ്‌സ് ദൈർഘ്യം. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജനറൽ പോളിടെക്‌നിക്കുകൾക്കു പുറമെ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ പോളിടെക്‌നിക്കുകളുമുണ്ട്. എൻജിനീയറിങ് മേഖലയിലെ വിവിധ കോഴ്‌സുകൾക്ക് പുറമെ കോമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. വെബ്‌സൈറ്റ്: www.polyadmission. org, www.ihrd.ac.in
ഐ.ടി.ഐ
സർക്കാർ, സ്വകാര്യ മേഖലയിൽ വിവിധ ഏകവത്സര/ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നൽകുന്ന നിരവധി ഐ.ടി.ഐകൾ കേരളത്തിലുണ്ട്. കേന്ദ്ര സർക്കാറിന്റെ എൻ.സി.വി.ടിയുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള സർക്കാറിനു കീഴിലുള്ള എസ്.സി.വി.ടിയുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്. എൻജിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോൺ എൻജിനീയറിങ് സ്‌ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകൾക്ക് (നോൺ മെട്രിക് ട്രേഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.dtekerala.gov.in
ഫുഡ് ക്രാഫ്റ്റ്
കേരളത്തിൽ 13 ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. ഒമ്പതു മാസത്തെ പഠനവും മൂന്നു മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവുമടക്കം 12 മാസമാണ് കോഴ്‌സ്. വെബ്‌സൈറ്റ്: www.fcikerala.org. ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ഈ മേഖലയിൽ വിവിധ ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്. വെബ്‌സൈറ്റ്: www.dihm.net
പ്ലാസ്റ്റിക് ടെക്‌നോളജി
പ്ലാസ്റ്റിക് വ്യവസായകേന്ദ്രങ്ങളിൽ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ സി.ഐ.പി.ഇ.ടി നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണുള്ളത്. മൂന്നുവർഷം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾക്ക് പ്രവേശനപരീക്ഷയുണ്ട്. വെബ്‌സൈറ്റ്: www.cipet. gov.in
ഹാൻഡ്‌ലൂം ടെക്‌നോളജി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി)യുടെ കീഴിൽ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളിൽ ഹാൻഡ് ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുണ്ട്. കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങൾ www.iiht kannur.ac.in ൽ ലഭിക്കും.
ജെ.ഡി.സി
സഹകരണമേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാൻ വേണ്ട യോഗ്യതയാണ് 10 മാസം ദൈർഘ്യമുള്ള ജെ.ഡി.സി കോഴ്‌സ്. കേരളത്തിൽ 16 കേന്ദ്രത്തിലുണ്ട്. വെബ്‌സൈറ്റ്: scu.kerala.gov.in
ടൈപ്പ്‌റൈറ്റിങ്ങും സ്റ്റെനോഗ്രാഫിയും
ടൈപ്പ്‌റൈറ്റിങ്ങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയൽ പ്രാക്ടിസ് പഠിക്കാൻ കേരളത്തില്‍ പതിനേഴ് ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
സിഫ് നെറ്റിൽ പഠിക്കാം
രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകൾക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഫ് നെറ്റി (CIFNET)ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ പഠിക്കാം.
ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്‌സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഇഗ്നോയിലും അവസരം
ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (IGNOU) പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
ഫുട്‌വെയര്‍ ട്രെയിനിങ്
സെന്‍ട്രല്‍ ഫുട്‌വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.
സർവേ സ്‌കൂളുകൾ
ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആൻഡ് ലാൻഡ് റെക്കോഡ്സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്‌സ് വിവിധ സര്‍ക്കാര്‍/സ്വകാര്യ ചെയിൻ സർവേ സ്‌കൂളുകളില്‍ ലഭ്യമാണ്.
ആയുർവേദ കോഴ്സുകൾ
വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്‌സിങ് കോഴ്‌സുകളുണ്ട്.
ഫാര്‍മസി കോഴ്‌സ്
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO) .
ഫാഷന്‍ ഡിസൈനിങ്
അപ്പാരല്‍ ട്രെയിനിങ് ആൻഡ് ഡിസൈന്‍ സെന്റര്‍ (ATDC) വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ ആൻഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുണ്ട്.
പ്രീ-സീ ട്രെയിനിങ്, ബി.എസ്.എൻ.എൽ കോഴ്സുകൾ
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെ അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈർഘ്യമുള്ള പ്രീ-സീ ട്രെയിനിങ് കോഴ്സ് (www.dgshipping.gov.in), കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലുകളുടെ ഭാഗമായി വിവിധ പോളി ടെക്നിക്കുകളിലുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഓട്ടോകാഡ്, ടാലി, മൊബൈൽ ഫോൺ സർവീസിങ്, ഫയർ ആൻഡ് സേഫ്റ്റി, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്, ഫൈബർ ഒപ്റ്റിക്സ് ആൻഡ് ഡിജിറ്റൽ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല കോഴ്‌സുകൾ (cpt.ac.in), ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് (rttctvm.bsnl.co.in) തുടങ്ങിയവയും ജോലി സാധ്യതയുള്ളവയാണ്.
കാർഷിക സർവകലാശാല
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൃഷിയുമായി ബന്ധപ്പെട്ട ആറുമാസം ദൈർഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകളും (celkau.in) ലഭ്യമാണ്.
മ്യൂറല്‍ പെയിന്റിങ്
സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്രരചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്‌സുണ്ട് (വിവരങ്ങൾക്ക്: vasthuvidyagurukulam.com). കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകളും നൽകുന്നുണ്ട്.
അവസരങ്ങളുമായി അസാപ്പും റൂട്രോണിക്സും
കെ.ജി.സി.ഇ (കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ), കെ.ജി.ടി.ഇ (കേരള ഗവൺമെന്‍റ് ടെക്നിക്കൽ എക്സാമിനേഷൻ) എന്നിവ നടത്തുന്ന ജോലി സാധ്യതയുള്ള വിവിധ കോഴ്സുകളുമുണ്ട് (www.dtekerala.gov.in).
നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (www. captkerala.com), എല്‍.ബി.എസ് (lbscentre.in), കെല്‍ട്രോണ്‍ (ksg.keltron.in) റൂട്രോണിക്‌സ് (keralastaterutronix.com), അസാപ് (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org) , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (www.iiic.ac.in), ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in), സ്റ്റെഡ് കൗൺസിൽ (stedcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് പൂർത്തിയാക്കിയവര്‍ക്കായി വിവിധ കോഴ്‌സുകള്‍ നൽകുന്നുണ്ട്.
പ്ലസ്ടുവിന് ശേഷം പഠിക്കാം
പ്രഫഷനല്‍, ടെക്‌നിക്കല്‍, സയന്‍സ്, മെഡിക്കല്‍, അലയഡ് സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ഐ.ടി., ലാംഗ്വേജ്, സോഷ്യല്‍ സയന്‍സ്, അക്കാദമിക്, മീഡിയ തുടങ്ങിയ മേഖലകളില്‍ ധാരാളം കോഴ്‌സുകള്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലഭ്യമാണ്. ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, പി.ജി, ഡോക്ടറല്‍ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കോഴ്‌സുകളും നിരവധിയാണ്.
മെഡിക്കൽ കോഴ്സുകൾ
പ്ലസ്ടു ബയോ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് യു.ജി വഴി എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ് സി ആൻഡ് എ. എച്ച് എന്നീ മെഡിക്കൽ കോഴ്സുകൾക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് തുടങ്ങിയ അലൈഡ് കോഴ്സുകൾക്കും പ്രവേശനം നേടാം. കേരളത്തിലെ പ്രവേശനത്തിന് കീമിന് അപേക്ഷിക്കണമെന്ന കാര്യം മറക്കരുത്. (https://cee.kerala.gov.in)
എൻജിനീയറിങ്ങും ഫാർമസിയും ആർക്കിടെക്ടും
എൻജിനീയറിങ്, ഫാർമസി മേഖലകളിൽ താൽപര്യമുള്ളവർ കീം (KEAM) പരീക്ഷയെഴുതണം. ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനീയറിങ്ങിന് പഠിക്കാൻ ജെ.ഇ.ഇ പരീക്ഷ എഴുതണം. ശാസ്ത്രപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിവിധ പ്രവേശന ചാനലുകളിലൂടെ ഐ.ഐ.എസ്.സി, ഐസർ, നൈസർ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടാവുന്നതാണ്.
ജെ.ഇ.ഇ ,എ.എ.ടി, നാറ്റ് പരീക്ഷകൾ വഴി വിവിധ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തെ ആർക്കിടെക്ട് കോഴ്സ് പഠിക്കാനും അവസരമുണ്ട്. മാത്തമാറ്റിക്സിൽ ഉപരിപഠനമാഗ്രഹിക്കുന്നവർക്ക് ഐ.എസ്.ഐ, സി.എം.ഐ തുടങ്ങിയ സ്ഥാപനങ്ങൾ പരിഗണിക്കാവുന്നതാണ്.
രാജ്യസേവനം ആഗ്രഹിക്കുന്നുണ്ടോ
രാജ്യസേവനത്തിൽ തൽപരരായ വിദ്യാർഥികൾക്ക് കര,നാവിക, വ്യോമസേനകളിൽ എൻ.ഡി.എ ആൻഡ് എൻ.എ പരീക്ഷ വഴി പ്രവേശനം നേടാം. ഹ്യുമാനിറ്റീസ്, കോമേഴ്സ് വിദ്യാർഥികളെ കരസേനയിലക്ക് മാത്രമെ പരിഗണിക്കുകയുള്ളൂ. സയൻസ് പശ്ചാത്തലം നിർബന്ധമല്ലാത്ത മേഖലയിലേക്ക് തിരിയാൻ ആഗ്രഹമുണ്ടെങ്കിൽ ഹ്യുമാനിറ്റീസ്, കോമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകളും പരിഗണിക്കാവുന്നതാണ്.
ഹ്യുമാനിറ്റീസ് കോമേഴ്സ് സ്ട്രീമുകാർക്കും അവസരങ്ങളേറെയുണ്ട്
ഹ്യുമാനിറ്റീസ് കോമേഴ്സ് സ്ട്രീമുകാർക്കും നിരവധി അവസരങ്ങളുണ്ട്. ഡിസൈൻ മേഖല താൽപര്യമുള്ള വിദ്യാർഥികൾക്ക് വിവിധ പ്രവേശന പരീക്ഷകൾ വഴി എൻ.ഐ.ഡി, നിഫ്റ്റ് ഐ.ഐ.ടികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. മാനേജ്മെൻറ് മേഖലയിൽ താൽപര്യമുള്ളവർക്ക് ഐ.പി മാറ്റ്, ജിപ്മാറ്റ് പരീക്ഷകൾ വഴി വിവിധ ഐ .ഐ.എമ്മുകളിലും പഠിക്കാം. നിയമപഠനം ആഗ്രഹിക്കുന്നവർക്ക് ക്ലാറ്റ് (CLAT), ക്ലീ (KLEE) പരീക്ഷകൾ വഴി വിവിധ സ്ഥാപനങ്ങളിൽ ഇൻറഗ്രേറ്റഡ് ലോ പ്രോഗ്രാമുകൾക്കും ചേരാവുന്നതാണ്.
വിനോദസഞ്ചാര, അതിഥി സൽക്കാര മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് (NCHM) നടത്തുന്ന പ്രവേശന പരീക്ഷയെഴുതാം.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ പരിഗണിക്കാവുന്നതാണ്.കോമേഴ്സ് മേഖലയായ ചാർട്ടേഡ് കോഴ്സുകളും മികച്ച അവസരമാണ്. സി.എ, സി.എസ്, സി.എം.എ, എ.സി.സി.എ തുടങ്ങി ശ്രദ്ധേയമായ നിരവധി കോഴ്സുകളുമുണ്ട്.
സെൻട്രൽ യൂനിവേഴ്സിറ്റികളിൽ പഠിക്കാം
രാജ്യത്തെ മികവുറ്റ പഠനകേന്ദ്രങ്ങളായ സെൻട്രൽ യൂനിവേഴ്സിറ്റികളിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് മേഖലയിലെ വിവിധ ബിരുദ കോഴ്സുകൾ പഠിക്കാനുള്ള അവസരമാണ് സി.യു.ഇ.ടി യു ജി (CUET UG) പരീക്ഷ നൽകുന്നത്. ബിരുദതല കോഴ്സുകൾക്ക് വിവിധ സ്റ്റേറ്റ് യൂനിവേഴ്സിറ്റികളെയും ഓട്ടോണമസ് സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കാം.
വേറിട്ട കോഴ്സുകൾ
പുതിയ കാലത്ത് വൈവിധ്യവും നൂതനവുമായ ധാരാളം കോഴ്സുകൾ നിലവിലുണ്ട്. തൊഴിൽമേഖല വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. നമ്മുടെ നാട്ടിലെയും വിദേശത്തെയും തൊഴിൽ പ്രവണതകൾ അനുദിനം വൈവിധ്യവത്കരിക്കപ്പെടുകയാണ്. അതിന് അനുഗുണമായ ധാരാളം ന്യൂജനറേഷൻ കോഴ്സുകളും നിലവിൽ വന്നിട്ടുണ്ട്. സേവനമേഖല കരുത്താർജിക്കുമ്പോൾ തന്നെ പുത്തൻ സാങ്കേതികവിദ്യയും സ്മാർട്ട് തൊഴിലുകളും രംഗം കീഴടക്കുന്നു.
ഇനിയുള്ള കാലത്ത് ബിരുദവും ബിരുദാനന്തര പഠനവും മാത്രം മതിയാവുകയില്ല. തൊഴിൽ വിപണിയിൽ നമ്മെ പ്രസന്‍റ് ചെയ്യാനുള്ള ശേഷിയും അത്യാവശ്യമാണ്. വർഷങ്ങളോളം പ്രവർത്തിക്കേണ്ട മേഖല ആനന്ദകരമാക്കുന്നതിന് നാം ഏത് കോഴ്സ് തിരഞ്ഞെടുക്കണം, അതിന്‍റെ പ്രവേശനരീതികൾ, തൊഴിൽമേഖലകൾ തുടങ്ങിയവ മനസ്സിലാക്കണം. കാലത്തോടൊപ്പം കോഴ്സ് തിരഞ്ഞെടുക്കുകയും കാലത്തിനുമുമ്പേ സഞ്ചരിക്കുകയും ചെയ്യുന്ന ഏതൊരു വിദ്യാർഥിക്കും ഭാവിജീവിതം ശോഭനമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ചില വേറിട്ട കോഴ്സുകൾ പരിചയപ്പെടാം...
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
ഭാവി തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തന്നെയാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാത്ത ജീവിതം ഇനിയുള്ള കാലത്ത് അചിന്ത്യമാണ്. അതിനാൽ കമ്പ്യൂട്ടറുകളെ ബുദ്ധിപരമാക്കേണ്ടത് വളരെ പ്രധാനമാണ്. വിഷ്വൽ പെർസപ്ഷൻ, സ്പീച് റെക്കഗ്നിഷൻ, തീരുമാനമെടുക്കൽ, ഭാഷകൾ തമ്മിലുള്ള വിവർത്തനം തുടങ്ങി മനുഷ്യന്‍റെ ബുദ്ധിയെയും ഇന്ദ്രീയങ്ങളെയും അനുകരിക്കുന്ന കമ്പ്യൂട്ടറുകളുടെ സിദ്ധാന്തവും വികാസവുമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്.
ഭാവി തൊഴിൽ രംഗത്ത് തീർച്ചയായും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ അപ്രമാദിത്വമുണ്ടാകും. സേവനമേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ വരാനിരിക്കുന്നത്. ഹെൽത്ത്, ടൂറിസം, എജുക്കേഷൻ തുടങ്ങി നിരവധി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫലപ്രദമായി പ്രാവർത്തികമാക്കാം.
പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് വിവിധ സ്ഥാപനങ്ങളിലായി ബി.എസ്.സി, ബി.സി.എ, ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സുകളോടൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സ്പെഷലൈസേഷൻ കോഴ്സുകൾ നിലവിലുണ്ട്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എസ് സി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയവയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടാം. സംസ്ഥാനങ്ങളിലെ വിവിധ എൻജിനീയറിങ് കോളജുകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ബി.ടെക് കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ബിരുദാനന്തര തലത്തിൽ എം.എസ് സി, എം.ടെക് കോഴ്സുകളും ലഭ്യമാണ്.
സൈബർ സെക്യൂരിറ്റി
വിവര സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകൾ തുറന്നിടുന്ന മേഖലയാണ് സൈബർ സെക്യൂരിറ്റി. നെറ്റ് വർക്കുകൾ, കമ്പ്യൂട്ടറുകൾ, ഡേറ്റാ പ്രോഗ്രാമുകൾ എന്നിവ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന അനധികൃത ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റത്തെ സംരക്ഷിക്കുന്നതിനുള്ള കവചമാണ് സൈബർ സെക്യൂരിറ്റി.
സെക്യൂരിറ്റി സ്പെഷലിസ്റ്റ്, സെക്യൂരിറ്റി എൻജിനീയർ, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, ക്രിപ്റ്റോ ഗ്രാഫർ, സെക്യൂരിറ്റി ആർക്കിടെക്ട്, കമ്പ്യൂട്ടർ ഫോറൻസിക് സയന്‍റിസ്റ്റ്, സോഴ്സ് കോഡ് ഓഡിറ്റർ, എത്തിക്കൽ ഹാക്കർ തുടങ്ങി തൊഴിൽ മേഖലകൾ നിരവധിയാണ്. ബി.സി.എ, ബി.എസ് സി,ബി.ടെക് കോഴ്സുകൾക്ക് പുറമെ ബിരുദാനന്തര തലത്തിലും സൈബർ സെക്യൂരിറ്റി പഠിക്കാൻ അവസരങ്ങളുണ്ട്. ഐ.ഐ.ടികളിൽ ബിരുദാനന്തര തലത്തിൽ സ്പെഷാലിറ്റി കോഴ്സുകളും നിലവിലുണ്ട്.
ഡിജിറ്റൽ മാർക്കറ്റിങ്
സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, ഇ-മെയിലുകൾ, മൊബൈൽ ആപ്പുകൾ വെബ്സൈറ്റുകൾ എന്നിവ പോലുള്ള ഡിജിറ്റൽ ചാനലുകളുപയോഗിച്ച് ഉൽപന്നമോ സേവനമോ പ്രമോട്ട് ചെയ്യുന്ന പ്രവർത്തനമാണ് ഡിജിറ്റൽ മാർക്കറ്റിങ്. 2026ഓടെ ആഗോള ഡിജിറ്റൽ പരസ്യ വിപണന മേഖല 800 ബില്യൺ ഡോളറിലെത്തുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. Udemy, LinkedIn Learning, Coursera തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റൽ മാർക്കറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാം. ഗൂഗ്ൾ ഡിജിറ്റൽ ഗ്യാരേജ് ഓൺലൈൻ കോഴ്സ് സൗജന്യമായി പഠിച്ച് ഗൂഗ്ൾ സർട്ടിഫിക്കേഷൻ നേടാം.
സെർച്ച് എൻജിൻ അനലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, ഇ-മെയിൽ മാർക്കറ്റിങ് സ്പെഷലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്, കണ്ടൻറ് മാനേജർ തുടങ്ങി ധാരാളം തൊഴിൽമേഖലകൾ ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ആക്ച്വറിയൽ സയൻസ്
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷൂറൻസ് കമ്പനികൾ തുടങ്ങിയവക്കാവശ്യമായ വിവിധതരം സാമ്പത്തിക വിശകലന പഠനങ്ങൾ നടത്തുന്ന മേഖലയാണ് ആക്ച്വറിയൽ സയൻസ്. ലോകത്താകമാനം ഉപരിപഠന തൊഴിൽ സാധ്യതകളുള്ള മേഖലയാണിത്. മാത്തമാറ്റിക്സ്, ഡേറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയിൽ താൽപര്യമുള്ളവർക്ക് മികച്ച കോഴ്സാണിത്. ആഗോള സമ്പദ് വ്യവസ്ഥയിൽ കോർപറേറ്റുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഒഴിവാക്കാനാവാത്ത തസ്തികയാണ് ആക്ച്വറി വിദഗ്ധന്‍റേത്.
ഇൻഷുറൻസ് പദ്ധതികളുടെ ആസൂത്രണം മുതൽ ഉപഭോക്താക്കൾക്ക് മാർഗനിർദേശം നൽകൽ വരെ ആക്ച്വറികളുടെ ജോലിയാണ്. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ശാസ്ത്രീയമായി പ്രവചിക്കുകയും റിസ്കുകൾ കണ്ടെത്തുകയുമാണ് ജോലി. 18 വയസ്സ് പൂർത്തിയായ ഗണിതശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും അഭിരുചിയുള്ളവർക്ക് ആക്ച്വറി കോഴ്സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.acturiesindia.org ൽ ലഭ്യമാണ് .
ഡേറ്റാ സയൻസ്
വിവിധ ഡിജിറ്റൽ സ്രോതസ്സുകളിൽ നിന്ന് ഒരേസമയം വിവരശേഖരണം നടത്തി, വിശകലനം ചെയ്ത് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയാണ് ഡേറ്റ സയൻസിൽ ഉൾപ്പെട്ടിരിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ്, ഡൊമൈൻ അറിവ് എന്നിവ ഡേറ്റ സയൻസിന്റെ വിവിധ ഘടകങ്ങളാണ്. വിവരങ്ങളുടെ ക്രമാനുഗതമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ള വിശകലന പഠനമാണ് അനലറ്റിക്സ്. ബിസിനസ് മേഖലയിൽ മുഖ്യമായ തീരുമാനങ്ങളിലെത്താൻ നടത്തുന്ന വിശകലനങ്ങളുടെ പഠനമാണ് ബിസിനസ് അനലറ്റിക്സ്. ബിഗ് ഡേറ്റ അനലിറ്റിക്സ്, വെബ് അനലിറ്റിക്സ്,ഗൂഗ്ൾ അനലിറ്റിക്സ്, ബിസിനസ് അനലിറ്റിക്സ്
എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട് .
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കൊൽക്കത്ത, ഐ.ഐ.ടി ഖരഗ്പുർ, ഐ.ഐ.എം റാഞ്ചി, ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ഐ.ടി.എം തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങൾ ഈ മേഖലയിൽ മികച്ച കോഴ്സുകൾ നടത്തുന്നുണ്ട് .മികവുറ്റ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഡേറ്റ സയന്‍റിസ്റ്റ്, േഡറ്റ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ ആകർഷകമായ ജോലികൾ ലഭിക്കും.
ബ്ലോക്ക് ചെയിൻ ടെക്നോളജി
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ എന്നത് ഒരു തരം ഡിജിറ്റൽ ലെഡ്ജർ ടെക്നോളജിയാണ്. ഇടപാടുകൾ അഥവാ ട്രാൻസാക്ഷൻ കൃത്യമായി രേഖപ്പെടുത്തപ്പെടും. നെറ്റ്‌വർക്കിലെ ബ്ലോക്കുകളുടെ രൂപത്തിൽ നിരവധി ഇടപാടുകൾ നടത്തുന്ന ഒരു വികേന്ദ്രീകരണ വിതരണ ശൃംഖലയാണിത്. ബ്ലോക്ക് ചെയിനിൽ ഒരു പുതിയ ഇടപാട് രേഖപ്പെടുത്തുമ്പോൾ അതിന്‍റെ രേഖകൾ പങ്കാളികളായിട്ടുള്ള ഓരോ ആളുകളുടെയും ലെഡ്ജറിലേക്ക് ചേർക്കപ്പെടും. ഹാക്ക് ചെയ്യാനോ വിവരങ്ങൾ തട്ടിയെടുക്കാനോ സാധിക്കില്ല എന്നതിനാൽ ഇത് വളരെ സുരക്ഷിതമാണ്.
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പഠിക്കാനും ആ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് കേരള ബ്ലോക്ക് ചെയിൻ അക്കാദമിയുടെ പ്രോഗ്രാമുകൾ, വിവിധ സ്ഥാപനങ്ങളുടെ ബ്ലോക്ക് ചെയിൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, കെ- ഡിസ്കും ഐ.സി.ടി അക്കാദമിയും ചേർന്ന് നടത്തുന്ന പ്രോഗ്രാമുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.