ഒരു സർക്കാർ ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തിലെ പി.എസ്.സി പരീക്ഷകളെക്കുറിച്ച് പൊതുവെ മലയാളികൾക്ക് ധാരണയും അവക്ക് പ്രചാരവും ഉണ്ടാവാറുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലേക്ക് ജോലി സാധ്യതയുള്ള വ്യത്യസ്ത മത്സര പരീക്ഷകളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടാവാറില്ല.

തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും ഉന്നത പദവിയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളും സർക്കാർ മേഖലയിലെ ജോലികളെ കൂടുതൽ ആകർഷണീയമാക്കുന്നു. കേന്ദ്ര സർവിസിലെ അവസരങ്ങളും അതിലെ അനന്ത സാധ്യതകളും പരിശോധിക്കാം.

കേന്ദ്ര സർവിസിൽ ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് ഓരോ സർക്കാർ ഏജൻസികളാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ, യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ എന്നിവയാണ് പ്രധാന ഏജൻസികൾ. ഇതിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾ പരിചയപ്പെടാം.


സ്റ്റാഫ് സെലക്ഷൻ കമീഷൻ

കേന്ദ്ര സർവിസിലെ ക്ലറിക്കൽ തസ്തികകളിലേക്ക് പ്രധാനമായും എസ്.എസ്.സി വഴിയാണ് നിയമനം. ഓരോ തസ്തികക്കും വെവ്വേറെ പരീക്ഷക്ക് പകരം യോഗ്യതക്കനുസരിച്ച് പൊതു പ്രവേശന പരീക്ഷയാണ് പതിവ്.

എസ്.എസ്.എൽ.സി യോഗ്യതയുള്ള തസ്തികകളിലേക്ക് മൾട്ടി ടാസ്കിങ് പരീക്ഷയും പ്ലസ് ടു യോഗ്യത വേണ്ട തസ്തികകൾക്ക് കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയും ഡിഗ്രി യോഗ്യതയുള്ളവക്ക് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയും നടത്തുന്നു.

ഇതിനു പുറമെ എൻജിനീയറിങ് ബിരുദക്കാരെ തിരഞ്ഞെടുക്കാൻ എൻജിനീയറിങ് സർവിസ് പരീക്ഷയും പരിഭാഷകരെ തിരഞ്ഞെടുക്കാൻ ജൂനിയർ ട്രാൻസ്​ലേറ്റർ പരീക്ഷയും സ്റ്റെനോഗ്രാഫർമാരെ തിരഞ്ഞെടുക്കാൻ സ്റ്റെനോഗ്രഫി പരീക്ഷയും നടത്തുന്നു. ഉദ്യോഗാർഥികൾ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റർ ചെയ്യുകയും വിജ്ഞാപനം വരുന്ന സമയത്ത് അപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്.

മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ

കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഓഫിസുകൾ എന്നിവിടങ്ങളിലെ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ-ടെക്നിക്കൽ) തസ്തികയിലെ ഗ്രൂപ് സി ഒഴിവിലേക്കാണ് ഈ പരീക്ഷ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്നത്. റവന്യൂ വകുപ്പിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (CBN) ഓഫിസുകളിലെ ഗ്രൂപ് സി ഒഴിവിലേക്കാണ് ഹവിൽദാർ പരീക്ഷ നടത്തുന്നത്.

ഈ വർഷം മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 6100ലധികവും ഹവിൽദാർ തസ്തികയിൽ 3400ലധികവും ഒഴിവുകളുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം

പ്രായം: 18-25 (മൾട്ടി ടാസ്കിങ് സ്റ്റാഫ്), 18-25 (ഹവിൽദാർ). എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

ശമ്പളം: 18,000-22,000 രൂപ, 1800 രൂപ ഗ്രേഡ് പേ.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം.

പരീക്ഷ ഘടന: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. ഹവിൽദാറിന് ശാരീരിക ക്ഷമതയും പരിശോധിക്കും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം അടക്കം 13 ഭാഷകളിൽ പരീക്ഷ നടക്കും. രണ്ട് സെഷനിലായാണ് പരീക്ഷ. ആദ്യ സെഷനിൽ ന്യൂമെറിക്കൽ ആൻഡ് മാത്തമറ്റിക്കൽ എബിലിറ്റിയും രണ്ടാം സെഷനിൽ ജനറൽ അവയർനെസും ഇംഗ്ലീഷ് ഭാഷയുമാണ് ഉണ്ടാകുക.


കമ്പൈൻഡ്‌ ഹയർ സെക്കൻഡറി പരീക്ഷ

കേന്ദ്ര സർക്കാറിന്‍റെ വിവിധ വകുപ്പുകൾ, ഭരണഘടന സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, ഡേറ്റ എൻട്രി ഓപറേറ്റർ എന്നീ തസ്തികകളിലാണ് ഈ പരീക്ഷ വഴി നിയമനം നടത്തുക. ഈ വർഷം 3700ലധികം ഒഴിവുണ്ട്.

ശമ്പളം: ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്: 19,900-63,200

ഡേറ്റ എൻട്രി ഓപറേറ്റർ: 25,500-81,100

യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർ/തത്തുല്യം.

പ്രായം: 18-27. എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർ പ്ലസ് ടു സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: എറണാകുളം, കൊല്ലം, കോഴിക്കോട്, കോട്ടയം, തൃശൂർ, തിരുവനന്തപുരം.

പരീക്ഷ ഘടന: രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. ഹിന്ദി, ഇംഗ്ലീഷ്, മലയാളം അടക്കം 15 ഭാഷകളിൽ പരീക്ഷയെഴുതാം. ആദ്യഘട്ട പരീക്ഷയിൽ ഇംഗ്ലീഷ്, ജനറൽ ഇന്‍റലിജൻസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ‍്യൂഡ്, ജനറൽ അവയർനസ് എന്നിവ പരിശോധിക്കും. നെഗറ്റിവ് മാർക്കിങ് ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലായി മാത്തമറ്റിക്കൽ എബിലിറ്റി, റീസണിങ്, ജനറൽ ഇന്‍റലിജൻസ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവക്ക് പുറമെ സ്കിൽ ടെസ്റ്റും ഉണ്ടാകും.

കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ

കേന്ദ്ര സർക്കാറിന്‍റെ വിവിധ വകുപ്പുകളിലെ വ്യത്യസ്‌ത തസ്തികകളിൽ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ വഴി ജോലി നേടാം. സെൻട്രൽ സെക്രട്ടേറിയറ്റ്, ഇൻകം ടാക്‌സ്, ജി.എസ്.ടി, സി.ബി.ഐ, റെയിൽവേ, പോസ്റ്റൽ ഇന്‍റലിജൻസ് ബ്യൂറോ, മറ്റു കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ് ബി, ഗ്രൂപ് സി പോസ്റ്റുകളിലേക്കാണ് ഈ പരീക്ഷ വഴി നിയമനം ലഭിക്കുക.

തസ്തികകൾ: അസിസ്റ്റന്‍റ് സെക്ഷൻ ഓഫിസർ, ഇൻകം ടാക്സ് ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർ, സബ് ഇൻസ്പെക്ടർ, ജൂനിയർ ഇന്‍റലിജൻസ് ഓഫിസർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഓഡിറ്റർ, അക്കൗണ്ടന്‍റ്, പോസ്റ്റൽ അസിസ്റ്റന്‍റ്, ടാക്സ് അസിസ്റ്റന്‍റ്. ഈ വർഷം 17,727ലധികം ഒഴിവുണ്ട്.

ശമ്പളം: 25,500 മുതൽ 1,42,000 വരെ ലഭിക്കാവുന്ന തസ്തികകൾ വിവിധ വകുപ്പുകളിലായുണ്ട്.

പ്രായം: 27 മുതൽ 32 വരെ. എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

യോഗ്യത: ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്കിൽ മാത്‍സ് പാസായവരോ ഡിഗ്രിയിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചവരോ ആകണം. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

ശാരീരിക യോഗ്യത: ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്/എക്‌സാമിനർ/പ്രിവന്‍റിവ് ഓഫിസർ/ഇൻസ്പെക്ടർ/സബ് ഇൻസ്പെക്ടർ-സി.ബി.ഐ) തസ്തികക്ക് പുരുഷന്മാർക്ക് ഉയരം 157.5 സെ.മീ, നെഞ്ചളവ് 81 സെ.മീ, അഞ്ച് സെ.മീ വികാസശേഷി വേണം. 15 മിനിറ്റിൽ 1600 മീറ്റർ നടത്തം, 30 മിനിറ്റിൽ എട്ട് കി.മീ സൈക്ലിങ് എന്നിവ ശാരീരിക യോഗ്യത പരീക്ഷയുടെ ഭാഗമാണ്. വനിതകൾക്ക് ഉയരം 152 സെ.മീ, ഭാരം 48 കിലോ, 2.5 സെ.മീ വികാസശേഷി വേണം. 20 മിനിറ്റിൽ ഒരു കിലോമീറ്റർ നടത്തം, 25 മിനിറ്റിൽ മൂന്ന് കി.മീ സൈക്ലിങ് എന്നിവയും വേണം.

സബ് ഇൻസ്പെക്ടർ (സി.ബി.ഐ): പുരുഷന്മാർ 165 സെ.മീ, വനിതകൾ 150 സെ.മീ ഉയരവും പുരുഷന്മാർക്ക് 76 സെ.മീ നെഞ്ചളവും വേണം. കാഴ്ച ഡിസ്റ്റന്‍റ് വിഷൻ (6/6, 6/9) നിയർ വിഷൻ (0.6/0.8).

സബ് ഇൻസ്പെക്ടർ (എൻ.ഐ.എ): പുരുഷന്മാർ 170 സെ.മീ, വനിതകൾ 150 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും വേണം. കാഴ്ച ഡിസ്റ്റന്‍റ് വിഷൻ (6/6, 6/9) നിയർ വിഷൻ (0.6/0.8).

സബ് ഇൻസ്പെക്ടർ (ജൂനിയർ ഇന്‍റലിജൻസ് ഓഫിസർ): പുരുഷന്മാർ 165 സെ.മീ, വനിതകൾ 152 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും വേണം. കാഴ്ച ഡിസ്റ്റന്‍റ് വിഷൻ (6/6, 6/9) നിയർ വിഷൻ (0.6/0.8).

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: എറണാകുളം, കൊല്ലം, കോഴിക്കോട്, കോട്ടയം, തൃശൂർ, തിരുവനന്തപുരം.

ശാരീരിക യോഗ്യത വിശദമായി അറിയാൻ വെബ്‌സൈറ്റിൽ (https://ssc.gov.in) പട്ടിക പരിശോധിക്കാം.

പരീക്ഷ ഘടന: രണ്ട് ടയറുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാകുക. കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, ഡേറ്റ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയും ഉണ്ടാകും. ടയർ -1 പരീക്ഷക്ക് ജനറൽ ഇന്‍റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ‍്യൂഡ്, ഇംഗ്ലീഷ് എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടയർ -2 പരീക്ഷയിൽ ഇവക്ക് പുറമെ കമ്പ്യൂട്ടർ പരിജ്ഞാനം, ഡേറ്റ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവ പരിശോധിക്കും.


ജൂനിയർ ട്രാൻസ്​ലേറ്റർ

സെൻട്രൽ സെക്രട്ടേറിയറ്റ് ഓഫ് ലാംഗ്വേജ് സർവിസ്, ആംഡ് ഫോഴ്സസ് ഹെഡ് ക്വാർട്ടേഴ്‌സ്, റെയിൽവേ, സബോഡിനേറ്റ് ഓഫിസസ് എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സെൻട്രൽ ഹിന്ദി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് ഹിന്ദി പ്രധ്യാപക്‌ തുടങ്ങി വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്ക് സീനിയർ ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമനം നടത്തുന്നത് സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന ഈ പരീക്ഷ വഴിയാണ്.

യോഗ്യത: ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ/ട്രാൻസ്‌ലേഷൻ ഓഫിസർ: ഇംഗ്ലീഷിലോ ഹിന്ദിയിലോ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷോ ഹിന്ദിയോ നിർബന്ധ/ഇലക്ടിവ് ആയി പഠിച്ചിരിക്കണം. ബിരുദതലത്തിൽ ഇംഗ്ലീഷ് മെയിൻ ആയി പഠിച്ചവർ ഹിന്ദി സബ് ആയോ ഹിന്ദി മെയിൻ ആയി പഠിച്ചവർ ഇംഗ്ലീഷ് സബ് ആയോ പഠിച്ചിരിക്കണം.

സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ: ഇംഗ്ലീഷിലോ ഹിന്ദിയിലോ ബിരുദാനന്തര ബിരുദം. ബിരുദാനന്തര ബിരുദതലത്തിൽ ഇംഗ്ലീഷ് മെയിൻ ആയി പഠിച്ചവർ ഹിന്ദി സബ് ആയോ ഹിന്ദി മെയിൻ ആയി പഠിച്ചവർ ഇംഗ്ലീഷ് സബ് ആയോ പഠിച്ചിരിക്കണം. അല്ലെങ്കിൽ മറ്റു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.

പ്രായം: 18 മുതൽ 30 വരെ. എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടിങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

അപേക്ഷ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

മുകളിൽ സൂചിപ്പിച്ച പരീക്ഷകൾക്ക് പുറമെ കേന്ദ്ര സർക്കാറിന്‍റെ വിവിധ വകുപ്പുകളിലേക്ക് എൻജിനീയറിങ് ബിരുദക്കാരെ തിരഞ്ഞെടുക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ എല്ലാ വർഷവും ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്റ്റ്സ്) എന്ന പരീക്ഷയും നടത്തുന്നു.

സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെന്‍റ്, മിലിറ്ററി എൻജിനീയറിങ് സർവിസ്, സെൻട്രൽ വാട്ടർ കമീഷൻ, ബോർഡർ റോഡ് ഓർഗനൈസേഷൻ, ഡയറക്ടർ ജനറൽ ഓഫ് ക്വാളിറ്റി അഷുറൻസ് എന്നിങ്ങനെ വിവിധ വകുപ്പുകൾ ഈ പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്.

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി വിഭാഗം തസ്തികകളിലേക്ക് സ്‌റ്റെനോഗ്രാഫർ പരീക്ഷയും കേന്ദ്ര സർക്കാറിന്‍റെ സായുധ പൊലീസ് സേനകളിലേക്കും ഡൽഹി പൊലീസിലേക്കും സബ് ഇൻസ്പെക്ടർമാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയും സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്നുണ്ട്.

പരീക്ഷ ടിപ്സ്

● ചോദ്യങ്ങളുടെ പാറ്റേൺ മുൻകാല പരീക്ഷ പേപ്പറുകൾ സോൾവ് ചെയ്ത് മനസ്സിലാക്കാം.

● കോഡുകൾ ഉപയോഗിച്ച് പഠിക്കാം.

● കൂടുതൽ മോക്ക് ടെസ്റ്റുകൾ എഴുതി വേഗം വർധിപ്പിക്കാം.

● പൊതുവിജ്ഞാനം പ്രധാനമാണ്. അതിനുവേണ്ടി വർഷങ്ങളും സംഭവങ്ങളും ടൈംലൈൻ ആയി പഠിച്ചുവെക്കാം.

● എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് ചരിത്രവും ഭൂമിശാസ്ത്രവും സയൻസും സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾ ഒന്നുകൂടി മനസ്സിലാക്കാം.

● ആറുമാസം മുമ്പുവരെയുള്ള കറന്‍റ് അഫയേഴ്സ് നോക്കിവെക്കണം. പത്രങ്ങളിലൂടെയോ ന്യൂസ് പോർട്ടൽ വഴിയോ സംഭവങ്ങൾ കുറിച്ചുവെക്കാം.

● പുതിയ നിയമനങ്ങൾ, സർക്കാറിന്‍റെ വിവിധ സ്കീമുകൾ, അവാർഡുകൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ റിവൈസ് ചെയ്യുകയും വേണം.




Tags:    
News Summary - opportunities in central government service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.