കാഴ്ചയുടെ ലോകമാണ് കുട്ടികളുടേത്. കണ്ട് മനസ്സിലാക്കുക എന്നതാണ് അവരുടെ രീതി. കേൾവിയായിരുന്നു മുൻതലമുറയുടെ വിനിമയമാധ്യമം. പെലെയുടെ ചരിത്രപ്രസിദ്ധമായ ഗോൾ റേഡിയോ കമന്ററിയിലൂടെ കേട്ട് പുളകം കൊണ്ട തലമുറ പഴതായിക്കഴിഞ്ഞു.

ക്രിസ്സ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ടി.വിയിൽ പല ആങ്കിളിൽ പല പോസിൽ കാണാനുള്ള അവസരമാണ് പുതിയ തലമുറക്ക് ലഭിച്ചത്. ഏജ് ഓഫ് സ്പെക്ടാക്ക്ൾ എന്നാണ് പുതിയ കാലത്തിന്റെ വിശേഷണം. കാര്യങ്ങളെല്ലാം കൃത്യമായി കണ്ട് മനസ്സിലാക്കാനാണ് ഈ തലമുറയിലെ കുട്ടികൾക്ക് സാധിക്കുക.

വസ്തുതകൾ ഇതായിരിക്കുമ്പോഴും പരമ്പരാഗതമായ രീതിയിൽ സ്കൂൾ വിദ്യാഭ്യാസം തുടരുകയായിരുന്നു നമ്മൾ. ടെക്സ്റ്റ് ബുക്കും നോട്ട് ബുക്കും ബ്ലാക്ക് ബോർഡും ചോക്കുമൊക്കെയായുള്ള അതേ ക്ലാസ് മുറി. എന്നാൽ, കോവിഡ് മഹാമാരി പരമ്പരാഗതമായ വിദ്യാഭ്യാസരീതിയെ അടിമുടി മാറ്റുകയുണ്ടായി. ഡിജിറ്റൽ ടെക്നോളജിയുടെ പുതിയ സാധ്യതകളിലേക്ക് തുറക്കുന്നതിനുള്ള അവസരമായി കോവിഡ് കാലം മാറി.


യുനിസെഫിന്റെ കണക്കനുസരിച്ച് 160 കോടി കുട്ടികളുടെ വിദ്യാഭ്യാസം പെട്ടെന്ന് മുടങ്ങിപ്പോയ സാഹചര്യത്തിലേക്കായിരുന്നു കോവിഡ് ദുരന്തം നമ്മെ എത്തിച്ചത്. വിദ്യാഭ്യാസരംഗത്തുനിന്നും പുറത്താക്കപ്പെട്ട 160 കോടി കുട്ടികളിൽ 40 കോടിയോളം കുട്ടികൾ ഇന്ത്യയിലാണ്. പല സംസ്ഥാനങ്ങളിലും പൂർണമായിത്തന്നെ വിദ്യാഭ്യാസം ലഭിക്കാതെ കുട്ടികൾ പുറത്താക്കപ്പെട്ടു.

എന്നാൽ, കേരളത്തിൽ പെട്ടെന്നുതന്നെ ഓൺലൈൻ പഠനരീതികളിലേക്ക് മാറാൻ നമുക്ക് സാധിച്ചു. സ്കൂളിൽ ഏർപ്പെടുത്തിയ ഹൈടെക് സംവിധാനങ്ങളും ഐ.ടി വിക്ടേഴ്സ് പോലുള്ള സംവിധാനങ്ങളുമായിരുന്നു നമുക്കിത് സാധ്യമാക്കിയത്. മുടങ്ങിപ്പോയ പഠനത്തിന് പൂർണമായ ഒരു പരിഹാരം എന്ന് പറയാൻ കഴിയില്ലെങ്കിലും മുഴുവൻ കുട്ടികളേയും പഠനത്തിന്റെ ഭാഗമാക്കി നിർത്താൻ ഇതിലൂടെ സാധിച്ചു എന്നത് നിസ്സാര കാര്യമല്ല. ഇതിന്റെ ഒരു തുടർച്ചയായാണ് ഈ അധ്യയനവർഷം മുതലുള്ള പഠനത്തെ കാണേണ്ടത്.

ചരിത്രത്തിൽ ഒരു തിരിഞ്ഞുനടത്തം ഇല്ല എന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ പഴയ പഠനരീതികളിലേക്ക് തിരിച്ചുപോകാമെന്നതും സാധ്യമല്ല. നാം ആഗ്രഹിക്കാതെ തന്നെ മൊബൈൽഫോൺ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.


ലാപ് ടോപ്പും ടാബ്ലെറ്റുകളും പഠനോപകരണങ്ങളായി മാറി. ഇനിമുതൽ ആരും ഫോൺ എടുക്കണ്ട, കമ്പ്യൂട്ടർ വേണ്ട എന്ന് പറഞ്ഞ് വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കില്ല. ഇവയെക്കൂടി ചേർത്ത് മാത്രമേ ഇനിയുള്ള പഠനവും ബോധനവും മുന്നോട്ടു പോകൂ എന്നതാണ് യാഥാർഥ്യം.

സ്വന്തം വീടിന്റെ പേരുപോലും ഗൂഗ്ളിൽ സെർച്ച് ചെയ്ത് കണ്ടെത്തണം എന്ന അവസ്ഥയിലാണ് നമ്മുടെ കുട്ടികൾ. അത്രമാത്രം ഇൻ്റർനെറ്റുമായി ഇഴുകിച്ചേർന്ന, അല്ലെങ്കിൽ ബ്ലെൻ്റ് ചെയ്ത ജീവിതമാണ് പുതിയ തലമുറയിലെ കുട്ടികളുടേത് . പഴയരീതിയിലുള്ള ഒരു വിദ്യാഭ്യാസസമ്പ്രദായം അതേപടി ഇനി അസാധ്യമായിരിക്കും.

അധ്യാപകരും രക്ഷിതാക്കളും സമൂഹവും മനസ്സിലാക്കേണ്ട ഒരു കാര്യമാണിത്. ആധുനിക സാങ്കേതികവിദ്യയും വിദ്യാഭ്യാസ രീതിശാസ്ത്രവും ചേർത്തുവെച്ചുള്ള ഒരു അധ്യയനരീതിയിലേക്ക് നമ്മുടെ വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നയങ്ങളുമടക്കം ഈ രീതിയിൽ രൂപപ്പെടുത്തിക്കഴിഞ്ഞു.

കോവിഡ് ഉണ്ടാക്കിയ മാനസിക പ്രയാസങ്ങൾ

അടുത്തിരിക്കേണ്ടവരെ അകറ്റിയിരുത്തിയായിരുന്നു കോവിഡ്കാല പഠനം. സമൂഹ സാന്നിധ്യവും സൗഹൃദവും അത്യന്താപേക്ഷിതമായിരുന്ന ഒരു പ്രായത്തിൽ വീട്ടിനകത്ത് അടച്ചിട്ടിരിക്കേണ്ട, കൂട്ടുകൂടാൻ അവസരങ്ങൾ ഇല്ലാതെപോയ കുട്ടികളുടെ മാനസിക സംത്രാസങ്ങൾ കാണാതെ പോകരുത്. മാത്രവുമല്ല, കോവിഡ് മഹാമാരികാലത്തെ ഭീതിദമായ പല അവസ്ഥകളേയും അവർ തരണം ചെയ്യേണ്ടിവന്നിട്ടുമുണ്ട്. ഈ പ്രതിസന്ധികളെ മറികടന്നെത്തുവരാണ് നമ്മുടെ കുട്ടികൾ എന്നതും വിസ്മരിച്ചുകൂട.

അറിവു പകർന്നുനൽകുക എന്ന അസ്ഥയിൽനിന്ന് അറിവ് നിർമിക്കുക എന്ന സൈദ്ധാന്തിക കാഴ്ചപ്പാടിലാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുപോകുന്നത്. സഹകരാണാത്മകവും സഹവർത്തിത്വവുമായ ഇടപെടലുകളിലൂടെ, കൂട്ടുകാരോടൊത്തുള്ള കളികളിലൂടെ, പലതരം സാമൂഹികാനുഭവങ്ങളിലൂടെ ഒക്കെയാണ് അറിവിന്റെ നിർമാണം നടക്കേണ്ടത്.


ഇങ്ങനെ പഠിച്ചുവന്ന കുട്ടികൾ പെട്ടെന്ന് ഏകകേന്ദ്രീകൃതമായ പഠനത്തിലേക്ക് പോവേണ്ടിവന്നു. മാത്രവുമല്ല, കൂട്ടുകാരോട് മാത്രം പങ്കുവെക്കാൻ സാധിക്കുന്ന പലതും പങ്കുവെക്കപ്പെടാതാവുകയും ചെയ്തു. ഇതെല്ലാമുണ്ടാക്കിയ വൈകാരിക പ്രശ്നങ്ങൾ മറികടക്കാൻ പുതിയ അധ്യയനവർഷത്തിൽ വിദ്യാലയങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. സഹപാഠികളുടേയും അധ്യാപകരുടേയും ഇടപെടലുകളും ഇതിനാവശ്യമാണ്.

ശാരീരികാരോഗ്യം പോലെത്തന്നെ പഠനപ്രക്രിയയിൽ അത്യാവശ്യമായ കാര്യമാണ് മാനസികാരോഗ്യം. ഉല്ലാസകരമായ മാനസികാവസ്ഥയിലായിരിക്കും പഠനം എളുപ്പമാവുക എന്ന് ധാരാളം ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മനുഷ്യശരീരത്തിൽ ഹാപ്പിനസ് കെമിക്കൽ എന്ന് വിളിക്കുന്ന ഹോർമോണുകളാണ് സന്തോഷം പ്രദാനം ചെയ്യുന്നത്. നല്ല അംഗീകാരം ലഭിക്കുക, സ്നേഹം, നർമം സൃഷ്ടിക്കുന്ന സന്ദർഭങ്ങൾ എന്നിവയെല്ലാം നമ്മെ ഉല്ലാസകരമാക്കും. ഇത്തരം സാഹചര്യങ്ങളും ബോധപൂർവം സൃഷ്ടിച്ചെടുക്കണം.


ഭയം വേണ്ട, ജാഗ്രത മതി

ടെക്നോളജി മേഖലയിൽ വലിയ മുന്നേറ്റമാണ് അധ്യാപകരിലും വിദ്യാർഥികളിലും ഈ കാലം ഉണ്ടാക്കിയിരിക്കുന്നത്. പഠനത്തിന് ഉപയോഗിക്കാവുന്ന വിവിധതരം സംവിധാനങ്ങൾ അവർ സ്വായത്തമാക്കിക്കഴിഞ്ഞു എന്നത് പോസിറ്റിവായി കാണാവുന്നതാണ്. സ്മാർട്ട് ഫോൺ നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലയിലേയും അത്യാവശ്യ വസ്തുവായിത്തീർന്നു.

മൊബൈൽ ഫോണുകൾ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പഠനോപകരണം എന്ന നിലയിലേക്കും മാറിക്കഴിഞ്ഞിട്ടുണ്ട്. മൊബൈൽ പാടേ മാറ്റിവെച്ച് പഠിക്കുക എന്നത് ഇനി അസാധ്യമാണ്. പക്ഷേ, അമിതമായ സ്ക്രീൻ ഉപയോഗം, വിനോദോപയോഗ സാധ്യതകൾ എന്നിവ രക്ഷിതാക്കളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, അവയിൽനിന്ന് കുട്ടികളെ അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാവരുത്.


മൊബൈൽ ഉപയോഗത്തിന് കൃത്യമായ ഒരു സമയക്രമം ഉണ്ടാവുക എന്നതാണ് ഇതിന് പ്രായോഗികമായ പരിഹാരം. ഇത് സ്വയം പാലിക്കേണ്ട ഒരു നിഷ്ഠയാണ്. ബാഹ്യസമ്മർദങ്ങൾ പൂർണമായും ഇക്കാര്യത്തിൽ പരാജയപ്പെടുക മാത്രമേ ഉള്ളൂ. ഗാഡ്ജെറ്റുകൾ ഉപയോഗിക്കാൻ എപ്പോഴും പൊതു സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാവും ഉചിതം. ഡിജിറ്റൽ സാക്ഷരത എന്ന നിലവാരത്തിലേക്ക് കുട്ടികളെ ഉയർത്താൻ സമൂഹത്തിന് കഴിയേണ്ടതുകൂടിയുണ്ട്. എന്താണ് സ്വീകരിക്കേണ്ടത്, ഉപേക്ഷിക്കേണ്ടത് എന്ന് തിരിച്ചറിയാൻ കുട്ടികൾക്കും സാധിക്കേണ്ടതുണ്ട്

സ്വയം പഠനരീതികൾ (Self directed learning) ശീലമാക്കുക എന്നതാണ് പുതിയകാലത്ത് സ്വായത്തമാക്കേണ്ട മറ്റൊരു കാര്യം. സ്വയം പ്രചോദിതമാവുകയും കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് ഇതിനു വേണ്ടത്. സ്വയം പഠനത്തിന് പ്രേരകമാവുന്ന തലത്തിലേക്ക് വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരാനാണ് ഓരോ രക്ഷിതാവും ശ്രദ്ധചെലുത്തേണ്ടത്. ഉന്നത പഠനമേഖലയിലെത്തിയവർക്കുപോലും സ്വയം പഠനരീതികൾ ഇല്ല എന്നത് നമ്മുടെ വലിയ പ്രതിസന്ധിയാണ്.


വിജ്ഞാനം വിരൽതുമ്പിൽ

അറിവിന്റെ ലോകത്തേക്കുള്ള ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ കുട്ടികൾക്ക് നിഷേധിക്കപ്പെട്ടുകൂടാ എന്നു മാത്രമല്ല, അത് കുട്ടികളുടെ അവകാശം കൂടിയാണ്. സ്കൂളിനേയും ഇന്റർനെറ്റിനേയും ഒരുപോലെ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്.

അതിനായി സ്കൂൾ പഠനത്തോടൊപ്പം ഓൺലൈൻ പഠനസാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പഠനം മുന്നോട്ടുപോകേണ്ടത്. മുഖാമുഖ ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം ഓൺലൈൻ പഠനംകൂടി ഉൾപ്പെടുന്ന മിശ്രിത പഠന (Blended learning) രീതികൾ ഇന്ന് ലോകത്താകമാനം വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്.

പഠനത്തിൽ കൊണ്ടുവരാവുന്ന മറ്റൊരു രീതിയാണ് ഫ്ലിപ്ഡ്ലേണിങ്. വിപരീത ഗൃഹപാഠരീതി എന്ന് ഇതിനെ പറയാം. അടുത്ത ദിവസം ക്ലാസിൽ എടുക്കാൻ പോകുന്ന പാഠഭാഗങ്ങൾ ആദ്യമേ പഠിച്ചുപോവുക എന്നതാണ് ഈ രീതി. വളരെ സങ്കീർണമായ ആശയങ്ങളെപ്പോലും എളുപ്പത്തിൽ മനസ്സിലാക്കാനും പഠനം കൂടുതൽ ആസ്വാദ്യകരമാവാനും ഈ രീതി സഹായിക്കും.


ഭാവിയിലേക്കുള്ള വിദ്യാഭ്യാസം

ആർട്ടിഫിഷൽ ഇന്റലിജൻസ്, കൊഗ്നിറ്റീവ് കമ്പ്യൂട്ടിങ്, ഓട്ടോമേഷൻ എന്നിവയുടെ കാലത്തേക്ക് ലോകം പ്രവേശിച്ചുകഴിഞ്ഞു. മാത്രവുമല്ല, അതിവേഗതയിലുള്ള മാറ്റങ്ങളാണ് എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ലോകത്തിലെ തൊഴിൽമേഖലകൾ ഏതായിരിക്കും എന്നത് മുമ്പെന്നത്തേക്കാളും അനിർവചനീയമായിക്കഴിഞ്ഞു.

ഈ ഒരുകാലത്തേക്ക് തയാറെടുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നകാര്യത്തിൽ സംശയമില്ല. മോട്ടോർ വാഹനങ്ങൾ വന്നകാലത്ത് തങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടും എന്ന ആധി കാളവണ്ടി ഓടിക്കുന്നവർക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ആ കാലത്തിന് അനുയോജ്യമായ നൈപുണികൾ നേടിയെടുത്തവർക്ക് പുതിയ തൊഴിലുകൾ കണ്ടെത്താനായി എന്നതല്ലേ യാഥാർഥ്യം.

അതുകൊണ്ടുതന്നെ നേതൃഗുണങ്ങൾ വികസിക്കുക, വിമർശനാത്മക ചിന്ത വളരുക, സമൂഹവുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കഴിയുക, സ്വയം വിലയിരുത്തൽശേഷി വളരുക എന്നിവക്കൊപ്പം ടീം വർക്കിനുള്ള കഴിവുകളും നേടിയെടുക്കുക തുടങ്ങിയവയാണ് പുതിയ ലോകസാഹചര്യങ്ങളിൽ വിദ്യാഭ്യാസത്തിലൂടെ വികസിപ്പിക്കപ്പെടേണ്ടത്.

ലക്ഷ്യമാണ് പ്രവർത്തനങ്ങളെ നിർണയിക്കുക. തന്റെ പഠനത്തിന്റെ പൂർത്തീകരണം ഏതുതരത്തിലായിരിക്കണം എന്ന സ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുക. ഭാവിയിൽ ആരായിത്തീരണമെന്ന സ്വപ്നങ്ങൾ ഉണ്ടാവുകയും അവയെ പലതിൽനിന്ന് ഒന്നിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യാൻ സാധിക്കണം.

ഇങ്ങനെ ഹ്രസ്വകാലയളവിലേക്കും ദീർഘകാലത്തേക്കുമുള്ള ലക്ഷ്യങ്ങൾ നിർണയിക്കണം. ഈ ലക്ഷ്യങ്ങളാവട്ടെ സ്വന്തം ജീവിതം, പണസമ്പാദനം എന്നിവക്കപ്പുറത്ത് തനിക്ക് പലതരം സാമൂഹിക ബാധ്യതകൾ നിറവേറ്റാനുണ്ട് എന്നും ഇവിടെ ജീവിച്ചതിന് അടയാളപ്പെടുത്തലുകൾ ആവശ്യമാണ് എന്നുമുള്ള ചിന്തകളോടും കൂടിയാവേണ്ടതുണ്ട്.

മാറിയലോകം സ്മാർട്ട് ഇൻറലിജൻസുകളുടേതാണ്. നവീനവും മൗലികവുമായ ആശയങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഇപ്പോൾ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനമായ നൈപുണി. നൂതനാശയങ്ങൾ കണ്ടെത്താനുള്ള സ്മാർട്ട്നസ് ആവട്ടെ പുതിയ അധ്യയനവർഷത്തിലെ ചിന്തയും പ്രയോഗവും.

Tags:    
News Summary - Self-Learning; Why it's Essential for You in the 21st Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.