‘വിദേശ പഠനം ഹിമാലയൻ ടാസ്കല്ല’... വിദ്യാർഥികൾ പ്രതികരിക്കുന്നു

ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുന്ന കുട്ടികൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം വിദേശത്ത് പോയി പഠിക്കണോ എന്നതാണ്. വിദേശ പഠനം അവരെ സംബന്ധിച്ചിടത്തോളം ഹിമാലയൻ ടാസ്കല്ല. ആയിരക്കണക്കിന് മലയാളി വിദ്യാർഥികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോയി ഇഷ്ട കോഴ്സ് പഠിക്കുന്നത്. അവരിൽ ചിലർ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവെക്കുന്നു...

സ്വാശ്രയത്വത്തിലൂടെ കൈവന്ന ആത്മവിശ്വാസം

കൃഷ്ണ എം.കെ. ദാസ്
MBBS
Nicolae Testemitanu State
University of Medicine and Pharmacy
Chisinau, Republic of Moldova

കോളജിൽ രാജ്യത്തെ പൗരന്മാരായ വിദ്യാർഥികൾക്കും അന്താരാഷ്ട്ര വിദ്യാർഥികൾക്കും വ്യത്യസ്ത ബാച്ചുകളാണ്. മൂന്നാം വർഷമോ നാലാം വർഷമോ എത്തിയിട്ടാണ് പൗരന്മാരായ വിദ്യാർഥികളുമായി ഇടപഴകാൻ കഴിഞ്ഞത്. ഭാഷയാണ് കമ്യൂണിക്കേഷനിലെ പ്രധാന തടസ്സം. ആളുകൾ കൂടുതലായി സംസാരിക്കുന്നത് പ്രാദേശിക ഭാഷയായ റുമേനിയനിലാണ്.

വികസ്വര രാജ്യമായതിനാൽ പാർട്ട് ടൈം ജോലി സാധ‍്യതകൾ കുറവായിരുന്നു. മൂന്നാം വർഷമൊക്കെ കഴിഞ്ഞപ്പോഴാണ് ജോലി ലഭിച്ചത്. ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ജോലിക്ക് പോയിരുന്നത്. ജോലി ചെയ്യുന്നതിലൂടെ സ്വാശ്രയത്വം കൈവരുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.

എം.ബി.ബി.എസിന് മെറിറ്റ് സീറ്റ് കുറവായതിനാൽ വിദേശത്തുപോയി പഠിക്കുന്നത് സാമ്പത്തിക ചെലവ് കുറക്കുന്നതായാണ് എന്‍റെ അനുഭവം. യൂറോപ്യൻ യൂനിയനിൽ അംഗത്വമുള്ള രാജ്യത്ത് പഠിച്ചാൽ യൂറോപ്പിലെ ഏത് രാജ്യത്തും ജോലി ലഭിക്കാൻ സങ്കീർണതകൾ കുറവാണ്.

കോഴ്സാണ് മുഖ‍്യം, രാജ്യമല്ല

ബാസിൽ ഇസ്‌ലാം
MA in Visual Anthropology,
Media and Documentary Practices
University Of Muenster Professional School
Muenster, Germany

പാർട്ട് ടൈം മാസ്റ്റേഴ്സ് ചെയ്യുന്നതിനാൽ റെഗുലറായി ക്ലാസുണ്ടാവാറില്ല. ജർമനിയിലെ മ്യുൺസ്റ്റർ നഗരത്തിൽ വ്യാപിച്ചുകിടക്കുന്നതായിരുന്നു കാമ്പസ്. പാർട്ട് ടൈം കോഴ്സാണെങ്കിലും അധ‍്യാപകരുമായി എപ്പോഴും ആശയവിനിമയം സാധ‍്യമാണ്.

കോഴ്സ് കണ്ടെത്തിയതും അപേക്ഷ, പ്രവേശനം, വിസ തുടങ്ങിയവയും സ്വന്തമായി തന്നെയാണ് ചെയ്തത്. ഇവിടെ നേരത്തേ പഠിച്ചവരുടെ നിർദേശങ്ങൾ തേടിയിരുന്നു. ജീവിതച്ചെലവ് കൂടുതലായതിനാൽ പൗരന്മാരായ വിദ്യാർഥികളും അന്താരാഷ്ട്ര വിദ്യാർഥികളുമെല്ലാം പാർട്ട് ടൈമായി ജോലി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. വിദ്യാർഥി വിസയുള്ളവർക്ക് 140 ഫുൾ ഡേ ജോലി ചെയ്യാം. ഇത് വിദ്യാർഥികൾക്ക് മാനേജ് ചെയ്ത് പോകാവുന്നതേയുള്ളൂ.

വിദേശത്ത് പഠിക്കുന്നതിലല്ല, നമ്മൾ തിരഞ്ഞെടുക്കുന്ന കോഴ്സ് നന്നായി പഠിപ്പിക്കുന്നിടത്തുപോയി പഠിക്കുന്നതിലാണ് കാര്യം. അത് ഇന്ത‍്യയിൽ തന്നെയാകാം, അല്ലെങ്കിൽ വിദേശത്താകാം.

സാധ‍്യതകളുടെ വലിയ ലോകം

ഷഹാന ശൈഖ്
Masters in Applied Linguistics and Tesol
Anglia Ruskin University, United Kingdom

പരീക്ഷകൾക്ക് പകരം അസൈൻമെന്‍റുകളിലൂടെയാണ് അധ‍്യയനം പൂർത്തിയാക്കുന്നത്. വിദ്യാർഥികളെ എപ്പോഴും സഹായിക്കാൻ എല്ലാ കോളജുകളിലും സ്റ്റുഡന്‍റ്സ് യൂനിയനുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ക്ലാസ് ഉണ്ടാകൂ. അതുതന്നെ ഒരു ദിവസം രണ്ടു മണിക്കൂർ. പാർട്ട് ടൈം ജോലി ലഭിക്കൽ അത്ര എളുപ്പമല്ല.

എന്തു ജോലിയും ചെയ്യാൻ തയാറുള്ളവർക്ക് സാധ‍്യതകളുണ്ട്. വിദ്യാർഥികൾ ആഴ്ചയിൽ പരാമവധി 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാവൂ എന്നാണ് നിയമം. എല്ലായ്​പോഴും അലർട്ടായിരുന്നാൽ സാധ‍്യതകളുടെ വലിയ ലോകംതന്നെയാണ് യു.കെ.

പാർട്ട് ടൈം ജോലിയുടെ ആവശ‍്യമുണ്ടായില്ല

നന്ദഗോപാൽ മനോജ്
PhD in Physics
California Institute of Technology
USA

സാധാരണ അമേരിക്കയിൽ പഠനത്തിന് ചെലവ് കൂടുതലാണെങ്കിലും ഞാൻ ചെയ്യുന്നത് പിഎച്ച്.ഡി ആയതിനാൽ കോഴ്സ് ഫീസില്ല. യൂനിവേഴ്സിറ്റിയിൽനിന്ന് സ്റ്റൈപൻഡ് ലഭിക്കുന്നുമുണ്ട്. യൂനിവേഴ്സിറ്റി വെബ്സൈറ്റ് വഴി സ്വന്തമായാണ് ഗവേഷണത്തിന് അപേക്ഷ നൽകിയത്. ഗവേഷണമായതിനാൽത്തന്നെ ഒരു ജോലി ചെയ്യുന്ന ഫീലിങ്ങാണ്.

ഐ.ഐ.ടി, ഐ.ഐ.എസ്.സി എന്നിവിടങ്ങളിലേതുപോലെ ആദ്യ വർഷമായിരുന്നു കോഴ്സ് വർക്ക്. ഗവേഷണത്തിന് സാമ്പത്തിക ചെലവില്ലാത്തതിനാലും സ്റ്റൈപൻഡ് ലഭിക്കുന്നതിനാലും പാർട്ട് ടൈം ജോലിയുടെ ആവശ‍്യമുണ്ടായിരുന്നില്ല. മാത്രമല്ല വിസ നിയന്ത്രണങ്ങളുള്ളതിനാൽ അമേരിക്കയിലെ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി കണ്ടെത്തൽ ബുദ്ധിമുട്ടാണ്.

നമ്മുടെ ലോകം വിശാലമാകുന്നു

റഹ്മത്ത് ബീവി കെ.
PhD in Natural Hazards and Disaster
Risk Reduction
University of Camerino, Italy

കോഴ്സും കോളജും സ്വന്തമായി കണ്ടെത്തിയാണ് അഡ്മിഷനെടുത്തത്. പിഎച്ച്.ഡി ചെയ്യുന്നതിനാൽ യൂനിവേഴ്സിറ്റിയിൽനിന്ന് സ്റ്റൈപൻഡ് ലഭിച്ചിരുന്നു. അതുകൊണ്ട് പാർട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടില്ല. ഞാൻ പഠിച്ച യൂനിവേഴ്സിറ്റി ഗ്രാമീണ മേഖലയിലായതിനാൽ പ്രദേശവാസികളിൽ ഇംഗ്ലീഷ് അറിയുന്നവർ കുറവാണ്. അതുകൊണ്ട് പ്രാദേശിക ഭാഷയായ ഇറ്റാലിയൻ അറിയുന്നവർക്കാണ് പാർട്ട് ടൈം ജോലിസാധ‍്യത കൂടുതൽ.

അക്കാദമികമായി സ്വപ്നങ്ങളും ലക്ഷ‍്യങ്ങളുമുള്ളവർ തീർച്ചയായും വിദേശ പഠനത്തിന്‍റെ സാധ‍്യതകൾ കൂടി അന്വേഷിക്കണം. ഇതിലൂടെ നമ്മുടെ ലോകം വിശാലമാവുകയാണ് ചെയ്യുന്നത്.








Tags:    
News Summary - Study Abroad... Students Respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.