ഒരേ കോളജിലാണ് രണ്ടുപേരും അവസാന വർഷ ബിരുദ പരീക്ഷ എഴുതിയത്, ഫലം വന്നപ്പോൾ അമ്മക്ക് ഫസ്റ്റ് ക്ലാസും മകൾക്ക് ഡിസ്റ്റിങ്ഷനും. രണ്ടാളും 'കട്ടക്ക് കട്ട'യാണ്. 25 വർഷം മുമ്പ് നിർത്തിയ പഠനം പുനരാരംഭിച്ച് പരീക്ഷയെഴുതിയപ്പോൾ മിന്നുന്ന ജയമാണ് കൈരളി എന്ന അംഗൻവാടി അധ്യാപികയെ തേടിയെത്തിയത്, ഒപ്പം മകൾക്കൊപ്പം പഠിച്ച് പരീക്ഷ ജയിച്ചെന്ന ഖ്യാതിയും . വിദ്യാഭ്യാസം നേടാൻ പ്രായമൊരു പരിധിയേ അല്ലെന്ന് തെളിയിക്കുകയാണ് 46കാരിയായ കൈരളി.
സ്കൂൾ പഠനകാലത്ത് വീട്ടിലെ മോശം സാഹചര്യം പലപ്പോഴും കൈരളിയുടെ പഠനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രീഡിഗ്രിക്ക് ഒരു വിഷയത്തിന് തോറ്റതോടെ പഠനവും അവസാനിപ്പിച്ചു.
പ്രാരബ്ധം കാരണമാണ് പതിനെട്ടാം വയസ്സിൽ തൃശൂർ ജില്ലയിലെ ആനവിഴുങ്ങി വൃന്ദാവൻ അംഗൻവാടിയിൽ ഹെൽപറായി താൽക്കാലിക ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീടിങ്ങോട്ട് പഠനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ല. ജോലി സ്ഥിരമായ ശേഷമാണ് പഠിക്കണമെന്ന ആഗ്രഹം കലശലായത്.
2019ൽ പ്ലസ് ടു എഴുതി പാസായി. അതിനിടെ, മകൾ ആതിര നാട്ടിക ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എ ഇംഗ്ലീഷിന് പ്രവേശനം നേടിയപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി കൈരളി ബി.എ സോഷ്യോളജിക്കും ചേര്‍ന്നു. ആദ്യമൊക്കെ ചെറിയ പ്രയാസമുണ്ടായെങ്കിലും അതുമായെല്ലാം പൊരുത്തപ്പെട്ടു. ഒമ്പത് മണി മുതൽ നാലുമണി വരെ അംഗൻവാടിയിലെ ജോലിക്കു ശേഷമായിരുന്നു പഠനം. 30 വർഷത്തോളം മസ്കത്തിൽ പ്രവാസിയായിരുന്ന മുരളീധരനാണ് കൈരളിയുടെ ഭർത്താവ്.
''പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാം എന്നതിന്‍റെ ഉദാഹരണമാണ് എന്‍റെ ഡിഗ്രി. അതിന് പ്രായമോ തിരക്കോ തടസ്സമല്ല. ആഗ്രഹത്തിനൊപ്പം കഠിനാധ്വാനവും റിസ്കും എടുക്കാൻ തയാറാകണം. ജോലി കാരണമുള്ള മാനസിക പിരിമുറുക്കത്തെപോലും നമുക്ക് അതിജീവിക്കാനാവും. തുടർപഠനത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല''- കൈരളി പറഞ്ഞു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.