രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് (ആർ.സി) ഒരു വാഹനത്തിന്‍റെ പ്രധാന രേഖ. രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്ത തീയതി, രജിസ്ട്രേഷൻ കാലാവധി, ടാക്സ് വിവരങ്ങൾ, കമ്പനി, മോഡൽ, വാഹനത്തിന്‍റെ നിറം, ഷാസി നമ്പർ, എൻജിൻ നമ്പർ, വാഹന ഉടമയുടെ പേരും വിലാസവും, എൻജിന്‍റെ ക്യുബിക് കപ്പാസിറ്റി, സീറ്റിങ് കപ്പാസിറ്റി, നിലവിൽ എത്രാമത്തെ ഉടമയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ലഭ്യമാണ്. സാധാരണഗതിയിൽ സ്വകാര്യ വാഹനങ്ങൾ 15 വർഷത്തേക്കാണ് രജിസ്റ്റർ ചെയ്യുക. അതിനുശേഷം വീണ്ടും ഫിറ്റ്നസ് തെളിയിച്ച് അഞ്ച് വർഷം വീതം രജിസ്ട്രേഷൻ പുതുക്കാം. വാഹനത്തിന്‍റെ ഉടമ മാറുമ്പോഴും നിറം മാറ്റുമ്പോഴുമെല്ലാം ആർ.സിയിൽ മാറ്റം വരുത്തൽ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ.
വെഹിക്കിൾ ഇൻഷുറൻസ്
വാഹനം അപകടത്തിൽപെടുകയോ കളവ് പോവുകയോ ചെയ്യുമ്പോൾ വാഹന ഉടമക്ക് നഷ്ടമായ തുക തിരികെ ലഭിക്കുന്ന സംവിധാനമാണ് വെഹിക്കിൾ ഇൻഷുറൻസ്. കോംപ്രിഹൻസിവ്, തേർഡ് പാർട്ടി എന്നിവയാണ് പ്രധാന ഇൻഷുറൻസുകൾ. വാഹനം നിരത്തിലിറങ്ങണമെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ഇൻഷുറൻസ് നിർബന്ധമാണ്. പുതിയ വാഹനം വാങ്ങുകയാണെങ്കിൽ അഞ്ച് വർഷത്തേക്കുള്ള ഇൻഷുറൻസ് പ്രീമിയം അടക്കണം. അതിനുശേഷം ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കണം. ഇൻഷുറൻസില്ലാത്ത വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങിയാൽ 2000 രൂപയാണ് പിഴ.
പി.യു.സി സർട്ടിഫിക്കറ്റ്
വാഹനം പുറന്തള്ളുന്ന മലിനീകരണതോത് വ്യക്തമാക്കുന്നതാണ് പൊലൂഷൻ അണ്ടർ കൺട്രോൾ (പി.യു.സി) സർട്ടിഫിക്കറ്റ്. പുതിയ വാഹനം എടുക്കുമ്പോൾ ആദ്യത്തെ ഒരു വർഷം പുക പരിശോധന നടത്തേണ്ടതില്ല. അതിനുശേഷം ഓരോ വർഷവും പരിശോധന നടത്തണം. ബി.എസ് 6, ബി.എസ് 4 അല്ലാത്ത വാഹനങ്ങൾ ആറു മാസം കൂടുമ്പോഴാണ് പരിശോധന നടത്തേണ്ടത്. നിയമപരമായതിലും കൂടുതൽ മലിനീകരണ തോത് ശ്രദ്ധയിൽപെടുകയാണെങ്കിൽ അവ പരിഹരിക്കണം. അല്ലാത്തപക്ഷം റോഡിലിറങ്ങിയാൽ പിഴ ഈടാക്കും.
ഡ്രൈവിങ് ലൈസൻസ്
വാഹനം ഓടിക്കുന്നയാൾക്ക് വേണ്ട രേഖയാണ് ഡ്രൈവിങ് ലൈസൻസ്. 18 വയസ്സ് പൂർത്തിയായാൽ മാത്രമെ ടെസ്റ്റുകൾക്ക് ശേഷം ലൈസൻസ് ലഭിക്കൂ. ബൈക്ക്, കാർ തുടങ്ങിയവക്കെല്ലാം വ്യത്യസ്ത ടെസ്റ്റുകൾ എടുക്കണം. കാർ ഓടിക്കുന്നവർക്ക് ലഭിക്കുന്ന എൽ.എം.വി (ലൈറ്റ് മോട്ടോർ വെഹിക്കിൾ) ലൈസൻസ് ഉപയോഗിച്ച് ഓട്ടോറിക്ഷ മുതൽ ട്രാവലർ വരെയുള്ള 7500 കിലോക്ക് താഴെ വരുന്ന വാഹനങ്ങൾ ഓടിക്കാനാകും. അതുപോലെ ഓട്ടോമാറ്റിക് കാർ മാത്രം ഓടിക്കാൻ പ്രത്യേക ലൈസൻസും ഇപ്പോൾ അനുവദിക്കുന്നുണ്ട്.
ഇരുചക്ര വാഹന ലൈസൻസ് ഗിയർ ഉള്ളതും ഇല്ലാത്തതും വ്യത്യസ്തമാണ്. ഗിയറുള്ള ലൈസൻസ് കൈവശമുള്ളവർക്ക് ഗിയർ ഇല്ലാത്ത വാഹനങ്ങളും ഓടിക്കാമെങ്കിലും ഗിയർ ഇല്ലാത്ത ലൈസൻസുള്ളവർക്ക് ഗിയറുള്ള വാഹനം ഓടിക്കാൻ അനുമതിയില്ല. അഥവാ സ്കൂട്ടറിന്‍റെ ലൈസൻസ് എടുത്തവർ ബൈക്ക് ഓടിക്കാൻ പാടില്ല. ഏതെല്ലാം വാഹനങ്ങൾ ഓടിക്കാം, കാലാവധി തുടങ്ങിയ വിവരങ്ങളെല്ലാം ലൈസൻസിൽ ഉണ്ടാകും.
ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തയാൾ വാഹനം ഓടിച്ചാൽ 10,000 രൂപയാണ് പിഴ. 18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ 25,000 രൂപ പിഴയും വാഹന ഉടമക്ക് തടവും ലഭിക്കാം. ലേണേഴ്സ് പതിച്ച വാഹനമാണെങ്കിൽ, ഓടിക്കുന്നയാൾക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് വേണം. ഒപ്പം ഡ്രൈവിങ് ലൈസൻസുള്ള ഒരാൾ സഹായിക്കാൻ കൂടെയുണ്ടാകണം..
രേഖകൾ കാണിക്കണം
യൂനിഫോമിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോ സബ് ഇൻസ്പെക്ടർ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥനോ ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനക്ക് നൽകാനും ഡ്രൈവർ ബാധ്യസ്ഥനാണ്. രണ്ട് രീതിയിൽ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. ഒന്ന് ഒറിജിനൽ രേഖകൾ നേരിട്ട് കാണിച്ചുകൊടുക്കാം. മറ്റൊന്ന് എം പരിവാഹൻ, ഡിജി ലോക്കർ എന്നീ ആപ്പുകളിൽ സൂക്ഷിച്ച രേഖകൾ ഡിജിറ്റലായി കാണിച്ചുകൊടുക്കാം. അതേസമയം, രേഖകൾ ഫോട്ടോയെടുത്ത് മൊബൈലിൽ കാണിക്കുന്നത് അംഗീകരിക്കില്ല.
എം പരിവാഹൻ / ഡിജി ലോക്കർ
എം പരിവാഹൻ, ഡിജി ലോക്കർ എന്നീ ആപ്പുകളിൽ വാഹന രേഖകളെല്ലാം ഡിജിറ്റലായി സൂക്ഷിക്കാനാകും. രജിസ്ട്രേഷൻ നമ്പർ, ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകിയാൽ വാഹനത്തിന്‍റെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇത് സേവ് ചെയ്ത് വെച്ചാൽ എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കാം. അതുപോലെ ഡ്രൈവിങ് ലൈസൻസും ഇത്തരത്തിൽ ആപ്പിൽ സൂക്ഷിക്കാവുന്നതാണ്.
വാഹനത്തിന്‍റെ ഇൻഷുറൻസ്, രജിസ്ട്രേഷൻ എന്നിവ പുതുക്കുമ്പോഴും പുക പരിശോധന നടത്തുമ്പോഴും ഓട്ടോമാറ്റിക്കായി വിവരങ്ങൾ ആപ്പിൽ അപ്ഡേറ്റ് ചെയ്യപ്പെടും. കൂടാതെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴ വല്ലതും അടക്കാനുണ്ടോ എന്നറിയാനും സൗകര്യമുണ്ട്. മറ്റൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെങ്കിൽ എം പരിവാഹൻ ആപ് വഴി ആർ.സി ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ട്രാൻസ്പോർട്ട് വാഹനങ്ങൾ
ചരക്ക് ഗതാഗതത്തിനും ആളുകളെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആർ.സി, ഇൻഷുറൻസ്, പി.യു.സി എന്നിവക്ക് പുറമെ പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്. വലിയ വാഹനങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ ടാക്സ് അടക്കണം. ചെറുവാഹനങ്ങൾ ഓരോ വർഷവുമാണ് അടക്കേണ്ടത്. എല്ലാ വർഷവും ഫിറ്റ്നസ് പുതുക്കിക്കൊണ്ടിരിക്കണം. 7500 കിലോയിൽ കൂടുതൽ ഭാരമുള്ള വാഹനമാണെങ്കിൽ ഡ്രൈവർക്ക് ലൈസൻസിന് പുറമെ ബാഡ്ജും ഉണ്ടായിരിക്കണം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.