വീടകത്തും പുറത്തും ചെടികൾ നട്ടുവളർത്തുന്നവരാണ് മിക്കവരും. എന്നാൽ, ഇലയുടെയും പൂക്കളുടെയും ഭംഗി മാത്രം ശ്രദ്ധിച്ച് നമ്മളറിയാതെ വളർത്തുന്നതും അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുന്നതും ചിലപ്പോൾ അപകടം വരുത്തുന്നവയാണെങ്കിലോ?

ചില ചെടികളുടെ ഇലയോ പൂവോ കറയോ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതോടെ ഇവയിലടങ്ങിയ വിഷസ്വഭാവമുള്ള രാസഘടകങ്ങൾ പ്രവർത്തിച്ച് അപകടത്തിന് കാരണമാകുന്നു. അത്തരം ചില ചെടികളെ തിരിച്ചറിയാം...

ഡൈഫൺബാച്ചിയാ/ ഡംബ് കെയിൻ

സാധാരണയായി വീടുകളിൽ കണ്ടുവരുന്ന ചെടിയാണിത്.

● ഇവയുടെ മനോഹര ഇലകൾതന്നെയാണ് വില്ലനാവുന്നത്. ഇലകളിൽ കാത്സ്യം ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഏറെ അപകടകരമാണ്. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. നാവ്, വായ, തൊണ്ടയിലെ മൃദുകോശങ്ങൾ എന്നിവക്ക് വീക്കം സംഭവിക്കാനും സംസാരശേഷിയെ ബാധിക്കാനും ഇടയുണ്ട്. നീര് കണ്ണിൽ തട്ടുന്നത് അന്ധതക്ക് വരെ കാരണമായേക്കും.

● ആട്, പശു പോലുള്ള വളർത്തുമൃഗങ്ങളിലും അപകടമുണ്ടാക്കും.

അരളി

നാട്ടിൻപുറങ്ങളിൽ സർവസാധാരണമായ ചെടിയാണിത്. പ്രത്യേക പരിചരണം ആവശ്യമില്ലാതെ ഏത് ആവാസവ്യവസ്ഥയിലും വളരും. വെളുപ്പ്, പിങ്ക്, ചുവപ്പ്, മഞ്ഞ, ഇളം പർപ്പിൾ നിറങ്ങളിൽ മനോഹര പൂക്കളോടെ കാണാം.

● വേര്, ഇല, തണ്ട്, പൂക്കൾ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ മിൽകി ലാറ്റക്സ് എന്നറിയപ്പെടുന്ന വെളുത്ത കറ അപകടകാരിയാണ്.

● ഒളിയാൻഡ്രിൻ (Oleandrin), നെറിൻ (Neriin) തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരിയാക്കുന്നത്.

● നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിച്ചാൽ ആദ്യലക്ഷണങ്ങളായി തലകറക്കം, ഛർദി എന്നിവ അനുഭവപ്പെടുകയും പിന്നാലെ ഹൃദയത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

ഒതളം

സാധാരണ ചതുപ്പ് നിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയങ്ങളുടെ തീരങ്ങളിലും ധാരാളമായി ഒതളം കണ്ടുവരാറുണ്ട്. മാമ്പഴത്തോടും പാഷൻ ഫ്രൂട്ടിനോടുമൊക്കെ രൂപസാദൃശ്യമുള്ളതിനാൽ ഒതളങ്ങ കൂടുതലായും ആകർഷിക്കുന്നത് കുട്ടികളെയാണ്.

● ഒതളത്തിന്‍റെ വിത്ത്, പട്ട, ഇല, കറ എന്നിവ കടുത്ത വിഷമാണ്. ഇതിന്‍റെ കായ ഭക്ഷിച്ചാൽ തുടർച്ചയായ ഛർദിയും ശരീരത്തിന് ബലക്ഷയവും അനുഭവപ്പെടുന്നു. ഇത് മരണം വരെ സംഭവിക്കാൻ ഇടയാക്കും.

● വിത്തിനാണ് വിഷാംശം കൂടുതൽ. ഒതളങ്ങ കഴിച്ചാൽ ഉടൻ ശരീരം പാർശ്വഫലങ്ങൾ കാണിക്കാറില്ല. രണ്ടോ മൂന്നോ മണിക്കൂറിനുശേഷമാണ് ശരീരത്തിൽ പരിണത ഫലങ്ങൾ കാണിച്ചുതുടങ്ങുന്നത്.

● ഒരു കായയിലെ രണ്ടു പരിപ്പ് മാത്രം കഴിച്ചാൽ മതിയാകും മരണം സംഭവിക്കാൻ. പരിപ്പിലെ വിഷാംശം നേരിട്ട് ഹൃദയത്തെയാണ് ബാധിക്കുന്നത്.

● വിഷബാധ ഏറ്റാൽ ഹൃദയത്തിന്‍റെ പമ്പിങ് ശക്തി വർധിക്കുകയും മിടിപ്പ് കുറയുകയും ചെയ്യുന്നു. ഇതിനാൽ പൊട്ടാസ്യത്തിൽ വ്യത്യാസം സംഭവിച്ച് ഹൃദയത്തിന്‍റെ താളം തെറ്റി മരണം സംഭവിക്കുന്നു.

● ശരീരത്തിനുള്ളിൽ വിഷാംശം പ്രവേശിച്ചാൽ ഛർദി, ശരീരത്തിന് ബലക്കുറവ്, കാഴ്ച മങ്ങൽ, വയറിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

ഉമ്മം/ ഡെറ്റുറ

പച്ചച്ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഇതിന്‍റെ ഇലകൾ. വെളുപ്പ്, നീല നിറത്തിലുള്ള ഉമ്മമാണ് കേരളത്തിൽ ധാരാളമായി കാണാറുള്ളത്.

● വിവിധ രോഗങ്ങൾക്ക് ഔഷധമായി ഇതിന്‍റെ പല ഭാഗങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും ഉമ്മത്തിന്‍റെ എല്ലാ വിഭാഗങ്ങൾക്കും വിഷസ്വഭാവമുണ്ട്.

● ഇതിന്‍റെ വിഷം നാഡീവ്യൂഹത്തിന്‍റെയും ആമാശയത്തിന്‍റെയും പ്രവർത്തനത്തെ സാരമായി ബാധിക്കും.

● ഉമ്മത്തിൻകായ കൂടിയ അളവിൽ ഉള്ളിൽ ചെന്നാൽ ബോധം നഷ്ടമാവൽ, പരസ്പര പൊരുത്തമില്ലാതെ സംസാരിക്കൽ തുടങ്ങിയ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പ്രകടമാകാം.

● വായിലും തൊണ്ടയിലും ചുട്ടുനീറ്റൽ, കൃഷ്ണമണി വികസിക്കൽ, മയക്കം, ഗാഢനിദ്ര, നാഡീവ്യൂഹത്തെ ബാധിച്ച് ശരീരത്തിന് ചലനശേഷി നഷ്ടമാകൽ എന്നിവയും സംഭവിച്ചേക്കാം.

● കൂടിയ അളവിൽ വിഷം ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കും.

മരച്ചീനി

● മരച്ചീനിയിൽ നിറയെ സയനോജെനിക് ഗ്ലൈക്കോസൈഡുകൾ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. അവ സ്വതവേ വിഷാംശമുള്ളതല്ല. എന്നാൽ, ചില സമയങ്ങളിൽ വിഷവസ്തു ഉൽപാദനത്തിന് സഹായകമായി മാറുന്നു.

● മനുഷ്യരോ മൃഗങ്ങളോ ശരിയായി പാകം ചെയ്യാത്ത കപ്പ കഴിച്ചാൽ അവ ആമാശയത്തിലെ എൻസൈമുകളോട് പ്രതിപ്രവർത്തിക്കുകയും ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു ഉൽപാദിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും വിഷമാണ്.

● കപ്പയുടെ തൊലി, ഇലകൾ തുടങ്ങിയവ പച്ചക്ക് കഴിക്കുന്നത് അപകടകരമാണ്. ഇതുമൂലമുള്ള അപകടം ഏറെയും വളർത്തുമൃഗങ്ങൾക്കാണ് സംഭവിക്കുന്നത്.

● കയ്പുള്ള കപ്പയിലാണ് സയനോജെനിക് ഗ്ലൈക്കോസൈഡുകൾ കൂടുതലായുള്ളത്. വേനലിലും മഴക്കാലത്തിന്‍റെ തുടക്കത്തിലും ഇവയുടെ അളവ് കൂടുതലാകുന്നു. ചുവന്ന തണ്ടുള്ള മരച്ചീനിയിൽ ഉള്ളതിനെക്കാൾ കൂടുതൽ സയനൈഡ് വിഷം പച്ചത്തണ്ടുള്ളവയിൽ ഉണ്ടാകും. അതുപോലെ താഴ്തണ്ടിലെ ഇലകളെക്കാൾ വിഷം കൂമ്പിലെ ഇലകളിലാണ്.

● അമിതമായ വിഷബാധ സംഭവിച്ചാൽ മനുഷ്യരിൽ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, നാഡിമിടിപ്പ്, രക്തസമ്മർദം കുറയൽ, തലകറക്കം, തലവേദന, വയറുവേദന, ഛർദി, വയറിളക്കം, മാനസിക ആശയക്കുഴപ്പം, വിറയൽ, ഹൃദയാഘാതം എന്നിവ സംഭവിക്കുന്നു.

● കഴിക്കുമ്പോൾ കപ്പയുടെ പുറം തൊലി പൂർണമായി കളയുക. അഴുക്കും ബാക്കിവരുന്ന വിഷവസ്തുക്കളും നീക്കം ചെയ്യാൻ ധാരാളം വെള്ളത്തിൽ കഴുകുക. തൊലി കളഞ്ഞശേഷം ഒന്നോ രണ്ടോ മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുന്നതും നല്ലതാണ്. കപ്പ വേവിക്കുമ്പോൾ ധാരാളം വെള്ളം ഉപയോഗിക്കുക. ശേഷം നന്നായി ഊറ്റിക്കളയുക.

വൈദ്യസഹായം തേടണം

മേൽപറഞ്ഞ ചില സസ്യങ്ങളിൽ അടങ്ങിയ വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘതങ്ങൾ പൊതുവെ അവ ശരീരത്തിൽ പ്രവേശിച്ചതിന്‍റെ അളവ്, വ്യക്തിയുടെ സംവേദനക്ഷമത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിഷബാധ വളരെ അപൂർവമായേ മാരകമായി ബാധിക്കാറുള്ളൂവെങ്കിലും ശരീരത്തിൽ പ്രവേശിച്ചാൽ കാര്യമായ അസ്വസ്ഥതകൾക്കിടയാക്കും.

● ചെടിയുടെ വിഷാംശം ഉള്ളിൽ ചെന്നാലോ അവയുമായി സമ്പർക്കം പുലർത്തിയ ശേഷമോ ശ്വസിക്കാൻ ബുദ്ധിമുട്ട്, കഠിനമായ നീർവീക്കം, തുടർച്ചയായ ഛർദി തുടങ്ങിയ ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.

വേണം തിരിച്ചറിവ്

ചില ചെടികളുടെ ഉപയോഗം ഒരളവിൽ കൂടുതലായാൽ ഔഷധത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങൾവരെ മനുഷ്യന്‍റെ ഉള്ളിൽ കടുത്ത വിഷമായി പ്രവർത്തിക്കുകയും ജീവനെടുക്കുകയും ചെയ്യാം.

● വിഷാംശം അടങ്ങിയെന്ന് കരുതി എല്ലാം പേടിക്കേണ്ടവ അല്ല. കൂടിയ അളവിൽ സേവിച്ചാൽ മാത്രമേ ഇവ മാരകമാകുന്നുള്ളൂ. പ്രകൃതിയിൽ വിഷാംശമുള്ളതുമുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാവണമെന്നുമാത്രം.

● നേരത്തേ പറയപ്പെട്ട ചെടികളിൽ ചിലതൊക്കെ ഔഷധ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നവയാണ്. ഇവയെ കൃത്യമായി ശുദ്ധീകരിച്ച് വിഷാംശം ഒഴിവാക്കി വളരെ കുറഞ്ഞ അളവിലാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

● കുട്ടികളിൽനിന്നും വളർത്തുമൃഗങ്ങളിൽനിന്നും ഇത്തരം ചെടികളെ അകറ്റിവെക്കുന്നതും അവയെ മനസ്സിലാക്കി ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.

കടപ്പാട്:

ഡോ. എം. മുഹമ്മദ്‌ ആസിഫ്
Veterinary surgeon,
Dept. Of Animal Husbandry





Tags:    
News Summary - Beware of toxic plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.