ഒരുപാട് കനവുകൾകൊണ്ട് കെട്ടിപ്പൊക്കിയതാണ് ഓരോ വീടും. ഏതു നാട്ടിൽ പോയാലും എത്ര പാതിരയായാലും നമുക്കോടിച്ചെല്ലാനും മനസ്സിന്‍റെ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് വിശ്രമിക്കാനും സമയം ചെലവഴിക്കാനും പറ്റിയൊരു ഇടം. അതാണ് വീടിനെക്കുറിച്ച് ഒട്ടുമിക്കവരുടെയും സങ്കൽപങ്ങൾ. പക്ഷേ, വീടെന്ന സ്വപ്നം പൂർത്തിയായാലും അത് താൽക്കാലിക ഇടത്താവളം മാത്രമായി മാറുന്നുണ്ട് പലപ്പോഴും. ജോലി കഴിഞ്ഞുവന്നാൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ മാത്രമുള്ള ഇടത്താവളം.

ഒരുപക്ഷേ, കോവിഡ് മഹാമാരിയാണ് കുറച്ചെങ്കിലും ഇത്തരം ശീലങ്ങളെ മാറ്റിമറിച്ചതെന്ന് പറയാം. പുറത്തിറങ്ങാൻപോലുമാകാതെ വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടിയ നാളുകൾ. പലരും വീടിനുള്ളിൽ അത്രയേറെ ദിവസങ്ങൾ പൂർണമായും ചെലവഴിച്ചത് ആ സമയത്തായിരിക്കും.

വീടൊരിക്കലും ഇടത്താവളം മാത്രമല്ല, സ്നേഹവും കരുതലും പങ്കുവെക്കാനുള്ള ഒരു കൂടുകൂടിയാണ്. എല്ലാ തിരക്കുകളിൽനിന്നും അകന്ന് നിങ്ങൾക്ക് സ്വയം കണ്ടെത്താനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും പറ്റിയ ഇടം വീടിനുള്ളിലും വേണം. നിങ്ങളുടേതു മാത്രമായ ഒരു ഹാപ്പി സ്പേസ്. ഒരു കുടുംബയിടം...


എന്തിന് ഹാപ്പി സ്പേസ്

ഏറ്റവും ലളിതമായി പറഞ്ഞാൽ വീട്ടിലെ കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനും സന്തോഷം പങ്കിടാനും മാത്രമായി ഒരിടം. വീട്ടിൽ ഒരുപാട് സ്ഥലങ്ങളുണ്ട്. പക്ഷേ, അവക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത കുടുംബയിടത്തിന് വേണം.

നമ്മൾ ഇടക്കൊക്കെ തിരക്കുകളിൽനിന്ന് മാറിനിൽക്കാനായി എങ്ങോട്ടെങ്കിലും യാത്ര പോകാറില്ലേ. ചിലപ്പോൾ ചെറിയൊരു കാർ ഡ്രൈവ് ആയിരിക്കും. അതല്ലെങ്കിൽ ബീച്ച്, പാർക്ക്. അവിടെ നാം കുറച്ച് സമയം ചെലവഴിച്ചുവരുമ്പോൾ മനസ്സൊക്കെയൊന്ന് ഫ്രഷായി എന്നു തോന്നാറില്ലേ. അതുപോലെ വീടിനുള്ളിലും ഒരു ഹാപ്പി സ്പേസ്.

ആഴ്ചയിൽ ഒരുദിവസം. അല്ലെങ്കിൽ സമയം കിട്ടുമ്പോഴെല്ലാം മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും മക്കളുമെല്ലാം ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കാനും സിനിമ കാണാനും ചെറിയ കളികളിൽ ഏർപ്പെടാനും, ഇനി അതല്ല ചെറിയ പാട്ടൊക്കെയിട്ട് ഡാൻസൊക്കെ ചെയ്യാനും പറ്റിയ ഇടം. ആ ഒത്തുകൂടൽ കഴിയുമ്പോൾ എല്ലാവരും ഒന്ന് റീചാർജാകണം. അതുവരെയുണ്ടായിരുന്ന ടെൻഷനുകളെല്ലാം മറന്ന്, മനസ്സ് ഫ്രഷായി മാറാനുള്ള വീടിനുള്ളിലെ ഹാപ്പിനസ് സ്പേസ്.


എവിടെ വേണം ഹാപ്പി സ്പേസ്

വീടൊക്കെ എത്രയോ കാലമായി ഉണ്ടാക്കിയിട്ട്. ഇനിയിപ്പൊ അതിനായി മുറിയൊന്നും പണിയാൻ സ്ഥലമില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എങ്കിൽ ആ ആകുലതകളെ പൂർണമായും തുടച്ചുനീക്കിക്കോളൂ. കാരണം, ഹാപ്പി സ്പേസ് എന്നത് പ്രത്യേകമായി നിർമിച്ചെടുക്കുന്ന ഒരു മുറിയോ സ്ഥലമോ അല്ല. പകരം നിങ്ങളുടെ നിലവിലുള്ള വീട്ടിലെ സ്ഥലസൗകര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താവുന്ന ഇടം മാത്രമാണ്. അത് ബാൽക്കണിയാകാം. അല്ലെങ്കിൽ ഡൈനിങ് ഏരിയയിലെ ഏതെങ്കിലും കോർണറാകാം. ലിവിങ് റൂമോ ​ഗെസ്റ്റ് റൂമുകളോ ഇതിനായി പ്രയോജനപ്പെടുത്താം.

ഇന്ന് ഒട്ടുമിക്ക ഇരുനില വീടുകളും റൂഫിങ് ചെയ്തിട്ടുണ്ടാകും. അവിടെ പഴയ സാധനങ്ങളെല്ലാം തള്ളിയിട്ടുമുണ്ടാകും. അതെല്ലാം എടുത്തുമാറ്റി അവിടെയൊന്ന് ചെറിയ റീ വർക്കുകൾ നടത്തിയാൽ അതും നിങ്ങൾക്ക് അടിപൊളി ഫാമിലി സ്പേസ് ആക്കിമാറ്റാം.

സ്റ്റെയർകേസുകളുടെ ലാൻഡിങ്ങിൽ വലിയ ഗ്ലാസ് വിൻഡോ പലയിടത്തും പണിയാറുണ്ട്. ഇവിടെ വിൻഡോ സീറ്റ് പണിതാൽ അവിടെയും നിങ്ങൾക്ക് ഒരു ഹാപ്പി സ്പേസ് നിർമിക്കാം. സീറ്റിനടിയിൽ സ്റ്റോറേജുകളും ചെറിയൊരു ബുക്ക് ഷെൽഫും നൽകാം. ഒന്നിച്ചിരുന്ന് സംസാരിക്കാനും വായിക്കാനുമൊക്കെയുള്ള ഒരു സൂപ്പർ സ്പേസാക്കി ഇതിനെ മാറ്റാം. ​ഗെസ്റ്റ് റൂമിലെയോ മുകൾനിലയിലെ ലിവിങ് റൂമിലെയോ ജനാലകളും ഇത്തരത്തിൽ വിൻഡോ സീറ്റ് നൽകി മാറ്റിയെടുക്കാം.

ഇനി അതുമല്ലെങ്കിൽ മിക്ക വീടുകൾക്കും രണ്ട് അടുക്കളയുണ്ടാകും. ഒരു അടുക്കളയോടു ചേർന്ന് കുടുംബയിടം തയാറാക്കാം. എല്ലാവർക്കും ഒന്നിച്ച് ഭക്ഷണം പാകംചെയ്യാനും കഴിക്കാനും സൗകര്യമുണ്ടാകും. ഇടക്ക് കേക്കോ പിസ്സയോ ഒക്കെ കുട്ടികളെല്ലാം ചേർന്ന് തയാറാക്കിയെടുക്കുകയും ചെയ്യാം. പാചകത്തിൽ പുത്തൻ പരീക്ഷണങ്ങളും നടത്താം.

ഇനി വീടിനുള്ളിൽ ഒട്ടും സ്ഥലമില്ലെങ്കിൽ മുറ്റമോ ഗാർഡനോ ഏതെങ്കിലും തണൽമരത്തിന്‍റെ ചുവടോ ഇതിനായി തിരഞ്ഞെടുക്കാം.


കൂൾ ആൻഡ് ചിൽ...

ഫാമിലി സ്പേസിന്‍റെ പ്രധാന ലക്ഷ്യം മറ്റെല്ലാം മറന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്നതു മാത്രമാണ്. അതുകൊണ്ടുതന്നെ ഹാപ്പി സ്പേസ് ഒരുക്കുമ്പോൾ കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങളും താൽപര്യങ്ങളും അറിഞ്ഞുവെക്കണം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയിൽ അവ ഒരുക്കിയെടുക്കാം.

ഇരിപ്പിടങ്ങൾ

വലിയ ഫർണിച്ചറുകൾ പരമാവധി ഒഴിവാക്കാം. പകരം എല്ലാവർക്കും ഇരിക്കാൻ പറ്റുന്ന രീതിയിലുള്ള എൽ ഷേപ്പ് സോഫയോ ചെറിയ മരത്തിന്‍റെ ഇരിപ്പിടങ്ങളോ ഉപയോഗിക്കാം. അതല്ലെങ്കിൽ ബീൻ ബാഗുകൾ മികച്ചൊരു ഓപ്ഷനാണ്. മരംകൊണ്ടുണ്ടാക്കിയ ബെഞ്ചുകൾ, ചെറിയ സ്റ്റൂളുകൾ ഇവയെല്ലാം സെറ്റ് ചെയ്യാം.

ചെറിയൊരു ടേബിളും സെറ്റ് ചെയ്യാം. ഉപയോഗിച്ച് കഴിഞ്ഞാൽ മടക്കിവെക്കാവുന്ന ചെറിയ കോഫി ടേബിളുകൾ ഇന്ന് സുലഭമാണ്. ബാൽക്കണിപോലെ അധികം സ്ഥലമില്ലാത്ത ഇടങ്ങളാണെങ്കിൽ ഇത് മികച്ച ഓപ്ഷനാണ്. വീട്ടുകാർക്ക് ഒരുമിച്ചിരുന്ന് ചായ കുടിക്കാനും ലഘുഭക്ഷണങ്ങൾ കഴിക്കാനുമൊക്കെ സൗകര്യപ്പെടും. സ്ഥലത്തിനനുസരിച്ച് മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക.

കുട്ടിക്കൂടാരങ്ങൾ

പണ്ടത്തെ കാലത്തെല്ലാം കുഞ്ഞിപ്പുര (കുട്ടിപ്പുര) കെട്ടി കളിക്കാറുണ്ടായിരുന്നു. അതിന്‍റെ ആധുനിക രൂപമാണ് കിഡ്സ് ടെന്‍റുകൾ. ഒട്ടുമിക്ക ഓൺലൈൻ സൈറ്റുകളിലും ഇത്തരം ടെന്‍റുകൾ ലഭിക്കും. അവ വാങ്ങി സെറ്റ് ചെയ്യാം. ഇനി അത്യാവശ്യം ക്രിയേറ്റിവായി ചെയ്യാൻ അറിയുന്നവർക്ക് സ്വന്തമായിതന്നെ ഇത്തരം കൂടാരങ്ങൾ നിർമിക്കാം. അതിനുള്ളിൽ അവർക്ക് ഇരിക്കാനും കളിക്കാനുമുള്ള ഇടങ്ങളും ഒരുക്കാം.

ഓൺലി എൻജോയ്മെന്‍റ്

പേരുപോലെതന്നെ സന്തോഷം മാത്രം തരുന്നതായിരിക്കണം നിങ്ങളുടെ വീട്ടിലെ ഹാപ്പി സ്പേസ്. അതിനായി വീട്ടിലെല്ലാവർക്കുംകൂടി ചെറിയ ഗെയിമുകൾ കളിക്കാം. കാരംസ് ബോർഡ്, ചെസ് ഇവയൊക്കെ ഒന്നിച്ചിരുന്ന് കളിക്കാനുള്ള സൗകര്യമൊരുക്കാം.


അൽപം മ്യൂസിക്കാവാം

സംഗീതം ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. പാട്ടു കേൾക്കാനുള്ള ചെറിയ മ്യൂസിക് സിസ്റ്റം ഇവിടെ ഒരുക്കാം. പാട്ട് പാടാൻ‍ താൽപര്യമുള്ളവരാണെങ്കിൽ അതിനുകൂടിയുള്ള സംവിധാനങ്ങളും ഒരുക്കാം. കുട്ടികൾക്ക് ഡാൻസ് കളിക്കാൻകൂടിയുള്ള സ്പേസ് ഉണ്ടാക്കിയെടുക്കാം.

ലൈബ്രറിയും പുസ്തകങ്ങളും

വായിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ ചെറിയ ലൈബ്രറിയും പുസ്തകങ്ങളും സെറ്റ് ചെയ്യാം. നല്ല വെളിച്ചസംവിധാനമുള്ള സ്ഥലമാകണം ലൈബ്രറി. വാം ലൈറ്റാണ് ഇപ്പോഴത്തെ ട്രെൻഡ്. വേണമെങ്കിൽ എൽ.ഇ.ഡി ലൈറ്റുകളും ഉപയോഗിക്കാം. അൽപനേരം ഇരുന്ന് വായിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ വൈറ്റ് ലൈറ്റ് ഉപയോഗിക്കാം. വായിക്കുകയും വേണം, അത്യാവശ്യം വൈബ് കിട്ടുകയും വേണമെന്നുള്ളവർക്കാണെങ്കിൽ ന്യൂട്രൽ ലൈറ്റും ഉപയോഗിക്കാം.

അലങ്കാരങ്ങൾ

ഇത് നിങ്ങളുടേതുമാത്രമായ ലോകമാണ്. ഏറ്റവും മിനിമലായ രീതിയിൽ വേണം അലങ്കാരങ്ങൾ. വലിയൊരു ഫാമിലി ചിത്രം ഫ്രെയിം ചെയ്തുവെക്കാം. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും മനോഹര മുഹൂർത്തങ്ങൾ ഫോട്ടോ ഫ്രെയിം വാളുകളാക്കി അതിൽ എൽ.ഇ.ഡി ലൈറ്റുകൾ വെച്ച് അലങ്കരിക്കാം.


പെയിന്‍റിങ്ങുകൾ താൽപര്യമുള്ളവരാണെങ്കിൽ മ്യൂറൽ പെയിന്‍റിങ്ങുകൾ വെക്കാം. ഇതൊന്നുമല്ലെങ്കിൽ നിങ്ങളുടെ കുട്ടികളുടെ പെയിന്‍റിങ്ങുകൾ തന്നെ ധാരാളം. കുടുംബത്തിലെ എല്ലാവരും ചേർന്ന് വരക്കാവുന്ന തംപ് പെയിന്‍റിങ് (ചായങ്ങളിൽ വിരൽ മുക്കി കളറിങ് ചെയ്യുന്ന രീതി) പോലുള്ള നിങ്ങളുടേതു മാത്രമായ കലാസൃഷ്ടികൾക്ക് പ്രാധാന്യം നൽകാം. അതോടൊപ്പം നിങ്ങളുടെ കു‍ട്ടികൾക്ക് കിട്ടിയ അംഗീകാരങ്ങൾ, മെഡലുകൾ ഇവയും ഹാപ്പി സ്പേസിനെ കൂടുതൽ മനോഹരമാക്കും.

ലാൻഡ് സ്കേപ്

വീടിനുള്ളിൽ ഹാപ്പി സ്പേസ് ഉണ്ടാക്കുമ്പോൾ സ്ഥലപരിമിതി വലിയൊരു ഘടകമാണ്. എന്നാൽ, അത്യാവശ്യം മുറ്റമുള്ളവരാണങ്കിൽ ഹാപ്പിസ്പേസിന് മറ്റൊരു ഇടം തേടി പോവേണ്ട കാര്യമില്ല. പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് സമയം ചെലവഴിക്കാൻ ഇതുതന്നെ ധാരാളം മതി.

കുട്ടികൾക്ക് കളിക്കാനും ഓടിനടക്കാനുമെല്ലാം ഇവിടം മതിയാകും. ഇനി ചെറു ബർത്ത്ഡേ പാർട്ടിയോ മറ്റേതെങ്കിലും ഗെറ്റ് ടുഗതറുകളോ നടത്താനും വേറെ സ്ഥലം അന്വേഷിച്ചുപോകേണ്ടതില്ല. ബാക് യാർഡിലോ വീടിന്‍റെ വശങ്ങളിലോ ഇരിപ്പിടങ്ങൾ നൽകാം. അതല്ലെങ്കിൽ തണൽമരങ്ങളുടെ താഴെയോ ഗാർഡനിലോ സീറ്റിങ് അറേഞ്ച്മെന്‍റ് നൽകാം.

പ്ലേ ഏരിയ

വീടിന് പുറത്താണ് ഹാപ്പി സ്പേസ് ഉണ്ടാക്കിയെടുക്കുന്നതെങ്കിൽ ചെറിയ പ്ലേ ഏരിയ തയാറാക്കാം. മരച്ചുവടാണെങ്കിൽ ഒരു ഊഞ്ഞാൽ കെട്ടാം. ക്ലൈമ്പിങ് ഭിത്തികൾ, സ്വിങ് സെറ്റുകൾ, സ്ലൈഡുകൾ, ടോയ് കാറുകൾ എന്നിവയൊക്കെ ഇവിടെ സെറ്റ് ചെയ്യാം. അതിനായി കുട്ടികളുടെ അഭിപ്രായങ്ങളും പരിഗണിക്കാം.

ഇരിപ്പിടം

മരംകൊണ്ടുണ്ടാക്കിയ ബെഞ്ചുകൾ, ചെറിയ സ്റ്റൂളുകൾ, സിമന്‍റ് ബെഞ്ചുകൾ ഇവയെല്ലാം സെറ്റ് ചെയ്യാം. പുൽത്തകിടിയുണ്ടെങ്കിൽ പിന്നെ ഇരിപ്പിടത്തിന് വലിയ പ്രാധാന്യം വേണമെന്നില്ല. റഗ്ഗുകളോ കാർപെറ്റുകളോ വിരിക്കുകയും ചെറിയ കുഷ‍്യൻസ് സെറ്റ് ചെയ്യുകയുമാവാം.


മൊബൈൽ പടിക്കു പുറത്ത്, സമയം വിലപ്പെട്ടതാണ്

കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയമാണ്. അവയുടെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. മൊബൈൽഫോൺ, ടാബുകൾ, ലാപ്ടോപ്പുകൾ ഇവക്ക് ഹാപ്പി സ്പേസിൽ കർശന നിയന്ത്രണമോ ഭാഗിക നിയന്ത്രണമോ ഏർപ്പെടുത്താം.

ആധുനിക സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ വിലപ്പെട്ട സമയങ്ങൾ കവർന്നെടുക്കുന്നത് സ്ക്രീൻ ടൈമാണ്. ഒരു ആവശ്യവുമില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരാണ് ഒട്ടുമിക്ക പേരും. കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോൾ അവയെ പൂർണമായും ഒഴിവാക്കാം. മനസ്സുതുറന്ന് മുഖത്തോട് മുഖം നോക്കി എന്തും സംസാരിക്കാൻ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം.

ഇതുവഴി കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിക്കും. ആത്മബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. നമുക്ക് പറയാനും കേൾക്കാനും ആരൊ​ക്കെയോ ഉണ്ടെന്ന തോന്നൽ ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്, പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികളിൽ. ചെറിയൊരു പ്രശ്നം വരുമ്പോഴേക്കും ആത്മഹത്യയിൽ അഭയം തേടുന്ന കാലമാണിത്.

ഉള്ളുതുറന്ന് സംസാരിക്കാനും നമ്മളെ ചേർത്തുനിർത്താനും ആളുണ്ടെന്ന തോന്നൽ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കും. അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാതാപിതാക്കളോടും സഹോദരങ്ങളോടും തുറന്ന് പറയാനും ഇത്തരം കൂടിച്ചേരലുകൾ സഹായകരമാകും.

സിനിമകൾ കാണാം

ഹാപ്പി സ്പേസിൽ ടി.വിയുണ്ടാകുന്നത് നല്ലൊരു ഓപ്ഷനാണ്. ആഴ്ചയിലൊരിക്കൽ എല്ലാവരും ചേർന്ന് ഒരു മൂവി നൈറ്റ് പ്ലാൻ ചെയ്യാം. വീട്ടിൽതന്നെയുണ്ടാക്കിയ പോപ്കോണോ പിസയോ ജ്യൂസോ ഒക്കെ ആദ്യമേ തയാറാക്കിവെക്കാം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ കാണാം. ഇനി ടി.വി വെക്കാൻ സ്ഥലമില്ലെങ്കിൽ പ്രൊജക്ടർ വാങ്ങാം. ചുമരിൽ വെള്ള പെയിന്‍റടിക്കുകയോ വെള്ള തുണി വിരിക്കുകയോ ചെയ്യാം. ഫുട്ബാൾ, ക്രിക്കറ്റ് മാച്ചുകൾ ഒന്നിച്ചിരുന്ന് കാണാം. ആഘോഷിക്കാം.

ഇൻഡോർ പ്ലാന്‍റുകൾ

എപ്പോഴും പോസിറ്റിവ് എനർജി തരുന്നവയാണ് ഇൻഡോർ പ്ലാന്‍റുകൾ. ബാൽക്കണിയിലൊക്കെ അത്യാവശ്യം ഇൻഡോർ പ്ലാന്‍റുകൾ നടാം. ചുമരിൽ തൂക്കാൻ പറ്റുന്ന ചെടികളും തിരഞ്ഞെടുക്കാം. അവക്കിടയിൽ എൽ.ഇ.ഡി ലൈറ്റുകളും നൽകാം.

ശ്രദ്ധയേറെ വേണം ഇക്കാര്യങ്ങളിലും...

● വീട്ടിലെ എല്ലാവരുടെയും സൗകര്യം പരിഗണിച്ചായിരിക്കണം ഹാപ്പി സ്പേസ് തയാറാക്കേണ്ടത്. മുത്തശ്ശിയും മുത്തശ്ശനുമൊക്കെയടങ്ങുന്ന കുടുംബമാണെങ്കിൽ അവർക്കുകൂടി കയറാവുന്ന ഇടം തിരഞ്ഞെടുക്കുക. സ്റ്റെപ് കയറാൻ പറ്റാത്തവരാണെങ്കിൽ റൂഫിങ് ഏരിയ ഒഴിവാക്കാം.

● ഫർണിച്ചറുകൾ വാങ്ങുമ്പോൾ എളുപ്പം കേടുവരുന്നത് വാങ്ങരുത്. പെ​ട്ടെന്ന് പൊടിപിടിക്കാത്ത രീതിയിലുള്ള മെറ്റീരിയൽകൊണ്ട് നിർമിച്ചവ വാങ്ങാം. കൂടാതെ ബാൽക്കണിയാകുമ്പോൾ ചിലപ്പോൾ മഴയും വെയിലുമെല്ലാം അടിക്കും. വെള്ളം തട്ടിയാൽ പെ​ട്ടെന്ന് കേടുവരാത്ത രീതിയിലുള്ള ഫർണിച്ചറുകൾ വാങ്ങാം.

● കാലാവസ്ഥക്ക് അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങാം. ചൂരൽ, മുള, കയർ എന്നിവകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ ഉപയോഗിക്കാം.

● എളുപ്പം വൃത്തിയാക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ​​ഫ്ലോറിങ് ചെയ്യേണ്ടത്. തൂവെള്ള നിറത്തിലൊക്കെയുള്ള ഫ്ലോറിങ് പെ​ട്ടെന്ന് വൃത്തികേടാവും. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളാണെങ്കിൽ. പെ​ട്ടെന്ന് കറപിടിക്കാത്ത, എന്നാൽ എളുപ്പം വൃത്തിയാക്കാൻ കഴിയുന്ന രീതിയിലുള്ള ഫ്ലോറിങ് തിരഞ്ഞെടുക്കാം.

● റഗ്ഗിങ്ങുകളും കാർപെറ്റുകളും തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക. ഇടക്കിടക്ക് പൊടിയൊക്കെ തട്ടി വൃത്തിയാക്കാം.

കടപ്പാട്:

നദീം ഹസൻ
Live Design Architectural Firm,
Kayamkulam, Alappuzha





Tags:    
News Summary - Create a happy space at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.