അയ്യേ, ആ വീട്ടിലെ അടുക്കള കണ്ടാൽ പച്ചവെള്ളം പോലും കുടിക്കാൻ തോന്നില്ല. ഒട്ടും വൃത്തിയില്ല’ -ചില വീടുകളിലെ അടുക്കള വിശേഷങ്ങൾക്ക് ഇത്തിരി ‘നാറ്റം’ കൂടുതലായിരിക്കും. സംഗതി ഒരു പരിധിവരെ ശരിയാണ്, അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്.
തയാറാക്കുന്ന ഭക്ഷണത്തിന്‍റെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് പാചകം ചെയ്യുന്ന പരിസരവും അന്തരീക്ഷവും ഏറെ മെച്ചപ്പെടുത്താനും ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിലും ആരംഭിക്കാം ചില നല്ല ശീലങ്ങൾ...
കൈകൾ വൃത്തിയാക്കിയ ശേഷം തുടങ്ങാം
ജീവിതത്തിൽ പുലർത്തിയാൽ ഒരുപരിധിവരെ അസുഖങ്ങളിൽനിന്ന് മോചനം നേടാവുന്നൊരു മികച്ച പ്രതിരോധ മാർഗം കൂടിയാണ് കൈകളുടെ ശുചിത്വം. കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകും. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയുള്ള തുണിയിൽ തുടച്ച് ഉണക്കിയ ശേഷം പാചകം തുടങ്ങാം.
● വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്യൽ, ടോയ്‌ലറ്റ് ഉപയോഗം, കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റൽ, ചുമയ്ക്കുകയും തുമ്മുകയും ചെയ്യൽ, വിറക് കൈകാര്യം ചെയ്യൽ, ശരീരത്തിൽ മാന്തുകയോ സ്പർശിക്കുകയോ ചെയ്യൽ, വേസ്‌റ്റ് മാറ്റുക, അഴുക്കു പാത്രങ്ങൾ കഴുകുക, സിഗരറ്റിൽ സ്പർശിക്കുക, ഫോൺ ഉപയോഗിക്കുക, അരുമകളെ ഒാമനിക്കുക, മുറിവിൽ സ്പർശിക്കുക എന്നിവക്കു ശേഷമെല്ലാം കൈകൾ വൃത്തിയാക്കി മാത്രം പാചകത്തിനൊരുങ്ങുക.
● പാചകം ചെയ്യുന്ന ആളുടെ കൈകളിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസബ്ൾ ഗ്ലൗസ് ഉപയോഗിക്കുക.
വാട്ടര്‍ ടാപ്
● പലയിടങ്ങളിൽ സ്പർശിച്ച ശേഷം ടാപ് ഉപയോഗിക്കുന്നതിലൂടെ അണുക്കൾ ടാപ്പിലേക്ക് പറ്റിപ്പിടിക്കാൻ സാധ്യതയേറെയാണ്. ഓരോ തവണ കൈകഴുകുന്നതിനൊപ്പം ടാപ്പും വൃത്തിയാക്കുക.
● കൃത്യമായ ഇടവേളകളിൽ ടാപ്പിൽ ഘടിപ്പിച്ച ഫിൽട്ടറും വൃത്തിയാക്കുക.
● മികച്ച ജലശുദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് അടുക്കളക്കാര്യത്തില്‍ നല്ലത്.
ചപ്പാത്തി പലക / ചോപ്പിങ് ബോർഡ്
● ഭക്ഷ്യവസ്തുക്കൾ മുറിക്കാനുപയോഗിക്കുന്ന ചോപ്പിങ് ബോർഡുകളും ബാക്ടീരിയകൾ പടരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ എന്നിവ മുറിക്കാൻ വെവ്വേറെ ബോർഡുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. സുരക്ഷിത പാചകത്തിനു കഴിയുമെങ്കിൽ പാകപ്പെടുത്താത്ത മാംസത്തിന്, മത്സ്യത്തിന്, പച്ചക്കറികൾക്ക്, പഴങ്ങൾക്ക് എന്നിങ്ങനെ നാലു തരം കട്ടിങ് ബോർഡ് ഉപയോഗിക്കാം. ഉപയോഗശേഷം കഴുകി ഉണക്കി സൂക്ഷിക്കാം. മരപ്പലകയാണെങ്കില്‍ ഇടക്ക് എണ്ണയിട്ട് തുടക്കുന്നത് നന്ന്.
● പച്ചക്കറികള്‍ അരിയാന്‍ പ്ലാസ്റ്റിക്കിനെക്കാൾ തടിയുടെ ചോപ്പറാണ് താരതമ്യേന ഭേദം. തടിക്ക് പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് സ്വഭാവമുണ്ട്.
● പൊട്ടലുകളും വിള്ളലുകളും കത്തിയുടെ പാടുകളുമൊക്കെ വീണ് പഴയതായ ബോർഡുകൾ ഉപേക്ഷിക്കുക. അത്തരം വിടവുകൾ അണുക്കളുടെ ആവാസകേന്ദ്രങ്ങളാണ്.
കിച്ചൻ മാറ്റ്
● അടുക്കളയിലെ ചവിട്ടികൾ നമ്മുടെ ഉപയോഗത്തിനൊപ്പം വളർത്തുമൃഗങ്ങളായ പൂച്ച, പട്ടി എന്നിവയും കിടക്കുന്ന ഇടം കൂടിയാണ്. നമ്മുടെ കാലിൽനിന്നു പറ്റുന്ന അഴുക്കിനൊപ്പം വളർത്തുമൃഗങ്ങളുടെ ശരീരത്തിലുള്ള പ്രാണികൾ, അഴുക്കുകൾ എന്നിവയും ചവിട്ടികളിൽ പറ്റിപ്പിടിച്ചിരിക്കാൻ ഇടയുണ്ട്. ഒപ്പം ഭക്ഷണത്തിന്റെ അംശങ്ങൾ, ഇടക്കിടെ നനയുക എന്നീ കാരണങ്ങളാലും അഴുക്കു പറ്റും.
● ആഴ്ചയിൽ ഒരിക്കലെങ്കിലും കിച്ചൻ മാറ്റുകൾ സോപ്പുവെള്ളത്തിൽ കുതിർത്തുവെച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇവ മാറ്റുകയും ആവാം. തെന്നിവീഴൽ ഒഴിവാക്കാൻ തറയിൽ നനവില്ലാതെയും സാധനങ്ങൾ വാരിവലിച്ചിടാതെയും സൂക്ഷിക്കുക.
സ്‌പോഞ്ചുകള്‍
● പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ച് ഉപയോഗശേഷം ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴുകിവെക്കുക.
● കിച്ചന്‍ സിങ്കുകളും വാഷ് ബേസിനുകളുമെല്ലാം വൃത്തിയാക്കാന്‍ പ്രത്യേകം സ്‌ക്രബുകളും സ്‌പോഞ്ചുകളും ഉപയോഗിക്കാം. സിങ്ക് തുടക്കുന്ന സ്‌പോഞ്ചുകള്‍ മറ്റ് വസ്തുക്കള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.
● മൈക്രോഫൈബര്‍ തുണിയാണ് സ്‌പോഞ്ചിനേക്കാള്‍ ക്ലീനിങ്ങിന് നല്ലത്.
സിങ്ക് ഡ്രെയിന്‍
● കാഴ്ചഭാഗം മാത്രം കഴുകി വൃത്തിയാക്കിയതുകൊണ്ട് സിങ്കുകള്‍ അണുമുക്തമാകുന്നില്ല, അടിയിലെ പൈപ്പില്‍നിന്ന് കീടാണുക്കൾ മുകളിലേക്കു കയറിവരാന്‍ സാധ്യത ഏറെയാണ്. ഡ്രെയിനേജുകളില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അഴുക്കും പറ്റിപ്പിടിച്ചിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും സിങ്കില്‍ തിളപ്പിച്ച വെള്ളം ഒഴിക്കുകയും ഇടക്ക് ബ്ലീച്ചിങ് പൗഡര്‍ ഇടുകയും ചെയ്യുന്നത് അണുക്കളെ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കും.
● എവിടെയെങ്കിലും ബ്ലോക്കോ ലീക്കോ ഉണ്ടെങ്കില്‍ വൃത്തിയാക്കാൻ താമസിക്കരുത്.
● സിങ്കിൽ അരിപ്പ വെക്കുന്നതുവഴി ഭക്ഷണം, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ പൈപ്പിൽ നിറയുന്നത് തടയാൻ സഹായിക്കും.
പ്രതലങ്ങളും ക്ലീനാവണം
● പ്രതലങ്ങൾ, കൗണ്ടർ ടോപ്പുകൾ, മിക്സി, ജ്യൂസർ, അവ്ൻ, സ്ലാബ് ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.
● തറയിലെയും സ്ലാബിലെയും കറകളും എണ്ണയും മറ്റും കളയാൻ സോപ്പുലായനി ഇളംചൂടുവെള്ളത്തിൽ കലക്കി തുണികൊണ്ടു വേണം തുടക്കാൻ.
● ഇടക്കിടെ അടുക്കളയുടെ ചുമരുകൾ, ജനാലകൾ, വാതിലുകൾ, മേൽത്തട്ട് എന്നിവയും തുടച്ച് വൃത്തിയാക്കണം.
● പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ വൃത്തിയാക്കല്‍ ജോലികൾ ചെയ്യാതിരിക്കുക.
● സ്ലാബിനു കീഴെയുള്ള കാബിനറ്റുകൾ ആഴ്ചയിലൊരിക്കലെങ്കിലും അണുനാശിനിയും കീടനാശിനിയും ഉപയോഗിച്ചു വൃത്തിയാക്കണം.
● സ്ലൈഡിങ് ഡോറുകൾ/ ജനലുകൾ എന്നിവക്കിടയിൽ അടിഞ്ഞിരിക്കുന്ന പൊടിയും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
● അടുപ്പിനു മുകളില്‍ കബോർഡ് വെച്ചാൽ അതിലേക്ക് തീപടരാൻ സാധ്യതയുണ്ട്. കൂടാതെ എണ്ണയും മറ്റും പറ്റിപ്പിടിച്ചാൽ വൃത്തിയാക്കാനും പ്രയാസമാകും.
● ഓരോ പ്രാവശ്യവും പാചകത്തിനുശേഷം ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവ വൃത്തിയാക്കുക.
പ്ലാസ്റ്റിക് പാത്രം/ സഞ്ചികൾ
● ആഹാര പദാർഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല, കഴിവതും ചില്ലുപാത്രങ്ങളിൽ സൂക്ഷിക്കുക.
● നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഉപയോഗിച്ചശേഷം കളയേണ്ട വസ്തുക്കളാണ് സോഫ്റ്റ് ഡ്രിങ്ക്‌സ് ബോട്ടിലുകള്‍. അവ പുനരുപയോഗിക്കാതിരിക്കുക.
പാത്രങ്ങളുടെ വൃത്തി
● ഉപയോഗിച്ച പാത്രങ്ങളും ഉപയോഗിക്കാത്ത പാത്രങ്ങളും ഒന്നിച്ചു കഴുകാതെ വേറിട്ടു കഴുകിയെടുക്കാം.
● തിളച്ച വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ പാത്രങ്ങൾ വേണം ഉപയോഗിക്കാൻ.
● കോട്ടിങ് പോയ നോണ്‍സ്റ്റിക് പാനുകളും മറ്റു പാത്രങ്ങളും അടുക്കളയില്‍നിന്ന് ഒഴിവാക്കണം. ഇതില്‍ പാകം ചെയ്യുമ്പോള്‍ കോട്ടിങ് ആഹാര പദാർഥങ്ങളോടൊപ്പം അകത്തു ചെന്ന് പല വിധ അസുഖങ്ങള്‍ക്കും കാരണമാകും.
● വിലകുറഞ്ഞ ടെഫ്ലോൺ കോട്ടഡ് പാത്രങ്ങൾ വാങ്ങാതിരിക്കുക.
ക്രോസ് വെന്റിലേഷൻ
പാചകം ചെയ്യുന്ന സ്ഥലത്തെ വെളിച്ചവും വായുസഞ്ചാരവും ഏറെ പ്രധാനമാണ്. അടുക്കള നല്ല വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക. പാചകത്തിന്റേതായ പുകയും മണങ്ങളും അടുക്കളയിൽ ഉണ്ടാകുന്നത് വീടിനു വെളിയിൽ പുറന്തള്ളാനും തണുത്ത വായു പുറത്തുനിന്നു വലിച്ചെടുക്കാനും എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കാം. ചിമ്മിനിയുള്ള അടുക്കളയാണ് ഉത്തമം.
● ആവശ്യത്തിനു വെട്ടവും വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികൾ വായുജന്യരോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്തുന്നു. വീട് നിർമിക്കുമ്പോൾ മതിയായ വെന്റിലേഷൻ സൗകര്യം എല്ലായിടത്തും ഉറപ്പാക്കുക
പാറ്റ/ ചെറു പ്രാണികൾ
● പാറ്റയുള്ള വീട്ടില്‍ അലര്‍ജി രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൂറകളുടെ വിസർജ്യമാണ് ഇവിടെ ആന്റിജനായി പ്രവര്‍ത്തിക്കുന്നത്. കടന്നൽ, തേനീച്ച, ചിലതരം ഉറുമ്പുകൾ എന്നിവയുടെ വിഷം ചിലരിൽ ഗുരുതര അലർജി ഉണ്ടാക്കാറുണ്ട്. ഭക്ഷണവും സാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക.
● ഉറുമ്പ്, പാറ്റ എന്നിവക്കുള്ള മരുന്നടിക്കുന്ന ദിവസം തുമ്മലും ശ്വാസം മുട്ടലും പതിവുള്ള ചിലരുണ്ട്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അസുഖങ്ങളുണ്ടാക്കാന്‍ ഇവ ധാരാളമാണ്.
സോപ്പ്/ ഡിറ്റർജന്‍റ്
● പാത്രം, തുണി എന്നിവ കഴുകുമ്പോള്‍ ഡിഷ് വാഷും വാഷിങ് പൗഡറും കൈയിലെ തൊലിക്ക് പണി തരാറുണ്ട്. പാത്രങ്ങളിലെ സോപ്പ്/ ഡിറ്റർജന്‍റ് എന്നിവയുടെ അംശം പൂർണമായും കഴുകിക്കളയാതിരിക്കുന്നതും ആരോഗ്യത്തെ അപകടത്തിൽപെടുത്തും. നന്നായി കഴുകിയശേഷം പാത്രം വെള്ളത്തിൽ മുക്കിവെക്കാം.
വളര്‍ത്തുമൃഗങ്ങള്‍
● വളര്‍ത്തുമൃഗങ്ങളെ അടുക്കളയിൽനിന്ന് അകറ്റിനിർത്തണം. അവയുടെ രോമം, മൂത്രം, തുപ്പല്‍, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മൾ കരുതും പോലെ മൃഗങ്ങളുടെ രോമം മാത്രമല്ല, തുപ്പലും അലര്‍ജിയുണ്ടാക്കും. പാചകത്തിനിടെ അവയെ ലാളിക്കാനോ അവയുമായി ഇടപഴകാതിരിക്കാനോ ശ്രദ്ധിക്കുക.
ഭക്ഷണത്തിലും കരുതൽ വേണം
ചിലരില്‍ അലര്‍ജിയുണ്ടാക്കാന്‍ ഭക്ഷണസാധനങ്ങളിലുള്ള ആന്റിജന്‍ ധാരാളമാണ്. ഭക്ഷണ അലര്‍ജി വരുന്നതായി സംശയമുണ്ടെങ്കില്‍ ആദ്യം വന്ന ദിവസം കഴിച്ച എല്ലാ ഭക്ഷണപദാർഥങ്ങളുടെ പേരും എഴുതിവെക്കുക. രണ്ടാമതും ബുദ്ധിമുട്ട് വരുന്ന ദിവസം വീണ്ടും എഴുതിെവക്കണം. അങ്ങനെ അലര്‍ജി വരുന്ന ദിവസങ്ങളിലെല്ലാം പൊതുവായി നിങ്ങള്‍ എന്ത് കഴിച്ചു എന്ന് കണ്ടുപിടിക്കുക. അതാണ് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണം.
ടവല്‍
● പാത്രങ്ങളും കൈകളും തുടക്കാനുപയോഗിക്കുന്ന തുണികളും (കൈക്കലത്തുണി) ടവലുകളും ദിവസവും അലക്കി ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ബ്ലീച്ച് ചെയ്യുന്നതും നല്ലതാണ്. ഇത്തരം തുണികൾ കുറച്ചധികം കരുതി വെക്കാം. ദിവസേന പുതിയ തുണികൾ ഉപയോഗിക്കാം.
● പാത്രങ്ങൾ തുടക്കാനുപയോഗിക്കുന്ന തുണികൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കൈകൾ തുടച്ചുണക്കാനും പാത്രങ്ങൾ തുടക്കാനും കൗണ്ടർ ടോപ് തുടക്കാനും വെവ്വേറെ ടവലുകൾ സൂക്ഷിക്കുക.
വേണം വേസ്റ്റ് മാനേജ്മെന്‍റ്
● പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ മുറിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിൽ കൂട്ടിയിടരുത്. ഇത് യഥാസമയം വൃത്തിയാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി, തുടങ്ങിയവ പാചകത്തിന് ഉപയോഗിക്കരുത്.
● പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, കാലാവധി കഴിഞ്ഞ വസ്തുക്കൾ എന്നിവ കഴിക്കാനോ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാനോ പാടില്ല.
● തലേ ദിവസത്തെ വേസ്‌റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലവും ഒഴിവാക്കുക. രോഗകാരികളായ ബാക്ടീരിയകള്‍ പെറ്റുപെരുകുന്നയിടമാണ് അഴുക്കുപാത്രം. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം സോപ്പിട്ട് കഴുകിവെക്കുക.
സ്ക്രബർ
● ഏറ്റവുമധികം ബാക്ടീരിയകൾ കയറിപ്പറ്റാൻ സാധ്യതയുള്ള മറ്റൊരു വസ്തുവാണ് സ്ക്രബർ. പാത്രങ്ങൾ കഴുകിയശേഷം സ്ക്രബറും നന്നായി കഴുകി വൃത്തിയാക്കുക. ഇടക്കിടെ സ്ക്രബറുകൾ മാറ്റുന്നതും നല്ലതാണ്.
● പാത്രം കഴുകുന്ന സ്‌ക്രബുകൊണ്ട് ഒരിക്കലും വാഷ് ബേസിന്‍ കഴുകരുത്.
● ഉപയോഗിച്ച പഴയ ടൂത്ത് ബ്രഷ് അടുക്കളയിലെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക. ഒരിക്കല്‍ ഉപേക്ഷിച്ച ബ്രഷുകള്‍ വീട്ടിനുള്ളില്‍ സൂക്ഷിക്കാതെ കളയുക.
കരുതലേറെ വേണം ഫ്രിഡ്ജിന്
● ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കള്‍ പെരുകുന്നത് തടയാന്‍ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കണം.
● പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഒന്നിച്ച് സൂക്ഷിക്കുമ്പോഴും ബാക്ടീരിയകൾ പടരും. ഭക്ഷണസാധനങ്ങൾ വേറെ വേറെ പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കണമെന്നാണ് മാനദണ്ഡം.
● കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടനെ നീക്കം ചെയ്യുക.
● പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങള്‍ പ്രത്യേകം കവറിലിട്ടുവെച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
● വീട്ടിലെ ഫ്രീസറിൽ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ ശ്രമിക്കരുത്.
● മീന്‍, ഇറച്ചി, മറ്റ് അസംസ്‌കൃത ഭക്ഷണങ്ങള്‍ എന്നിവ റെഡി ടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലര്‍ത്തരുത്.
● മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന് ഇടവരുത്തും.
● ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തിൽ അടച്ചശേഷം വേണം ഫ്രീസറിൽ വെക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറിൽ വെക്കരുത്.
● പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജില്‍ വെക്കരുത്.
● ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ തുണികൊണ്ട് തുടച്ച് ഈര്‍പ്പം നീക്കണം. ഈര്‍പ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
സുരക്ഷിത പാചകത്തിന് തത്ത്വങ്ങൾ
● ആഹാരം നന്നായി വേവിക്കുക. മാംസം, മത്സ്യം, മുട്ട, സീഫുഡ്സ് ഇവ നന്നായി പാകപ്പെടുത്തുക.
● നല്ല വെള്ളം, ശുദ്ധമായ ചേരുവകൾ എന്നിവ പാചകത്തിന് പ്രധാനമാണ്
● ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക. അപൂരിത കൊഴുപ്പുകളടങ്ങിയ സൺഫ്ലവർ ഓയിൽ, എള്ളെണ്ണ, ഒലിവെണ്ണ, തവിടെണ്ണ തുടങ്ങിയവ പാചകത്തിനായി ഉപയോഗിക്കാം
● വറുക്കലും പൊരിക്കലും കുറക്കാം. പ്രഷർ കുക്കിങ്, ബേക്കിങ്, ബോയിലിങ് തുടങ്ങിയവയാണ് ആരോഗ്യകരമായ പാചകരീതികൾ.
● വറുത്ത വിഭവങ്ങളിലെ അധിക എണ്ണ നീക്കംചെയ്യാൻ കിച്ചൻ ടവൽ ഉപയോഗിക്കാം. സാധാരണ ടിഷ്യു പേപ്പർ ഉപയോഗിച്ച് എണ്ണ നീക്കംചെയ്യുന്നതിലും ഫലപ്രദമാണ് ഈ ടൗവലുകൾ
● പച്ചക്കറികൾ പലയാവർത്തി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. വിനാഗിരി ലായനിയോ വാളൻ പുളി ലായനിയോ വിഷാംശം നീക്കാനായി ഉപയോഗിക്കാം. പത്തുമിനിറ്റോളം മുക്കിവെച്ച ശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക
● ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമാക്കുന്നത്. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ (മെർക്കുറി, ലെഡ്) അല്ലെങ്കിൽ വിഷവസ്തുക്കൾ, ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച, പൊടിപടലങ്ങൾ, മലിനജലം ഇങ്ങനെ ഭക്ഷ്യവിഷബാധക്കുള്ള കാരണങ്ങൾ പലതാണ്.
● പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാൻ സ്ക്രബ് ബ്രഷ് ഉപയോഗിക്കാം. ഇതും ക്രോസ് കണ്ടാമിനേഷൻ സാധ്യത തടയുന്നു.
മോഡുലാർ കിച്ചൻ
● മുഴുവൻ അടുക്കളഭാഗവും നൂതനരീതിയിൽ ക്രമീകരിച്ചിട്ടുള്ള മോഡുലാർ അടുക്കളയാണ് ഇന്നത്തെ ട്രെൻഡ്. വൃത്തിയാക്കാനും എളുപ്പമാണ്. സ്ഥലപരിമിതിക്കനുസരിച്ച്, ഇഷ്ടപ്പെട്ട നിറങ്ങളിൽ കൂട്ടിച്ചേർത്ത് വെക്കാവുന്ന രീതിയിലാണ് മോഡുലാർ കിച്ചൻ ഒരുക്കുന്നത്.
● സ്റ്റോറേജിനു വേണ്ടി ലഭ്യമായ സ്ഥലസൗകര്യത്തിൽ പരമാവധി പ്രയോജനം കിട്ടുന്ന രീതിയിൽ ഷെൽഫുകൾ ഉണ്ടാകും. ഭംഗിയേറിയതും മെച്ചപ്പെട്ടതുമായ സ്റ്റോറേജ് സ്പേസ്, ഭിത്തിയോടു ചേർന്ന റാക്കുകൾ ഇതോടൊപ്പം ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.