How To Make Your Home Look Like You Hired An Interior Designer

'വീട് ചെറുതോ വലുതോ ആവട്ടെ, അൽപം ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്വപ്‌നഭവനത്തെയും ഒരു പച്ചത്തുരുത്താക്കാം'

ജോലിയും ജീവിതത്തിലെ മറ്റെല്ലാ ഓട്ടങ്ങളും കഴിഞ്ഞ് ഓരോ മനുഷ്യനും ഓടിയണയാൻ തുടിക്കുന്ന ഒരിടമുണ്ട്, വീട്. എല്ലാം മറന്ന് സ്വസ്ഥമായി ചേക്കേറാൻ ഓരോ മനുഷ്യനും ഓരോ കൂടുണ്ടാകും. വീട്ടുകാർ മാത്രമല്ല, വീടിന്റെ ഓരോയിടവും നമുക്കോരോരുത്തർക്കും പ്രിയപ്പെട്ടതാകും.

അതുകൊണ്ടുതന്നെയാണ് വീട് പണിയുമ്പോൾ അത്രയേറെ നാം കരുതലും ശ്രദ്ധയും നൽകുന്നത്. വെറുതെ വീട് പണിതാൽ മാത്രം പോരല്ലോ? കണ്ണിനും മനസ്സിനും കുളിർമയേകുന്ന പച്ചപ്പ് കൂടിയായാലേ വീട് സമാധാനത്തിന്‍റെ കൂടാകൂ.

ഗ്രാമങ്ങൾപോലും അനുനിമിഷം നഗരങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സ്ഥലപരിമിതിയും വർധിക്കുകയാണ്. വീടിനോട് ചേർന്ന് വിശാലമായ മുറ്റവും പറമ്പുമെല്ലാം എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ല. ഉള്ള സ്ഥലത്ത് പരമാവധി പച്ചപ്പ് കൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

വീടിനുള്ളിൽ ഭംഗിയേറും എന്നതിനപ്പുറം ചൂട് കുറക്കാനും സാധിക്കും. കോവിഡ് മഹാമാരിക്കാലത്താണ് ഇൻഡോർ പ്ലാൻറുകളോടുള്ള ഇഷ്ടം വല്ലാതെ കൂടിയത്. രണ്ടുവർഷംകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഇൻഡോർ പ്ലാൻറുകൾ വലിയരീതിയിൽ ഇടംപിടിച്ചു. വീട്ടിനുള്ളിലും പുറത്തും മതിലുകളിലുമെല്ലാം പച്ചപ്പൊക്കാൻ വിദഗ്ധരുടെ സേവനം ലഭിക്കുന്ന കാലം കൂടിയാണിത്. നിങ്ങളുടെ സ്വപ്നഭവനം പച്ചപ്പിന്റെ ചെറുതുരുത്താക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ...


ലാൻഡ്സ്‌കേപ്പിങ്

കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കാലത്ത് ലാൻഡ്സ്‌കേപ്പിങ്ങിന് വളരെ പ്രാധാന്യമുണ്ട്. ഭൂമിയുടെ ബാലൻസിങ് വരെ ലാൻഡ്സ്‌കേപ് ഡിസൈനിലൂടെ സാധ്യമാകുന്നുണ്ട്. വലിയ പ്ലോട്ടുകളിൽ മാത്രമല്ല, ചെറിയ പ്ലോട്ടിൽ പോലും ലാൻഡ്സ്‌കേപ് ഒരുക്കാൻ സാധിക്കും.

കാറ്റിന്റെ ദിശ മാറ്റാം

സൂര്യന്റെ ചൂട് നന്നായി ബാധിക്കുന്ന ഭാഗത്ത് നല്ല ഫോളിയേജുള്ള മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ ചൂട് കുറക്കാൻ പറ്റും. അതുപോലെ കാറ്റിന്റെ ദിശയെ മാറ്റാനും ചെടികൾ സഹായിക്കും. ജനലിന്റെ അടുത്തേക്ക് കാറ്റ് വരണമെന്നുണ്ടെങ്കിൽ ജനലിന്റെ രണ്ട് ഭാഗത്തായിട്ട് ചെടികൾ നടുക. സ്വാഭാവികമായിട്ടും കാറ്റ് അതിനിടയിലൂടെ മുറിയിലേക്ക് എത്തും.

ഇടങ്ങളെ വേര്‍തിരിക്കാം

വീടിനകത്തെ രണ്ട് ഇടങ്ങൾ തമ്മിൽ കർട്ടനിട്ടോ മറ്റോ നാം സ്‌പേസ് മറക്കാറുണ്ട്. അതിന് പകരം ചെടികൾ ഉപയോഗിക്കാനാവും. താഴെ ഭാഗത്ത് കമ്പ് മാത്രവും മുകളിൽ ഇലകൾ കൂടിനിൽക്കുന്നതുമായ തരം ചെടികൾ ഇതിനായി ഉപയോഗിക്കാം.


മതിലും ഭംഗിയാക്കാം

വീടിന്റെ മുഖമാണ് മതിലുകൾ. വീട്ടിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നതാണ് മതിലുകൾ. ചുമര് സിമന്റ് തേച്ച് പെയിന്റടിച്ച് ഭംഗിയാക്കുന്നതിനെക്കാൾ പ്രകൃതിദത്തമായ രീതിയിൽ അതിനെ അണിയിച്ചൊരുക്കാൻ ഒരുപാട് വഴികളുണ്ട്. പറ്റിപ്പിടിച്ച് വളരുന്ന സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍, ഇംഗ്ലീഷ് ഐവി തുടങ്ങിയ ചെടികൾ ഇതിനായി തെരഞ്ഞെടുക്കാം. ഇതിന് പുറമെ മുറ്റത്ത് കല്ല് വിരിക്കുമ്പോൾ അതിനിടയിലുള്ള സ്ഥലത്ത് ബഫല്ലോ ഗ്രാസ് പോലുള്ള പുല്ലുകൾ നടാവുന്നതാണ്.

അകത്തളങ്ങളിൽ പച്ചപ്പൊരുക്കാം

ചെടികളൊന്നും അധികം നടാൻ മുറ്റമില്ലാത്തവർ ഏറെയുണ്ട്. ഇനി മുറ്റമുണ്ടെങ്കിൽതന്നെ അവിടെ ചെടികൾ നട്ടാൽ പരിചരിക്കാൻ സമയമില്ലാത്തവരുമുണ്ട്. എന്നാൽ, ചെടികൾ നടുകയും വേണം. അത്തരക്കാർക്കുള്ള മികച്ച ഓപ്ഷനാണ് ഇൻഡോർ പ്ലാൻറുകൾ. വീടിനുള്ളിലെ സ്ഥലം മുഴുവൻ ചെടികൾക്കു വേണ്ടി മാറ്റിവെക്കുക എന്നല്ല ഇതിനർഥം.

ചെടികൾ നടുമ്പോൾ വീടിന്റെ ഭംഗി കൂടുന്നതിനപ്പുറം കാഴ്ചയിലെ വീടിന്റെ ബാലൻസിങ്ങും മെച്ചപ്പെടുത്താനാവും. ഉദാഹരണത്തിന് വീടിനടുത്ത് വലിയ ചെടികളാണ് നടുന്നതെങ്കിൽ വീട് ചെറുതായപോലെ തോന്നും. അതുപോലെതന്നെ വീടിനടുത്ത് ചെറിയ ചെടികളാണ് നടുന്നതെങ്കിൽ വീട് വലുതായപോലെ തോന്നും. ഇങ്ങിനെ വീടിനെ ബാലൻസ് ചെയ്യാനും ചെടികൾ സഹായിക്കും. ഉദാഹരണം: ഒരു വശത്തുമാത്രം ഉയരം കൂടിയ ഭാഗമുള്ള വീടുകൾക്ക് മറുഭാഗത്ത് ഉയരമുള്ള ചെടികൾ വെച്ചു നോക്കൂ. വീടിെൻറ പുറം കാഴ്ച തന്നെ മെച്ചപ്പെടുന്നത് കാണാനാവും.


ചെടികൾ തിരഞ്ഞെടുക്കുമ്പോൾ

ചെടികൾ നടുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഏത് സ്ഥലത്താണ് ചെടി വെക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ കണ്ടുവേണം ഓരോ ചെടിയും തിരഞ്ഞെടുക്കാൻ.

ഉദാഹരണത്തിന് കിടപ്പുമുറിയിൽ വെക്കുന്ന ചെടിയായിരിക്കില്ല ഹാളിലോ വരാന്തയിലോ വെക്കുക. കൂടാതെ, അതിന്റെ വളർച്ച എങ്ങനെയാണ്, വേരിന്റെ സ്വഭാവം എന്താണ്, വെള്ളത്തിന്റെ ലഭ്യത, എന്തുതരം വളം വേണ്ടിവരും, സീസൺ പ്ലാൻറ് ആണോ, ഇല കൊഴിയുന്നവയാണോ, എത്രത്തോളം നാച്ചുറൽ ലൈറ്റ് വേണം, നേരിട്ടുള്ള സൂര്യപ്രകാശമാണോ വേണ്ടത്, എത്രത്തോളം പരിചരണം ആവശ്യമുണ്ട് തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിച്ചാവണം ചെടി തിരഞ്ഞെടുക്കേണ്ടത്.


ചെടികൾ പലതരമാണ്. ചില ചെടികൾക്ക് നന്നായി വെളിച്ചം വേണ്ടിവരും. ചിലതിന് ചെറിയ വെളിച്ചമുണ്ടെങ്കിൽതന്നെ വളരും. ചിലതിന് തീരെ വെളിച്ചം വേണ്ടിവരില്ല. അകത്തും പുറത്തും നടുന്ന ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കണം.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ഇലകളുടെ നിറവും ശ്രദ്ധിക്കണം. ഇലകൾ പ്രധാനമായും മൂന്നു നിറത്തിലാണ് കാണപ്പെടുന്നത്. പച്ചക്ക് ഇടയിൽ വെള്ളയും മഞ്ഞയും നിറങ്ങൾ ഇടകലർന്ന് വരുന്നവയാണ് ഒന്ന്. ഇളം പച്ചയും കടുത്ത പച്ചനിറമുള്ളതാണ് മറ്റ് രണ്ടെണ്ണം.

വെള്ളയും മഞ്ഞയും ഇടകലർന്ന ചെടികൾ നടുമ്പോൾ വീട് കുറച്ചുകൂടി ഡ്രൈ ആയി തോന്നും. ഇളം പച്ച ഇലകളുള്ള ചെടികൾ നടുമ്പോൾ വീട് ഒന്നുകൂടി ലൈവായതുപോലെ തോന്നും. കടും പച്ച ഇലകളുള്ള ചെടികൾ നടുമ്പോൾ ആ ഭാഗം ഒന്നുകൂടി എടുത്തുകാണിക്കും.


വെർട്ടിക്കൽ ഗാർഡൻ

സ്ഥല പരിമിതിയുള്ളവർക്ക് പരീക്ഷിക്കാവുന്ന മാതൃകയാണ് വെർട്ടിക്കൽ ഗാർഡൻ. സ്ഥലം കുറച്ചുമാത്രം മതി എന്നതിനപ്പുറം പുറത്ത് ചെടി നടുന്നതിന്റെ പ്രതീതികൂടി കിട്ടുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകണം. ബാൽക്കണി, വരാന്ത, സ്വീകരണമുറി തുടങ്ങി എവിടെ വേണമെങ്കിലും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം.

കളിമൺ കൊണ്ടുള്ള ചട്ടികളോ പ്ലാസ്റ്റിക് ചട്ടികളോ കണ്ടെയ്നറായി തിരഞ്ഞെടുക്കാം. പോക്കറ്റുകളുള്ള ജിയോ ടെക്‌സ്‌റ്റൈലുകളും വിപണിയിൽ ലഭ്യമാണ്. മണ്ണ്, മണൽ, ചാണകപ്പൊടി, ചകിരി തുടങ്ങിയ മിശ്രിതങ്ങൾ നിറച്ചാണ് ചെടികൾ നടുന്നത്. നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചെടിക്ക് അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാൻ. വെർട്ടിക്കൽ ഗാർഡനിൽ കപ്പിൽ നടുന്നത് ഒരുപാട് കാലത്തേക്ക് നിലനിൽക്കില്ല.

അധികം വളർച്ചയില്ലാത്തതും എന്നാൽ, ചുമര് മുഴുവൻ മൂടുന്നതുമായ ചെടികൾ വേണം വെർട്ടിക്കൽ ഗാർഡന് തിരഞ്ഞെടുക്കാൻ. ആദ്യമായാണ് വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതെങ്കിൽ പരിപാലിക്കാൻ എളുപ്പമുള്ള ചെടി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഓരോ കണ്ടെയ്നറിലെ ചെടിയും ആവശ്യമായ അകലത്തിലാണ് നിൽക്കുന്നതെന്ന് ഉറപ്പുവരുത്തണം. കൂടാതെ ചെറിയ സ്ഥലത്ത് കൂടുതൽ ചെടികൾ വളർത്തുമ്പോൾ അവക്ക് ആവശ്യത്തിന് പരിപാലനവും ശ്രദ്ധയും നൽകണം. പരിപാലിക്കാൻ അധികം സമയമോ അവസരമോ ഇല്ലാത്തവരാണെങ്കിൽ ഒരേതരം ചെടികൾ നടുന്നതാണ് ഉചിതം.


ശ്രദ്ധവേണം ഇക്കാര്യത്തിൽ

● വീടിനുള്ളിൽ വളരുന്ന ചെടികളാണെങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും പുറത്തെടുത്തുവെച്ച് വെയിലുകൊള്ളിക്കണം.

● നല്ല വെയിലേറ്റ് വളരുന്ന ചെടികളാണെങ്കിൽ ദിവസവും ഒരു നേരമെങ്കിലും നനക്കണം. അതേസമയം, അകത്ത് വളരുന്ന ചെടികൾ എപ്പോഴും നനച്ചുകൊടുക്കണമെന്നില്ല. അത് ചെടികൾ നശിക്കാൻ ഇടയാക്കും.

● ഇൻഡോർ പ്ലാന്റുകൾക്കും വെള്ളത്തോടൊപ്പംതന്നെ വളവും ലഭിക്കണം. അതിനായി ചാണകപ്പൊടിയും കടലപ്പിണ്ണാക്കും തുല്യ അളവിലെടുത്ത് വെള്ളത്തിൽ മൂന്നോ നാലോ ദിവസം കുതിർത്ത് വെക്കുക. ശേഷം വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.

● ചെടികളിലെ കേടുവന്നതും ചീഞ്ഞതുമായ ഇലകൾ വെട്ടിക്കളയുകയോ ഒഴിവാക്കുകയോ ചെയ്യണം.

● കേടുവന്ന ചെടികൾ അധികം പരിചരിക്കാതെ അകത്തുനിന്ന് മാറ്റുക.

● വെളിച്ചെണ്ണയോ വേപ്പെണ്ണയോ ഉപയോഗിച്ച് ചെടികളുടെ ഇലകളിൽ പോളിഷ് ചെയ്താൽ കൂടുതൽ ഭംഗിയുണ്ടാകും.


● ഭിത്തിയിൽ ചെടികൾ വെച്ചുപിടിപ്പിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭിത്തികൾ കേടുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് അക്കാര്യങ്ങൾകൂടി മുഖവിലക്ക് എടുത്തുവേണം ചെടികൾ നടാൻ. വിവിധ ലെയറുകളായി മണ്ണ് നിറച്ചുവേണം ടെറസിൽ ചെടികൾ നടാൻ.അല്ലെങ്കിൽ വീടിന്റെ കോൺക്രീറ്റിലും ചുമരുകളിലും വിള്ളലുണ്ടാകാൻ സാധ്യതയുണ്ട്.

● ചെടികളുടെ ഇലകൾ ഇടക്ക് കഴുകുന്നതും നല്ലതാണ്. നല്ല വെള്ളം സ്‌പ്രേ ചെയ്താലും മതി. അപ്പോൾ ഇലകളിലെ പൊടി പോകും, സുഷിരങ്ങൾ തുറക്കപ്പെടും, അവക്ക് കൂടുതൽ ഉന്മേഷം കിട്ടും.

● ഓരോ മുറിയിലും വെളിച്ചം കിട്ടുന്ന ഭാഗത്തുവേണം ചെടികൾ വെക്കാൻ. പക്ഷേ, ചെടികളിൽ ചൂടുതട്ടുന്ന വിധത്തിൽ ലൈറ്റുകൾക്ക് താഴെ ഒരിക്കലും വെക്കരുത്.

● ചെടിക്കു ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടായിരിക്കണം. ഭംഗി കൂട്ടാൻ മാത്രമല്ല, ചെടികൾ നടുന്നത്. ചെടികൾ നടുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങൾ വേറെയുമുണ്ട്. വീടിന്റെ തൊട്ടടുത്ത ഭാഗം പൊങ്ങിയോ താഴ്‌ന്നോ നിൽപുണ്ടെങ്കിൽ ആ ഭാഗത്ത് മണ്ണ് പിടിച്ചു നിർത്താൻ മതിലുകൾക്ക് പകരം ചെടികൾ ഉപയോഗപ്പെടുത്താൻ പറ്റും.

● നല്ല കാറ്റുള്ള പ്രദേശമാണെങ്കിൽ കാറ്റിന്റെ വേഗത കുറക്കാൻ ചെടികൾക്കാവും. കാറ്റ് വരുന്ന ദിശയിൽ മുളകൾപോലുള്ള ചെടികൾ വെച്ചു കഴിഞ്ഞാൽ കാറ്റിന്റെ വേഗം കുറക്കാൻ പറ്റും. മാത്രമല്ല, പൊടിശല്യമുള്ള സ്ഥലങ്ങളിൽ മുളപോലുള്ള ചെടികൾ നടുകയാണെങ്കിൽ ഒരു പരിധി വരെ പൊടി അകത്തേക്കു വരുന്നത് ഒഴിവാക്കാം.


ട്രെൻഡി പ്ലാൻറ്സ്

  • ബിഗോണിയ, ഓർക്കിഡ്, ആന്തൂറിയം, ഫേൺസ്, ക്രോട്ടൺ, മണിപ്ലാന്റ്, ബോൺസായ് തുടങ്ങിവയെല്ലാം വീട്ടിനുള്ളിൽ വെക്കാവുന്ന ചെടികളാണ്.
  • ഇംഗ്ലീഷ് ഐവി: വീടുകളിൽ എവിടെ വേണമെങ്കിലും വളർത്താനാവുന്ന ചെടിയാണിത്. വള്ളിച്ചെടിയായതിനാൽ ചട്ടിയിലും വളർത്താം. വേണമെങ്കിൽ തൂക്കിയിട്ടും വളർത്താവുന്നതാണ്.
  • ബാംബു പ്ലാന്റ്: സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്ത് വളർത്താൻ പറ്റുന്ന ചെടിയാണിത്. ഇത് വീടിനുള്ളിൽ വളർത്താൻ പറ്റിയ ചെടിയാണ്.
  • ഡ്രസീന: ചെടിച്ചട്ടിയിലും വെള്ളത്തിലും വളർത്താവുന്ന ചെടിയാണ് ഡ്രസീന.


  • ഫിലോഡെൻഡ്രോൺ: അകത്തളങ്ങളിൽ ഏറെ ഭംഗി തരുന്ന ചെടിയാണിത്. തണലത്ത് വളരാൻ ഇഷ്ടപ്പെടുന്ന ചെടിയാണിത്. നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്തുവേണം ഇത് വെക്കാൻ.
  • പീസ് ലില്ലി: വെള്ളത്തിലും മണ്ണിലും വളർത്താൻ പറ്റുന്ന ചെടിയാണ് പീസ് ലില്ലി. ഇലകളും പൂക്കളും മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമ തരും.
  • മണി പ്ലാന്റ്: ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചെടിയാണിത്. ഒരുപാട് വെറൈറ്റികളിൽ ലഭ്യമാണ്. കിടപ്പുമുറികളിൽ വെക്കാൻ നല്ലത് മണിപ്ലാന്റുകളാണ്. അധികം വെയിൽ വേണ്ട, പരിചരണവും ആവശ്യമില്ല. എന്നാൽ, ഇടയ്ക്ക് അവയുടെ വേരുകളും ഇലകളും മുറിച്ചുകളയാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അവ ഒരുപാട് വളരും. വെള്ളത്തിലും മണ്ണിലും ഒരുപോലെ നടാൻ സാധിക്കുന്ന ചെടികൂടിയാണിത്. ഡൈനിങ് ടേബിളിലും വർക്കിങ് ടേബിളിലും വെള്ളം നിറച്ചും ചെടികൾ വെക്കാം.
  • സിസി പ്ലാന്റ്: ബെഡ്റൂമിലും ഊൺമുറിയിലും വെക്കാൻ മികച്ചത്. രണ്ട്-മൂന്ന് ആഴ്ചവരെ നനച്ചില്ലെങ്കിലും പ്രശ്‌നമില്ല. ചെടികൾ പരിചരിക്കാൻ സമയമില്ലാത്തവർക്ക് ഈ ചെടി ഉപയോഗിക്കാം.

പ്ലാനിങ് വേണം വീട് പണിയും മുമ്പേ

വീടിനുള്ളിലും പരിസരത്തും ചെടികൾ വെക്കാൻ ഉദ്ദേശിക്കുന്നവർ വീടിന്റെ പ്ലാൻ വരക്കുമ്പോൾ തന്നെ ഒരുക്കം തുടങ്ങണം. വീടിന്റെ ഏതൊക്കെ ഭാഗത്ത് ചെടികൾ നടാമെന്ന് മുൻകൂട്ടി കാണണം. വീട്ടിൽ നിർബന്ധമായും വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ചെടികളും മരങ്ങളും ഉദാഹരണത്തിന് ചെമ്പകം, ചാമ്പക്ക, കണിക്കൊന്ന തുടങ്ങിയവ വീട് പണി ആരംഭിക്കുന്നതിനു മുമ്പുതന്നെ നടാം. വീടുപണി കഴിയുമ്പോഴേക്കും ഇവ വേരുപിടിച്ച് വളരാൻ തുടങ്ങിയിട്ടുണ്ടാകും.

ഇനി വീടുപണി കഴിഞ്ഞ് നടേണ്ട ചെടികളാണെങ്കിൽ ആ ഭാഗം ആദ്യമേ വളമെല്ലാമിട്ട് നിലമൊരുക്കി വെക്കണം. അങ്ങനെ ചെയ്യുമ്പോൾ ചെടികൾ പെട്ടെന്ന് വളരും. വീടിന് ചുറ്റും സ്ഥലമുള്ളവരാണെങ്കിൽ അത്യാവശ്യം ലഭിക്കേണ്ട പഴവർഗങ്ങളുടെ മരങ്ങൾ നടാൻ ശ്രമിക്കുക. വേഗത്തിൽ കായ്ക്കുന്ന മാവും ചക്കയും പപ്പായയും മറ്റ് ഫലവർഗങ്ങളുടെയും തൈകൾ ഇന്ന് വിവിധ നഴ്‌സറികളിൽ ലഭ്യമാണ്. അത് നോക്കിയെടുക്കാം. ഭാവിയിൽ വിഷമില്ലാത്ത അത്യാവശ്യം പഴങ്ങളും പച്ചക്കറികളും വീട്ടിൽനിന്നുതന്നെ കഴിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്. അനാവശ്യ ആഡംബരങ്ങൾക്ക് ചെലവാക്കുന്ന പണത്തിൽനിന്ന് അൽപം മാത്രം മാറ്റിവെച്ചാൽ നിങ്ങളുടെ സ്വപ്‌നഭവനത്തെയും ഒരു പച്ചത്തുരുത്താക്കാൻ സാധിക്കും.


തയാറാക്കിയത്: പി.ലിസി

വിവരങ്ങൾക്ക് കടപ്പാട്:

പി.എ. മുസ്തഫ

ചെയർമാൻ, ഗ്രീൻ അറ ലാൻഡ്സ്കേപ്പേഴ്സ്

ആർക്കിടെക്ട് മാഹിർ ആലം

ഡയറക്ടർ, ആറ്റിക്സ് ആർക്കിടെക്ചർ

(ചിത്രങ്ങൾക്ക് കടപ്പാട്)

Tags:    
News Summary - How To Make Your Home Look Like You Hired An Interior Designer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.