വാഹനം കയറുന്ന മുറ്റത്ത് നാച്വറൽ സ്റ്റോൺ സേഫാണോ? -അറിയാം, മുറ്റമൊരുക്കാനുള്ള വഴികൾ

വാഹനം കയറുന്ന മുറ്റത്ത് നാച്വറൽ സ്റ്റോൺ സേഫാണോ? -അറിയാം, മുറ്റമൊരുക്കാനുള്ള വഴികൾ

രണ്ടു സെന്‍റിലും മൂന്നു സെന്‍റിലും വീട് വെക്കുമ്പോൾ വിശാലമായ മുറ്റം എന്നത് സങ്കൽപം മാത്രമായി. എന്നാലും ഭംഗിയുള്ള വീടുണ്ടാകുമ്പോൾ ചുറ്റിലുമുള്ള ഭാഗങ്ങൾ, അതെത്ര ചെറുതായാലും സുന്ദരമാക്കൽ പ്രധാനമാണ്.

മാറുന്ന കാലാവസ്ഥക്ക് അ​നുയോജ്യമായി മുറ്റമൊരുക്കാൻ ശ്രദ്ധിക്കണം. പ്രകൃതിയോട് ഇണങ്ങിവേണം അത്. എളുപ്പം പരിചരിക്കാൻ കഴിയുന്ന വിധത്തിലുമായിരിക്കണം.

ഇന്‍റർലോക്ക് ചെയ്യാം, ഭൂമിയെ നോവിക്കാതെ

മഴ പെയ്യുമ്പോൾ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്ന രീതിയിലുള്ള ഇന്‍റർലോക്ക് രീതികൾ സജീവമാണിപ്പോൾ. ടൈൽ വിരിക്കുമ്പോൾ കോൺക്രീറ്റ് ചെയ്യാതെ എം സാൻഡോ ബേബി മെറ്റലോ അടിയിൽ വിരിക്കണം.

ടൈലുകളുടെ ഇടയിൽ പുല്ല് വിരിച്ച് ഭംഗിയാക്കുകയും ചെയ്യാം. മുറ്റം മുഴുവൻ ഇന്‍റർലോക്ക് വിരിക്കുന്നത് കാണാൻ ഭംഗിയാണെങ്കിലും വീടിനകത്ത് ചൂടുകൂടാൻ കാരണമാകും. കോൺക്രീറ്റ് ടൈലിന് പകരം ടെറാക്കോട്ട ടൈലുകളാണ് അഭികാമ്യം.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. എളുപ്പം പൂപ്പൽ പിടിക്കാത്ത ടൈലുകളാണ് നല്ലത്.

● ഏതൊക്കെ ഭാഗങ്ങളിലാണ് ഇന്‍റർലോക്ക് വിരിക്കേണ്ടത് എന്ന് ആദ്യമേ പ്ലാൻ തയാറാക്കാം.

● കട്ട വിരിക്കുന്നതിന്‌ മുമ്പായി മണ്ണ് ലെവൽ ചെയ്യുമ്പോൾ വീടിനു പരമാവധി ഉയരം കിട്ടുന്ന രീതിയിൽ വേണം ചെയ്യാൻ.

● വെള്ളം ഒഴുകിപ്പോവേണ്ട ഭാഗത്ത് മൂന്ന് ഇഞ്ച് കനത്തിലെങ്കിലും സ്ലോപ്പ് നിർബന്ധമാണ്.

● കല്ലുകൾ വിരിക്കുംമുമ്പ് ബേബി മെറ്റലോ പെബിൾസോ വിരിച്ച് ബേസ് ഒരുക്കിയാൽ കല്ലുകളുടെ വിടവിലൂടെ മഴവെള്ളം ഭൂമിയിലിറക്കാം.

● കട്ട വിരിച്ച ശേഷം കവർ ചെയ്യാൻ കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് താഴ്ത്തി മണ്ണെടുത്ത് സ്ട്രോങ്ങായി കോൺക്രീറ്റ് ചെയ്യണം.

● എല്ലാം കഴിഞ്ഞ് അധികം വൈകാതെ തന്നെ ബ്രിക്ക് പോളിഷ് ചെയ്യണം.


പുൽത്തകിടി ഒരുക്കാം, ശ്രദ്ധയോടെ

ഓ​രോ പ്രദേശത്തെയും കാലാവസ്ഥയനുസരിച്ചായിരിക്കണം പുല്ല് തിരഞ്ഞെടുക്കേണ്ടത്. ചിലതിന് എളുപ്പത്തിൽ ഫംഗസ് വരും. അങ്ങനെയുള്ളവ പെട്ടെന്ന് ഉണങ്ങിപ്പോകും.

ചിലതിൽ പുഴുക്കളും. പെട്ടെന്ന് ചിതൽ വരാൻ സാധ്യതയുള്ളവയുമുണ്ട്. ചൂട് കൂടുന്നതനുസരിച്ച് ഇലകൾ ഉണങ്ങിപ്പോകുന്ന പുല്ലുകളുമുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുവേണം പുല്ല് തിരഞ്ഞെടുക്കാൻ.

പുല്ല് പലതരമുണ്ട്: മെക്സിക്കൻ ഗ്രാസ്, ബഫല്ലോ ഗ്രാസ്, കെനിയൻ ഗ്രാസ്, കൊറിയൻ ഗ്രാസ്, സിംഗപ്പൂർ പേൾ എന്നിങ്ങനെ. സ്ക്വയർഫീറ്റ് അനുസരിച്ചാണ് ഓരോന്നി​ന്‍റെയും വില. പല വലുപ്പത്തിലുള്ള പുല്ലി​ന്‍റെ ഷീറ്റ് ലഭ്യമാണ്.

പുല്ല് പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കാം:

● മണ്ണ് പ്രത്യേകമായി ഒരുക്കണം. കല്ലി​ന്‍റെ അംശം, വേരുകൾ പോലുള്ളവ മാറ്റണം.

● പുല്ല് പിടിപ്പിക്കുംമുമ്പ് മണ്ണിൽ വളപ്രയോഗം നടത്തണം. ഇതിലേക്ക് ഷീറ്റ് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.

● പുല്ല് പിടിപ്പിക്കുമ്പോൾ ഇടയിൽ ഫലവൃക്ഷത്തൈകൾ, ചെടികൾ എന്നിവ നട്ടുപിടിപ്പിക്കാറുണ്ട്. ഇതിന് പേൾഗ്രാസാണ് നല്ലത്.

● നട്ടുകഴിഞ്ഞാൽ പച്ചപ്പ് നിലനിർത്താൻ നന നിർബന്ധമാണ്. സ്പ്രിങ്ളർ ഉപയോഗിച്ചുള്ള നനയാണ് മികച്ചത്.

● തണലുള്ള ഇടങ്ങളിൽ മെക്സിക്കൻ ഗ്രാസ് വളരില്ല.

● നട്ട ശേഷവും വളപ്രയോഗം നിർബന്ധം.

● വളരുന്നതനുസരിച്ച് പുല്ല് കട്ട് ചെയ്യണം.

നാച്വറൽ സ്റ്റോൺ തിരഞ്ഞെടുക്കുമ്പോൾ

● ഭാരം താങ്ങാനുള്ള ശേഷി നോക്കിവാങ്ങണം. വീട്ടിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കയറ്റാനായി 40 എം.എം കനത്തിലുള്ള സ്റ്റോണുകൾ മതിയാകും. എന്നാൽ, ഭാരമുള്ള വാഹനങ്ങൾ കയറുന്ന മുറ്റമാണെങ്കിൽ ശേഷി കൂടുതലുള്ള കല്ലുകൾ വിരിക്കണം. അല്ലാത്തപക്ഷം പൊട്ടിപ്പോകാനിടയുണ്ട്.

● ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കടപ്പ സ്റ്റോൺ ഉപയോഗപ്പെടുത്താം. കല്ലുകൾ പല വലുപ്പത്തിലും കനത്തിലും ലഭ്യമാണ്. കനം കുറയുന്നതനുസരിച്ച് വിലയും കുറയും. ഇഷ്ടമുള്ള ഡിസൈനുകൾ മുറ്റത്ത് ഒരുക്കാൻ ഇതിലൂടെ സാധിക്കും.

● ബജറ്റ് ഉള്ളവർക്ക് താന്തൂർ സ്റ്റോൺ മികച്ചതാണ്. കനം കുറയുന്നതനുസരിച്ച് വിലയും കുറയും. താന്തൂർ സ്റ്റോൺ മഞ്ഞ, ഗ്രേ, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. താന്തൂർ, കടപ്പ സ്റ്റോണുകൾ ചെറിയ പീസുകളായും ലഭ്യമാണ്.

● ബാംഗ്ലൂർ സ്റ്റോൺ: മെച്ചപ്പെട്ട ഭാരവാഹന ശേഷിയുള്ളത്. റഫ്, ഫ്ലയിംഡ് തുടങ്ങിയ ഫിനിഷുകളിൽ ലഭ്യമാണ്. മറ്റുള്ളവയെ അപേക്ഷിച്ച് വില അൽപം കൂടുതലാണ്. ചെറിയ സൈസുകളിലും ലഭ്യമാണ്.

● നാച്വറൽ സ്റ്റോൺ ചൂടാണെങ്കിലും തണുപ്പാണെങ്കിലും വേഗം ആഗിരണം ചെയ്യും. വിസരണം ചെയ്യുന്നത് കുറവുമാണ്. ഉള്ളതിൽ കൂടുതൽ താപപ്രതിഫലനമുള്ളത് കടപ്പാ കല്ലിനാണ്. കുറവ് ബാംഗ്ലൂർ സ്റ്റോണിനും.

● ഇന്‍റർലോക്ക് കട്ടകളേക്കാൾ ഗ്രിപ്പുള്ള മെറ്റീരിയലാണ് നാച്വറൽ സ്റ്റോൺ. വഴുക്കൽ, പായൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കല്ലുകൾ വെള്ളം ഭൂമിയിൽ ഇറങ്ങുംവിധമോ ഒഴുക്കിവിടുംവിധമോ വിരിക്കുന്നതിനാൽ വഴുക്കൽ സാധ്യത കുറവാണ്.

ലാൻഡ്സ്കേപ്പിങ്

വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുന്ന ഒന്നാണ് ലാൻഡ്സ്കേപ്പിങ്. ഔട്ട്ഡോർ ലിവിങ് സ്പേസാണിത്. അതിനാൽ പ്ലാനി​ങ്ങോടെ ഒരുക്കണം. ആദ്യം എങ്ങനെ വേണമെന്ന് ഡിസൈൻ ചെയ്യണം. ഭൂമിയുടെ ചരിവ്, താഴ്ച, കാലാവസ്ഥ എന്നിവ പരിശോധിക്കണം.

മണ്ണൊലിപ്പ് തടയാനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാനും സഹായിക്കുന്നതാണ് ലാൻഡ്സ്കേപ്പിങ്. ലാൻഡ്സ്കേപ്പിന് നിലം ഒരുക്കുമ്പോൾ ശ്രദ്ധിക്കാം:

● ആദ്യം മണ്ണ് പരിശോധിക്കണം. ഉപ്പുരസമുള്ള മണ്ണും ചളിയുള്ളതും വെള്ളാരങ്കല്ലുള്ളതും ലാൻഡ്സ്കേപ്പിന് പറ്റിയതല്ല.

● അരയടി ആഴത്തിൽ മണ്ണെടുത്ത് അവിടെ പുല്ലുനടണം.

● വെള്ളം കെട്ടിനിൽക്കാൻ പാടില്ല.

ലാൻഡ്സ്കേപ്പിങ് രണ്ടുതരത്തിലാണുള്ളത്.

● ഹെവി ലാൻഡ്സ്കേപ്പിങ്: വലിയ നടപ്പാതകളും നടവഴികളും ജലാശയങ്ങളും ജലധാരകളും നിർമിച്ചുള്ള രീതിയാണിത്.

● നോർമൽ ലാൻഡ്സ്കേപ്പിങ്: വീട് നിർമാണം കഴിഞ്ഞ് ബാക്കിവരുന്ന സാധനങ്ങൾ ഉപയോഗിച്ച് ചെറുകുന്നുകൾ നിർമിച്ച് അതിൽ പുല്ലുകളും ചെടികളും നട്ടുപിടിപ്പിക്കാം. പ്ലോട്ടിൽ കോൺക്രീറ്റ് കൊണ്ട് നടപ്പാത ഒരുക്കരുത്. മഴക്കാലത്ത് വഴുക്കലുണ്ടാകും.

​ഫ്രന്‍റ് യാർഡ്

ലോൺ ഒരുക്കുന്നതിനുപകരം ഇലച്ചെടികൾ വളർത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഒരു ഭാഗം മാത്രം ലോൺ ആക്കി മാറ്റുന്നതും കണ്ടുവരുന്നുണ്ട്.

ബാക്ക് യാർഡ്

പിൻമുറ്റത്ത് പൂന്തോട്ടം നിർമിക്കാം. വീടി​ന്‍റെ അടുക്കളയിൽനിന്ന് ഇവിടേക്കിറങ്ങാൻ പ്രത്യേക വാതിലും നൽകാം. ഈ ഇടം എപ്പോഴും ഭംഗിയായി സൂക്ഷിക്കണം. സാധനങ്ങൾ വലിച്ചുവാരി ഇടരുത്.

അതിരിൽ ചെറിയ കുറ്റിച്ചെടികൾ നൽകാം

വീടിന് ചുറ്റുമതിൽ പ്രധാനമാണ്. ആവശ്യത്തിന് വിടവുകൾ നൽകി ഡ്രെയിനേജ് സംവിധാനം ഒരുക്കി വേണം കോമ്പൗണ്ട് വാളുകൾ ചെയ്യാൻ. എങ്കിൽ മഴക്കാലത്ത് വെള്ളം മുറ്റത്ത് കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

റിബിൻ വി.കെ 
Elegants Builders
Ulliyeri, Calicut





Tags:    
News Summary - know about landscaping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.