വീട് നിർമിക്കുമ്പോൾ സൗകര്യം, ഉപയോഗക്ഷമത, ഭംഗി, കാഴ്ച എന്നിവക്കെല്ലാം ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ എല്ലാത്തിലും ഗുണമേന്മക്ക് ഏറെ കരുതൽ നൽകാറുണ്ട്.
എന്നാൽ, ഗുണമേന്മയുൾപ്പെടെയുള്ള കാര്യത്തിൽ മിക്കയാളുകളും അധിക ശ്രദ്ധ നൽകാതെ പോകുന്ന വീട്ടിലെ പ്രധാന നിത്യോപയോഗ സാധനങ്ങളുണ്ട്. അതിലൊന്നാണ് ക്ലോസറ്റ്.
ഏത് വാങ്ങണം, എന്തെല്ലാം ശ്രദ്ധിക്കണം, ഫിറ്റിങ്സിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങി പല കാര്യങ്ങളും അറിയാത്തവരാണ് മിക്കവരും. ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
സാധാരണ ഉപയോഗിക്കുന്ന വാട്ടർ ക്ലോസറ്റുകൾ
1. ഇന്ത്യൻ ക്ലോസറ്റ് (Orissa pan)
ആരോഗ്യത്തിന് ഏറ്റവും നല്ലത് ഇന്ത്യൻ ക്ലോസറ്റാണ്. വീട്ടിൽ ഒരു ഇന്ത്യൻ ക്ലോസറ്റ് എങ്കിലും വെക്കുന്നത് നല്ലതാണ്. കുട്ടികൾക്കും ഇതാണ് ഉത്തമം.
2. യൂറോപ്യൻ ക്ലോസറ്റ് (European)
ഇന്ന് ഏറെ ഡിമാൻഡുള്ളതും വ്യാപകമായി ഉപയോഗത്തിലുള്ളതുമാണിത്. എളുപ്പം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇവയിൽ തന്നെ സെൻസറുകൾ ഘടിപ്പിച്ചവയടക്കം പല ഉപവിഭാഗങ്ങളും ഉണ്ട്.
ഇതിൽ വൺപീസ് ക്ലോസറ്റ് (one piece closet), വാൾ മൗണ്ടഡ് ക്ലോസറ്റ് (wall mounted closet) എന്നിങ്ങനെ രണ്ടു വിഭാഗമാണുള്ളത്.
വൺപീസ് ക്ലോസറ്റ്: ഫ്ലഷ് ടാങ്കും ക്ലോസറ്റും ഒരുമിച്ചു വരുന്നതാണ്. സ്യൂട്ട് എന്നും അറിയപ്പെടാറുണ്ട്.
ആംഗ്ലോ ഇന്ത്യൻ (Anglo Indian): വൺപീസ് ക്ലോസറ്റിൽ ഉൾപ്പെട്ട വിഭാഗം. ഇന്ത്യൻ രീതിയിൽ ഉപയോഗിക്കാവുന്ന യൂറോപ്യൻ ക്ലോസറ്റാണിത്. ഇന്ത്യൻ ടോയ്‌ലറ്റിൽ ഇരിക്കുന്നതുപോലെ കയറിയിരുന്ന് ഉപയോഗിക്കാം.
വാൾ ഹാങ് ക്ലോസറ്റ്: ഫ്ലോർ മൗണ്ടിൽനിന്ന് വ്യത്യസ്തമായി ഭിത്തിയിലാണ് ഇത് സ്ഥാപിക്കുന്നത്. ടോയ്‌ലറ്റിന്‍റെ തറയിൽ സ്പർശിക്കുന്നില്ലെങ്കിലും ക്ലോസറ്റിന്‍റെയും അതിൽ ഇരിക്കുന്നയാളുടെയും ലോഡ് ഭിത്തിയിലേക്ക് ട്രാൻസ്ഫർ ചെയ്യും വിധം തന്നെയാണ് രൂപകൽപന. ഇതിന്‍റെ ഫ്ലഷ് ടാങ്ക് ചുമരിന്‍റെ അകത്താണ് സ്ഥാപിക്കുന്നത്. സ്ഥല ലാഭത്തിനൊപ്പം ബാത്ത് റൂം ക്ലീൻ ചെയ്യാനും എളുപ്പമാണ്.
ശ്രദ്ധവേണം ഇക്കാര്യങ്ങളിൽ
ക്ലോസറ്റ് ബോഡി: ഷേപ്പും ഡിസൈനുമുള്ള ക്ലോസറ്റ് ബോഡി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതില്‍ പെട്ടെന്ന് പൊടി പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. ഇത് വൃത്തിയാക്കിയെടുക്കാനും ബുദ്ധിമുട്ടാവും. ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ബോഡി പ്ലെയിൻ മോഡലുകൾക്ക് മുൻഗണന നൽകാം.
ക്ലോസറ്റ് റിം: പണ്ടത്തെ ക്ലോസറ്റുകളുടെ അരികും ഉൾഭാഗവും മറ്റും വൃത്തിയാക്കിയെടുക്കൽ ബുദ്ധിമുട്ടായിരുന്നു. ഇതുമൂലം പൂർണമായി വൃത്തിയാക്കാനാവാതെ അഴുക്കുപിടിച്ച് നിറവ്യത്യാസമുണ്ടാകും. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ റിംലെസ് ക്ലോസറ്റ് തിരഞ്ഞെടുക്കാം. നോർമൽ റിം, ബോക്സ് റിം, പവർ റിം, റിംലെസ് എന്നിങ്ങനെ നാലുതരമുണ്ട്.
ഫ്ലഷിങ് സിസ്റ്റം: ക്ലോസറ്റിനൊപ്പം ഫ്ലഷിങ് സിസ്റ്റവും ഏറ്റവും മികച്ചതുതന്നെ തിരഞ്ഞെടുക്കാം. വാഷ് ഡൗൺ, സൈഫോണിക് എന്നിങ്ങനെ രണ്ടുതരം ഫ്ലഷ് സിസ്റ്റമാണുള്ളത്. വാഷ് ഡൗൺ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതാണ്. സൈഫോണിക് എന്നാൽ എയറും വെള്ളവും മിക്സ് ചെയ്തുള്ള ഫ്ലഷ് സംവിധാനവും. വാഷ് ഡൗൺ ആണ് നിലവിലെ ട്രെൻഡ്.
ഹാഫ് ഫ്ലഷ്, ഫുൾ ഫ്ലഷ് ബട്ടണുകൾ ഉള്ളവ തിരഞ്ഞെടുത്താൽ ജലത്തിന്‍റെ അമിതോപയോഗം പരിധിവരെ നിയന്ത്രിക്കാം. നോർമൽ ഗ്രാവിറ്റി ഫ്ലഷിങ് സിസ്റ്റമുള്ള ക്ലോസറ്റുകൾക്കുപകരം ടൊർണാഡോ ഫ്ലഷിങ് സിസ്റ്റമുള്ളത് തിരഞ്ഞെടുക്കാം.
ഇത് വെള്ളം ട്വിസ്റ്റ് ചെയ്ത് ക്ലോസറ്റിന്‍റെ എല്ലാ ഭാഗവും വൃത്തിയാക്കിയെടുക്കാൻ സഹായിക്കും. പൊതു സ്ഥലങ്ങളിൽ ഫ്ലഷ് ടാങ്കിനുപകരം ഫ്ലഷ് കോക്ക് ഉപയോഗിക്കുന്നതാണ് ഉചിതം.
പി ട്രാപ്പും എസ് ട്രാപ്പും: പി ട്രാപ്, എസ് ട്രാപ് എന്നിങ്ങനെ രണ്ടുതരം ക്ലോസറ്റുകളുണ്ട്. ക്ലോസറ്റുകളുടെ ഔട്ട്‌ലെറ്റ് പൈപ്പുകളുടെ ഘടനയിലെ വ്യത്യാസമാണ് ഈ പേരുകൾ സൂചിപ്പിക്കുന്നത്. പി ട്രാപ് ക്ലോസറ്റുകളിൽ ഔട്ട്‌ലെറ്റ് പൈപ്പ് നേരെ പിറകുവശത്തേക്കാണ്. എസ് ട്രാപ്പിൽ അത് താഴേക്കാണ്.
സീവേജ് പൈപ്പ് തറക്കുള്ളിലൂടെ കൊണ്ടുപോകാൻ സൗകര്യമുള്ളയിടത്ത് എസ് ട്രാപ് ക്ലോസറ്റുകളാണ് ഉചിതം. ഒന്നാം നിലയിലും മറ്റും ഇതു പ്രാവർത്തികമല്ലാതെ വരുന്ന സാഹചര്യങ്ങളിൽ ക്ലോസറ്റിനുപിറകിലെ ഭിത്തി തുരന്നാണ് പൈപ്പ് കണക്ട് ചെയ്യുക. ഇവിടെ പി ട്രാപ് ക്ലോസറ്റുകളാണ് അനുയോജ്യം.
വാട്ടർ സീൽ: ക്ലോസറ്റിൽനിന്ന് പുറത്തുപോകുന്ന പൈപ്പിൽ അന്തരീക്ഷ മർദം തന്നെയാവണം. മർദവ്യതിയാനം സംഭവിച്ചാൽ ക്ലോസറ്റിലെ വാട്ടർ സീൽ നഷ്ടപ്പെടുകയും ബാത്റൂമിൽ ദുർഗന്ധം കെട്ടിനിൽക്കുകയും ചെയ്യും.
വാട്ടർസീൽ എന്നത് ക്ലോസറ്റിനുള്ളിലെ വെള്ളമാണ്. അത് എപ്പോഴും അവിടെയുണ്ടാകും. ആ വെള്ളം കാരണം സെപ്റ്റിക് ടാങ്കിലെ ദുഷിച്ച മണം ബാത്റൂമിൽ പ്രവേശിക്കില്ല.
ടോപ് ലീഡ് കവര്‍: ക്ലോസറ്റ് മൂടിവെക്കാന്‍ ടോപ് ലീഡ് കവറുള്ളത് തിരഞ്ഞെടുക്കാം. ടോപ് ലീഡ് കവര്‍ ബോട്ടം ലീഡ് കവറിനെ മൂടിനില്‍ക്കുന്ന വിധത്തിലാവണം. ഇത്തരം ക്ലോസറ്റിൽ കൈകൊണ്ട് തൊടാതെ തന്നെ ബോട്ടം ലീഡ് കവര്‍ ഉയർത്തിവെക്കാനാവും.
ഇത് കൈകളില്‍ അണുക്കള്‍ പെടാതിരിക്കാൻ സഹായിക്കും. അതുപോലെ തന്നെ അഴിച്ചുവെക്കാനും വീണ്ടും തിരിച്ച് ഫിറ്റ് ചെയ്യാനും സാധിക്കുന്നത് വാങ്ങുന്നതും നല്ലതാണ്.
ക്ലോസറ്റ് അപകടകാരിയോ?
ഈയിടെയാണ് വാൾ മൗണ്ടഡ് ക്ലോസറ്റ് തകർന്നുവീണ് അതിന്‍റെ ചീളുകൾ തറച്ച് രക്തം വാർന്ന് സ്ത്രീ മരിച്ചെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. അതോടെ ‘വാൾ ഹാങ്ങിങ് ക്ലോസറ്റുകൾ സുരക്ഷിതമാണോ’ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ സജീവമായി.
എന്നാൽ, വിദേശ രാജ്യങ്ങളിൽ ഇന്ന് കൂടുതലും വാൾ മൗണ്ടഡ് ക്ലോസറ്റുകളാണ് ഉപയോഗിക്കുന്നത്. ചുമരിൽ ഘടിപ്പിക്കുന്നതിലെ തകരാറോ ഈ ക്ലോസറ്റിൽ മാത്രം സംഭവിച്ച പിഴവോ ആകാം അപകടത്തിനിടയായതെന്നാണ് വിദഗ്ധർ പറയുന്നത്.
പൊട്ടിവീണ ക്ലോസറ്റിന്‍റെ കനമേറിയ കൂർത്ത, മൂർച്ചയുള്ള സെറാമിക് ചീളുകൾ ശരീരത്തിൽ മരണകാരണമായ മുറിവുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. അനിയന്ത്രിത രക്തസ്രാവം, ഉള്ളിൽനിന്ന് പൂട്ടിയ വാതിൽ, വീട്ടിൽ മറ്റാരുമില്ലാത്ത അവസ്ഥ, മറ്റുള്ളവരെ വിളിക്കാനുള്ള വൈമനസ്യം ഒക്കെ അപകട സാധ്യത വർധിപ്പിക്കും.
ക്ലോസറ്റ് ഏത് മോഡലായാലും അലസതയോടും അശ്രദ്ധയോടെയുമുള്ള ഉപയോഗവും ചിലപ്പോൾ അപകടത്തിന് ഇടവരുത്തിയേക്കാം.
വാങ്ങുന്നതിനും ഫിറ്റ് ചെയ്യുന്നതിനും മുമ്പ്
കേൾക്കുമ്പോൾ ക്ലോസറ്റ് ഫിറ്റിങ്സിൽ അത്ര പ്രാധാന്യം നൽകണോ എന്ന് സംശയം തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്.
● വാഷ് ബേസിനുകൾ, ബാത്റൂം-ടോയ്ലറ്റ് ഫിറ്റിങ്സ് എന്നിവയിൽ പുതുമയും ഒപ്പം ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങൾ തന്നെ തിരഞ്ഞെടുക്കുക. അതിനായി കുറച്ച് പണം ചെലവാക്കിയാലും നഷ്ടമില്ല.
● ക്ലോസറ്റ് പോലുള്ള ബാത്റൂം ഉപകരണങ്ങൾ അംഗീകൃത ഡീലറിൽനിന്ന് മാത്രം വാങ്ങുക.
● പലപ്പോഴും വീട്ടുടമ നേരിട്ട് കടകളിൽ പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഏത് ബ്രാൻഡ് തിരഞ്ഞെടുക്കണമെന്നതും അളവുകളെ പറ്റിയും കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. പർച്ചേസിനു മുമ്പ് പ്ലംബറുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
● ഓഫ് ലൈൻ, ഓൺലൈൻ വില താരതമ്യം ചെയ്തശേഷം പർച്ചേസ് ചെയ്യാം.
● ഇ-കോളി ബാക്ടീരിയ പോലുള്ളവയെ പ്രതിരോധിക്കാൻ ആന്‍റി ബാക്ടീരിയൽ കോട്ടിങ് ഉള്ള ക്ലോസറ്റ് തിരഞ്ഞെടുക്കാം.
● ബാത്റൂമിന്‍റെ വലുപ്പം അനുസരിച്ചുള്ള ഫിറ്റിങ്സ് വേണം തിരഞ്ഞെടുക്കാൻ.
● പൈപ്പ് എത്രമാത്രം പ്രഷറിൽ വെള്ളം തരുമെന്ന കാര്യവും ശ്രദ്ധിക്കണം. പലപ്പോഴും ഭംഗി മാത്രം നോക്കി വാങ്ങുന്ന ഉപകരണങ്ങളിൽനിന്ന് ആവശ്യത്തിന് പ്രഷറിൽ വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാവാറുണ്ട്.
● ഡിസൈന് കൂടുതൽ പ്രാധാന്യം നൽകാതിരിക്കുന്നതാണ് നല്ലത്. വൃത്തിയാക്കാൻ പ്രയാസമായിരിക്കും. മാത്രമല്ല, കൂടുതൽ ഡിസൈൻ നൽകുന്ന ഉൽപന്നത്തിന് ക്വാളിറ്റി ഉണ്ടായിരിക്കണമെന്നുമില്ല.
● ഏതു വലിയ ബ്രാൻഡ് ആണെങ്കിലും ചെറിയ ഡാമേജുള്ള ക്ലോസറ്റുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടിയാലും വാങ്ങാതിരിക്കുക.
● വാങ്ങിയ സെറാമിക് ഉൽപന്നങ്ങളിൽ സ്വന്തമായി സൂക്ഷ്മപരിശോധന നടത്തുക. അതിസൂക്ഷ്മ പൊട്ടലുകൾപോലും ഇല്ല എന്നുറപ്പുവരുത്തുക.
● ജോലി ഏൽപ്പിക്കുന്ന പ്ലംബർ അനുഭവസമ്പത്തുള്ളയാളാണെന്ന് ഉറപ്പാക്കുക.
● ഘടിപ്പിക്കുമ്പോൾ കമ്പനി നിർദേശങ്ങൾ പൂർണമായി പാലിക്കുക.
● ഫിക്സിങ്ങിലെ പിഴവ് പലവിധത്തിൽ അപകടകാരണമായേക്കാം. ക്ലാംപ് ഊരിപ്പോവൽ, ക്ലാംപ് ദുർബലമാവൽ, ക്ലോസറ്റിന്‍റെ ഏതെങ്കിലും ഭാഗം സപ്പോർട്ട് ചെയ്യാതെവരുക എന്നിങ്ങനെ പല പ്രശ്നങ്ങൾ സംഭവിക്കാം.
● സെറാമിക് ഉൽപന്നങ്ങളിൽ ചുറ്റിക പോലുള്ള വസ്തുക്കൾ കൊണ്ട് തട്ടി ഉറപ്പിക്കുന്ന പ്ലംബർമാരുടെ രീതി നിരുത്സാഹപ്പെടുത്തുക.
● വാങ്ങി വീട്ടിലെത്തിച്ച ഉപകരണങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യാതിരിക്കുക.
● നാപ്കിൻ, ഡയപ്പർ പോലുള്ള വസ്തുക്കൾ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാതിരിക്കുക.
● ഒട്ടുമിക്ക ഡിസൈനും (തറയിൽ ഉറപ്പിക്കുന്നത്) ഫ്ലോറിൽ സ്ക്രൂ ചെയ്യാൻ കഴിയാത്തതിനാൽ ഒട്ടിക്കുകയാണ് ചെയ്യുന്നത്. അതിനായി നല്ല സിലിക്കോൺ മാത്രം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ കാലക്രമേണ കറുത്ത എച്ചിൽവന്ന് വൃത്തികേടാവാനിടയുണ്ട്.
● ക്ലോസറ്റിന്‍റെ അടപ്പ് ശരിയായി അടയുന്നുണ്ടോ എന്ന് ഉറപ്പാക്കുക.
● ചുമരിൽ പൈപ്പ് ലൈൻ പോകുന്ന ഭാഗങ്ങൾ വ്യക്തമായി വരച്ചുവെക്കണം. ടവൽ റോഡ്, സോപ്പ് ഡിഷ് തുടങ്ങിയവ വെക്കാൻ ഡ്രിൽ ചെയ്യുമ്പോൾ പൈപ്പ് പൊട്ടിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
● ബാത്റൂമിൽ വെന്‍റിലേഷൻ സൗകര്യം ഉറപ്പാക്കുക.
● സോപ്പുവെള്ളം പോലുള്ള നോർമൽ ഡിറ്റർജെന്‍റ് മാത്രം ഉപയോഗിച്ച് ക്ലോസറ്റ് കഴുകുക. ഹാർഡ് ഡിറ്റർജെന്‍റ് ഉപയോഗിക്കുന്നതുവഴി ആന്‍റി ബാക്ടീരിയൽ കോട്ടിങ് നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം.
കടപ്പാട്:
ഫസലു റഹ്മാൻ
Area Sales Manager
(Promax)
Grohe & American Standard
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.