സ്കൂളുകൾ തുറന്നു, പ്രവേശനോത്സവവും അപരിചിതത്വവും പരിചയപ്പെടലുകളുമെല്ലാം കഴിഞ്ഞു. ഇനി പഠനത്തിന്‍റെയും ഹോംവര്‍ക്കിന്‍റെയും കാലം. വീട്ടിലെ കുട്ടികളെല്ലാം ഹാളിലോ ഉമ്മറത്തോ കൂട്ടമായി ഇരുന്ന് എഴുതിപ്പഠിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഒട്ടുമിക്ക വീടുകളിലും ഇപ്പോള്‍ കുട്ടികള്‍ക്ക് മാത്രമായി കിടപ്പുമുറികളും പഠനമുറികളും പണിതു തുടങ്ങി.
എവിടെയെങ്കിലും മേശയും കസേരയും ഇട്ട് നല്‍കിയോ അല്ലെങ്കില്‍ എല്ലാവരും ഉപയോഗിക്കുന്ന ഡൈനിങ് ടേബ്ളോ കിടപ്പുമുറിയോ പഠനമുറി ആക്കാമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. സ്കൂള്‍ വിട്ടുവന്നാല്‍ ശാന്തമായി ഇരുന്ന് പഠിക്കാന്‍ പറ്റിയ ഒരിടമാണ് വേണ്ടത്.
ഒപ്പം മാതാപിതാക്കളുടെ കണ്ണുകള്‍ കടന്നുചെല്ലാനും കഴിയണം. അതായിരിക്കണം ഓരോ കുട്ടിയുടെയും പഠനമുറി. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എവിടെയാകണം പഠനമുറി?
വീട്ടില്‍ അത്യാവശ്യം സൗകര്യവും അധിക മുറികളുമുണ്ടെങ്കില്‍ അത് പഠനമുറിയായി മാറ്റാം. എന്നാല്‍, ചെറിയ അപ്പാര്‍ട്ട്മെന്‍റോ വീടോ ആണെങ്കില്‍ ഒരു കോര്‍ണര്‍ തിരഞ്ഞെടുക്കാം.
കുട്ടികളുടെ കിടപ്പുമുറിയുടെ ഒരു മൂലയോ സ്വീകരണമുറിയിലെ ഇടമോ അതുമല്ലെങ്കില്‍ സ്റ്റെയര്‍ കേസിന്‍റെ സ്റ്റോറേജ് സ്പേസോ പഠനമുറിയായി സജ്ജീകരിക്കാം. ഏത് സ്ഥലത്ത് സജ്ജീകരിച്ചാലും മാതാപിതാക്കളുടെ ശ്രദ്ധ ചെല്ലുന്ന ഇടമായിരിക്കണം.
ധാരാളം വെളിച്ചവും വായുസഞ്ചാരവും കിട്ടുന്ന ഇടമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ടി.വിയുടെയും മറ്റുള്ളവരുടെയും ശബ്ദം, അടുക്കളയിലെ ശബ്ദം ഇവയൊന്നും കുട്ടികളുടെ പഠനത്തെ ശല്യപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.
വെളിച്ചം മുഖ്യം
പഠനമുറി രൂപകൽപന ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ലൈറ്റിങ് തന്നെയാണ്. പഠിക്കുന്ന സമയത്ത് കുട്ടികള്‍ മണിക്കൂറുകളോളം ഇവിടെയാകും ചെലവഴിക്കുക. അതുകൊണ്ട് പരമാവധി പ്രകൃതിദത്ത വെളിച്ചം കിട്ടുന്ന ഇടമായിരിക്കാന്‍ ശ്രദ്ധിക്കുക.
ജനാലകള്‍ക്കരികില്‍ പഠനമുറിയൊരുക്കുമ്പോൾ പുറത്തേക്ക് നോക്കിയിരുന്ന് കുട്ടികളുടെ ശ്രദ്ധ മാറിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ജനാലകള്‍ക്ക് എതിരായി സജ്ജീകരിക്കുന്നത് വായുവും വെളിച്ചവും കുറയാനും ഇടവരുത്തും.
ഇത് ഒഴിവാക്കാന്‍ ജനാലയില്‍ ലളിതവും ഇളം നിറത്തിലുമുള്ള കര്‍ട്ടൻ സ്ഥാപിക്കാം. ആവശ്യമുള്ളപ്പോള്‍ കാഴ്ചമറയ്ക്കുന്ന രീതിയില്‍ കര്‍ട്ടൻ ഇടുകയും ചെയ്യാം. എന്നാല്‍, കാറ്റും വെളിച്ചവും നഷ്ടമാകുകയും ചെയ്യില്ല.
ലൈറ്റുകള്‍ സ്ഥാപിക്കുന്ന സമയത്ത് ബുക്കിലേക്ക് നിഴല്‍ വീഴുന്ന രീതിയിലാകരുത്. ടേബ്ൾ ലാംപ്/ഡെസ്ക് ലാംപ് എന്നിവയും ഉപയോഗിക്കാം. ലൈറ്റുകള്‍ അധികം മങ്ങിയതാകരുത്. എന്നാല്‍, വല്ലാതെ തെളിച്ചമുള്ളതുമാകരുത്. ലൈറ്റുകള്‍ കണ്ണിലേക്ക് നേരിട്ട് പതിക്കുന്ന രീതിയില്‍ ആകാതിരിക്കാനും ശ്രദ്ധിക്കുക.
അലങ്കാരങ്ങൾ അമിതമാകേണ്ട
പഠനമുറിയാണെന്ന് കരുതി അമിത അലങ്കാരങ്ങള്‍ വേണമെന്നില്ല. ഒന്നോ രണ്ടോ ഇന്‍ഡോര്‍ പ്ലാന്‍റ് സ്റ്റഡി ഏരിയയില്‍ വെക്കാം. ശുദ്ധവായു കിട്ടാന്‍ ഇത് സഹായിക്കും. കുട്ടികള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന രീതിയിലുള്ള പോസ്റ്ററുകളോ ഡെക്കറേഷനോ ചെയ്യാം. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് പഠിക്കാനുള്ള ഇക്വേഷനുകളും മറ്റും ചാര്‍ട്ടുകളായി ചുമരില്‍ പതിപ്പിക്കാം.
ചുമരില്‍ വൈറ്റ് ബോര്‍ഡും സജ്ജീകരിക്കാം. അവര്‍ക്ക് ഓര്‍ത്തിരിക്കാനുള്ള കാര്യങ്ങള്‍ കുറിച്ചുവെക്കാനും വരക്കാനുമെല്ലാം ഇത് സഹായകരമാകും. കൂടാതെ പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും എപ്പോഴും അടുക്കും ചിട്ടയിലും വെക്കുക.
കടുംനിറങ്ങള്‍ വേണ്ട
ചുമരിലടിച്ച നിറവും കുട്ടികളുടെ പഠനവും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുകയാണോ. ഏത് നിറമായാലെന്ത് പഠിക്കുന്ന കുട്ടികള്‍ പഠിക്കുമെന്ന് ചില രക്ഷിതാക്കളെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ചുമരിലെ നിറങ്ങള്‍ക്കും അതിന്‍റേതായ സ്വാധീനം കുട്ടികളില്‍ ചെലുത്താനാകും. ഇളം നിറങ്ങളായിരിക്കും കുട്ടികളുടെ പഠനമുറിക്ക് എപ്പോഴും നല്ലത്.
ഇളം പച്ച, മഞ്ഞ, ഇളം നീല, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളെല്ലാം പഠനമുറിക്ക് അനുയോജ്യമാണ്. കുട്ടികളില്‍ പോസിറ്റിവ് എനര്‍ജി നിറക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ നിറങ്ങള്‍ സഹായിക്കും. കിടപ്പുമുറിയിലോ സ്വീകരണമുറിയിലോ ആണ് പഠനമുറി സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ ആ ഭാഗം മാത്രം ഇത്തരം നിറങ്ങളുടെ വാള്‍പേപ്പര്‍ ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്.
ശ്രദ്ധ വേണം, ഫര്‍ണിച്ചറിലും
സ്റ്റഡി ടേബ്ള്‍, കസേര, പുസ്തക ഷെല്‍ഫുകള്‍ ഇവയാണ് പഠനമുറിയില്‍ അത്യാവശ്യമായി വേണ്ട ഫര്‍ണിച്ചർ. അത് പഠനമുറിയുടെ സ്ഥലവും സ്ഥലപരിമിതിയും നോക്കി വേണം തിരഞ്ഞെടുക്കാന്‍. ഒരുപാട് ഫര്‍ണിച്ചറോ സ്റ്റോറേജ് സ്പേസോ നല്‍കുന്നതിലും കാര്യമില്ല. ഡ്രോയറുകളുള്ള സ്റ്റഡി ടേബ്ള്‍ വാങ്ങിയാല്‍ പഠനശേഷം പുസ്തകങ്ങളെല്ലാം അതില്‍ അടുക്കിവെക്കാൻ സാധിക്കും. കൂടാതെ പെന്‍സിൽ, കളര്‍ പെന്‍സിൽ എന്നിവ വെക്കാന്‍ ഇതില്‍ പ്രത്യേക സ്ഥലം കണ്ടെത്തുക.
കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ലാപ്ടോപ് വെക്കാനുള്ള സൗകര്യംകൂടി സ്റ്റഡി ടേബ്ളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യം കഴിഞ്ഞ് മടക്കിവെക്കാവുന്ന കസേരകളും മേശകളും ഇന്ന് വിപണയിൽ ലഭ്യമാണ്. സ്ഥലപരിമിതിയുള്ളവരാണെങ്കിൽ ഇത്തരത്തിലുള്ള ഫർണിച്ചർ വാങ്ങുന്നതാണ് നല്ലത്.
കിടക്കക്ക് അഭിമുഖമായി പഠനമേശ വേണ്ട
പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം വരുന്നതും മടുപ്പ് വരുന്നതും സ്വാഭാവികമാണ്. ആ സമയത്ത് കിടക്ക കാണുമ്പോള്‍ ഒന്ന് കിടന്നിട്ട് വരാമെന്ന് അവരുടെ മനസ്സ് പറയും.
അതുകൊണ്ട് പഠിക്കാനിരിക്കുന്ന മേശ ഒരിക്കലും കിടക്കക്ക് അഭിമുഖമായി ഇടരുത്. അതുപോലെ സ്വീകരണമുറിയിലെ ടി.വി, മ്യൂസിക് സിസ്റ്റം എന്നിവക്കൊന്നും അഭിമുഖമായി സ്റ്റഡി ടേബ്ൾ സജ്ജീകരിക്കരുത്.
ശ്രദ്ധ മാറ്റുന്നതൊന്നും വേണ്ട
കുട്ടികളാണ്, ചെറിയൊരു ശബ്ദം കേട്ടാല്‍പോലും ശ്രദ്ധ അങ്ങോട്ടു പോകും. പ്രത്യേകിച്ച് പഠിക്കുന്ന സമയത്ത്. ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗവും സ്മാർട്ട് ഫോണും ടാബും കൂടുതലായി ഉപയോഗിക്കുന്നവരാണ്. അതില്‍തന്നെ നല്ലൊരു വിഭാഗം സ്മാര്‍ട്ട് ഫോണിന് അടിമകളാണെന്നുതന്നെ പറയാം.
അതുകൊണ്ട് പഠിക്കുന്ന സമയത്ത് കുട്ടികള്‍ ഇരിക്കുന്ന ഭാഗത്ത് ഫോണ്‍ വെക്കാതിരിക്കുക. കുട്ടികളെ പഠിപ്പിക്കാനിരിക്കുന്ന മാതാപിതാക്കളും ആ സമയത്ത് ഫോണ്‍ ദൂരെ മാറ്റിവെക്കുക.
ഇതിന് പുറമെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ടെഡിബിയറുകൾ, വണ്ടികള്‍ ഇവയൊന്നും പഠനമുറിയില്‍ വേണ്ട. ഇനി വെക്കുകയാണെങ്കില്‍ തന്നെ അവര്‍ക്ക് പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന രീതിയില്‍ വെക്കാതിരിക്കുക. കണ്ണാടിയോ മുഖംകാണുന്ന രീതിയിലുള്ള വസ്തുക്കളോ സ്റ്റഡി ടേബ്ളിന് സമീപം വെക്കാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.