കാലം കഴിയുന്തോറും വീട് പഴകുകയാണ്, സൗകര്യങ്ങൾ കുറയുകയാണ്. അംഗസംഖ‍്യ വർധിക്കുമ്പോൾ വീട്ടിലെ അസൗകര്യങ്ങളും വർധിക്കും.
സൗന്ദര്യ സങ്കൽപങ്ങളും ട്രെൻഡുകളും മാറിവരുന്നതിനാൽ വീട് നവീകരണത്തിന്‍റെ പ്രസക്തി വർധിക്കുന്നു. ഏത് രീതിയിലുള്ള പൊളിച്ചുപണിയായാലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയിലേക്ക്...
പ്ലാനിങ്
എന്തുകൊണ്ട് വീട് നവീകരണം എന്ന കാര്യം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കൂടിയാലോചിക്കണം. ആ ചർച്ചയിലൂടെ കൃത്യമായ പ്ലാനിങ്ങിലെത്തണം. പണം, സമയം, ഡിസൈൻ തുടങ്ങി എല്ലാ കാര്യവും ആസൂത്രണം ചെയ്യണം. പുതിയ വീട് പണിയുന്നതിനേക്കാള്‍ ശ്രദ്ധ ആവശ്യമാണ്.
ബ്ലൂപ്രിന്‍റ്
പഴയ വീട്ടിലെ ഏതൊക്കെ ഭാഗങ്ങളാണ് നവീകരിക്കേണ്ടത് എന്ന കാര്യം പുസ്തകത്തിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ നോട്ട് ചെയ്തുവെക്കണം. നിർമാണ പ്രവൃത്തിയുടെ അവസാന ഘട്ടം വരെ ഒരു ബ്ലൂപ്രിന്‍റായി ഇത് ഉപയോഗിക്കാം.
ഡിസൈനർ
പ്ലാനിങ് ഘട്ടത്തിൽതന്നെ ഇന്‍റീരിയർ ഡിസൈനറുടെ സേവനം തേടണം. എത്ര സമയത്തിനുള്ളിൽ ഏതൊക്കെ പ്രവൃത്തികൾ പൂർത്തിയാക്കാം എന്ന് ഒരു പ്രഫഷനൽ ഡിസൈനർക്കോ ആർക്കിടെക്ടിനോ പ്ലാൻ ചെയ്യാനാവും, സമയപരിധിയിൽനിന്നുകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനും കഴിയും.
പ്ലാൻ
നിലവിലുള്ള വീടിന്‍റെ പ്ലാൻ ആദ്യം തയാറാക്കണം. എങ്കിലേ രൂപകൽപനയിൽ കൂട്ടിച്ചേർക്കലും പൊളിക്കലും എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കാൻ കഴിയൂ. പഴയ ഭിത്തികൾ പൊളിച്ചുനീക്കി പുതിയവ നിർമിക്കണമെങ്കിൽ വരുന്ന നിർമാണച്ചെലവ്, ബലം കൂട്ടാനുള്ള മറ്റു ചെലവുകൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി കാണണം.
ബജറ്റ്
നമ്മുടെ മൊത്തം ബജറ്റ് എത്രയാണ് എന്ന് കണക്കാക്കുകയാണ് മറ്റൊരു പ്രധാന ഘടകം. ഇതിന് ഡിസൈനറുടെ സഹായം തേടാം. പ്ലാനിങ്ങിനൊപ്പം തന്നെ ഓരോ പ്രവൃത്തിയുടെയും ചെലവ് കണക്കുകൂട്ടണം. പ്ലംബിങ്ങും വയറിങ്ങും മാറ്റിക്കൊണ്ടുള്ള നവീകരണമാണെങ്കിൽ ചെലവ് വർധിക്കും.
ചെറിയ രീതിയിലുള്ള നവീകരണമാണെങ്കിൽ ഫർണിച്ചർ മാത്രം മാറ്റിയാൽ മതിയാകും. ഓരോ പ്രവൃത്തിക്കും ആവശ‍്യമായി വരുന്ന ചെലവ് കണക്കുകൂട്ടി വെക്കാം. അതോടൊപ്പം നവീകരണ സമയത്ത് പുറത്ത് വാടകക്ക് താമസിക്കുകയാണെങ്കിൽ അതിനുള്ള ചെലവ് കൂടി ബജറ്റിൽ കണക്കാക്കണം.
സമയപരിധി
എത്ര സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും എന്ന കാര്യം മുൻകൂട്ടി തീരുമാനിക്കണം. ചെറിയ രീതിയിലുള്ള നവീകരണമാണെങ്കിൽ വീട്ടിൽ താമസിച്ചുകൊണ്ടുതന്നെ പൂർത്തിയാക്കാം. എന്നാൽ, സമ്പൂർണ നവീകരണമാണെങ്കിൽ നിർബന്ധമായും മാറിത്താമസിക്കേണ്ടി വരും.
പഴയ വീട് പൂർണമായി പൊളിക്കണോ?
പഴയ വീട് പുതുക്കിപ്പണിയുമ്പോള്‍ കൂടുതല്‍ പണം ചെലവാകുമെന്നും അതിനാൽ പൂർണമായി പൊളിച്ചുകളഞ്ഞ് പുതിയത് നിർമിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവായി കേൾക്കുന്നത്. എന്നാൽ, അതേക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
കൃത്യമായ പ്ലാനിങ്ങോടെ പണിതാല്‍ അധികച്ചെലവ് ഉണ്ടാകില്ല. അതിനായി പുതുക്കിപ്പണിയുംമുമ്പ് പഴയ പ്ലാന്‍ കൃത്യമായി പഠിക്കുകയും എവിടെയൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും വേണം.
ആരോഗ്യവും ബലവും
അടിത്തറ മുതൽ റൂഫിങ് വരെയുള്ള മുഴുവൻ ഭാഗങ്ങളുടെയും നിർമാണസാമഗ്രികളുടെയും പഴക്കവും ഉറപ്പും പരിശോധിക്കണം. ഭിത്തികൾ പൊളിച്ചുനീക്കുമ്പോഴോ പുതിയ ഓപണിങ് നൽകുമ്പോഴോ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഈ ഭാഗങ്ങൾ ബലപ്പെടുത്താൻ ഫ്രെയിംഡ് സ്ട്രക്ചർ ആക്കുകയോ ബദൽ മാർഗങ്ങളായ സ്റ്റീൽ, വുഡൻ ബീമുകൾ ഉപയോഗിക്കുകയോ ചെയ്യാം.
സൗകര്യങ്ങൾ
അസൗകര്യങ്ങൾ മൂലമായിരിക്കും പലരും വീട് പുതുക്കിപ്പണിയുന്നത്. എന്നാൽ, നമ്മുടെ ശ്രദ്ധയിൽപെടാത്ത അസൗകര്യങ്ങളും വീട്ടിലുണ്ടാകും. അവ വീട്ടുകാർ കൂടിയാലോചിച്ചും ആർക്കിടെക്ടിനെക്കൊണ്ട് പരിശോധിപ്പിച്ചും കണ്ടെത്തണം. പഴയ മിക്ക വീടുകളിലും സ്വസ്ഥമായി ഇരുന്ന് ജോലി ചെയ്യാൻ സൗകര്യമുണ്ടാകില്ല. വീട് പുതുക്കിപ്പണിയുമ്പോൾ ജോലി ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കണം.
അടിത്തറ, ഭിത്തി
നിലവിലെ അടിത്തറക്കോ ഭിത്തിക്കോ ഒരു തകരാറുമില്ലെങ്കിൽ അത് നിലനിർത്തി ആവശ്യമുള്ളിടത്ത് സ്റ്റീൽ തൂണുകളോ ബീമുകളോ നിർമിക്കാം. സ്ലാബിനകത്തെ കമ്പികൾ തുരുമ്പിച്ചതാണെങ്കിൽ അതിന്‍റെ ആയുസ്സ് പരിശോധിച്ച് ഉറപ്പുവരുത്താം. തുരുമ്പ് ഗുരുതരമല്ലെങ്കിൽ, ചെറിയ മിനുക്കുപണികളിലൂടെയോ അറ്റകുറ്റപ്പണിയിലൂടെയോ ബലപ്പെടുത്താം. ഭിത്തി കുറച്ചുള്ള ഓപൺ പ്ലാനാണ് ട്രെൻഡ്. ചെലവ് കുറയുകയും ചെയ്യും.
പ്ലാസ്റ്ററിങ്
പുതുതായി പ്ലാസ്റ്ററിങ് ചെയ്യുന്നുണ്ടെങ്കില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. വിള്ളലിന്‍റെ കാരണം കണ്ടെത്തി പരിഹരിച്ചശേഷം മാത്രം പ്ലാസ്റ്ററിങ് നടത്തണം. വയറിങ്ങും പ്ലംബിങ് ജോലിയും തീർത്ത് റീപ്ലാസ്റ്ററിങ് ചെയ്യുന്ന രീതിയായിരിക്കും ഉചിതം.
റൂഫിങ്
പഴയ ഓടിട്ട വീടിന്‍റെ മേല്‍ക്കൂരയുടെ പട്ടികകളും കഴുക്കോലും കൂടുതല്‍ നശിച്ചിട്ടുണ്ടെങ്കില്‍ പുതുക്കുമ്പോള്‍ മരത്തിനുപകരം സ്റ്റീലോ ജി.ഐ പൈപ്പോ ഉപയോഗിക്കുന്നതായിരിക്കും ലാഭം.
ഫൗണ്ടേഷനും ഭിത്തിയും നന്നായി ബലപ്പെടുത്തി വേണം കോൺക്രീറ്റ് റൂഫിങ്ങിൽ മാറ്റം വരുത്താൻ. പഴയ ഭിത്തിക്ക് മുകളിൽ ബീം നൽകിയാൽ കോൺക്രീറ്റ് റൂഫിന് കൂടുതൽ ബലവും ഈടും ലഭിക്കും.
മുറികളുടെ എണ്ണം കുറക്കാം
പഴയ വീട്ടില്‍ മുറികളുടെ എണ്ണം കൂടുതലാണെങ്കില്‍ ഭിത്തി ഇടിച്ചുകളഞ്ഞ് മുറികളുടെ വലുപ്പം കൂട്ടി എണ്ണം കുറക്കാം. ഒന്നോ രണ്ടോ മുറികൾ കൂട്ടിയെടുക്കുന്നതോടെ വീടിന്‍റെ സൗകര്യം വർധിക്കും.
രണ്ടു നിലയാക്കാം, ചെലവ് കുറച്ച്
രണ്ടാംനില പണിയുംമുമ്പ് അടിത്തറയുടെ ബലം പരിശോധിക്കണം. ബലം കുറവാണെങ്കിലും മുകളിൽ ഒരു നിലകൂടി നിർമിക്കാനുള്ള സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. വി ബോർഡും പ്ലൈവുഡും പോലുള്ള പാർട്ടീഷൻ മെറ്റീരിയലുകൾ ഭിത്തി നിർമിക്കാൻ ഉപയോഗിക്കാം. കനം കുറഞ്ഞ ഇഷ്ടികകൾ പുറം ഭിത്തികളുടെ നിർമാണത്തിന് ഉപയോഗിക്കാം.
അകത്തുകൂടി ടെറസിലേക്ക് സ്റ്റെയർകേസ് ഇല്ലെങ്കിൽ കോൺക്രീറ്റ് സ്ലാബ് കട്ട് ചെയ്യുന്നതിനുപകരം പുറത്തുകൂടി നിർമിക്കാം.
ബാത്റൂം
പുതിയ ടൈൽ വിരിച്ചും ഫിറ്റിങ്സിൽ ആവശ‍്യമായത് മാറ്റിയും ബാത്റൂമുകൾ ഭംഗിയാക്കാം. ഫാൾസ് സീലിങ് ചെയ്യുമ്പോൾ ഈർപ്പം പ്രതിരോധിക്കുന്ന സാമഗ്രികൾ തിരഞ്ഞെടുക്കണം. ഡബ്ല‍്യു.പി.സി (wood-plastic composite) പോലുള്ള പുതിയ സാമഗ്രികൾ ഉപയോഗിക്കുന്നതാണ് നല്ലത്.
വൈദ്യുതീകരണം
പഴയ വയറിങ് വിശദ പരിശോധന നടത്തി കാലപ്പഴക്കമുള്ള വയറുകൾ മുഴുവൻ മാറ്റണം. കണക്ടഡ് ലോഡ് കൂടാതിരിക്കാൻ പ്ലഗ് പോയന്‍റുകൾ ആവശ്യത്തിന് മാത്രം കൊടുക്കുക.
ഇന്‍റീരിയർ ലേഔട്ട് പ്ലാൻ
ഇന്‍റീരിയറിന് ഒരു ലേഔട്ട് പ്ലാൻ നിർബന്ധമാണ്. ഫർണിച്ചറിന്‍റെ എണ്ണം, അളവുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ പ്ലാൻ ആണിത്.
സ്റ്റോറേജ്
പൊതുവായി ഉപയോഗിക്കുന്ന സാധനസാമഗ്രികളും വസ്ത്രവുമുൾപ്പെടെ വ്യക്തിപരമായ സാധനങ്ങളും സൂക്ഷിക്കാനുള്ള സ്പേസ് പുതുക്കിപ്പണിയുമ്പോൾ വീട്ടിൽ ഒരുക്കണം. വാഡ്രോബുകളും കപ്ബോർഡുകളും ഡിസൈൻ ചെയ്യുമ്പോൾ മതിയായ സ്റ്റോറേജ് സ്പേസ് ഉറപ്പുവരുത്തണം.
പുറംമോടി കൂട്ടാം
വാതിലുകളിലും ജനലുകളിലുമുള്ള ചെറിയ മാറ്റങ്ങളിലൂടെ വീടിന്‍റെ പുറംമോടി കൂട്ടാം. പുറം ചുവരിൽ അറ്റകുറ്റപ്പണികൾക്കുശേഷമുള്ള ഒന്നോ രണ്ടോ കോട്ട് പെയിന്റിങ്ങുമായാൽ വീട് പുത്തനാകും.
സുരക്ഷ
പുറത്തേക്കുള്ള വാതിലുകളും ജനൽപാളികളും കമ്പികളും ബലവും ഉറപ്പുമുള്ളത് ഫിറ്റ് ചെയ്യാം. ജനലിലൂടെ അകത്തേക്ക് കൈയിട്ട് വാതിലിന്‍റെ ലോക്ക് തുറക്കാൻ കഴിയുന്ന രീതിയിൽ വാതിലും ജനലും സ്ഥാപിക്കാതിരിക്കുക.
അടുക്കള, സ്റ്റോറേജ് സ്പേസ്
അടുക്കളയിൽ ഫെറോ സ്ലാബുകൾ കൊണ്ടു കള്ളികളുണ്ടാക്കി സ്റ്റോറേജ് സ്പേസാക്കി മാറ്റിയാൽ വലിയൊരളവുവരെ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ചെലവ് കൂടുതലായതിനാൽ ഇലക്ട്രിക് ചിമ്മിനി, മോഡുലാർ കിച്ചൻ തുടങ്ങിയവ വേണ്ടെന്നുവെക്കാം.
പൂർത്തീകരണം
പ്ലാൻ ചെയ്ത നവീകരണ പ്രവൃത്തികൾ മുഴുവൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് ചെയ്യാം എന്ന് കരുതി ഒന്നും മാറ്റിവെക്കരുത്.
മറികടക്കാം, കാലാവസ്ഥാ വ്യതിയാനം
പ്രളയം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഇന്ന് അഭിമുഖീകരിക്കേണ്ടിവരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുനിൽക്കുന്ന വീടാണെങ്കിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാൻ സാധ‍്യതയേറെയാണ്. അത്തരം വീടുകൾ നവീകരിക്കുമ്പോൾ വെള്ളക്കെട്ടിനെ നേരിടാൻ തയാറെടുപ്പ് വേണം. വീടിന്‍റെ നിലവിലെ ഭംഗിയും ദൃഢതയും കാലപ്പഴക്കവും പരിഗണിച്ചാകണം നവീകരണം.
പ്രയോജനപ്പെടുത്താവുന്ന സാമഗ്രികൾ
ഫർണിച്ചർ, കല്ല്, ഓട് തുടങ്ങി അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കാവുന്നവയിൽ ആവശ‍്യമുള്ളതൊന്നും കളയരുത്. മരത്തിന്‍റെ ഉരുപ്പടികൾ പരമാവധി പുനരുപയോഗിക്കാം.
തടികളിൽ വരുന്ന തകരാർ പരിഹരിക്കാൻ ഇന്നു ധാരാളം വഴികളുണ്ട്. മരത്തടിക്ക് കേടില്ലാത്ത ഫർണിച്ചറുകളെല്ലാം പുനരുപയോഗിക്കാം. പുതിയ അപ്ഹോൾസ്റ്ററി നൽകിയും പെയിന്‍റടിച്ചും പോളിഷ് ചെയ്തും ഹാൻഡിലുകളും നോബുകളും മാറ്റിയും പഴയ ഫർണിച്ചറുകൾ പുത്തനാക്കാം.
ചെലവ് കുറക്കാൻ ടിപ്സ്
● പ്രാരംഭ ഘട്ടം മുതൽ കണക്കുകൾ എഴുതിവെക്കുക. ഇതുവഴി പാഴ്ചെലവുകൾ കണ്ടെത്തി ഒഴിവാക്കാം.
● കോമ്പൗണ്ട് വാൾ ഉയരം കുറച്ച് നിർമിക്കുക. ചെലവ് കുറയുന്നതിനൊപ്പം ഭംഗിയും വർധിക്കും.
● തേക്കിന് പകരം ഉറപ്പുള്ള മറ്റു മരങ്ങൾ ഉപയോഗിക്കാം.
● ആവശ‍്യത്തിന് വെന്‍റിലേഷന്‍ നല്‍കിയാല്‍ പകല്‍ ലൈറ്റിന്‍റെയും ഫാനിന്‍റെയും ഉപയോഗം കുറക്കാം.
● സ്റ്റോറേജ് സ്‌പേസുള്ള ഒറ്റ അടുക്കളയായി നിർമിക്കുക.
● സണ്‍ഷെയ്ഡുകള്‍ ജനലുകള്‍ക്ക് മാത്രം നൽകാം.
● റൂഫിങ്ങിന് പഴയ ഓടുകൾ ഉപയോഗിക്കാം.
● ഇലക്ട്രിക് പോയന്‍റുകള്‍ ആവശ്യത്തിനു മാത്രം.
● തടിയുടെ ഉപയോഗത്തിന് പകരം പ്ലൈവുഡ്, ഫൈബര്‍, അലൂമിനിയം, ജി.ഐ ഷീറ്റുകള്‍, കോണ്‍ക്രീറ്റ് തുടങ്ങിയ മെറ്റീരിയലുകള്‍ ഉപയോഗിക്കാം.
● ഫാള്‍സ് സീലിങ് ലിവിങ് ഏരിയയിലും ഹാളിലും മാത്രമാക്കുക.
● ഗ്ലാസിന്‍റെ ഉപയോഗം പരമാവധി കുറക്കുക.
● അത്യാവശ‍്യമെങ്കിൽ മാത്രം എക്സ്റ്റീരിയര്‍ നവീകരിക്കുക.
● നിർമാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ചെലവ് കുറഞ്ഞ വീട് എന്നതിന് പകരം വീട് പണിയുമ്പോൾ ചെലവ് കുറക്കുക എന്ന രീതി അവലംബിക്കാം.
● ആർഭാടത്തേക്കാൾ ഉപയോഗക്ഷമതക്ക് മുൻഗണന നൽകുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
ജോർജ് കെ. തോമസ്
Architect, Kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.