വരാനിരിക്കുന്നത് ചൂടുകാലം; വീടകത്തെ ചൂടിനെ പുറത്താക്കാൻ ചില പൊടിക്കൈകൾ

വരാനിരിക്കുന്നത് ചൂടുകാലം; വീടകത്തെ ചൂടിനെ പുറത്താക്കാൻ ചില പൊടിക്കൈകൾ

ഇനിയുള്ള കാലങ്ങളിൽ ചൂട് കൂടുകയല്ലാതെ കുറയില്ല എന്ന് മനസ്സിലാക്കിയാകണം ഓരോരുത്തരും വീട് പണിയേണ്ടത്.

പുതുതായി പണിയാൻ പോകുന്നവരും നിലവിൽ പണിതവർക്കും വീട്ടകത്തെ ചൂടിനെ പുറത്താക്കാൻ ഇതാ ചില പൊടിക്കൈകൾ...

ക്രോസ് വെന്‍റിലേഷൻ

കേരളത്തിൽ പൊതുവേ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ വീടിന്‍റെ പ്ലാൻ വരക്കുമ്പോൾ സൂര്യന്‍റെ സഞ്ചാരദിശ പ്രത്യേകം കണക്കിലെടുക്കണം. കിഴക്കുപടിഞ്ഞാറാണ് സൂര്യന്‍റെ സഞ്ചാരദിശ. അതുകൊണ്ട് ഈ ഭാഗങ്ങളിലാണ് കൂടുതലും ചൂടുണ്ടാവുക.

വീട് ഡിസൈൻ ചെയ്യുമ്പോൾ ആ ഭാഗങ്ങളിൽ ചുമരുകളുടെ ഏരിയ കുറക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ആ ഭാഗങ്ങളിൽ ഒരുപാട് ഗ്ലാസുകൾ കൊടുക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ വീടിനുള്ളിലേക്ക് കയറുന്ന ചൂടിന്‍റെ അളവ് കൂടും. തെക്ക്-പടിഞ്ഞാറിലൂടെയാണ് കേരളത്തിൽ പ്രധാനമായും കാറ്റിന്‍റെ സഞ്ചാരദിശ വരുന്നത്.

ആ ഭാഗത്ത് കൂടുതൽ ഓപൺ ഏരിയകൾ കൊടുക്കുകയാണെങ്കിൽ വീടിനുള്ളിൽ കൂടുതൽ വായുസഞ്ചാരം ലഭിക്കും. കിടപ്പുമുറികളിലും ഇത്തരത്തിൽ ജനലുകൾ നൽകുകയാണെങ്കിൽ വായുസഞ്ചാരം കൂടും. എതിർദിശകളിലെ ജനാലകൾ തുറന്നിടുന്നതുകൊണ്ട് അകത്തെ വായുസഞ്ചാരം കുറച്ചുകൂടി സുഗമമാകും.

ഇരുനില വീടാണെങ്കില്‍ താഴെ നിലയില്‍നിന്ന് ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്ക് തള്ളാന്‍ താഴെനിലയില്‍ വലിയ വെന്‍റിലേഷന്‍ സംവിധാനമൊരുക്കണം. വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ക്രോസ് വെന്‍റിലേഷന്‍ സഹായിക്കും.


വായുസഞ്ചാരം രോഗമകറ്റും

ഇടുങ്ങിയ, വായുസഞ്ചാരമില്ലാത്ത മുറികളിൽ കഴിയേണ്ടിവരുമ്പോൾ വായുവിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. കുട്ടികളിൽ ചുമയും ശ്വാസംമുട്ടലും അലർജിരോഗങ്ങളും വിട്ടുമാറാത്തതിന്‍റെ കാരണങ്ങളിലൊന്ന് വെന്‍റിലേഷന്‍റെ പോരായ്മയാണ്.

വീട് നിർമിക്കുമ്പോൾ മതിയായ വെന്‍റിലേഷൻ ഉറപ്പാക്കുക. മുറികൾക്ക് ക്രോസ് വെന്‍റിലേഷൻ സാധ്യമാകുന്ന ജനാലകൾ ഉറപ്പുവരുത്തുക. അതായത്, ഒരു ജനലിൽക്കൂടി കയറുന്ന വായു അതേ മുറിയിലെ മറ്റൊന്നിൽക്കൂടി പുറത്തേക്കു പോകണം. ക്രോസ് വെന്‍റിലേഷൻ നൽകുന്നത് മുറിക്കുള്ളിൽ പാറ്റ, മറ്റു ചെറുകീടങ്ങൾ എന്നിവ വളരുന്നത് തടയും.

ചൂടുകുറക്കും വരാന്തകൾ

ഫ്ലാറ്റ് റൂഫ് കൊടുക്കുന്നതിനുപകരം പഴയ ഇല്ലങ്ങളിലും തറവാട്ടുവീടുകളിലും ചെയ്തിരുന്നപോലെ സൺഷേഡുകൾ വരാന്തയിലേക്ക് അൽപം നീക്കിനിർമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സൂര്യപ്രകാശം വീട്ടിനുള്ളിലേക്ക് നേരിട്ട് പതിക്കില്ല. അകത്തേക്ക് ചൂട് കയറുന്നതും കുറയും.

എന്നാൽ, ഇങ്ങനെ വരാന്തകളിലേക്ക് ഇറക്കി സൺഷേഡുകൾ വാർക്കുമ്പോൾ വീട്ടിനുള്ളിലേക്ക് വെളിച്ചം കടക്കുന്നവിധത്തിലായിരിക്കണം ചെയ്യേണ്ടത്. അത് നിങ്ങൾ പണിയുന്ന വീടിന്‍റെയും ഭൂമിയുടെ കിടപ്പിനനുസരിച്ചും ചെയ്യണം.

കോർട്ട് യാർഡ്

വീട് പ്ലാൻ ചെയ്യുമ്പോൾ മുറികളിലും ഡൈനിങ് ഹാളിലും അടുക്കളയിലുമെല്ലാം അൽപം സ്പേസ് കൊടുക്കാൻ ശ്രമിക്കുക. എല്ലാം കൂടി അടുപ്പിച്ച് വരുമ്പോൾ വായുസഞ്ചാരം നിലക്കും. വീടിനുള്ളിൽ ചെറിയ കോർട്ട് യാർഡുകൾ, സോളാർ ചിമ്മിനി എന്നിവ കൊടുക്കുകയാണെങ്കിൽ വായുസഞ്ചാരം എല്ലായിടത്തും എത്തും.

ചുമരുകളിലും വേണം ശ്രദ്ധ

ചെങ്കല്ല് അഥവാ ലാറ്ററേറ്റ് ഉപയോഗിച്ച് ചുമരുകൾ നിർമിക്കുന്നത് ചൂടിന്‍റെ കാഠിന്യം കുറക്കും. ഇതിന് പുറമെ ടെറാക്കോട്ട, എ.എ.സി ബ്ലോക്കുകൾ, മണ്ണ്, ഇഷ്ടിക എന്നിവ‍യെല്ലാംകൊണ്ട് ചുമരുണ്ടാക്കുന്നതും ചൂടുകുറക്കും. ഇഷ്ടികകൊണ്ടും ചെങ്കല്ലുകൊണ്ടും നിർമിക്കുന്ന ഭിത്തികൾ തേക്കാതെ വിടുന്നതും ചൂടു കുറക്കും.

ഡബിൾ റൂഫ് സിസ്റ്റം

ചൂട് കുറക്കാൻ സഹായിക്കുന്ന ഒരു രീതിയാണ് ഡബിൾ റൂഫ് സിസ്റ്റം. നിലവിൽ വീട് പണിതവർക്കും ഈ മാതൃക പരീക്ഷിക്കാവുന്നതാണ്. രണ്ട് തട്ടുള്ള മേൽക്കൂര പണിയുമ്പോൾ സ്വാഭാവികമായും ചൂടിന്‍റെ കാഠിന്യം കുറയും. ഫില്ലർ സ്ലാബ് രീതിയിൽ മേൽക്കൂര വാർക്കുന്നതും ചൂടു കുറക്കും. മേൽക്കൂര വാർക്കാതെ ട്രസിട്ട് ഓട് പാവുകയും ചെയ്യാം.

മരങ്ങൾ തരും തണലുകൾ

ചൂട് ഏറ്റവും കൂടുതലുണ്ടാകുന്ന ഭാഗങ്ങളിൽ മരം നടുകയാണെങ്കിലും വീടിനുള്ളിലേക്കടിക്കുന്ന ചൂടിന്‍റെ അളവ് കുറക്കാം.

തെക്കുപടിഞ്ഞാറുഭാഗത്ത് ഇടതൂർന്ന ഇലകളുള്ള ചെടികളും മരങ്ങളും വളർത്താം. മുറ്റത്ത് കല്ല് പതിക്കുന്നതിന് പകരം ചെടികൾ നടുന്നതും നല്ലതാണ്.

മുറ്റത്ത് പാകുന്ന ബ്രിക്കുകളിൽ ഇളം നിറങ്ങൾ നൽകരുത്. ഇളം നിറങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. മുറ്റത്ത് പതിക്കുന്ന സൂര്യപ്രകാശം പ്രതിഫലിച്ച് വീടിനുള്ളിലേക്ക് പതിക്കാനും ഇതുവഴി ചൂടുണ്ടാകാനും ഇടയുണ്ട്.

ഭൂമിയെ മനസ്സിലാക്കാം

വീട് പണിയാൻ പോകുന്ന ഭൂമിയെ കുറിച്ച് നന്നായി മനസ്സിലാക്കണം. ഏതൊക്കെ ഭാഗങ്ങളിലാണ് ചൂട് കൂടുതലുണ്ടാവുക എന്ന് മനസ്സിലാക്കുക. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് തെക്കുഭാഗത്തായിരിക്കും വെയിൽ കൂടുന്നത്.

ഈ ഭാഗങ്ങളിൽ കിടപ്പുമുറികൾ വരാതിരിക്കാൻ ശ്രമിക്കുക. കിടക്കുന്ന മുറികളും കൂടുതൽ നേരം ചെലവിടുന്ന മറ്റിടങ്ങളും കാറ്റുകിട്ടുന്ന ഭാഗങ്ങളിലായി പണിയാൻ ശ്രദ്ധിക്കുക.

ഓട് പതിക്കൽ

പഴയ വീടുകളിൽ അധികവും ഓട് മേഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ അവയിൽ ചൂടും കുറവായിരുന്നു. അകത്തെ ചൂട് ഓടുകള്‍ക്കിടയിലൂടെ എളുപ്പം പുറത്തുപോകുന്നതിനാലാണ് ഈ തണുപ്പ് എപ്പോഴും അനുഭവപ്പെടുന്നത്.

ട്രസ് വര്‍ക്ക് ചെയ്ത് അതിനു മുകളില്‍ ഓടിടുന്നത് ചൂട് കുറക്കാന്‍ പറ്റിയ മാര്‍ഗമാണ്. വീടിനുള്ളിൽ ചൂട് വർധിപ്പിക്കുന്നതിൽ കോൺ​ക്രീറ്റ് റൂഫുകൾക്ക് വലിയ പങ്കുണ്ട്. ഇത്തരം റൂഫുകൾക്ക് മുകളിൽ ഓട് പതിക്കുമ്പോൾ ചൂട് കുറയും. ഫ്ലാറ്റ് റൂഫുകളുടെ മുകളിലും ഓട് വിരിക്കാവുന്നതാണ്.

ഫില്ലർ സ്ലാബ്

വീടിന്‍റെ മേൽക്കൂര വാർക്കുമ്പോൾ കോൺ​ക്രീറ്റിൽ അടിഭാഗത്തായി ഓട്, ചട്ടിക്കഷണങ്ങൾ എന്നിവ സീലിങ്ങിൽ ഫില്ലിങ് മെറ്റീരിയലായി നൽകുന്നതും ചൂട് കുറക്കാൻ സഹായിക്കും.

ഭിത്തിക്ക് കടുംനിറം വേണ്ട

വീടിനടിക്കുന്ന പെയിന്‍റിങ്ങിനും ചൂടിനെ കൂട്ടാനും കുറക്കാനും സാധിക്കും. കടുംനിറങ്ങൾ പുറംഭിത്തിക്കടിക്കുന്നത് വീടിനുള്ളിൽ ചൂട് കൂട്ടാനേ സഹായിക്കൂ.

പുറംചുമരുകൾക്ക് എപ്പോഴും വെള്ളപോലുള്ള ഇളംനിറങ്ങളാണ് നല്ലത്. വീടിനുള്ളിലും ഇളംനിറങ്ങളാണ് നല്ലത്.

ടെറസ് നനച്ചുകൊടുക്കാം

വല്ലാതെ ചൂട് കൂടുന്ന സമയങ്ങളിൽ ടെറസ് നനച്ചുകൊടുക്കാം. വെറുതെ നനച്ചുകൊടുക്കുന്നതിനുപുറമെ ടെറസിൽ പുല്ല്, വയ്ക്കോൽ എന്നിവ വിരിച്ച് അതിന് മുകളിൽ നനച്ചുകൊടുക്കുന്നതും അകത്തെ ചൂടിനെ തടയും.

നാച്വറൽ നൈറ്റ് കൂളിങ്

നാച്വറലായി വീടിനുള്ളിൽ തണുപ്പ് കിട്ടുന്ന രീതിയാണിത്. വൈകീട്ട് വീടിനുള്ളിലെ എല്ലാ ജനാലകളും തുറന്നിടുക. അകത്തെ ചൂട് വായു പുറത്തുപോയ ശേഷം ജനലുകൾ അടക്കുക. ജനാലകളിലൂടെ പകൽ സൂര്യപ്രകാശം ഉള്ളിലേക്ക് തട്ടുന്നില്ല എന്ന് ഉറപ്പുവരുത്താൻ കർട്ടനുകൾ ഉപയോഗിക്കാവുന്നതാണ്.

വള്ളിച്ചെടികൾ പടരട്ടെ

ടെറസിനു മുകളിൽ പാഷൻഫ്രൂട്ട്, കോവൽ പോലുള്ള വള്ളിച്ചെടികൾ പടർത്തുന്നത് ചൂട് കുറക്കാൻ സഹായിക്കും.

ഇൻഡോർ പ്ലാന്‍റുകൾ

വീടിനുള്ളിൽ ചൂട് ഏറ്റവും കൂടുതൽ പതിക്കുന്ന ഇടങ്ങളിൽ പ്രത്യേകിച്ച് കിഴക്കുപടിഞ്ഞാറ് ഭാഗത്ത് മണി പ്ലാന്‍റ് പോലുള്ള ഇൻഡോർ പ്ലാന്‍റുകൾ വെക്കുന്നത് ചൂട് കുറയാൻ സഹായിക്കും. ജനലിനരികെ ഇത്തരം ചെടികൾ വെക്കുന്നതും നല്ലതാണ്.

കർട്ടനുള്ളിലൂടെ കാറ്റ് കടക്കട്ടെ

വായുസഞ്ചാരം അകത്തേക്കും പുറത്തേക്കും കടക്കുന്ന രീതിയിലുള്ള ബാംബൂ കർട്ടൻ പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്. കട്ടിയുള്ള പോളിസ്റ്റർ തുണികൊണ്ടുണ്ടാക്കിയ കർട്ടനുകൾ വേനൽക്കാലത്ത് തൽക്കാലം മാറ്റിവെക്കാം.

വെയിൽ കൂടുതല്‍ അടിക്കുന്ന മുറികളിൽ കട്ടിയുള്ള കർട്ടൻ നൽകാം. കാറ്റ് ലഭിക്കുന്ന മുറികളിൽ കനം കുറഞ്ഞതും ഇടാം.

വൈദ്യുതോപകരണങ്ങൾ ഓഫാക്കാം

ഒട്ടേറെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്ന ഇടംകൂടിയാണ് വീട്. മിക്ക ഉപകരണങ്ങളും ചൂട് പുറത്തേക്ക് വിടും. ഇതൊഴിവാക്കാൻ ആവശ്യം കഴിഞ്ഞാൽ എല്ലാം ഓഫാക്കുക.

ടെറസ് ഗാർഡൻ

ടെറസ് ഗാർഡൻ വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് തടയും. ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് സംവിധാനങ്ങൾ ഒരുക്കി ജിയോ ബ്ലാങ്കറ്റ് വിരിച്ചശേഷം വേണം ടെറസ് ഗാർഡൻ ഒരുക്കാൻ. ഇതിന് വിദഗ്ധരുടെ സഹായം തേടാം. ഇല്ലെങ്കിൽ ടെറസ് ലീക്കാവാനും വെള്ളം കെട്ടിനില്‍ക്കാനും ഇടയാക്കും. പരന്ന മേല്‍ക്കൂരയുള്ള വീടുകളിലാണ് ഇത് സാധ്യമാവുക.

വിവരങ്ങൾക്ക് കടപ്പാട്:

ഷീഹ ഹമീദ്
Principal Architect, Dot Architects, Calicut






Tags:    
News Summary - Ways to reduce indoor heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.