ആചാരപരമായ രീതിയിൽ താലികെട്ട്/ നികാഹ്, വധൂവരന്മാർക്കൊപ്പമുള്ള ഫോട്ടോ സെഷൻ, അതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ ഡൈനിങ് ഹാളിലേക്കുള്ള ഓട്ടം, ഹാളിൽ സീറ്റ് കിട്ടാത്തവർ പുറത്ത് കാത്തുനിൽക്കുന്നു, ഭക്ഷണശേഷം അതിഥികൾ സ്ഥലംവിടുന്നു...
കാലങ്ങളായി നാം പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളിലെ പതിവ് രീതികളാണിത്. ഇന്ന് പക്ഷേ റീൽസിന്‍റെ കാലത്ത് വിവാഹം എന്നത് കേവലം ചടങ്ങോ ഭക്ഷണം കഴിക്കലോ മാത്രമല്ല. ന്യൂജൻ വിവാഹങ്ങൾ വധൂവരന്മാർക്ക് മാത്രമല്ല കുടുംബക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം സ്പെഷലാണ്.
പങ്കെടുക്കുന്ന ഏതൊരാൾക്കും എന്നെന്നും ഓർത്തിരിക്കാവുന്ന മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്ന പൊളി വൈബിലാണ് ഇന്നത്തെ വിവാഹങ്ങൾ.
ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ കല്യാണങ്ങളിലെ വെറൈറ്റി ട്രെൻഡുകൾ ജാതിമത വ്യത്യാസമില്ലാതെ ഇന്ന് എല്ലായിടത്തും കാണാം. കല്യാണം വേറെ ലെവലാക്കാൻ എത്ര പണം മുടക്കാനും ആളുകൾ തയാറാണ്.
ദശലക്ഷങ്ങൾ മുടക്കിയുള്ള ഹൈ എൻഡ് വിവാഹങ്ങൾക്കൊപ്പം മത്സരിക്കുകയാണ് മിഡിൽ ക്ലാസും. ന്യൂജൻ വിവാഹ ആഘോഷത്തിലെ ലേറ്റസ്റ്റ് ട്രെൻഡുകളറിയാം...
ദിവസങ്ങൾ നീളുന്ന വിവാഹം
ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ച് ചെറു ആഘോഷങ്ങളോടെ നടത്തുന്ന ഇന്‍റിമേറ്റ് വെഡിങ്ങുകൾ ട്രെൻഡായ കാലമാണ്. ഇതിലും വൈവിധ്യങ്ങളുണ്ട്. ക്ഷണിക്കപ്പെടുന്നവർക്കായി വ്യത്യസ്ത ദിവസങ്ങളിലായാണ് റിസപ്ഷൻ നടത്തുക.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒരുമിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി മറ്റൊരു ദിവസവുമാണ് പരിപാടി സംഘടിപ്പിക്കുക. ഇതിനായി ഹോട്ടലോ റിസോർട്ടോ തിരഞ്ഞെടുക്കും.
കായൽതീരം, കടൽതീരം പോലുള്ള മനോഹര സ്ഥലങ്ങളിലേക്ക് വധൂവരന്മാരും മറ്റ് അതിഥികളും പോയി വിവാഹം നടത്തി തിരികെ വരുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങും മലയാളിക്ക് ഇന്ന് സുപരിചിതമാണ്.
കസ്റ്റമൈസ്ഡാണ് അറേഞ്ച്മെന്‍റ്സ്
കല്യാണം കസ്റ്റമൈസ്ഡാക്കുകയാണ് പുതുതലമുറ. പതിവ് അലങ്കാരങ്ങൾ മാറ്റിപ്പിടിച്ച് വ്യത്യസ്ത തീമുകൾ അടിസ്ഥാനമാക്കിയുള്ള തീം വെഡിങ്ങാണ് യൂത്തിന്‍റെ ഫേവറിറ്റ്. ബീച്ച്, ഫോറസ്റ്റ് തുടങ്ങിയ തീമുകളിലും നടത്തുന്നു. സ്വന്തം പ്രഫഷനുമായി ബന്ധപ്പെട്ട തീമുകൾ അനുകരിക്കുന്നവരുമുണ്ട്.
റിസോർട്ട് വെഡിങ്
വധൂവരന്മാർ, വീട്ടുകാർ, ബന്ധുക്കൾ എന്നിവർ ഹിൽസ്റ്റേഷനിലെ റിസോർട്ടിൽ പോയി വിവാഹം നടത്തുന്ന രീതി ഇപ്പോൾ ട്രെൻഡിങ്ങാണ്. ഹാളും കോട്ടേജുകളുമുള്ള വലിയ ആഡംബര റിസോർട്ടാണ് ഇതിന് തിരഞ്ഞെടുക്കുക. വധൂവരന്മാരും വീട്ടുകാരും അതിഥികളും അവിടെ താമസിച്ച് പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹം നടത്തുന്നു.
റോയൽ ഇൻവിറ്റേഷൻ
ഏതെങ്കിലും ഒരു മോഡൽ നോക്കി അതുപോലെ ചെയ്യുന്നതിന് പകരം കസ്റ്റമൈസ്ഡ് ഇൻവിറ്റേഷൻ കാർഡുകൾക്കാണ് ഇന്ന് പ്രിയം. പ്രീവെഡിങ് ഫോട്ടോഷൂട്ട്, സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എന്നിവയിലെ ഫോട്ടോകൾ വെച്ച് കാർഡുകൾ തയാറാക്കുന്നത് ഇപ്പോൾ ട്രെൻഡാണ്. വധൂവരന്മാരുടെ ഫോട്ടോ, വിഡിയോ, കാരിക്കേച്ചർ, ഇലസ്ട്രേഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇൻവിറ്റേഷനുമുണ്ട്.
വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മാത്രം നാട്ടിലെത്തുന്ന വീട്ടുകാർക്ക് വിവാഹം ക്ഷണിക്കാൻ പോകാൻ കഴിയണമെന്നില്ല. അവർ അതിഥികളെ ക്ഷണിക്കാൻ ഇൻവിറ്റേഷൻ ഹോസ്റ്റുകളെ അയക്കുകയാണ് ചെയ്യുന്നത്.
ഹോസ്റ്റുകൾ അതിഥികളെ റോയലായി തന്നെ ക്ഷണിക്കുന്നു. ഇൻവിറ്റേഷൻ കാർഡിനൊപ്പം പൂച്ചെണ്ടും മധുരവും നൽകുന്നവരുണ്ട്. വിഡിയോ കാളിലൂടെ വിദേശത്തുള്ള വീട്ടുകാരെ കണക്ട് ചെയ്ത് അതിഥികളെ നേരിട്ട് ക്ഷണിക്കാനുള്ള അവസരവും ഒരുക്കുന്നു.
സുന്ദരി നീയും സുന്ദരൻ ഞാനും...
‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ’ എന്ന സിനിമ ഡയലോഗിനെ തിരുത്തുന്നതാണ് ഇന്നത്തെ മേക്കപ്പ്. വധൂവരന്മാരുടെ ലുക്ക് തന്നെ മാറ്റുന്ന ആർട്ടിസ്റ്റുകളുള്ളപ്പോൾ മേക്കപ്പിന്‍റെ പരിധികൾ ഇല്ലാതാകുന്നു.
ബ്രൈഡൽ മേക്കപ്പിൽ ഗ്ലാസ് ടൈപ്പ് മേക്കപ്പ്, എയർ ബ്രഷ് മേക്കപ്പ് എന്നിവയാണ് ലേറ്റസ്റ്റ് ട്രെൻഡിങ്. ഗ്ലാസ് ടൈപ്പ് മേക്കപ്പിലൂടെ മുഖത്തിന് കൂടുതൽ തിളക്കം കൈവരുന്നു. സ്കിൻ ടോണുമായി യോജിച്ചുപോകുന്നതാണ് എയർ ബ്രഷ് മേക്കപ്പ്. മുഖത്തിന് കുറേക്കൂടി നാച്ചുറൽ ലുക്ക് നൽകാൻ ഈ മേക്കപ്പിലൂടെ കഴിയുന്നു.
വരന്‍റെ മേക്കപ്പിനും ഇക്കാലത്ത് പ്രാധാന്യമുണ്ട്. വരന് ഫൗണ്ടേഷൻ മേക്കപ്പാണ് ചെയ്യുന്നത്. നാച്ചുറൽ സ്കിൻ ടോൺ നിലനിർത്തിക്കൊണ്ടുള്ള മേക്കപ്പാണ് യുവാക്കൾക്ക് പ്രിയം.
സംഗീതമൊഴുകും സംഗീത്
വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ഒരുമിച്ച് നടത്തുന്ന മ്യൂസിക് പ്രോഗ്രാമാണ് സംഗീത്. ഇരു വീട്ടുകാരും ഒത്തൊരുമിച്ച് ആടിപ്പാടി കളർഫുളാക്കുന്ന ഉത്തരേന്ത്യൻ വിവാഹങ്ങളിലെ ഈ ചടങ്ങ് ഇന്ന് മലയാളികൾക്കും ഒഴിച്ചുകൂടാനാവാത്തതായി മാറി. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേകം സെഷനുകൾ വെക്കുന്നവരുണ്ട്.
ഹൽദി എന്നാൽ മഞ്ഞ മാത്രമല്ല
ഹൽദി എന്ന മഞ്ഞക്കല്യാണം ഇന്ന് മലയാളി വിവാഹങ്ങളിലെ പതിവ് ചടങ്ങായിട്ടുണ്ട്. പതിവ് മഞ്ഞ നിറത്തിൽനിന്ന് വെറൈറ്റിയായി കളറൊന്ന് മാറ്റിപ്പിടിച്ച് നീലക്കല്യാണവും പച്ചക്കല്യാണവും നടത്തുന്നവരുണ്ട്.
വധുവിന്‍റെ വീട്ടുകാരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് സർപ്രൈസ് എൻട്രിയായി വരനും സുഹൃത്തുക്കളും കടന്നുവന്ന് കളർഫുളാക്കുന്നു.
ചുവന്ന ബുള്ളറ്റിൽ മണവാട്ടിയുടെ റോയൽ എൻട്രി
ചുവപ്പ് തീമിൽ നടത്തുന്ന പ്രീവെഡിങ് പ്രോഗ്രാമാണ് ഗുലാബി നൈറ്റ്. വധുവും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. സ്റ്റേജ് ഡെക്കറേഷനും ലൈറ്റും കേക്കുമെല്ലാം ചുവപ്പ് തീമിലായിരിക്കും.
സ്റ്റേജിനടുത്തേക്ക് ചുവപ്പ് നിറത്തിലുള്ള സ്കൂട്ടർ സ്വന്തമായി ഓടിച്ച് വധു കടന്നുവരുന്നു. ബുള്ളറ്റ് സ്വയം ഓടിച്ച് റോയൽ എൻട്രി നടത്തുന്ന മണവാട്ടിമാരുമുണ്ട്.
സർപ്രൈസ് വിസിറ്റ്
‘സുലൈഖ മൻസിൽ’ സിനിമയിലേതു പോലെ കല്യാണത്തലേന്ന് സർപ്രൈസ് വിസിറ്റായി വരനും സുഹൃത്തുക്കളും കടന്നുവന്ന് പെൺവീട്ടുകാരെ ഞെട്ടിക്കുന്നതും ട്രെൻഡായി മാറിയിട്ടുണ്ട്. വരന്‍റെ വീട്ടിലെ പ്രോഗ്രാമുകളെല്ലാം കഴിഞ്ഞ് രാത്രി കുറച്ച് വൈകിയാണ് വരനും ടീമും ഇറങ്ങുന്നത്. വധുവിന്‍റെ വീട്ടിൽ വെച്ച് മുറിക്കാൻ ഒരു കേക്കും കൈയിൽ കരുതുന്നു.
മൈലാഞ്ചി മൊഞ്ചിൽ
പഞ്ചാബ്, രാജസ്ഥാൻ മൈലാഞ്ചികളാണ് ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്. തീമോടു കൂടിയ മൈലാഞ്ചി ഡിസൈനുകളാണ് ഇപ്പോൾ ട്രെൻഡ്. ഗേൾ-ബോയ് തീം, തീയതി വെച്ചുള്ള തീം തുടങ്ങിയവയും കസ്റ്റമൈസ് ചെയ്ത തീമുമാണ് മണവാട്ടിമാരുടെ ഫേവറിറ്റ്.
ഫോട്ടോ സ്പോട്ടിൽതന്നെ
ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ഫോട്ടോകൾ അതിഥികൾക്ക് കാണാനും ഡൗൺലോഡ് ചെയ്യാനും നിർമിതബുദ്ധി ഉപയോഗിച്ചുള്ള സംവിധാനം ഇന്ന് മിക്കയിടത്തുമുണ്ട്.
ഇതിനായി ഹാളിന്‍റെ എൻട്രൻസിലോ പെട്ടെന്ന് ശ്രദ്ധ പതിയുന്ന ഇടത്തോ ക്യൂആർ കോഡ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഓപണാകുന്ന വെബ്സൈറ്റിൽ അതിഥികൾ സ്വന്തം ഫോട്ടോ സെൽഫിയായി എടുത്ത് അപ് ലോഡ് ചെയ്യും.
ഈ ഫോട്ടോയിലെ മുഖം വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുകയും അവിടത്തെ ഫോട്ടോഗ്രാഫർമാർ എടുത്ത ആ മുഖമുള്ള എല്ലാ ഫോട്ടോകളും ആ വ്യക്തിക്ക് ലഭിക്കുകയും ചെയ്യും. ഇതിൽനിന്ന് ആവശ‍്യമുള്ള ഫോട്ടോകൾ അതിഥികൾക്ക് സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഇതിനായി ഫോട്ടോഗ്രാഫർമാർ അതത് സമയത്ത് ഫോട്ടോകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്നു.
കാൻഡിഡ് കാലം
പുതിയ കാലം കാൻഡിഡ് ഫോട്ടോഗ്രഫിയുടേതും വിഡിയോഗ്രഫിയുടേതുമാണ്. ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്യാൻ കഴിയുന്ന ഷോർട്ട് വിഡിയോ എടുക്കലാണ് ഇന്ന് വെഡിങ് വിഡിയോഗ്രാഫർമാരുടെ പ്രധാന ജോലി. ഇതിനായി പ്രത്യേകം വിഡിയോ ഷൂട്ട് നടത്തുന്നു.
ആടാം പാടാം...
അടിപൊളി പാട്ടിന്‍റെയും നൃത്തത്തിന്‍റെയും അകമ്പടിയോടെ വധൂവരന്മാരും നൃത്തച്ചുവടുകൾ വെച്ച് സ്റ്റേജിലേക്ക് കടന്നുവരുന്നതാണ് പുതിയ ട്രെൻഡ്. വധൂവരന്മാരുടെ കൂടെ ചുവടുകളുമായി പ്രഫഷനൽ ഡാൻസർമാരും അവർക്ക് പിന്നിലായി നൃത്തം ചെയ്ത് സുഹൃത്തുക്കളും ബന്ധുക്കളും കളർഫുൾ ഘോഷയാത്ര പോലെ കടന്നുവരുന്നു.
രംഗം കൊഴുപ്പിക്കാൻ ബാൻഡും ഗിറ്റാറും. അതോടൊപ്പം മേശാപ്പൂവും പൂത്തിരിയും കത്തിക്കുന്നവരുമുണ്ട്. വധൂവരന്മാർ ചേർന്ന് പാട്ട് പാടി സദസ്സിനെ കൈയിലെടുക്കുന്ന വിവാഹങ്ങളുമുണ്ട്.
സെലിബ്രിറ്റി ഗെസ്റ്റ്
സിനിമ താരങ്ങൾ, ഗായകർ, കായികതാരങ്ങൾ തുടങ്ങിയ ഏതെങ്കിലും സെലിബ്രിറ്റിയെ വിവാഹത്തിന് അതിഥിയായി ക്ഷണിച്ച് ആളുകളെ വിസ്മയിപ്പിക്കുന്നവരുണ്ട്.
സെലിബ്രിറ്റി ഗായകർ വിവാഹവേദിയിൽ വെച്ച് പാട്ട് പാടുന്നു. സിനിമാതാരങ്ങളാണെങ്കിൽ നൃത്തം ചെയ്യുന്നു. പണം നൽകിയാണ് സെലിബ്രിറ്റിയെ വിവാഹവേദിയിൽ എത്തിക്കുക.
വെറൈറ്റി വിഭവങ്ങളുടെ തീൻമേശ
ഭക്ഷണം നന്നായി ഡിസ് പ്ലേ ചെയ്യുന്നതിലും അതിഥികളെ നന്നായി സൽക്കരിക്കുന്നതിലുമാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ. സിറ്റിങ് ബുഫേയാണ് ഇപ്പോൾ ട്രെൻഡ്. ചതുരാകൃതിയിൽ അതിഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള മേശയും കസേരയും നിരത്തിവെക്കുന്നു, അതിന് നടുവിൽ ഭക്ഷണ കൗണ്ടറും. ഇതാണ് സിറ്റിങ് ബുഫേയുടെ രീതി.
അതിഥികളെ നന്നായി സൽക്കരിക്കാനും കെയർ ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. അതിഥികൾക്ക് ആവശ‍്യമുള്ള വിഭവം അവരോട് ചോദിച്ച് ആവശ‍്യമുള്ള അളവിൽ വിളമ്പാൻ കാറ്ററിങ്ങുകാർക്ക് കഴിയുന്നു. ഡൈനിങ് ഹാളിൽ മതിയായ സ്ഥലമില്ലാത്തിടത്ത് സാധാരണ ബുഫേ തന്നെയാണ് ഒരുക്കുന്നത്.
വിഭവങ്ങളിൽ സീ ഫുഡ്, അറേബ്യൻ, ചൈനീസ്, ഇറ്റാലിയൻ, കോണ്ടിനെന്‍റൽ തുടങ്ങിയവയാണ് ഡൈനിങ് ടേബ്ളിൽ ഇടം പിടിക്കുന്നത്. വിഭവങ്ങൾ ലൈവായി തയാറാക്കുന്നവരുമുണ്ട്.
വെൽക്കം ഡ്രിങ്കിനൊപ്പം സ്റ്റാർട്ടറുകളും ഇപ്പോൾ നൽകിവരുന്നു. ഡെസർട്ടിൽ അറേബ്യൻ വിഭവമായ ലുഖൈമത്താണ് ഇപ്പോൾ ട്രെൻഡ്. റോൾ ഐസ്ക്രീം, സ്റ്റോൺ ഐസ്ക്രീം, തണുത്ത ഇളനീർ പായസം തുടങ്ങിയവയും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
റീയൂനിയൻ
തങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സുഹൃത്തുക്കൾക്കും പഴയ സഹപാഠികൾക്കും ഒത്തൊരുമിക്കാൻ വേദി ഒരുക്കുന്ന യുവതീയുവാക്കളുണ്ട്. പ്രീവെഡിങ് പ്രോഗ്രാമുകൾക്ക് മുമ്പ് വീട്ടിലോ ഹോട്ടലിലോ റിസോർട്ടിലോ വെച്ച് റീയൂനിയൻ നടത്തുന്നു.
ഇരിക്കാൻ സാധാരണ കസേരകൾക്ക് പകരം പഴയകാല ക്ലാസ് മുറിയിലേത് പോലെ ബെഞ്ചും ഡെസ്കും ഒരുക്കുന്നു. ഈ ‘ക്ലാസിലേക്ക്’ പഴയ അധ‍്യാപകരെയും ക്ഷണിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വ്യത്യസ്ത മത്സരങ്ങളും നടത്തുന്നു. അങ്ങനെ പാട്ടും നൃത്തവുമൊക്കെയായി ആ ‘കുട്ടികൾ’ അടിച്ചുപൊളിക്കുന്നു.
പ്രകൃതിയോടിണങ്ങി
പ്ലാസ്റ്റിക് പരമാവധി ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ഹരിതചട്ടം പാലിച്ചാണ് ഇന്നത്തെ വിവാഹങ്ങൾ. ഭക്ഷണം വിളമ്പാൻ ഡിസ്പോസിബ്ൾ പ്ലേറ്റിനും ഗ്ലാസിനും പകരം സെറാമിക് പ്ലേറ്റും സാധാരണ ഗ്ലാസും ഉപയോഗിക്കുന്നു. സദ്യ വിളമ്പാൻ ഡിസ്പോസിബ്ളിന് പകരം വാഴയില തന്നെ ഉപയോഗിക്കുന്നു.
സ്റ്റേജ് ഉൾപ്പെടെയുള്ള ഡെക്കറേഷന് കൃത്രിമ പൂക്കൾക്ക് പകരം സാധാരണ പൂക്കൾ മാത്രം. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി പൂക്കളും ഇലകളും ഉപയോഗിച്ച് ഡെക്കറേഷൻ വർക്ക് ചെയ്യുന്ന ടീമുകൾ ഇന്ന് എല്ലായിടത്തുമുണ്ട്.
കളറാക്കാൻ ഇവന്‍റ് മാനേജ്മെന്‍റ്
ടെൻഷനില്ലാതെ അതിഥികളെ സ്വീകരിക്കാനും ആഘോഷങ്ങളിൽ ഭാഗമാകാനും ഇന്ന് പലരും ഇവന്‍റ് മാനേജ്മെന്‍റ് ടീമിനെയാണ് വിവാഹം ഏൽപിക്കുന്നത്. അതിഥികളെ ക്ഷണിക്കുന്നത് മുതൽ ഹണിമൂൺ വരെയുള്ള എല്ലാ കാര്യങ്ങളും ഇവർ ഏറ്റെടുത്ത് ഭംഗിയായി നടത്തുന്നു. മനസ്സിലുള്ള ഐഡിയ പറഞ്ഞാൽ മാത്രം മതി അതുക്കും മേലെ ചെയ്യാൻ ടീം തയാറാണ്.
എൻഗേജ്മെന്‍റ്, ഇൻവിറ്റേഷൻ കാർഡ്, ഇൻവിറ്റേഷൻ ഷോർട്ട് വിഡിയോ, അതിഥികളെ റോയലായി ക്ഷണിക്കുന്ന ഇൻവിറ്റേഷൻ ഹോസ്റ്റുകൾ, അതിഥികളെ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും മറ്റും പോയി സ്വീകരിക്കൽ, അവർക്ക് താമസസൗകര്യമൊരുക്കൽ, പ്രീവെഡിങ് പ്രോഗ്രാമുകൾ, വിവാഹ ദിനത്തിലെ ഭക്ഷണം, ഡെക്കറേഷൻ, വാഹനങ്ങൾ, ആഘോഷങ്ങൾ, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, കുട്ടികൾക്ക് പ്ലേ ഏരിയ ഒരുക്കൽ തുടങ്ങി സമ്പൂർണ പാക്കേജായി വിവാഹം സ്വപ്നംപോലെ മനോഹരമാക്കുന്നു.
കീശ കീറാത്ത കല്യാണങ്ങളുമുണ്ട്...
ലക്ഷങ്ങൾ പൊടിപൊടിക്കുന്ന വിവാഹങ്ങളിൽനിന്ന് വേറിട്ട് ലളിതമായ ചടങ്ങുകളോടെ മനോഹരമായി നടത്തുന്നവരുണ്ട്. ആർഭാടമില്ലാതെ എന്നാൽ സ്റ്റാൻഡേഡ് ലുക്കിൽ സ്റ്റേജ് ഡെക്കറേറ്റ് ചെയ്യുന്നു. ഹൽദിയും മെഹന്ദിയുമെല്ലാം കല്യാണത്തലേന്ന് നടത്തുന്നു.
ഇതിനും സിംപ്ൾ ഡെക്കറേഷൻ മാത്രം. ഭക്ഷണ മെനുവും അനുബന്ധ ചടങ്ങുകളും ഇതോടൊപ്പം ചുരുക്കും. പണം ലാഭിക്കാമെന്നതിലുപരി ആർഭാടമില്ലാതെ ഒറ്റ ദിവസംകൊണ്ട് ചടങ്ങുകളെല്ലാം പൂർത്തിയാക്കുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആചാരപരമായ ചടങ്ങുകളോടെ ലളിതവിവാഹം നടത്തുന്നവരും ഒരു ആചാരവും പിന്തുടരാതെ രജിസ്ട്രാർ ഓഫിസിൽ പോയി വിവാഹിതരാകുന്നവരുമുണ്ട്.
പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ
മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുക്കാൻ മാട്രിമോണിയൽ സൈറ്റുകൾ യുവാക്കളെ സഹായിക്കുന്നു. വിദ്യാഭ‍്യാസം, ജോലി, അഭിരുചി തുടങ്ങി തങ്ങളുടെ സങ്കൽപത്തിന് അനുസരിച്ച പെർഫെക്ട് മാച്ചായ പങ്കാളിയെ കണ്ടെത്താൻ യുവതീയുവാക്കളും രക്ഷിതാക്കളും ഇന്ന് കൂടുതലായും ആശ്രയിക്കുന്നതും മാട്രിമോണിയൽ സൈറ്റുകളെയാണ്. വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്ത് പൂർത്തിയാക്കാനും ഇവർ സഹായിക്കുന്നുണ്ട്.
ഒറ്റ ക്ലിക്കിലൂടെ അനുയോജ്യ പങ്കാളിയെ കണ്ടെത്താം
ഇന്ന് മലയാളികൾക്കിടയിൽ ഏറ്റവും വിശ്വാസ‍്യതയുള്ള ഓൺലൈൻ മാട്രിമോണിയാണ് ‘മാധ‍്യമ’ത്തിന്‍റെ www.click4marry.com. വിഡിയോ മീറ്റ്, പ്രൈവസി സെറ്റിങ്സ്, വെരിഫൈഡ് പ്രൊഫൈലുകൾ, ട്രെൻഡി സ്റ്റൈൽ തുടങ്ങിയ ലേറ്റസ്റ്റ് ഫീച്ചറുകളാണ് പ്രത്യേകത.
നിരവധി പ്രൊഫൈലുകളോടുകൂടിയ ലളിതമായ ഡിസൈനിലുള്ള വെബ്സൈറ്റിന്‍റെ ഏറ്റവും വലിയ സവിശേഷത ‘മാധ‍്യമം’ ഉറപ്പുനൽകുന്ന 100 ശതമാനം വിശ്വാസ്യതയും സ്വകാര്യതയുമാണ്. സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9645004140 എന്ന നമ്പറിൽ ബന്ധപ്പെടുക.
വിവരങ്ങൾക്ക് കടപ്പാട്:
● പ്രിജോ ജോസ്
Founder and Director
Shaadhi Wedding Management, Kochi
● പ്രൈം വെഡിങ്സ് ആൻഡ് ഇവന്‍റ്സ്
Trivandrum
● പലാസിയോ കാറ്ററിങ് മാനേജ്മെന്‍റ്
Calicut
● ഫ്രൈപാൻ കിച്ചൺ
Events & Caterers, Malappuram
● നാച്ചുറൽസ് യൂനിസെക്സ് സലോൺ & സ്പാ
Calicut
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.