ഗൾഫിൽ ഏറെ ജനപ്രീതി നേടിയ ജ്വല്ലറി ശൃംഖലയുടെ ഉടമ പറഞ്ഞ അനുഭവ കഥയുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാപനത്തിൽനിന്ന് വിവാഹത്തിന് സ്വർണം വാങ്ങിയ സ്ത്രീ മൂന്ന് പതിറ്റാണ്ടിനുശേഷം തന്‍റെ മകളുടെ വിവാഹത്തിന് അതേ കടയിൽതന്നെ സ്വർണം വാങ്ങാനെത്തിയ കഥ.
വർഷങ്ങൾക്കുമുമ്പ് വാങ്ങിയ സ്വർണം അതേപടി കൊടുത്തു പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ ആ കുടുംബം മാറ്റിവാങ്ങി. എല്ലാം കഴിഞ്ഞു തുക കണക്ക് കൂട്ടിയപ്പോൾ തിരിച്ച് ആ കുടുംബത്തിന് ഏതാനും ലക്ഷങ്ങൾ പണമായി നൽകേണ്ടിയും വന്നു. കാലം കഴിയുന്തോറും സ്വർണം എന്ന മഞ്ഞ ലോഹം കൈവരിക്കുന്ന അപാരമായ മൂല്യത്തെയാണ് ഈ അനുഭവം വ്യക്തമാക്കുന്നത്.
പൊന്നിന് എന്നും പൊന്നും വിലയാണ്. അത് കേവലം ആഭരണം എന്നതിലുപരി തലമുറകളിലേക്ക് കൈമാറുന്ന സമ്പാദ്യമായി ഏവരും കാണുന്നു. ഓരോ തരി പൊന്നും എത്രനാൾ കാത്തുസൂക്ഷിക്കുന്നോ അത്രയും ഇരട്ടിയായി മൂല്യവും കൂടുന്നു.
മലയാളികളുടെ സ്വർണഭ്രമം അനാവശ്യ സംസ്കാരമായി കണ്ടുപോന്നിരുന്ന കാലം കഴിഞ്ഞു. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്.
കാലം കൂടുന്തോറും മൂല്യവും ഏറും
2005 ഒക്ടോബർ 10ന് ഒരു പവൻ സ്വർണത്തിനു വില കൊടുക്കേണ്ടിവന്നത് 5040 രൂപയായിരുന്നു. ഗ്രാമിന് 630 രൂപ. 2008 ഒക്ടോബറിൽ പവൻ വില 10,200 രൂപയായി. ഗ്രാമിന് 1275 രൂപയും. 2010 നവംബറിൽ പവൻ വില 15,000 രൂപയും 2019 ഫെബ്രുവരിയിൽ 25,000 രൂപയും കടന്നു. 2020 ജനുവരിയിൽ പവൻ വില 30,000 രൂപക്ക് മുകളിലായി. 2024 മാർച്ചിൽ 50,000 രൂപയും കടന്ന ഒരു പവൻ സ്വർണം ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് 56,960 രൂപയിലും എത്തി.
24 വർഷം മുമ്പ് പത്തു പവൻ സ്വർണം 50,000 രൂപക്ക് കിട്ടിയിരുന്നത് ഇപ്പോൾ വാങ്ങണമെങ്കിൽ അഞ്ചു ലക്ഷത്തിലേറെ മുടക്കണം. സ്വർണം കേവല ആഭരണം എന്നതിനപ്പുറം മികച്ച സമ്പാദ്യമായി കണക്കാക്കുന്നതിന്‍റെ ലളിതമായ സാമ്പത്തിക വശമാണിത്.
കളിയല്ല കാരറ്റ്
സ്വർണത്തിന്‍റെ പരിശുദ്ധി സൂചിപ്പിക്കുന്നതാണ് കാരറ്റ്. സ്വർണം എന്ന ലോഹക്കൂട്ടിൽ (അലോയ്) ശുദ്ധമായ സ്വർണം എത്രത്തോളമുണ്ട് എന്നതാണ് കാരറ്റ് സൂചിപ്പിക്കുന്നത്. കാരറ്റ് മൂല്യം ഉയരുന്തോറും സ്വർണത്തിന്‍റെ പരിശുദ്ധിയും ഏറും. നിറം, ഈട്, വില എന്നീ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഓരോ കാരറ്റ് ലെവലിനും അതിന്‍റേതായ സവിശേഷതകളുണ്ട്.
● 24 കാരറ്റ് (24K): ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. കാര്യമായ അലോയ് ലോഹങ്ങളില്ലാത്ത 99.9 ശതമാനം സ്വർണം ഇതിൽ അടങ്ങിയിട്ടുണ്ടാകും. തിളക്കമുള്ള മഞ്ഞ നിറമുള്ള ഈ വിഭാഗം സ്വർണം വളരെ മൃദുലമായതിനാൽ ആഭരണം നിർമിക്കാനുള്ള കനം ഉണ്ടാകില്ല. 22 കാരറ്റിനെക്കാൾ പവന് 5000 രൂപവരെ കൂടുതലാണ് 24 കാരറ്റിന്.
● 22 കാരറ്റ് (22K): കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്വർണയിനം. 91.6 ശതമാനം സ്വർണവും 8.4 ശതമാനം മറ്റു ലോഹങ്ങളും (ചെമ്പ് അല്ലെങ്കിൽ വെള്ളി) അടങ്ങിയതാണ് 22 കാരറ്റ്. ഉയർന്ന വിലയുള്ള ആഭരണങ്ങളിൽ 22K സ്വർണം ഉപയോഗിക്കുന്നു. 916 ഹാൾമാർക്ക് മുദ്രയിലൂടെ ഈയിനം സ്വർണാഭരണങ്ങൾ തിരിച്ചറിയാം.
● 18 കാരറ്റ് (18K): ലോഹക്കൂട്ടിൽ 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളും അടങ്ങിയതാണിത്. ദൃഢത കൂടിയ ഈയിനം സ്വർണത്തിൽനിന്ന് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഉണ്ടാക്കുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. ഈ സ്വർണം നിറം മാറ്റി പിങ്ക്, വൈറ്റ് ഗോൾഡ് ആഭരണങ്ങളാക്കി മാറ്റുന്നു. 22 കാരറ്റിനെക്കാൾ പവന് 9000 രൂപവരെ കുറവാണ് 18 കാരറ്റിന്.
● 14 കാരറ്റ് (14K): 58.3 ശതമാനം സ്വർണവും 41.7 ശതമാനം മറ്റു ലോഹങ്ങളുമുള്ള ലോഹക്കൂട്ട്. ഉയർന്ന കാരറ്റിനെ അപേക്ഷിച്ച് നിറം കുറവാണ്.
വില കൂടി, ട്രെൻഡും മാറി
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ അഞ്ചു ശതമാനം പണിക്കൂലി ഉൾപ്പെടെ 60,000 രൂപക്ക് മേൽ ചെലവാകും. സാധാരണ ഡിസൈൻ ആഭരണങ്ങൾക്കാണ് അഞ്ചു ശതമാനം പണിക്കൂലി. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചുള്ള ഡിസൈൻ നോക്കിയാൽ 10 ശതമാനത്തിലേക്ക് പണിക്കൂലി കയറും. ഇതോടെ ആഭരണവില പിന്നെയും ഉയരും.
പ്രതിവർഷം 200 മുതൽ 225 വരെ ടൺ സ്വർണം കേരളത്തിൽ വിൽക്കുന്നുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്ക്. സ്വർണം, വെള്ളി ആഭരണങ്ങൾ വിൽക്കുന്ന 15,000 സ്ഥാപനങ്ങളെങ്കിലും മലയാളനാട്ടിൽ പ്രവർത്തിക്കുന്നു.
മലയാളി വനിതകളുടെ മാറുന്ന ആഭരണ ട്രെൻഡുകളിൽ ഇന്ന് ഏറെ പ്രിയം ലൈറ്റ് വെയ്റ്റ് ജ്വല്ലറിക്കാണ്. പരമ്പരാഗത സ്വർണ നിറത്തിനൊപ്പം പിങ്ക്, റോസ്, വൈറ്റ് വർണങ്ങളും ആഭരണങ്ങളിൽ ചാലിക്കുന്നു. 22 കാരറ്റ് തന്നെ വേണമെന്നില്ല എന്ന കാഴ്ചപ്പാടും ആഭരണങ്ങളെ സ്വാധീനിക്കുന്നുണ്ട്. 18 കാരറ്റ് സ്വർണത്തിൽ അമൂല്യ കല്ലുകൾ പിടിപ്പിച്ചു കണ്ണഞ്ചും ഡിസൈനിൽ തയാറാക്കുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ട്രെൻഡിങ്ങാണ്. 18 കാരറ്റ് സ്വർണവും ഹാൾമാർക്ക് ചെയ്യപ്പെട്ടതുകൊണ്ട് മൂല്യം കുറയില്ല. ഭാവിയിൽ കൈമാറാൻ പേടിയും വേണ്ട.
മോഡേൺ വസ്ത്രം അണിഞ്ഞു ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് കൂടുതൽ വൈബ് നൽകുന്നതും പിങ്ക്, റോസ്, വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് നിറത്തിലെ ആഭരണങ്ങളാണ്. ഡയമണ്ട് ഘടിപ്പിച്ച ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഇതോടെ കൂടുതൽ ബ്ലെൻഡായി അവർക്ക് മാറി.
വില കൂടുന്നതും കുറയുന്നതും ഇങ്ങനെ
സ്വർണത്തിന്‍റെ ആഗോള ഉപഭോഗം ഒരുവർഷത്തിൽ 5000 മുതൽ 5500 ടൺവരെയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ലോകത്തെ സ്വർണ ഖനികളിൽനിന്നുള്ള ഉൽപാദനം വർഷത്തിൽ ഏകദേശം 3000 ടൺ മാത്രമാണ്. പഴയ സ്വർണത്തിന്‍റെ പുനരുപയോഗം 3500 മുതൽ 3700 ടൺവരെയും നടക്കുന്നു. ലോക രാജ്യങ്ങളിലെ വ്യാപാരവും സെൻട്രൽ ബാങ്കുകളുടെ വാങ്ങലും എല്ലാം ചേർത്താണിത്.
ലോകത്തെ പ്രധാനപ്പെട്ട മൂന്ന് ഗോൾഡ് ട്രേഡിങ് സെന്‍ററുകളാണ് ലണ്ടൻ ഒ.ടി.സി മാർക്കറ്റ്, യു.എസ് ഫ്യൂച്ചർ മാർക്കറ്റ്, ചൈനയിലെ ഷാങ്ഹായി എക്സ്ചേഞ്ച് എന്നിവ. ഇന്ത്യൻ മൾട്ടി കമോഡിറ്റി എക്സ്ചേഞ്ച് നാലാമത്തേതാണ്. ഏകദേശം 2000-2200 ടൺ സ്വർണത്തിൽ താഴെ വിവിധ രാജ്യങ്ങളിലെ ഓൺലൈൻ വ്യാപാരത്തിൽ ഒരുവർഷം നടക്കും.
ലോകത്ത് രണ്ടുലക്ഷത്തിന് മുകളിൽ ടൺ സ്വർണ ശേഖരമുണ്ടെങ്കിലും വളരെ കുറഞ്ഞ തോതിൽ നടക്കുന്ന ഓൺലൈൻ വ്യാപാരമാണ് ദൈനം ദിനത്തിൽ സ്വർണത്തിന്‍റെ വില നിർണയിക്കുന്നത്. അമേരിക്കൻ പലിശനിരക്ക്, ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വർണവില വർധിക്കുന്നു.
വൻകിട നിക്ഷേപകർ ഊഹക്കച്ചവടത്തിലൂടെ വാങ്ങലും വിൽക്കലും നടത്തി വൻ ലാഭമാണ് കൊയ്യുന്നത്. രാജ്യാന്തരതലത്തിൽ സ്വർണ വ്യാപാരത്തിൽ കുറവ് വരുകയും ഡിമാൻഡ് ഇല്ലാതാകുകയും ചെയ്യുമ്പോൾപോലും സ്വർണത്തിന്‍റെ വില ഉയരാൻ കാരണം ഊഹക്കച്ചവടക്കാരുടെ വാങ്ങൽ ശേഷിയാണ്. വിലക്കുറവ് അനുഭവപ്പെടുമ്പോൾ ഏതെങ്കിലും വൻകിട നിക്ഷേപകർ 10 ടൺ സ്വർണം വാങ്ങിയാൽ വില കുതിച്ചുയരും. ഇതേ നിക്ഷേപകർതന്നെ 10 ടൺ സ്വർണം വിറ്റ് ലാഭമെടുത്താൽ വില കുറയും. ഈ പ്രതിഭാസം തുടരുകയാണ്.
ഓരോ ദിവസവും അന്താരാഷ്ട്ര മാർക്കറ്റിലെ സ്വർണവില തന്നെയാണ് കേരളത്തിലും പിന്തുടരുന്നത്. രാവിലെ 11ഓടെ ജ്വല്ലറി ഉടമകളുടെ അസോസിയേഷൻ മുഖേന സ്വർണ വില മനസ്സിലാക്കി സ്ഥാപനങ്ങളിലേക്ക് കൈമാറുന്നു. ജ്വല്ലറികളിൽ അതത് ദിവസത്തെ സ്വർണവിലയുടെ കൂടെ പണിക്കൂലി കൂട്ടുന്നു. ഈ തുകക്ക് മൂന്ന് ശതമാനം ജി.എസ്.ടി കൂടി കൂട്ടുന്നതാണ് അന്തിമമായി ഉപഭോക്താക്കളിൽനിന്ന് വാങ്ങുന്നത്.
ഹാൾമാർക്ക് നോക്കി വാങ്ങണം
ഇന്ത്യയിൽ ഹാൾമാർക്കിങ് എന്നത് സ്വർണം, വെള്ളി ലോഹങ്ങളുടെ കൃത്യമായ നിർണയവും ഔദ്യോഗിക റെക്കോഡിങ്ങുമാണ്. ഇത് ആഭരണങ്ങളിൽ മായം ചേർക്കുന്നതിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും നിർമാതാക്കളെ മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാക്കുകയും ചെയ്യുന്നു.
രാജ്യത്ത് വിൽക്കുന്ന സ്വർണത്തില്‍ യുനീക് ഐഡന്‍റിഫിക്കേഷന്‍ മാര്‍ക്ക് (യു.എച്ച്.ഐ.ഡി) ഉണ്ടായിരിക്കണം. ഇത് ഹാൾമാർക്കിങ്ങിന്‍റെ അടയാളമാണ്. ആറക്ക ആല്‍ഫ ന്യൂമറിക് കോഡ് സ്വര്‍ണത്തിന്‍റെ പരിശുദ്ധി, തൂക്കം, ഹാള്‍മാര്‍ക്ക് സെന്‍ററിന്‍റെ സുതാര്യത എന്നിവ മനസ്സിലാക്കാൻ സഹായിക്കും. ബി.ഐ.എസ് കെയര്‍ ആപ് വഴി ഈ കോഡ് എന്‍റർ ചെയ്താൽ വിവരങ്ങൾ ലഭിക്കും. കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമാണ്.
പണിക്കൂലി പോക്കറ്റ് കാലിയാക്കും
സ്വർണാഭരണം വാങ്ങുമ്പോൾ സ്വർണവിലയോടൊപ്പം അധികമായി ചെലവാക്കേണ്ടത് പണിക്കൂലിയാണ്. അഞ്ച് ശതമാനം മുതൽ പണിക്കൂലി നൽകേണ്ടിവരുന്നു. ഡിസൈൻ കൂടിയ ആഭരണങ്ങളാണെങ്കിൽ പണിക്കൂലി ഉയരും. സ്വർണം നിക്ഷേപത്തിനായി വാങ്ങുന്നൊരാൾ വലിയ പണിക്കൂലി നൽകി വാങ്ങേണ്ടതില്ല, നാണയങ്ങളോ സ്വർണക്കട്ടികളോ വാങ്ങാം. ഇവ കുറഞ്ഞ പണിക്കൂലിയിൽ ലഭിക്കും.
സ്വർണം വിൽക്കണോ പണയം വെക്കണോ?
സാമ്പത്തിക ആവശ്യം വരുമ്പോൾ സ്വർണം പണയം വെക്കുന്നതാണോ വിൽക്കുന്നതാണോ മികച്ച തീരുമാനം എന്നത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. പണയം വെക്കുന്നത് ആസ്തി വിൽക്കാതെതന്നെ വായ്പ ഉറപ്പാക്കാൻ സഹായിക്കും. താൽക്കാലികമായി മാത്രമാണ് ഫണ്ട് ആവശ്യമെങ്കിൽ ഇത് ഉപയോഗപ്രദമാണ്. വായ്പകളുടെ പലിശ നിരക്ക് പരിശോധിക്കുക. അത് ന്യായമാണെങ്കിൽ പണയം നല്ല ഓപ്ഷനാണ്.
സ്വർണ വിൽപന ഉടനടി പണലഭ്യത നൽകുന്നു. സ്വർണത്തിന്‍റെ വിപണി വില ഉയർന്നതാണെങ്കിൽ വിൽപന നല്ല വരുമാനം നൽകിയേക്കാം. ആ സ്വർണം ദീർഘനാളത്തേക്ക് ആവശ്യമാണെന്ന് കരുതുന്നില്ലെങ്കിൽ വിൽക്കുന്നത് കൂടുതൽ യുക്തിസഹമായേക്കാം. മികച്ച തീരുമാനം എടുക്കുന്നതിന് അടിയന്തര ആവശ്യങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ, വിപണി സാഹചര്യങ്ങൾ എന്നിവ വിലയിരുത്തുക.
ദീർഘകാല ലക്ഷ്യം വെക്കാം
സ്വർണം ദീർഘകാല സമ്പാദ്യമായി കാണുകയാണെങ്കിൽ വലിയ തുകക്ക് ഒന്നിച്ചു വാങ്ങുന്നതിനെക്കാൾ ഫലപ്രദം പല തവണകളായി പണിക്കൂലി കുറഞ്ഞ ആഭരണങ്ങളോ നാണയങ്ങളോ നിശ്ചിത സംഖ്യ നൽകി വാങ്ങലാണ്. ഇതിലൂടെ വില കുറയുന്നതിന്‍റെ പ്രയോജനവും ലഭിക്കും.
വിശ്വാസ്യതയുള്ള ജ്വല്ലറികൾ നടത്തുന്ന സ്വർണ ചിട്ടികളും സമ്പാദ്യ സ്കീമുകളും പ്രയോജനപ്പെടുത്തുന്ന വലിയ വിഭാഗം ഇന്നുണ്ട്. ഓരോ മാസവും നിശ്ചിത തുക അടച്ച് പദ്ധതി പൂർത്തിയാകുന്ന മാസം പണിക്കൂലി ഇല്ലാതെ സ്വർണവില മാത്രം നൽകി ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.