നിങ്ങൾക്ക് സന്തോഷമില്ലേ? ‘മരുന്ന്’ വീട്ടിനകത്തുണ്ട്

എന്‍റെ വീട് എന്‍റെ ഉല്ലാസയിടം തന്നെയാണെന്ന തിരിച്ചറിവ് നേടുകയാണ് ഏറ്റവും പ്രധാനം. മൊബൈൽ സ്ക്രീനിലെ ഇത്തിരി ലോകത്തു കിട്ടാത്ത പരിഗണനയും സന്തോഷവും വീട്ടിൽ ലഭിക്കുമെന്ന് ജൻ സീ കുട്ടികൾക്ക് മാതാപിതാക്കൾ തെളിയിച്ചു കൊടുക്കണം.

ആസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചപ്പോൾ വികാരഭരിതനായി പറഞ്ഞ വാക്കുകൾ ആരുടെയും മനസ്സിൽ ആഴ്ന്നുപതിയും– ‘‘ജീവിതത്തിൽ ഞാൻ കൈവരിച്ച ഓരോ നേട്ടത്തിനു പിന്നിലും എന്‍റെ കുടുംബമാണ്.

എന്നെ അതിശയകരമായി വളർത്തിയതിന് മാതാപിതാക്കൾക്കാണ് ക്രെഡിറ്റ്. ജ്യേഷ്ഠൻ സ്റ്റീവിന്‍റെ കാൽപ്പാടുകളാണ് ഞാൻ പിന്തുടർന്നത്. പങ്കാളിയായി കാൻഡിസ് എത്തിയതോടെ എന്‍റെ വഴികൾ കൂടുതൽ തെളിഞ്ഞു. ഞങ്ങൾ മനോഹരമായ ഒരു കുടുംബം പണിതുയർത്തി. അവരോട് ഒപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്.’’

പകരംവെക്കാനില്ലാത്ത സ്‌നേഹത്തിന്‍റെ ഉറവിടമാണ് ഓരോ കുടുംബവും; കൂടുമ്പോള്‍ ഇമ്പമാർന്ന ഒരു സംഗീതംപോലെ. ആ ഇമ്പം ഇല്ലെങ്കില്‍ അത് വെറുമൊരു കൂട്ടമായി മാറും. കാലാന്തരങ്ങളിൽ കുടുംബബന്ധങ്ങളിൽ വന്ന മാറ്റം ചിന്തകളിലും പ്രവൃത്തികളിലും സംഘബോധത്തിലുമെല്ലാം പ്രതിഫലിച്ചു.

വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച് കളിയും ചിരിയും നിറഞ്ഞുനിന്ന കാലം നമ്മില്‍നിന്ന് അകന്നുപോയി. ഇന്ന് കുടുംബം എന്നത് സീരിയസായി, തമാശകള്‍ രുചിക്കാത്ത ഇടമായി. എല്ലാവരും സ്വന്തം തിരക്കുകളില്‍ ഊന്നി ജീവിതം മുന്നോട്ടുനീക്കുന്നു.


ഒരു വീടിനുള്ളില്‍ താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാതെ, സ്‌നേഹിക്കാന്‍ സാധിക്കാതെ പോകുന്ന എത്രയോ ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അരികെ കഴിഞ്ഞിട്ടും മനസ്സുകൊണ്ട് അകന്ന ദമ്പതികള്‍, മക്കളോട് വാത്സല്യം ചൊരിയാന്‍ മറന്ന മാതാപിതാക്കള്‍... ഇവയെല്ലാം നവകുടുംബത്തിനകത്തെ ചിത്രങ്ങളാണ്. സമയം കൊല്ലാൻ പുത്തൻ ഗാഡ്ജറ്റുകൾ വന്നതോടെ വീട്ടിലൊരാൾ കയറിവരുന്നതുപോലും അരോചകമായി.

ജോലിയും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ബന്ധങ്ങളെ ഊഷ്മളമാക്കാൻ നമുക്ക് സമയമില്ല. ഒന്നിനും ‘സമയം ലഭിക്കാറില്ല!’ എന്നതാണ് നേരിൽ കാണുന്നവർ തമ്മിലെ പുതുമൊഴി.

ഒരു സ്കൂളിൽ നടന്ന കഥയാണ്. അഞ്ചാം ക്ലാസിലെ കുട്ടികളോട് ടീച്ചർ ആഗ്രഹങ്ങൾ ചോദിച്ചപ്പോൾ ഒരു കുട്ടിയുടെ മറുപടി ഇങ്ങനെ: ‘‘അച്ഛൻ എന്നെയൊന്ന് എടുക്കണം.’’ അവന്‍റെ വലിയ ഒരാഗ്രഹമാണത്. ടീച്ചർ അവനെ ചേർത്തുപിടിച്ച് സംസാരിച്ചതോടെ മനസ്സിലായി പിതാവ് അവന്‍റെ മുഖത്തൊന്നു നോക്കിയിട്ടുതന്നെ നാളുകളായെന്ന്. ഇങ്ങനെ മനസ്സിന്‍റെ കോണില്‍ ആഗ്രഹങ്ങൾ നെടുവീർപ്പിലൊതുക്കി മുന്നോട്ടുപോകുന്ന എത്രയോ ജീവിതങ്ങള്‍.


ഉള്ളുതുറന്നൊന്ന് സംസാരിച്ചാല്‍ തീരാവുന്നതാണ് പ്രശ്‌നങ്ങളിൽ ഏറെയും. ദൃഢമായ ഒരു ബന്ധത്തിന് പരസ്പരം മനസ്സിലാക്കലും സ്നേഹംപ്രകടിപ്പിക്കലും ഒരുമിച്ച് നല്ല സമയം ചെലവഴിക്കലുമൊക്കെ അനിവാര്യമാണ്. പരസ്പരം പരിഗണനയും തിരിച്ചറിവുകളും വിട്ടുവീഴ്ചകളുമൊക്കെയുണ്ടാകുമ്പോള്‍ മാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ.

കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങള്‍ മാഞ്ഞുപോയിരുന്ന കാലത്താണ് ലോക്ഡൗണ്‍ വന്നത്. ഇതിലൂടെ നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാന്‍ അവസരമൊരുങ്ങിയെങ്കിലും പിന്നീടത് പഴയപടിയായി.

എന്‍റെ വീട് എന്‍റെ ഉല്ലാസയിടം തന്നെയാണെന്ന തിരിച്ചറിവ് നേടുകയാണ് ഏറ്റവും പ്രധാനം. മൊബൈൽ സ്ക്രീനിലെ ഇത്തിരി ലോകത്തു കിട്ടാത്ത പരിഗണനയും സന്തോഷവും വീട്ടിൽ ലഭിക്കുമെന്ന് ജൻ സീ കുട്ടികൾക്ക് മാതാപിതാക്കൾ തെളിയിച്ചു കൊടുക്കണം.

അവരോടൊപ്പം കളിച്ചും കഥപറഞ്ഞും മുതിർന്നവരോട് തമാശ പറഞ്ഞും ജീവിതത്തെ ആനന്ദകരമാക്കാം. സന്തോഷവും ആനന്ദവും പുലരുന്ന പിക്നിക് സ്പോട്ടുകളായി വീടകങ്ങൾ മാറട്ടെ. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ പ്രത്യേക ലക്കം ‘കുടുംബ’ത്തിൽ.

ഊഷരമായ പുറംലോകത്തുനിന്ന് ഊഷ്മളമായ തണൽ തേടി നമ്മുടെ കുട്ടികൾ വീടകങ്ങളിലേക്ക് ഓടിയണയട്ടെ. അവരെ ഏതു വെല്ലുവിളിയിലും ചേർത്തണച്ചു കൈവിടാതെ നോക്കുമെന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ.




Tags:    
News Summary - My house is my picnic spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.