മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അജിത്തിന് ആദ്യമായി ഒരു സൈക്കിൾ കിട്ടുന്നത്. അധികം വൈകാതെ ആ കുഞ്ഞുമനസ്സിലെ സ്വപ്നം അവൻ വീട്ടിൽ പറഞ്ഞു, ''എനിക്ക് കശ്മീരിൽ പോവണം, സൈക്കിളിൽ.'' മൂന്നാംക്ലാസുകാരന്റെ സ്വപ്നത്തെ ആരും കളിയാക്കിയില്ല, മാത്രവുമല്ല, പോകാം കുറച്ചുകൂടി വലുതാവട്ടെ എന്ന് േപ്രാത്സാഹിപ്പിച്ചു. ആ േപ്രാത്സാഹനവും പിന്തുണയുമാണ് അജിത്ത് കൃഷ്ണ എന്ന സ്കൂൾ വിദ്യാർഥിക്ക് റെക്കോഡുകളിലേക്ക് ചക്രം ചവിട്ടാൻ തുണയായത്. 2019ൽ പാലക്കാട്ടുനിന്ന് കശ്മീരിലേക്ക് 25 ദിവസത്തെ സൈക്കിളോട്ടം. 4205.32 കിലോമീറ്റർ യാത്രയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കൊപ്പം കൂടെ പോന്നത് ഇന്ത്യൻ റെക്കോഡ്, ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോഡ്, ലോക റെക്കോഡുകൾ. 18 വയസ്സിന് താഴെയുള്ള ഒരു കുട്ടി ചെറിയ സമയത്തിനുള്ളിൽ പിന്നിട്ട വലിയ ദൂരം ചരിത്രമായി.
കഴിഞ്ഞ ഡിസംബർ 28ന് വീണ്ടും സൈക്കിളിൽ ചരിത്രം കുറിക്കാനിറങ്ങി അജിത്ത്. ഇത്തവണത്തെ യാത്ര പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക്. 24 മണിക്കൂറാണ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും 18 മണിക്കൂർ 33 മിനിറ്റിൽ 300 കിലോമീറ്റർ താണ്ടി റെക്കോഡിട്ടു. ലോക റെക്കോഡും ഏഷ്യൻ ബുക്സ് ഓഫ് റെക്കോഡും സ്വന്തമാക്കി. റെക്കോഡ് സ്വന്തമാക്കുക മാത്രമല്ല അജിത്തിന്റെ ലക്ഷ്യം. ആരോഗ്യ സംരക്ഷണത്തിെൻറയും മലിനീകരണ നിയന്ത്രണത്തിെൻറയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ കൂടിയായിരുന്നു. ഡൊമെയ്ൻ എൽ ടു സൈക്കിളിലാണ് യാത്ര. ഒരു ചെറിയ യാത്രക്കുപോലും വലിയ വാഹനങ്ങളിൽ പോകുന്നവർക്കുള്ള സന്ദേശംകൂടിയായിരുന്നു ഈ സൈക്കിളോട്ടം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബംഗളൂരുവിലേക്കാണ് ആദ്യമായി സൈക്കിളിൽ ദീർഘയാത്ര നടത്തിയത്. അതോടുകൂടി സ്വപ്നയാത്രക്കുള്ള ആത്മവിശ്വാസമായി. 2019 ആഗസ്റ്റ് 15നാണ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ വീട്ടുകാർ കാറിൽ പിറകിലുണ്ടായിരുന്നു. കശ്മീർ യാത്ര ബുദ്ധിമുട്ടിച്ചോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ''ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു, എങ്ങനെയും കശ്മീർ എത്തണമായിരുന്നു, അതെന്റെ ഡ്രീം അല്ലേ? ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിൽ പോകുമ്പോൾ എതിരെനിന്നും ശക്തമായ കാറ്റുണ്ട്, ഈർപ്പമുള്ള അന്തരീക്ഷം, നല്ല കയറ്റത്തിൽ വേഗം കിട്ടാനായി തല താഴ്ത്തിയിട്ട് ആഞ്ഞുചവിട്ടും, ഒരു 500 മീറ്ററൊക്കെ നോക്കി വെച്ചാണ് പോക്ക്. മുന്നിൽ പോവുന്ന ലോറി അപ്രതീക്ഷിതമായി നിർത്തിയപ്പോൾ ചെന്നു തട്ടി. പെെട്ടന്ന് തലയുയർത്തിയപ്പോൾ മുന്നിൽ ലോറിയാണ്. ഹെൽമറ്റ് പൊട്ടി ചെവിയിൽ തട്ടി. എം.ബി.ബി.എസിന് പഠിക്കുന്ന ഏട്ടൻ പിന്നിലെ കാറിൽ ഉണ്ടായിരുന്നു. ഫസ്റ്റ് എയ്ഡ് തന്നു. നല്ല കാറ്റും നല്ല നീറ്റലും. അതൊരു ഒന്നൊന്നര പോക്കായിരുന്നു.'' -അജിത്ത് ചിരിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര പിന്നിട്ട് കശ്മീരിലെത്തുമ്പോൾ നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാട്ടിലൂടെയുള്ള യാത്ര മറക്കാനാവില്ല. കുറച്ച് ഭക്ഷണം, കുറച്ച് വിശ്രമം അങ്ങനെയായിരുന്നു. ദിവസവും 160 കിലോമീറ്ററാണ് ചവിട്ടിയത്. 290 കിലോമീറ്റർ വരെ പിന്നിട്ട ദിവസങ്ങളും ഉണ്ട്. യാത്രയിൽ ക്ഷീണം തോന്നാതിരിക്കാൻ ഉപ്പിലിട്ട നെല്ലിക്ക, ഒ.ആർ.എസ് ലായനി, ഉണക്കമുന്തിരി, ഇളനീർ, ബദാം എന്നിവയായിരുന്നു പ്രധാന ഭക്ഷണം. അപൂർവമായി മാത്രം രാത്രി നാലു മണിക്കൂറൊക്കെ ഉറങ്ങും, വനപ്രദേശത്തൊക്കെ റോഡ് സൈഡിലാണ് കിടന്നത്. അല്ലെങ്കിൽ പെേട്രാൾപമ്പിലും ടോൾ ബൂത്തിലുമൊക്കെ കിടക്കും.''
സമപ്രായക്കാരുടെ താൽപര്യങ്ങളിൽനിന്ന് എന്നും വ്യത്യസ്തമാണ് അജിത്തിെൻറ രീതികൾ. ബേക്കറി പലഹാരങ്ങളൊന്നും താൽപര്യമില്ല. ദിവസവും നെല്ലിക്ക കഴിക്കും, ഇഷ്ടമുള്ള ജ്യൂസൊക്കെ സ്വയം തയാറാക്കി കഴിക്കും. സ്വന്തമായി തീരുമാനങ്ങളുണ്ട്. ശ്രമിച്ചാൽ നടക്കാത്തതൊന്നുമില്ലെന്ന് മാതാപിതാക്കളെയും ഇടക്കിടെ ബോധ്യപ്പെടുത്തും. നന്നായി പഠിക്കാൻ എല്ലാവർക്കും പറ്റും, ഉസൈൻ ബോൾട്ടാവാൻ എല്ലാവർക്കും പറ്റില്ല എന്നാണ് പറച്ചിൽ. കൗമാരക്കാരുടെ ഹരമായ സ്പോർട്സ് ബൈക്കുകളൊന്നും ഇതുവരെ ആകർഷിച്ചിട്ടേയില്ല. രാവിലെ 4.30ന് എഴുന്നേറ്റ് 25-50 കിലോ മീറ്റർ വരെ എന്നും സൈക്കിളിൽ പ്രാക്ടിസുണ്ട്. തുടർന്ന് ആറര തൊട്ട് എട്ടര വരെ സ്കൂളിൽ ക്രിക്കറ്റ് പ്രാക്ടിസ്. സ്പോർട്സിൽ മാത്രമല്ല, പഠനത്തിലും മിടുക്കനാണ് അജിത്ത്. ഭാവിയിൽ ഐ.എ.എസാണ് ലക്ഷ്യമെന്നും ഈ മിടുക്കൻ പറയുന്നു.
കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അജിത്ത് കൃഷ്ണ. പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയാണ് വീട്. മകെൻറ സൈക്കിൾപ്രേമത്തിന് പൂർണ പിന്തുണ നൽകുന്നവരാണ് അച്ഛൻ പ്രണേഷ് രാജേന്ദ്രനും ചിറ്റൂരിൽ ലാബ് നടത്തുന്ന അമ്മ അർച്ചന ഗീതയും എം.ബി.ബി.എസ് വിദ്യാർഥിയായ ഏട്ടൻ അജയ് കൃഷ്ണയും.
കിട്ടിയ റെക്കോഡുകളിൽ ഒതുങ്ങുന്നില്ല ഈ കൗമാരക്കാരന്റെ സ്വപ്നങ്ങൾ. അടുത്ത യാത്രയെക്കുറിച്ചുള്ള ചിന്തയിലാണ് ഇപ്പോൾ അജിത്ത്. 18 വയസ്സിനുള്ളിൽ അഞ്ചു ഭൂഖണ്ഡങ്ങളിലേക്ക് സൈക്കിളിൽ... മൂന്നാം ക്ലാസിൽ കശ്മീർ സ്വപ്നംകണ്ട ഉത്സാഹിക്ക് അതും മോഹിപ്പിക്കുന്ന ദൂരംതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.