''സാധാരണ ചിലർക്ക് ഓണക്കോടി, വിഷുവിന് പുത്തനുടുപ്പ്, പെരുന്നാൾ കോടി... ഇങ്ങനെ ഏതെങ്കിലുമൊക്കെ മാത്രം കിട്ടുമ്പോൾ എനിക്കും അനിയത്തിക്കും അങ്ങനെയായിരുന്നില്ല. ഓണത്തിനും വിഷുവിനും പെരുന്നാളിനുമൊക്കെ പുത്തനുടുപ്പുകൾ കിട്ടും. അത് ഞങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയാണ്. എല്ലാ ആഘോഷങ്ങൾക്കും ഇങ്ങനെ സമ്മാനം കിട്ടുന്നത് സ്കൂളിലെ കൂട്ടുകാരോടൊക്കെ പറഞ്ഞുനടന്നതൊക്കെ ഇപ്പോഴും ഓർമയിലുണ്ട്.''
വീടിനെക്കുറിച്ചും കുടുംബത്തിെല ആഘോഷ ദിനങ്ങളെക്കുറിച്ചും പറയുമ്പോൾ ഉള്ളിൽ നിറയുന്ന സന്തോഷം അനു സിതാരയുടെ വാക്കുകളിലുണ്ട്. കുട്ടിക്കാലം മുതലുള്ള ഓർമകളെ അത്രത്തോളം മൂല്യത്തോടെ മനസ്സിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ കലാകാരി. വയനാട് കൽപറ്റയിൽ അബ്ദുൽ സലാമിെൻറയും രേണുകയുടെയും മകളായി ജനിച്ച് മലയാള സിനിമ ലോകത്ത് മികച്ച സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച അനു സിതാര റമദാൻ, പെരുന്നാൾ, വിഷു ഓർമകൾ പങ്കുവെക്കുകയാണ്. എല്ലാ വിശേഷദിനങ്ങളും വ്യത്യാസങ്ങളില്ലാതെ വീട്ടിൽ ആഘോഷിച്ചിരുന്നതിെൻറ അനുഭവങ്ങളാണ് അനുവിന് പറയാനുള്ളത്. വിവാഹശേഷം അത് കൂടുതൽ മനോഹരമായി മുന്നോട്ടുപോകുന്നുവെന്നും അനുവിെൻറ സന്തോഷ സാക്ഷ്യം.
നോമ്പുനോറ്റും കണികണ്ടും...
വീട്ടിൽ റമദാനും നോമ്പും പെരുന്നാളും വിഷുവും ഓണവുമെല്ലാം ആഘോഷിക്കാറുണ്ട്. അച്ഛനും അമ്മയും ഇൻറർകാസ്റ്റ് മാര്യേജ് ആയതുകൊണ്ട് ഒന്നോ രണ്ടോ ആഘോഷങ്ങളിൽ വീട് ഒതുങ്ങാറില്ല. എല്ലാ വർഷവും അങ്ങനെതന്നെയാണ്. ഉമ്മുമ്മയുടെ (പിതാവിെൻറ ഉമ്മ) കൂടെ നോമ്പെടുക്കാറുണ്ടായിരുന്നു. വിഷു മിക്കപ്പോഴും അമ്മൂമ്മയുടെ വീട്ടിലായിരിക്കും ആഘോഷിക്കുക.
പുതിയ വീട്ടിലേക്ക് മാറിയിട്ട് ഈ വിഷു ആകുമ്പോൾ ഒരു വർഷമാവുകയാണ്. കഴിഞ്ഞ വിഷുവിന് പുതിയ വീട്ടിൽ കണിയൊക്കെ ഒരുക്കിയിട്ടുണ്ടായിരുന്നു. വീട്ടിൽ നിൽക്കുന്ന സമയത്ത് ഇങ്ങനെയുള്ള ചടങ്ങുകൾക്കൊന്നും മുടക്കം വരുത്താറേയില്ല. ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടം. അത് ഷൂട്ടിങ്ങിെൻറ സമയത്താണെങ്കിൽ വീട്ടിലേക്ക് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്. അവിടുത്തെ ബഹളവും കളിയും ചിരിയുമൊക്കെ ഫോണിലൂടെ കേൾക്കുമ്പോൾ നഷ്ടം തോന്നും.
എന്നാൽ ലൊക്കേഷനിലെ വിഷു ആഘോഷം മറ്റൊരു അനുഭവമാണ്. ഒരുപാട് പേരുടെ കൂടെയിരുന്ന് സദ്യ കഴിക്കുന്നതാണ് അവിടുത്തെ ഇഷ്ടം. അനിയത്തി അനു സോനാരയും ചെറിയമ്മേടെ രണ്ട് മക്കളും മാമെൻറ മോനുമൊക്കെ ചേർന്നാണ് വീട്ടിൽ ആഘോഷമാക്കാറ്.
സദ്യയും ബിരിയാണിയും
വിഷുവും പെരുന്നാളുമൊക്കെ വരുമ്പോഴുള്ള പ്രത്യേകതയെന്തെന്നാൽ, ഞങ്ങൾക്ക് ഇവിടെ വീട്ടിലൊക്കെ വിഷുവിന് സദ്യ മാത്രമല്ല ഇടക്ക് ബിരിയാണിയുമുണ്ടാകും. അല്ലെങ്കിൽ ചിക്കെൻറ നോൺ ഐറ്റവും കാണും. അടുക്കളയിൽ അമ്മമ്മ സദ്യയുണ്ടാക്കുമ്പോൾ തൊട്ടടുത്തുനിന്ന് ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കുന്നുണ്ടാകും. ഈ കാഴ്ച കാണാനുള്ള ഭാഗ്യം എനിക്ക് ഒരുപാടുണ്ടായിട്ടുണ്ട്.
ആഘോഷങ്ങൾ കുടുംബത്തോടൊപ്പമാകാൻ ഇഷ്ടപ്പെടുന്നയാളാണ് താൻ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി ആഘോഷിക്കുന്നത് ഉണ്ടായിട്ടില്ല. പിറന്നാളിന് ചിലപ്പോഴൊക്കെ സുഹൃത്തുക്കളെത്തി കേക്ക് മുറിക്കാറുണ്ട്. വീട്ടിൽ ബർത്ത് ഡേ ആഘോഷിക്കുമ്പോൾ എല്ലാവരെയും ക്ഷണിക്കും.
ആളുതെറ്റി വന്ന സമ്മാനം
കുട്ടിക്കാലത്തെ ആദ്യം ഓർമവരുന്ന ആഘോഷം എെൻറയും അനിയത്തിയുടെയും പിറന്നാളുകളാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള എെൻറ ബർത്ത് ഡേ നല്ല ഓർമയുണ്ട്. അന്ന് എന്നെ സാരിയൊക്കെ ഉടുപ്പിച്ചിട്ടാണ് മമ്മി സ്കൂളിലേക്ക് അയച്ചത്. അതുകണ്ട് കുട്ടികളൊക്കെ എെൻറ ചുറ്റും കൂടി. െചറിയ പ്രായത്തിൽ സാരിയൊക്കെ ഉടുത്ത് പോയത് മറക്കാനാകില്ല. ഒരിക്കൽ അനിയത്തിയുടെ പിറന്നാൾ ദിനത്തിൽ ഒരു ആൻറിക്ക് ബർത്ത് ഡേ ആരുടേതാണെന്ന് മാറിപ്പോയി. എെൻറ പിറന്നാളാണെന്ന് കരുതിയാണ് പാത്തു എന്ന് വിളിക്കുന്ന ഞങ്ങളു
െട താത്ത സമ്മാനവുമായി എത്തിയത്. എനിക്ക് ഗിഫ്റ്റായി ഡ്രസ്സും തന്നു. പിറന്നാൾ ആഘോഷിക്കുന്ന അനിയത്തി ഒരുപാട് സമ്മാനങ്ങൾ കിട്ടി സന്തോഷത്തിലായിരുന്നു. അതുകണ്ട് വിഷമത്തിലായ എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ ഗിഫ്റ്റ് കുഞ്ഞുപ്രായത്തിലെ വലിയ സന്തോഷമായിരുന്നു.
ചെറുപ്പകാലം മുഴുവൻ ചെലവഴിച്ചത് കൽപറ്റയിലെ വീട്ടിലായിരുന്നു. അക്കാലത്ത് അച്ഛെൻറയും അമ്മയുടെയും ഒപ്പം ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. എന്നാൽ, വലിയ യാത്രകളൊന്നും പോയിട്ടില്ല. കല്യാണത്തിനുശേഷം ഏട്ടെൻറ ഫാമിലിയും എെൻറ കുടുംബവുമൊത്ത് മൈസൂരുവിൽ പോയിരുന്നു. നല്ല രസമായിരുന്നു അത്. ഒരുപാട് സ്ഥലങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും കുടുംബത്തോടൊപ്പം കുറച്ചുദൂരം യാത്ര ചെയ്യുന്നതുതന്നെ വലിയ ഇഷ്ടമാണ്.
ബെസ്റ്റ് ഫ്രൻഡ് അനിയത്തി
ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അനിയത്തിയാണ്. ഞങ്ങൾ തമ്മിൽ ആറു വയസ്സിെൻറ വ്യത്യാസമുണ്ട്. അവളോടൊപ്പം സമയം ചെലവഴിക്കുകയെന്നത് ഒരുപാട് ഇഷ്ടമാണ്. സുഹൃത്തായ നിമിഷയെയും ഇടക്കൊക്കെ കാണാറുണ്ട്. സ്കൂൾ-കോളജ് പഠനകാലത്തെ സുഹൃത്തുക്കളെ ഇടക്ക് ടൗണിലൊക്കെവെച്ച് കാണും. ഫോണിലൂടെയും അടുത്ത സുഹൃത്തുക്കൾ ബന്ധപ്പെടാറുണ്ട്.
മണിക്കുട്ടി, അപ്പു എന്നിവരാണ് കുട്ടിക്കാലത്തെ സുഹൃത്തുക്കൾ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മണിക്കുട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോയി. 20 വർഷങ്ങൾക്കുശേഷം തമിഴ്നാട്ടിലെത്തിയപ്പോൾ ഞങ്ങൾ കണ്ടുമുട്ടി. അപ്പുവിനെ നാട്ടിൽവെച്ച് ഇടക്കൊക്കെ കാണും.
മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല
കഴിഞ്ഞ വർഷം കോവിഡ് ലോക്ഡൗണിൽ മുങ്ങി ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. വിഷുവിന് കണിവെച്ചിരുന്നു. പെരുന്നാളിെൻറ സമയത്ത് ഉമ്മൂമ്മയൊക്കെ വീട്ടിലുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും അന്ന് ഒരുമിച്ച് കൂടി. ഇത്തവണത്തെ റമദാനും പെരുന്നാളും വിഷുവുമൊന്നും എങ്ങനെയാണ് ചെലവഴിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. എല്ലാം അതത് സമയത്ത് നടക്കും.
'അനുരാധ'യാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ. ഷൂട്ടിങ് കഴിഞ്ഞു, റിലീസിങ് തീരുമാനിച്ചിട്ടില്ല. വാതിൽ എന്ന ചിത്രത്തിെൻറ ഷൂട്ടിങ് 15ന് തിരുവനന്തപുരത്ത് തുടങ്ങും.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.