അമേരിക്കയിൽ ടെക്സസ് സ്റ്റേറ്റിലെ ഹ്യൂസ്റ്റൻ, മിസൂറി സിറ്റിയിലെ ആ വീട്ടിൽ എല്ലാ ക്രിസ്മസിനും അലങ്കാര നക്ഷത്രങ്ങളെക്കാൾ തിളങ്ങി ഒരു സ്റ്റാർ എപ്പോഴുമുണ്ട്. മലയാളത്തിെൻറ എക്കാലത്തെയും ആക്ഷൻ ഹീറോ ബാബു ആൻറണി. ക്രിസ്മസ് അടുക്കുേമ്പാൾ അമേരിക്കയിലെ വീട്ടിൽ ബാബു ആൻറണി തനി പൊൻകുന്നം അച്ചായനാകും. അയൽക്കാരുടെ അലങ്കാരങ്ങൾക്കൊപ്പം പിടിച്ചുനിൽക്കുംവിധം സ്വന്തം വീട് അലങ്കരിക്കാൻ മുണ്ടും മടക്കിക്കുത്തി അങ്ങിറങ്ങും. ചെറുപ്പത്തിൽ പൊൻകുന്നത്തെ തെക്കേക്കൂറ്റ് വീട്ടിൽ അപ്പച്ചൻ ടി.ജെ. ആൻറണി ചെയ്തിരുന്നതുപോലെ അടിപൊളിയായി ക്രിസ്മസ് ട്രീ അലങ്കരിക്കും. ഭാര്യക്കും മക്കൾക്കും വേണ്ടി അതിൽ സമ്മാനങ്ങളും ഒരുക്കും.
ഭാര്യ ഇവ്ജെനിയയുടെ വിളിേപ്പര് ഈവ് എന്നാണ്. 'ക്രിസ്മസ് ഈവ്' കളർഫുൾ ആക്കുക ബാബുച്ചായെൻറ ഇൗ 'സ്വന്തം ഈവ്' ആണ്. വെസ്റ്റേണും നാടനും ചേർന്നൊരു ഫ്യൂഷനാണ് ക്രിസ്മസ് വിരുന്നിന് ഈവ് ഒരുക്കുക. സ്റ്റഫ് ചെയ്ത ടർക്കി കോഴിക്കും ബീഫ് റോസ്റ്റിനുെമാപ്പം നല്ല കോട്ടയം മീൻകറിയും സാമ്പാറും അവിയലുമൊക്കെ ഉണ്ടാക്കി ഈവ് അമേരിക്കയെയും പൊൻകുന്നത്തെയും തീൻമേശയിൽ ഒരുമിപ്പിക്കും. പത്തുവർഷം പൊൻകുന്നത്ത് അച്ചായത്തിയായി ജീവിച്ചതിനാൽ നാടൻ കറികളുണ്ടാക്കൽ ഈവിന് ഈസിയാണ്.
ഇത്തവണത്തെ ക്രിസ്മസിന് മറ്റൊരു നക്ഷത്രത്തിളക്കം കൂടിയുണ്ട് ഈ വീട്ടിൽ. ബാബു ആൻറണിയുടെ മൂത്തമകൻ ആർതർ ആൻറണിയാണ് ആ പുതുതാരകം. ആർതറിെൻറ സിനിമ അരങ്ങേറ്റത്തിെൻറ സന്തോഷമാണ് ഈ വർഷം ബാബു ആൻറണിക്കും കുടുംബത്തിനുമുള്ള ക്രിസ്മസ് സമ്മാനം. ആർതർ അഭിനയിക്കുന്ന 'ദ ഗ്രേറ്റ് എസ്കേപ്' എന്ന സിനിമയുടെ ചിത്രീകരണം അമേരിക്കയിൽ പുരോഗമിക്കുകയാണ്. ഒരു അധോലോക കുടുംബത്തിെൻറ വൈകാരിക സംഘർഷങ്ങൾ പറയുന്ന സിനിമയിൽ ബോബ് ക്രിസ്റ്റോ എന്ന മാഫിയ തലവനായി വേഷമിടുന്നത് ബാബു ആൻറണിയാണ്. ബാബു ആൻറണിയുടെ മകനായിത്തന്നെയാണ് സിനിമയിൽ ആർതർ എത്തുന്നത്. 16കാരനായ ആർതർ മുമ്പ് 'ഇടുക്കി ഗോൾഡി'ൽ അഭിനയിച്ചതും ബാബു ആൻറണിയുടെ മകനായിത്തന്നെ. ഇളയ മകൻ 11 വയസ്സുള്ള അലക്സും 'ദ ഗ്രേറ്റ് എസ്കേപ്പി'ൽ ബാബു ആൻറണിയുടെ മകനായി അഭിനയിക്കുന്നതിെൻറ സന്തോഷം ഈ ക്രിസ്മസിെൻറ മധുരം ഇരട്ടിയാക്കുന്നു.
ജയൻ കഴിഞ്ഞാൽ മലയാളികൾ നെഞ്ചേറ്റിയ ഒരേയൊരു ആക്ഷൻ ഹീറോ ബാബു ആൻറണിയാണ്. '90കളുടെ തുടക്കത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചിരുന്നു സാധാരണക്കാരുടെ ഈ സൂപ്പർ താരം. ബാബു ആൻറണി സിനിമകളായ ചന്ത, കടൽ, ഉപ്പുകണ്ടം ബ്രദേഴ്സ്, മാഫിയ തുടങ്ങിയവയുടെ ഫിലിം പെട്ടി ഒരു തിയറ്ററുകാരിൽനിന്ന് മറ്റൊരു തിയറ്ററുകാർ അടിച്ചുമാറ്റുന്നതും പൊലീസ് കേസാകുന്നതുമൊക്കെ '90കളിലെ പതിവ് സംഭവമായിരുന്നു. 1993ൽ കോട്ടയം നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയത് ബാബു ആൻറണിയുടെ 'ഉപ്പുകണ്ടം ബ്രദേഴ്സ്' എന്ന സിനിമയാണ്. ഫിലിം പെട്ടി വരാൻ വൈകിയതുകൊണ്ട് പ്രദർശനം തുടങ്ങാൻ സാധിക്കാഞ്ഞതിനാൽ മൂന്നു ഷോക്കുള്ള ആളുകളാണ് കോട്ടയം അഭിലാഷ് തിയറ്ററിെൻറ പരിസരത്ത് തടിച്ചുകൂടിയത്. ആൾക്കൂട്ടം കാരണം ഫിലിം പെട്ടി കൊണ്ടുവന്ന ഓട്ടോക്ക് തിയറ്റർ വളപ്പിലേക്ക് എത്താൻ കഴിഞ്ഞില്ല. ഓട്ടോയിൽനിന്ന് ഇറക്കിയ ഫിലിം പെട്ടി ഓരോരുത്തരുടെയും തോളിലൂടെ കൈമാറി കൈമാറി തിയറ്ററിലെത്തിച്ചത് അന്ന് കൗതുകക്കാഴ്ചയായി. ഇത്ര ആരാധകരുണ്ടായിരുന്ന ഒരു നടന് മുഖ്യധാരയിൽനിന്ന് മാറേണ്ടിവന്നത് വളരെ പെെട്ടന്നാണ്.
''എന്നെ മലയാള സിനിമയിൽനിന്ന് പുറത്താക്കാൻ സംഘടിതമായ ശ്രമം അന്നു നടന്നു. എന്നെ ഔട്ട് ആക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തോടെ ഒരു ഗ്രൂപ് പ്രവർത്തിച്ചിരുന്നു. അത്ര ശക്തരല്ലായിരുന്നിട്ടും ഒന്നിച്ചുനിന്നതിനാൽ എെൻറ പല സിനിമകളും മുടക്കാൻ അവർക്കായി. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണല്ലോ. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ എനിക്കും എല്ലാം മടുത്തു. അമേരിക്കയിലേക്ക് വരുന്നത് അങ്ങനെയാണ്. പിന്നെ, കല്യാണം കഴിച്ചു. കുടുംബത്തിന് അടിത്തറയൊരുക്കുന്നതിെൻറ തിരക്കായി. അമേരിക്കയിൽ സെറ്റിലാകുന്നത് അത്ര എളുപ്പമല്ലല്ലോ. നാട്ടിൽ തിരികെയെത്തി 2004 മുതൽ 2014 വരെ പൊൻകുന്നത്തെ വീട്ടിൽ സാധാരണക്കാരനെപ്പോലെ കഴിഞ്ഞുകൂടി. അതിനിടയിലും നായകനായല്ലെങ്കിലും സിനിമയുണ്ടായിരുന്നു. ട്വൻറി20, കന്യാകുമാരി എക്സ്പ്രസ്, ഇടുക്കി ഗോൾഡ്, ഗ്രാൻഡ് മാസ്റ്റർ പോലുള്ളവ മലയാളത്തിൽ ചെയ്തു. തമിഴിൽ 'കാക്കമുൈട്ട', 'വിണ്ണൈ തണ്ടി വരുവായാ' ഒക്കെ ചെയ്തതോടെ എെൻറ ഇമേജ് തന്നെ മാറി. തെലുങ്കിലും അവസരങ്ങൾ കിട്ടി. കാരക്ടർ വേഷങ്ങളും തേടിയെത്തിത്തുടങ്ങി. വീണ്ടും സിനിമയിൽ സജീവമായി വരുേമ്പാഴാണ് ആറുവർഷം മുമ്പ് അമേരിക്കയിലേക്ക് തിരികെയെത്തുന്നത്. കാരണം ജീവിതം വേറെ, സിനിമ വേറെ'' -ബാബു ആൻറണി പറയുന്നു.
'ഇനി അപവാദം പറഞ്ഞാൽ വീട്ടിൽ കയറി അടിക്കും'
മലയാളത്തിൽ എെൻറ അത്രയും അപവാദങ്ങൾ കേട്ട മറ്റൊരു നടനുണ്ടാകില്ല. എെൻറ വിവാഹശേഷവും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി പല മാധ്യമങ്ങളും എന്നെ നന്നായി ദ്രോഹിച്ചു. നുണക്കഥകൾ ഒരുപാട് അച്ചടിച്ച് വന്നുതുടങ്ങിയതോടെ ഞാനൊരു പ്രഖ്യാപനം നടത്തി. 'ഇനി എനിക്കെതിരെ അപവാദം എഴുതുന്നവെൻറ വീട്ടിൽ കയറി അടിക്കും' എന്ന്. അതോടെയാണ് അപവാദ പ്രചാരണങ്ങൾ അവസാനിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെ ജനങ്ങൾ എന്നെ സ്േനഹിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ പിടിച്ചുനിർത്തിയത്. തിയറ്ററിെൻറ മതിൽ ചാടി എെൻറ സിനിമ കണ്ട അനുഭവം സുരാജ് വെഞ്ഞാറമ്മൂടും പഠിക്കുന്ന കാലത്ത് എെൻറ ചിത്രങ്ങൾ നിറയെ വെട്ടിയൊട്ടിച്ചിരുന്ന നോട്ടുബുക്ക് ഇപ്പോഴും സൂക്ഷിക്കുന്ന കാര്യം രമേശ് പിഷാരടിയുമൊക്കെ പറയുേമ്പാൾ ഏറെ സന്തോഷം തോന്നാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങി എല്ലാ താരങ്ങളുമായും നല്ല ബന്ധമാണ്. അപവാദങ്ങൾ അരങ്ങുതകർക്കുേമ്പാഴും എന്നെ ഒപ്പം അഭിനയിപ്പിക്കുന്നതിൽ അവരാരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അത് എന്നെ അവർക്ക് അറിയാവുന്നതുകൊണ്ടാണ്. ഒന്നു ഞാൻ ഉറപ്പിച്ചു പറയാം, ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല.
നുണക്കഥകൾ ഒരുപാട് അച്ചടിച്ച് വന്നുതുടങ്ങിയതോടെ ഞാനൊരു പ്രഖ്യാപനം നടത്തി. 'ഇനി എനിക്കെതിരെ അപവാദം എഴുതുന്നവന്റെ വീട്ടിൽ കയറി അടിക്കും' എന്ന്. അതോടെയാണ് അപവാദ പ്രചാരണങ്ങൾ അവസാനിച്ചത്
ഭരതൻ സംവിധാനം ചെയ്ത 'വൈശാലി'യിൽ അംഗരാജ്യത്തെ രാജാവായ ലോമപാദൻ ആയിരുന്നു ബാബു ആൻറണി. ഇപ്പോൾ സ്വപ്നതുല്യമായ ഒരു സിനിമയിൽ രാജാവായി വീണ്ടുമെത്തുകയാണ് അദ്ദേഹം. സാക്ഷാൽ മണിരത്നത്തിെൻറ സിനിമയായ 'പൊന്നിയൻ സെൽവനി'ലെ രാജാവായ 'കോർത്തികൻ'. വൈശാലിയിലേത് പാവം രാജാവായിരുന്നെങ്കിൽ ഇതിൽ വീരനായ രാജാവാണ്. പണ്ട് ഒപ്പം അഭിനയിച്ച വിക്രം, റഹ്മാൻ തുടങ്ങിയവരുമായുള്ള പഴയകാലം വീണ്ടെടുക്കൽകൂടിയായിരുന്നു ബാബു ആൻറണിക്ക് 'പൊന്നിയൻ സെൽവെൻറ' സെറ്റ്. ''മണി സാറിെൻറ 'അഞ്ജലി'യിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഈ ബ്രഹ്മാണ്ഡ സിനിമയിലേക്ക് അദ്ദേഹം വിളിച്ചപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. ഉത്സവപ്പറമ്പ് പോലൊരു സെറ്റായിരുന്നു അത്. താരങ്ങളടക്കം രണ്ടായിരത്തോളം ആർട്ടിസ്റ്റുകളും നൂറുകണക്കിന് കുതിരകളുമൊക്കെയുള്ള സെറ്റ് ശാന്തനായി മണി സാർ നിയന്ത്രിക്കുന്നത് അത്ഭുതക്കാഴ്ചയായിരുന്നു. പുലർച്ച നാലിന് ലൊക്കേഷനിൽ എത്തണമെന്നത് നിർബന്ധമാണ് സാറിന്. 5.30ന് ഷൂട്ട് തുടങ്ങും. വൈകീട്ട് ആറിനാണ് അവസാനിക്കുക. ചിത്രീകരണത്തിനിടയിൽ കുതിരപ്പുറത്തുനിന്ന് വീണ് എനിക്ക് അപകടമൊെക്കയുണ്ടായി. കാർത്തി, ജയം രവി തുടങ്ങിയ പുതിയ തലമുറയിലെ താരങ്ങളുമായും നല്ലബന്ധം സ്ഥാപിക്കാനായി.''
ഹോളിവുഡ് താരം ലൂയിസ് മാൻഡിലോർ ഒപ്പം അഭിനയിക്കുന്ന ഒമർ ലുലുവിെൻറ 'പവർ സ്റ്റാർ', പണ്ട് നിരവധി സൂപ്പർ ഹിറ്റുകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് 'ദ ഗ്രേറ്റ് എസ്കേപ്പി'ന് പുറമെ ബാബു ആൻറണി നായകനാകുന്ന പുതിയ സിനിമകൾ. 'സുരേഷ് ബാബുവിനെ പോലുള്ള ടെക്നീഷ്യന്മാരുടെ തിരിച്ചുവരവ് മലയാള സിനിമക്ക് ഗുണംചെയ്യുമെന്നാണ് തോന്നുന്നത്. 2010ൽ ഞാൻ അഭിനയിച്ച അദ്ദേഹത്തിെൻറ ചിത്രം 'കന്യാകുമാരി എക്സ്പ്രസി'ൽ എെൻറ കഥാപാത്രം ഹെലികോപ്ടറിൽ എത്തുന്നതായാണ് സിനിമയിലുള്ളത്. ഹെലികോപ്ടർ പോലുമില്ലാതെ അന്നത് പെർഫെക്ഷനോടെ എടുത്തയാളാണ് സുരേഷ് ബാബു. സിനിമ പ്രമേയപരമായും പ്രദർശനപരമായും സാധാരണക്കാരിലേക്ക് എത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സാധാരണക്കാരിൽ എത്രപേർക്ക് നെറ്റ്ഫ്ലിക്സിലും ആമസോണിലും മൾട്ടിപ്ലക്സിലുമൊക്കെ എന്നും സിനിമ കാണാൻ കഴിയും?'' -ബാബു ആൻറണി ചോദിക്കുന്നു.
കാൽനൂറ്റാണ്ടു മുമ്പ് പൂട്ടിയ പൊൻകുന്നത്തെ ലീലാമഹൽ തിയറ്റർ ബാബു ആൻറണിയുടെ കുടുംബത്തിേൻറതായിരുന്നു. ചെറുപ്പം മുതൽ സിനിമ കണ്ടുവളർന്ന അവിടെ തെൻറ ഹിറ്റ് സിനിമകൾ നാട്ടുകാർക്കൊപ്പം ഹൗസ്ഫുൾ ആയി കാണാൻ കഴിഞ്ഞതിെൻറ സന്തോഷം ബാബു ആൻറണിക്ക് ഇന്നുമുണ്ട്. സ്കൂൾ കാലത്ത് നല്ലൊരു അത്ലറ്റായിരുന്ന ബാബു ആൻറണി മാർഷൽ ആർട്സിൽ ഫിഫ്ത് ഡാൻ ബ്ലാക്ക്ബെൽറ്റ് നേടി. സ്വന്തമായി തിയറ്ററുണ്ടായിരുന്നെങ്കിലും പുണെയിൽ എം.ബി.എക്ക് പഠിക്കുേമ്പാൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ മുഖേന അവിടെ പ്രദർശിപ്പിക്കുന്ന ലോക ക്ലാസിക്കുകൾ കാണാൻ അവസരം ലഭിച്ചതാണ് ബാബു ആൻറണിയിൽ സിനിമാമോഹം ശക്തമാക്കിയത്. ഭരതൻ സംവിധാനം ചെയ്ത് 1986ൽ റിലീസായ 'ചിലമ്പി'ലൂടെ സിനിമ പ്രയാണം തുടങ്ങുകയും ചെയ്തു.
മാർഷൽ ആർട്സ്, സിനിമ തുടങ്ങി ബാബു ആൻറണിയുടെ അതേ താൽപര്യങ്ങളോടെയാണ് ആർതറും വളർന്നുവരുന്നത്. മിക്സഡ് മാർഷൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ, ബാബു ആൻറണി നടത്തുന്ന മാർഷൽ ആർട്സ് സ്കൂളായ 'ബസോമ'യിൽ (ബാബു ആൻറണി സ്കൂൾ ഓഫ് മാർഷൽ ആർട്സ്) ട്രെയിനർ കൂടിയാണ്. മ്യുസിഷ്യനായ ഇൗവ് കുട്ടികൾക്ക് സംഗീതക്ലാസുകൾ എടുക്കുന്നുണ്ട്.
''സാധാരണ ജീവിതമാണ് ഞാൻ ഇവിടെ നയിക്കുന്നത്. അതിൽ സന്തോഷവാനുമാണ്. എെൻറ കരാേട്ട ക്ലാസുമായി ഞാനും സംഗീത ക്ലാസുമായി ഈവും മുന്നോട്ടുപോകുന്നു. അതിെൻറ തിരക്കൊക്കെ കഴിഞ്ഞിരിക്കുേമ്പാൾ വെളുവെളുത്ത അവളെനോക്കി ഞാൻ 'കറുകറുത്തൊരു പെണ്ണാണ്' എന്ന ഇഷ്ടഗാനം പാടും. അവൾ എനിക്കുവേണ്ടി അറിയാവുന്ന മലയാളത്തിൽ 'പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ'യും പാടും. സുഖം, സ്വസ്ഥം, സന്തോഷം...''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.