ലോകത്തിെൻറ ചുവന്ന നക്ഷത്രം ഏണസ്റ്റോ ചെഗുവേരയുടെ മകൾ അലെയ്ഡയുമൊന്നിച്ചുള്ള ആവേശ മുഹൂർത്തങ്ങൾ ഒാർത്തെടുക്കുകയാണ് യുവജന കമീഷൻ അധ്യക്ഷ കൂടിയായ ചിന്ത ജെറോം...
തിരുവനന്തപുരം വിമാനത്താവളത്തിെൻറ ആഗമന ടെർമിനലിൽനിന്ന് പുറത്തേക്കു വരുന്ന അലെയ്ഡ ഗുവേരക്ക് കൈകൾ കൊടുക്കുേമ്പാൾ കണ്ണുകൾ നിറഞ്ഞു. ചെഗുവേരയുടെ മകൾ വരുന്നുണ്ടെന്നും സ്വീകരിക്കാൻ പോകണമെന്നും എ.കെ.ജി സെൻററിൽനിന്ന് പറഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഏറെ ആവേശത്തോടെ ഒാടിവന്നതായിരുന്നു ഞാൻ. 2019ൽ ആയിരുന്നു അത്. എം.എ. ബേബി, എം. വിജയകുമാർ അടക്കമുള്ള മുതിർന്ന സഖാക്കളും കൂടെയുണ്ടായിരുന്നു. അലെയ്ഡയെ കണ്ടപ്പോൾ ഒാർമവെച്ച നാൾ മുതൽ മനസ്സിൽ കൊത്തിവെച്ച സാക്ഷാൽ ഏണസ്റ്റോ ചെഗുവേര മുന്നിൽനിന്ന് ചിരിക്കുന്നതുപോലെ തോന്നി. 'ചെ'യുടെ മകളാണെന്ന ബോധ്യത്തോടെ അലെയ്ഡക്ക് സ്വാഗതം ചൊല്ലി. സ്പാനിഷ് ഭാഷയിൽ അലെയ്ഡ എന്തോ മറുപടി പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലായിരുന്നില്ല.
മനസ്സ് പിന്നിലേക്കോടി ആവേശം നിറഞ്ഞ ഒരുപാട് ഒാർമകളെ കൊത്തിയെടുത്തു മുന്നിലെത്തിച്ചു. ഞാനടക്കമുള്ള ലോകത്തുള്ള ഒാരോ ഇടതുപക്ഷ അനുഭാവിയുടെയും മനസ്സിൽ മങ്ങാത്ത വസന്തമായി 'ചെ' ചുവന്നുതുടുത്തിരിക്കുന്നുണ്ട്. വിദ്യാർഥി രാഷ്ട്രീയം മുതലേ ഒരാദർശമായും പ്രതീകമായും മനസ്സിൽ 'ചെ'യുണ്ട്. കോളജ് പഠനകാലത്തും തുടർന്നുള്ള സംഘടന പ്രവർത്തന കാലത്തുമെല്ലാം 'ചെ'യുടെ ചിത്രത്തിനു താഴെ എത്രയോ തവണ മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും തൊണ്ടപൊട്ടി മുദ്രാവാക്യങ്ങൾ മുഴക്കുേമ്പാഴും മനസ്സിന് ഉൗർജമേകിയിരുന്നത് 'ചെ'യുടെ ഛായാചിത്രങ്ങളായിരുന്നു. പഠനകാലത്ത് തിരുവനന്തപുരം എസ്.എഫ്.െഎ ഒാഫീസിൽ നിന്നും ലഭിച്ച 'ചെ'യുടെ വലിയ ഛായാചിത്രം വീട്ടിൽ ഇപ്പോഴുമിരിക്കുന്നുണ്ട്. പുസ്തകങ്ങളിലും ബെഞ്ചിലും ചുമരിലും മേശയിലുമെല്ലാം ചെയുടെ മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊത്തിവെക്കുന്നത് ഇഷ്ടവിനോദമായിരുന്നു .
അലെയ്ഡയുടെ കേരള സന്ദർശനത്തിൽ മുഴുവൻ സമയവും കൂടെയുണ്ടാകണമെന്ന നിർദേശം എനിക്ക് തന്നിരുന്നു. അലെയ്ഡക്ക് ഇംഗ്ലീഷ് അറിയുമെന്ന ധാരണയിൽ കുറെ ചോദ്യങ്ങൾ കരുതിയിരുന്നെങ്കിലും അവർക്ക് സ്പാനിഷ് മാത്രമേ അറിയൂവെന്നത് എന്നെ കുഴക്കി. മുഖ്യമന്ത്രിയോടൊപ്പം ക്ലിഫ് ഹൗസിൽ, ഇ.എം.എസ് അക്കാദമിയിൽ, കണ്ണൂരിലെ ചടങ്ങിൽ, ഡോക്ടർമാരുടെ ചടങ്ങിൽ എല്ലായിടത്തും അലെയ്ഡക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഭാഷ പ്രശ്നമായതിനാൽ ക്യൂബയിൽ ഫുട്ബാൾ അക്കാദമി നടത്തി പരിചയമുള്ള കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ പരിശീലകൻ സതീവൻ ബാലൻ സഹായത്തിനെത്തി. എെൻറ പല ചോദ്യങ്ങളെയും സ്പാനിഷ് ഭാഷയിൽ അലെയ്ഡക്ക് മുന്നിലെത്തിച്ചത് അദ്ദേഹമായിരുന്നു.
കാർയാത്രകളിൽ വഴിയോരങ്ങളിൽ ചെഗുവേരയുടെ ചിത്രം കാണുേമ്പാഴെല്ലാം ആവേശത്തോടെ അവർ മീപപ്പാ...മീ പപ്പാ എന്നു വിളിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കോളജുകളിലുമെല്ലാം 'ചെ'യുടെ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതുകണ്ട് അവർ അത്ഭുതം കൂറി. ഇടക്ക് ടെക്സ്റ്റൈൽ ഷോപ്പിൽ കുറച്ചു വസ്ത്രങ്ങൾ വാങ്ങാൻ കയറിയപ്പോൾ ചെഗുവേരയുടെ മകളാണെന്നറിഞ്ഞപ്പോൾ അവർക്കും അത്ഭുതം. പലരും സെൽഫിയെടുക്കാനായി ചേർന്നുനിന്നു. ഭാഷ പ്രശ്നമായിരുന്നെങ്കിലും പറ്റാവുന്ന രൂപത്തിൽ കുറെ വിവരങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു. ജീവിതം മുഴുവൻ പോരാട്ടങ്ങൾക്കായി മാറ്റിവെച്ച പിതാവിനൊപ്പം കുഞ്ഞിലേയുള്ള കുറച്ച് ഒാർമകൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. നിരന്തര യാത്രകൾക്കിടയിലും പോസ്റ്റ്കാർഡിൽ പപ്പ അയച്ചിരുന്ന കുഞ്ഞുകഥകളും പെയിൻറിങ്ങുകളും അവരുടെ ഒാർമയിലുണ്ട്. 'ചെ'യുടെ മരണശേഷം ഫിദൽ കാസ്ട്രോയായിരുന്നു അലെയ്ഡയുടെ എല്ലാം.
ക്യൂബയിലെ മെഡിക്കൽ മേഖലയിൽ പ്രവർത്തന പരിചയമുള്ള അലെയ്ഡ പീഡിയാട്രീഷ്യൻ കൂടിയാണ്. കാണുന്ന എല്ലാ കുട്ടികളോടും വളരെ അലിവോടെയാണ് അവർ പെരുമാറിയിരുന്നത്. കോവിഡ് കാലത്ത് ഏറെ ശ്രദ്ധയോെട കേരളത്തിലെ ഒാരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. മെസേജുകളായും ഇടക്കുള്ള ഫോൺവിളികളായും അലെയ്ഡയോടൊപ്പമുള്ള ഒാർമകൾ നിലനിർത്തുന്നുണ്ട്. ഹൃദയത്തിെൻറ ഭാഷയിൽ ഞങ്ങളിപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.