'ഇവിടെ ഏറ്റവും ഡിമാന്‍റുള്ളത് പട്ടിയുടെ മാംസത്തിന്, വിലയും കൂടുതൽ. നായ് മാംസത്തിന്റെ രുചിയെക്കുറിച്ച് ഇവര്‍ പറയുമ്പോള്‍ നമ്മുടെ നെറ്റി ചുളിയും'

ക്രിസ്​മസ് ലോകംമുഴുവന്‍ ഉത്സവപ്രതീതി തീര്‍ക്കുമ്പോള്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, മണിപ്പൂര്‍, മിസോറം, അരുണാചല്‍ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളും ആഘോഷത്തിമിര്‍പ്പിലാകും.

രാവിലെ അഞ്ചോടെ വെളിച്ചം പരക്കുകയും വൈകീട്ട് നാലിനുതന്നെ ഇരുട്ട് മൂടുകയും ചെയ്യും ഇവിടെ. പച്ചപുതച്ച മലഞ്ചെരിവുകളും കൊച്ചുകുന്നുകളും ഇവക്കിടയില്‍ തെളിഞ്ഞുകിടക്കുന്ന ചെറിയ തടാകങ്ങളും. ശരീരം തുളച്ചുകയറുന്ന തണുത്ത കാറ്റും മൂടല്‍മഞ്ഞും പൊടിക്കാറ്റില്‍ പെയ്തിറങ്ങുന്ന മഞ്ഞുമഴകളുംകൊണ്ട് വേറിട്ട ഒരിടം. പാശ്ചാത്യ ക്രിസ്​മസ്​ കഥകളിലെ വിവരണങ്ങളെ ഒാർമിപ്പിക്കുന്ന അനുഭൂതിയാണ്​ ഇവിടങ്ങളിൽ.

ഇനിയും വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ മങ്ങിക്കത്തുന്ന മണ്ണെണ്ണവിളക്കുകള്‍. ഇപ്പോള്‍ കുറെ സ്ഥലങ്ങളിലെങ്കിലും സോളാര്‍ വിളക്കുകള്‍ പാതി മങ്ങിക്കത്തുന്നുണ്ട്​. പുലർകാലത്ത്​ ചെറിയ മഞ്ഞിന്‍കണങ്ങള്‍ നിറഞ്ഞ മരച്ചില്ലകളില്‍ വെയില്‍ കായുന്ന പക്ഷികള്‍. പുറത്തിറങ്ങാന്‍ മടിച്ച് കൂട്ടില്‍തന്നെ തിരിയുന്ന ആട്ടിന്‍പറ്റം. മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ ആട്ടിന്‍കൂടുകളും കോഴിക്കൂടുകളും പ്രഭാതത്തില്‍ ശബ്​ദമാനമാകുന്നു.


പ്രകൃതിതന്നെ ഒരുങ്ങുമ്പോള്‍

മണിപ്പൂരിൽ നവംബറിന്റെ പാതിയില്‍ തുടങ്ങുന്ന മഞ്ഞും തണുപ്പും. ഇലപൊഴിയുന്ന മരങ്ങൾ. തടാകങ്ങൾ തണുത്തുറഞ്ഞ നിലയിലാണ്​. ഡിസംബറില്‍ തണുപ്പ് കഠിനമാകും. കമ്പിളി വസ്ത്രങ്ങളില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ.

രാത്രി തീകായുന്ന ഗ്രാമങ്ങള്‍ മൂടല്‍മഞ്ഞിന്റെ പുകമറക്ക് പുറത്തേക്ക് മഞ്ഞപ്രകാശം പരത്തും. രാത്രിക്ക് നീളംകൂടുന്നതുപോലെ. മഞ്ഞിന്‍ പുതപ്പുകൊണ്ട് മൂടുന്ന മരങ്ങളും പുല്ല് മേഞ്ഞ മണ്‍കുടിലുകളും പ്രഭാതത്തിലെ മനോഹരകാഴ്ചയാണ്.

രാവിലെ ഏതോ ക്രിസ്​മസ് കഥയിലെ കുട്ടികളെപ്പോലെ ചെമ്മരിയാടുകളെ മേച്ചുനടക്കുന്ന കമ്പിളിയില്‍ പൊതിഞ്ഞ ബാലന്മാരും ബാലികമാരും. തൊട്ടുരുമ്മി ചൂടുനുകര്‍ന്ന് പോകുന്ന ചെമ്മരയാടിന്‍കൂട്ടങ്ങള്‍.


ഇവിടെ സ്ത്രീ സ്വതന്ത്ര

പരിമിതികളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്ന അമ്മമാരുടെയും പെൺകുട്ടികളുടെയും നാടുകൂടിയാണിവിടം. രാവിലെ പത്തോടെ സജീവമാകുന്ന ഗ്രാമങ്ങളോട് ചേര്‍ന്നുള്ള മാര്‍ക്കറ്റുകളില്‍ കച്ചവടം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. ഈ ഗ്രാമച്ചന്തകളില്‍ കിട്ടാത്തതായി ഒന്നുമില്ല. പച്ചക്കറിയും മാംസവും മീനും വസ്ത്രങ്ങളും എല്ലാം സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. ക്രിസ്​മസ് വിഭവങ്ങൾ ഒരുക്കുന്നതിലും പങ്കുവെക്കുന്നതിലും പുരുഷന്മാരേക്കാള്‍ ഇവര്‍ ഒരുപടി മുന്നിലാണ്.

പുതുവർഷം വരെ നീളും ആഘോഷം

ക്രിസ്​മസ് വിപണി ആദ്യം സജീവമാകുന്നത് നഗരങ്ങളിൽതന്നെ. ക്രിസ്​മസ് കാര്‍ഡുകള്‍, സമ്മാനങ്ങള്‍, ഒത്തുചേരലുകള്‍ എല്ലാം നഗരജീവിതത്തിന്റെ ഭാഗമാണ്​. ഡിസംബര്‍ ആദ്യം മുതല്‍ തുടങ്ങുന്ന ആഘോഷം അവസാനിക്കുന്നത് പുതുവത്സരം പിറക്കുമ്പോൾ. നാട്ടിന്‍പുറങ്ങളിലും ക്രിസ്​മസ് ക്രിബുകളും ട്രീകളും നക്ഷത്രങ്ങളും വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്​. എന്നാലും പഴയ മുളകൊണ്ടുള്ള നക്ഷത്രങ്ങളും ക്രിബുകളും പ്രകൃതിദത്തമായ ക്രിസ്മസ് ട്രീകളും സാധാരണമാണ്.

വീടുകള്‍ അലങ്കരിച്ച് നക്ഷത്രങ്ങൾ തൂക്കി ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്ന ദിവസങ്ങള്‍. ചെറിയ വീടുകളിലെ പരിമിതികളില്‍ ഒത്തുചേരലുകള്‍ ബുദ്ധിമുട്ടായതിനാൽ ഗ്രാമവാസികള്‍ പള്ളിയങ്കണങ്ങളില്‍ സമ്മേളിക്കും. ഡിസംബര്‍ 23ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ജനുവരി ഒന്നുവരെ നീളും. പകല്‍ പള്ളിയങ്കണത്തില്‍ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. രാത്രികാലങ്ങളില്‍ നൃത്തവും സംഗീതവും മറ്റു പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറുന്നു.


ഭക്ഷണം ഒരുക്കുന്നതിലും തനത് ശൈലി

ഭക്ഷണം ഒരുക്കുന്നത്​ ഒത്തുചേരലിന്‍റെ വേദികൂടിയാക്കിമാറ്റുകയാണ് അമ്മമാര്‍. പള്ളിപ്പരിസരത്തുതന്നെ എല്ലാ സ്ത്രീകളും ഒത്തുചേര്‍ന്ന് നിരവധി അടുപ്പുകള്‍ നീണ്ട നിരയായി ഒരുക്കിയാണ് ചോറ്​ തയാറാക്കുന്നത്. മനോഹരമാണ്​ ഈ കാഴ്ച. മണ്ണുകൊണ്ട് പരമ്പരാഗത അടുപ്പുകള്‍ നിർമിച്ച് വിറകുപയോഗിച്ചാണ് ഭക്ഷണം തയാറാക്കുക.

അടുപ്പിനുമുകളില്‍ വെള്ളംവെച്ച് ആദ്യം തിളപ്പിക്കും. അടിഭാഗത്ത് ദ്വാരമുള്ള കലങ്ങളില്‍ ചെറിയ അരിപ്പ കൊണ്ട് ദ്വാരം മൂടിയശേഷം അരി കഴുകി ഈ പാത്രത്തില്‍ നിറച്ച് തിളച്ചവെള്ളമുള്ള പാത്രത്തിന് മുകളില്‍ വെക്കുന്നു. ഇതോടെ ചുവട്ടിലെ പാത്രത്തില്‍നിന്നും ആവി മുകളിലെ പാത്രത്തിലെ ദ്വാരത്തിലൂടെ അരിയിലേക്ക് വ്യാപിച്ച് വേവാന്‍ തുടങ്ങും.

ചോറും കറിയും തന്നെയാണ് പ്രിയ ഭക്ഷണം. കറിക്ക് കൂടുതലും മാംസംതന്നെ. ആട്ടിറച്ചിയും പോര്‍ക്കും മീനും കോഴിയുമാണ്​ ഇഷ്ടവിഭവങ്ങൾ. മുട്ടയും ഇഷ്ടംതന്നെ. എന്നാല്‍, മുന്തിയ മാംസം പട്ടിയുടേതാണ്. വിലയും കൂടുതലാണ്. നായ് മാംസത്തിന്റെ രുചിയെക്കുറിച്ച് ഇവര്‍ പറയുമ്പോള്‍ നമ്മുടെ നെറ്റി ചുളിയും.

ഇപ്പോള്‍ പട്ടിയുടെ മാംസം കടകളില്‍ വിൽപനക്ക് വെക്കാറില്ല. അതുകൊണ്ട്​ കൃത്യമായ വിലപറയാനും കഴിയില്ല. ചോറില്‍ചേര്‍ത്ത് കഴിക്കാന്‍ പാകത്തിന് കുഴമ്പ് പരുവത്തില്‍ കറികള്‍ ഒരുക്കുന്നതും വറുത്തും പൊരിച്ചും കഴിക്കുന്നതും ഇവരുടെ ശൈലിയാണ്​.

ഗ്രാമങ്ങളില്‍ പള്ളിയിലെ തിരുകർമങ്ങൾക്കുശേഷം പള്ളിയങ്കണത്തില്‍ വെച്ച് കേക്ക് മുറിച്ച് വിതരണം ചെയ്യും. ഭക്ഷണവും കഴിച്ച് കരോള്‍ ഗാനങ്ങള്‍ ആലപിച്ച് വെളുക്കുംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടുന്നതും ഒരു രീതിയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആഘോഷങ്ങളില്‍ മാറ്റംവരുന്നുണ്ട്​. ഒത്തുചേരലുകളും സമ്മാനങ്ങള്‍ കൈമാറുന്നതും കേക്ക് മുറിക്കുന്നതും വീടുകളിലേക്ക് മാറിത്തുടങ്ങി.


സമ്മാനമായി മൃഗങ്ങളുടെ തലകള്‍

ക്രിസ്​മസിന് അറുത്ത മൃഗങ്ങളുടെ തലകള്‍ പ്രദര്‍ശിപ്പിച്ച് നറുക്കിട്ടെടുത്ത് സമ്മാനിക്കുന്നത്​ നാഗവിഭാഗത്തിലെ ഗ്രാമീണര്‍ക്കിടയില്‍ സാധാരണമാണ്. ഒരേ ഇലയില്‍ ഭക്ഷണം വിളമ്പി കൂട്ടമായിരുന്ന് കഴിക്കുന്നതിലും ആഹ്ലാദം കണ്ടെത്തുന്നു.

●തയാറാക്കിയത് : കെ.ആർ. ഒൗസേഫ്​

Tags:    
News Summary - christmas celebrations in north east india - Festivals Of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.