മോഡൽ: കൃഷ്ണപ്രിയ പ്രകാശൻ. ചി​​​ത്ര​​​ങ്ങ​​​ൾ: അ​​​ഷ്​​​​ക​​​ർ ഒ​​​രു​​​മ​​​ന​​​യൂ​​​ർ


സ്ത്രീക്കും പുരുഷനും പ്രത്യേകം പെർഫ‍്യൂമുകൾ എന്തുകൊണ്ട്? അറിയാം, വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവും

സുഗന്ധം പൂക്കുന്ന വ്യക്തിത്വം കൊതിക്കാത്തത് ആരാണ്? പണ്ടുതൊട്ടേ മനുഷ്യർ വാസനത്തൈലങ്ങളെ പ്രണയിച്ചിരുന്നു. പെർഫ്യൂമിന്‍റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു.

ഗ്രീക്കുകാരാണ് ദ്രവ പെർഫ്യൂം ആദ്യമായി ഉപയോഗിച്ചത്. മധ്യകാലഘട്ടത്തിൽ ഇസ്‍ലാമിക പണ്ഡിതൻ ഇബ്നുസീന പുഷ്പങ്ങളിൽനിന്ന് എണ്ണ വേർതിരിക്കാനുള്ള വാറ്റൽവിദ്യ (distillation) വികസിപ്പിച്ചത് പെർഫ്യൂം നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ചു.

വൃത്തിയിൽ ശ്രദ്ധിച്ച ഫ്രഞ്ചുകാർ ശരീര ദുർഗന്ധം മറയ്ക്കാൻ പതിനേഴാം നൂറ്റാണ്ടോടെ ഇത് വ്യാപകമായി നിർമിച്ചു. ശാസ്ത്രത്തിന്‍റെ വളർച്ചയും മാറുന്ന അഭിരുചിയും തീർത്ത മാന്ത്രികതയാണ് ആധുനിക പെർഫ്യൂമുകൾ. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്.

‘പെർ’ per (സമഗ്രമായത്), ‘ഫ്യൂമസ്’ fumus (പുക) എന്നീ ലാറ്റിൻ പദങ്ങളിൽനിന്നാണ് പെർഫ്യൂം എന്ന വാക്കുണ്ടായത്. പിന്നീട് ചന്ദനത്തിരി ഗന്ധത്തിന് ഫ്രഞ്ചുകാർ ‘പാരഫം’ എന്ന് വിളിച്ചു. ചന്ദനത്തിരിയാണ് പെർഫ്യൂമിന്‍റെ ആദ്യ രൂപം എന്ന് പറയപ്പെടുന്നു. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...


സുഗന്ധം വിവിധതരം

ഫ്രാഗ്രൻസ് ഓയിൽ (പെർഫ്യൂം ഓയിൽ), ആൽക്കഹോൾ, മീഥൈൽ അല്ലെങ്കിൽ ഈഥൈൽ, വെള്ളം എന്നിവയുടെ മിശ്രിതമാണ് പെർഫ്യൂം. ഫ്രാഗ്രൻസ് ഓയിലിന്‍റെ ഗാഢത അടിസ്ഥാനമാക്കിയാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. പെർഫ്യൂം വാങ്ങുമ്പോൾ കുപ്പിയിൽ അതിന്‍റെ തരം രേഖപ്പെടുത്തിയത് ശ്രദ്ധിച്ചിട്ടുണ്ടോ?

● പെർഫ്യൂം പാരഫം (Perfume or Parfum)

20 മുതൽ 30 ശതമാനം വരെ ഗാഢതയുള്ള പെർഫ്യൂം ഓയിലാണ് ഈ വിഭാഗത്തിലുള്ളത്. ആറു മുതൽ എട്ടു മണിക്കൂർ വരെ സുഗന്ധം നിലനിൽക്കുന്നു. ഇവക്ക് വില കൂടുതലാണ്.

● ഓ ഡേ പാരഫം (Eau de Perfume​/ Eau de Parfum)

ഇവയിലെ പെർഫ്യൂം ഓയിൽ ഗാഢത 15 മുതൽ 20 ശതമാനം വരെ. നാല്-അഞ്ച് മണിക്കൂർ സൗരഭ്യം നീണ്ടുനിൽക്കും. തീവ്രതകൂടിയ ഗന്ധം ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

● ഓ ഡേ ടോയ്‍ലറ്റ് (Eau de Toilette)

കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പെർഫ്യൂം. അഞ്ചുമുതൽ 15 ശതമാനം വരെ ഫ്രാഗ്രൻസ് ഓയിൽ ഗാഢതയുള്ള ഇവയുടെ നറുമണം രണ്ടുമുതൽ മൂന്നു മണിക്കൂർവരെ നിൽക്കും. മീഡിയം ലെവൽ ഗന്ധം കൊതിക്കുന്നവർക്ക് ഇവ തിരഞ്ഞെടുക്കാം.

● ഓ ഡേ കൊളോൺ (Eau de Cologne)

ഫ്രാഗ്രൻസ് ഓയിൽ ഗാഢത രണ്ടു മുതൽ നാലുശതമാനം വരെ. സുഗന്ധം രണ്ടു മണിക്കൂർ വരെ നീണ്ടുനിൽക്കും. സോഫ്റ്റ് സ്മെൽ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം പെർഫ്യൂം തിരഞ്ഞെടുക്കാം. ഇവയും ജനപ്രിയമാണ്.

● ഓ ഫ്രാഷെ (Eau Fraiche)

ഒന്നുമുതൽ മൂന്നു ശതമാനം വരെ ഗാഢതയുള്ള ഇവയുടെ ഗന്ധം രണ്ടു മണിക്കൂർവരെ നിൽക്കും.


സുഗന്ധ വൈവിധ്യം

തിരിച്ചറിയാം പല ഗന്ധത്തിലുള്ള പെർഫ്യൂമുകൾ...

● ഫ്ലോറൽ ഫ്രാഗ്രൻസ് (Floral Fragrance)

പുഷ്പഗന്ധമുള്ള പെർഫ്യൂമുകളാണിവ. റോസാപ്പൂ, ജാസ്മിൻ, ലവാൻഡർ, ലില്ലി (ലില്ലി ഓഫ് ദ വാലി), ട്യൂബ് റോസ്, പിയോണി, വയലറ്റ്, ഓറഞ്ച് ബ്ലോസം, മാഗ്നോളിയ, ഈലാങ് തുടങ്ങി ഒരുകൂട്ടം പുഷ്പഗന്ധങ്ങൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. പൊതുവേ സ്ത്രൈണ, കുലീനഭാവം ഇത്തരം പുഷ്പഗന്ധങ്ങൾ പകർന്നുതരുന്നു.

● ഫ്രൂട്ടി ഫ്രാഗ്രൻസ് (Fruity Fragrance)

വിവിധതരം പഴങ്ങളുടെ ഗന്ധം തരുന്നവയാണ് ഫ്രൂട്ടി ഫ്രാഗ്രൻസ് പെർഫ്യൂം. മധുരവും പുതുമയുമുള്ള, ചിലപ്പോൾ പുളിയുള്ളതുമായ പഴങ്ങളുടെ ഗന്ധമാണ് ഇത്തരം പെർഫ്യൂമുകൾക്ക്. നവോന്മേഷവും ഊർജസ്വലതയും കരുത്തും തോന്നിക്കുന്ന ഗന്ധമാണ് ഇവക്കുള്ളത്.

സിട്രസ് ഫ്രൂട്സ് ആയ ലെമൺ, ഓറഞ്ച്, മുന്തിരി; ബെർഗമോട്ട്, ബെറി ഇനങ്ങളായ സ്ട്രോ​ബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി; ട്രോപ്പിക്കൽ പഴങ്ങളായ പൈനാപ്പിൾ, മാങ്ങ, ഫാഷൻ ഫ്രൂട്ട്, ആപ്പിൾ, പീച്ച്, പിയർ, ചെറി തുടങ്ങി ഒട്ടേറെ ഗന്ധങ്ങൾ ഈ വിഭാഗത്തിലുണ്ട്.

● ഓറിയന്‍റൽ ഫ്രാഗ്രൻസ് (Oriental Fragrance)

ഊഷ്മളവും സമ്പന്നവും ഉന്മാദഭാവവുമുള്ള ഗന്ധങ്ങളാണ് ഓറിയന്‍റൽ സുഗന്ധം. ചുക്ക്, ഗ്രാമ്പൂ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജന ഗന്ധം, ആംബർ, കുന്തിരിക്കം, വാനില, ചന്ദനം, ഊദ്, പച്ചൗളി, സാമ്പ്രാണി തുടങ്ങിയ ധൂപഗന്ധങ്ങൾ, ജാസ്മിൻ, ഓറഞ്ച് ബ്ലോസം പോലുള്ള പുഷ്പഗന്ധങ്ങൾ എല്ലാം ലഭ്യമാണ്.

● വുഡി ഫ്രാഗ്രൻസ് (Woody Fragrance)

ചന്ദനം, ദേവദാരു, രാമച്ചം, പച്ചൗളി തുടങ്ങിയ ഊഷ്മള മരഗന്ധങ്ങൾ ഈ ഇനത്തിൽ പെടും. പ്രകൃതിയുടെ പ്രശാന്തത, ലൗകിക പൗരുഷഭാവം എന്നിവ അനുഭവവേദ്യമാകുന്നവയാണ് വുഡി ഫ്രാഗ്രൻസ്.

● അക്വാറ്റിക് ഫ്രാഗ്രൻസ് (Aquatic Fragrance)

സമുദ്രഗന്ധങ്ങൾ (Marine fragrance), കടൽക്കാറ്റിന്‍റെയും ഉപ്പുവെള്ളത്തിന്‍റെയും സമുദ്രവായുവിന്‍റെയും ഗന്ധങ്ങൾ; ശുദ്ധമായ ജലത്തെയോ മഴയെയോ ഓർമിപ്പിക്കുന്ന ജലഗന്ധങ്ങൾ; നാരങ്ങ, ബെർഗമോട്ട് എന്നിവയെ അനുസ്മരിപ്പിക്കുന്ന ഗന്ധങ്ങൾ; വ്യത്യസ്ത സിന്തറ്റിക് മണങ്ങൾ നൽകുന്ന ആൾഡി ഹൈഡുകൾ; ഇലകൾ, പൂക്കൾ, ഔഷധസസ്യങ്ങൾ എന്നിവയെ ഓർമപ്പെടുത്തുന്ന ഗ്രീൻനോട്ട് (ഹരിതഗന്ധങ്ങൾ); താമര, ആമ്പൽ തുടങ്ങിയ പൂക്കളെ ഓർമിപ്പിക്കുന്ന പുഷ്പഗന്ധങ്ങൾ എന്നിവയെല്ലാം അക്വാറ്റിക് ഫ്രാഗ്രൻസിൽ തിരഞ്ഞെടുക്കാം.

● ഗോർമൻഡ് ഫ്രാഗ്രൻസ് (Gourmand Fragrance)

ഭക്ഷ്യധാന്യങ്ങളുടെയും മധുര വിഭവങ്ങളുടെയും ഗന്ധങ്ങൾ ഉൾപ്പെടുന്നവയാണിവ. വാനില, കാരമൽ, ചോക്ലറ്റ്, കോഫി, ബദാം, തേൻ, കറുവപ്പട്ട തുടങ്ങിയ ഗന്ധങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. തണുത്ത കാലാവസ്ഥയിലും രാത്രിയിലും ഇത്തരം പെർഫ്യൂമുകൾ അനുയോജ്യമാണ്.


പെർഫ്യൂം നോട്ട്

പെർഫ്യൂമിന്‍റെ ഗന്ധമാണ് പെർഫ്യൂം നോട്ട്. ഇവ മൂന്നുതരം. ടോപ് നോട്ട്, മിഡിൽ നോട്ട് (ഹാർട്ട് നോട്ട്), ബേസ് നോട്ട്. പെർഫ്യൂം സ്പ്രേ ചെയ്യുമ്പോൾ ആദ്യം ലഭിക്കുന്ന മണമാണ് ടോപ് നോട്ട്. ഇത് ദീർഘനേരം നീണ്ടുനിൽക്കില്ല. മൃദുവായ പുഷ്പഗന്ധങ്ങൾ, സിട്രസ്, ഹെർബ്സ് എന്നിവ ഈ നോട്ടിൽപെടുന്നു.

ടോപ് നോട്ടിന്‍റെ ഗാഢത കുറഞ്ഞ് അതിന്‍റെ തനത് ഗന്ധത്തിൽ എത്തുന്നതിന് ഇടക്കുള്ള ഗന്ധമാണ് മിഡ് നോട്ട് അല്ലെങ്കിൽ ഹാർട്ട് നോട്ട്. ഫ്ലോറൽ, സ്പൈസി, ഫ്രൂട്ടി ഗന്ധങ്ങൾ ഈ നോട്ടിൽ കിട്ടും. ഇത് നേർത്തുവരുമ്പോൾ കിട്ടുന്ന ഗന്ധമാണ് ബേസ് നോട്ട്. ഇത് ഏറെനേരം സ്ഥായിയായി നിലനിൽക്കും. ഒരു പെർഫ്യൂമിന്‍റെ അടിസ്ഥാന ഗന്ധം കൂടിയാണിത്. ആംബർ, വാനില തുടങ്ങിയവ ബേസ് നോട്ടിൽ ലഭ്യമാണ്.

പെർഫ്യൂം എവിടെ ഉപയോഗിക്കണം

രണ്ടു രീതിയിലാണ് പെർഫ്യൂം ഉപയോഗിക്കാറുള്ളത് –ശരീരത്തിലും വസ്ത്രത്തിലും.

ശരീരത്തിൽ

ചെവിയുടെ പിന്നിൽ, ചുമൽ, കൈത്തണ്ട, കൈമുട്ടിനകത്ത്, കാൽമുട്ടിന് പിന്നിൽ, കണങ്കാൽ എന്നിവിടങ്ങളിൽ പെർഫ്യൂം സ്​പ്രേ ചെയ്യാം. ഇതാണ് ​പ്രധാന പൾസ് പോയന്‍റുകൾ. നമ്മുടെ ശരീര ഊഷ്മാവിൽ ശരീരത്തിലെ സ്വാഭാവിക ഓയിലുമായി കൂടിച്ചേരുമ്പോഴാണ് പെർഫ്യൂം കൂടുതൽ ഗന്ധം തരുന്നത്. അമിത അളവിൽ ഉപയോഗിക്കരുത്. നേരിട്ട് ഉപയോഗിക്കുംമുമ്പ് ചർമം നന്നായി വൃത്തിയാക്കണം. ഓയിൽ ബേസ് ചെയ്തോ മോയിസ്ചറൈസ് ക്രീം പുരട്ടിയോ അതിനു മുകളിൽ ഉപയോഗിക്കാം. അലർജിയുള്ളവർ പെർഫ്യൂം ശരീരത്തിൽ നേരിട്ട് ഉപയോഗിക്കരുത്.

വസ്ത്രത്തിൽ

ശരീരത്തിൽ നേരിട്ട് അല്ലാതെ വസ്ത്രത്തിലും പെർഫ്യൂം ഉപയോഗിക്കാം. ഇവയിൽ കെമിക്കൽസ് അടങ്ങിയതുകൊണ്ട് വസ്ത്രത്തിൽ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരുണ്ട്. അമിത വിയർപ്പുള്ളവരിൽ പെർഫ്യൂം വിയർപ്പുമായി കൂടിക്കലർന്ന് സുഖകരമല്ലാത്ത ഗന്ധം ഉണ്ടായേക്കാം.

പെർഫ്യൂമുകളിൽ ഉപയോഗിക്കുന്ന നിറം, ഗാഢത എന്നിവമൂലം വസ്ത്രത്തിൽ പാടും കറയും വീഴാൻ സാധ്യതയുണ്ട്. സോപ്പ് ഉപയോഗിച്ച് വസ്ത്രം കഴുകിയാൽ ഇവ മാറും. പെർഫ്യൂം അൽപം ശ്രദ്ധിച്ച് ഉപയോഗിച്ചാൽ കറയും പാടും ഒഴിവാക്കാം. വസ്ത്രത്തോട് അടുപ്പിച്ച് സ്പ്രേ ചെയ്യരുത്.

മനസ്സിനിണങ്ങിയ പെർഫ്യൂം തിരഞ്ഞെടുക്കാം

മണത്തുനോക്കി വേണം ഇഷ്ട പെർഫ്യൂം തിരഞ്ഞെടുക്കാൻ. ഇതിനായി റിസ്റ്റിന്‍റെ ഭാഗത്ത് സ്പ്രേ ചെയ്ത് ഗന്ധം പരിശോധിക്കണം. ഉണങ്ങാൻ അൽപം കാത്തിരിക്കണം. സ്പ്രേ ചെയ്ത ഉടൻ കിട്ടുന്നതായിരിക്കില്ല യഥാർഥ ഗന്ധം.

ആളുകളുടെ ചർമത്തിന്‍റെ രസതന്ത്രം അല്ലെങ്കിൽ സ്വഭാവം വ്യത്യസ്തമാണ്. ശരീരത്തിലെ ഫിറമോൺ ഗന്ധവും (ഇത് വ്യക്തികളിൽ വ്യത്യസ്തമായിരിക്കും) പെർഫ്യൂമും ചേർന്നാണ് പെർഫ്യൂം ഗന്ധമായി വരുന്നത്.

ഗന്ധം പരിശോധിക്കുമ്പോൾ

● ഗന്ധം പരിശോധിക്കുമ്പോൾ മൂക്കിനോട് ചേർത്തുവെക്കരുത്, മൂക്കിൽ പറ്റിപ്പിടിക്കും. മറ്റൊരു പെർഫ്യൂം പരിശോധിക്കുമ്പോൾ കൃത്യമായ ഗന്ധം മനസ്സിലാക്കാൻ ഇതിനാൽ ബുദ്ധിമുട്ടാവും.

● പെർഫ്യൂം ബ്ലോട്ടർ പേപ്പർ അല്ലെങ്കിൽ കാർഡിൽ സ്പ്രേ ചെയ്ത് പരിശോധിക്കാം. വ്യത്യസ്ത ഗന്ധം പരിശോധിക്കാൻ വ്യത്യസ്ത പേപ്പർ എടുക്കണം. ആവശ്യമെങ്കിൽ മണത്ത് നോക്കിയ പെർഫ്യൂമിന്‍റെ പേരുകൂടി പേപ്പറിൽ എഴുതിവെക്കാം. തിരഞ്ഞെടുക്കാൻ ആശയക്കുഴപ്പം വരുമ്പോൾ ഇവ ഓരോന്നായി വീണ്ടും മണത്തുനോക്കാം.

● സ്പ്രേ ചെയ്ത് അൽപം കാത്തിരിക്കുക. ബാഷ്പീകരണത്തിനുശേഷം കിട്ടുന്നതായിരിക്കും യഥാർഥ ഗന്ധം. ചർമത്തിൽ സ്പ്രേ ചെയ്യുമ്പോൾ കൈത്തണ്ടയുടെ അകം ഭാഗത്തോ മണിബന്ധത്തിലോ സ്പ്രേ ചെയ്യാം.

● വ്യത്യസ്ത ഗന്ധങ്ങൾ ഒന്നിച്ചു ചേർക്കരുത്: വിവിധ പെർഫ്യൂമുകൾ ഒരേ സമയത്തോ ഒരേ സ്ഥലത്തോ സ്പ്രേ ചെയ്തു പരിശോധിക്കരുത്. യഥാർഥ ഗന്ധം തിരിച്ചറിയാൻ തടസ്സമാകും. ഒരു ഗന്ധം അറിഞ്ഞശേഷം കാപ്പിക്കുരുവോ കാപ്പി പൗഡറോ മണത്തു നോക്കിയശേഷം അടുത്ത ഗന്ധം പരിശോധിക്കുക. നല്ല പെർഫ്യൂം ഷോപ്പുകളിൽ ഈ സൗകര്യം ലഭ്യമായിരിക്കും.

പെർഫ്യൂം സൂക്ഷിക്കാം

തണുത്ത അന്തരീക്ഷത്തിലാണ് പെർഫ്യൂം സൂക്ഷിക്കേണ്ടത്. നേരിട്ട് പ്രകാശം വീഴുന്ന ഇടങ്ങളിലും ജലാംശമുള്ള സ്ഥലങ്ങളിലും ജനാലക്കരികിലും വെക്കരുത്. ചൂട് കൂടുംതോറും പെർഫ്യൂമിന്‍റെ ക്വാളിറ്റി പെട്ടെന്ന് നഷ്ടപ്പെടും.

ആഭരണങ്ങൾ കേടുവരില്ല

ആഭരണങ്ങളിൽ പെർഫ്യൂം വീണാൽ തകരാർ ഉണ്ടാവില്ല. ആഭരണവുമായി പ്രതിപ്രവർത്തിക്കുന്ന ഒന്നുംതന്നെ ഇവയിലില്ല. ഉപയോഗിക്കുന്ന ആൽക്കഹോൾ കണ്ടന്‍റ് വളരെ ഗാഢത കുറഞ്ഞതാണ്.

ചെറു പെർഫ്യൂം വാങ്ങാം

ആവശ്യത്തിന് അനുസരിച്ച് വേണം പെർഫ്യൂം വാങ്ങാൻ. വലിയ കുപ്പികളെക്കാൾ ചെറു കുപ്പികൾ വാങ്ങുന്നതാണ് നല്ലത്. വലിയ കുപ്പികൾ വാങ്ങി ദീർഘകാലം സൂക്ഷിച്ചുവെക്കുമ്പോൾ ഗുണം കുറയാൻ സാധ്യതയുണ്ട്. മൂന്ന്, ആറ്, 12, 24 മില്ലി കുപ്പികൾ ലഭ്യമാണ്.

കണ്ണിൽ വീണാൽ

പെർഫ്യൂം കണ്ണിൽ പോയാൽ നീറ്റൽ, എരിച്ചിൽ, കണ്ണു ചുവക്കൽ എന്നിവ അനുഭവപ്പെടും. അസിഡിറ്റി സ്വഭാവമുള്ളതുകൊണ്ടാണിത്. ശുദ്ധമായ വെള്ളത്തിൽ പലതവണ കഴുകിയാൽ മതി.

അലർജി ഉണ്ടാവുമോ

സാധാരണഗതിയിൽ പെർഫ്യൂം അലർജി ഉണ്ടാക്കുന്നവയല്ല. വ്യക്തികൾക്കും ശരീര പ്രത്യേകതകൾക്കും അനുസരിച്ചിരിക്കും അലർജി സാധ്യത. ആൽക്കഹോൾ, ചില പെർഫ്യൂം ഗന്ധങ്ങൾ എന്നിവ ചിലരിൽ അലർജി, തലവേദന, ശാരീരിക അസ്വസ്ഥത എന്നിവ ഉണ്ടാക്കാം. അവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ കുഞ്ഞുങ്ങളിലും പെർഫ്യൂം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

സുഗന്ധം പലവിധം

● അത്തർ: ആൽക്കഹോൾ ചേരാത്ത പെർഫ്യൂമാണ് അത്തർ. അത്തർ എന്ന വാക്കിന്‍റെ അർഥം സെന്‍റ് (പെർഫ്യൂം) എന്നാണ്. പൂക്കൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മരങ്ങൾ തുടങ്ങിയവയിൽനിന്ന് വാറ്റിയെടുക്കുന്ന പെർഫ്യൂമാണ് അത്തർ. തൈലത്തിന്‍റെ രൂപത്തിലാണ് ഇവ ഉണ്ടാവുക.

● ഡിയോഡറന്‍റ്: ശരീര ദുർഗന്ധം ഇല്ലാതാക്കാനോ കുറക്കാനോ സഹായിക്കുന്നവയാണ് ഡിയോഡറന്‍റുകൾ. പൊതുവേ ഇവ കഴുത്തിന് പിന്നിലും കക്ഷത്തിലും ഉപയോഗിക്കുന്നു. ഇവ ബാക്ടീരിയ വളർച്ച തടയുകയും വിയർപ്പ് ഗന്ധം തടയുകയും ചെയ്യും.

● ആന്‍റിപേഴ്സ്പിറന്‍റുകൾ: വിയർപ്പുഗ്രന്ഥികളെ താൽക്കാലികമായി അടച്ച് വിയർപ്പ് ഉൽപാദനം കുറക്കാനും ത്വക്ക് വരണ്ടനിലയിൽ നിലനിർത്താനും സഹായിക്കുന്നവയാണ് ആന്‍റിപേഴ്സ്പിറന്‍റുകൾ.

● ബോഡി മിസ്റ്റ്: ഫ്രാഗ്രൻസ് ഓയിൽ ഗാഢത വളരെ കുറഞ്ഞ, ജലാംശം കൂടിയ സുഗന്ധദ്രവ്യമാണ് ബോഡി മിസ്റ്റ്. രാസവസ്തുക്കൾ വളരെ കുറഞ്ഞ അളവിൽ മാത്രമുള്ളതിനാൽ നിത്യ ഉപയോഗത്തിന് അനുയോജ്യമാണ്.

പെർഫ്യൂം സ്ത്രീക്കും പുരുഷനും

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പെർഫ്യൂമുകൾ ലഭ്യമാണ്. ചില സുഗന്ധങ്ങളുടെ പരമ്പരാഗത ഉപയോഗം, സാമൂഹിക മുൻഗണനകൾ, വിപണന തന്ത്രങ്ങൾ എന്നിവ ഈ വേർതിരിവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇരുവരുടെയും ശരീരത്തിലെ വിയർപ്പിന്‍റെ ഗാഢതാ വ്യത്യാസമാണ് മറ്റൊരു ഘടകം.

സ്ത്രീകളുടെ വിയർപ്പിന് പുരുഷന്മാരുടേതിനേക്കാൾ രൂക്ഷത കുറവാണ്. അതുകൊണ്ട് സ്ത്രീകൾക്ക് മൃദുവായ പെർഫ്യൂം മതിയാകും. ഫ്രൂട്ടി, വാനില, സിട്രസ് ഗന്ധങ്ങൾ പാരമ്പര്യമായി സ്ത്രൈണതയെ സൂചിപ്പിക്കുന്നവയാണ്. ഗാഢത കൂടിയ വുഡി, മസ്കി, സ്പൈസി നോട്ട് പെർഫ്യൂമാണ് പുരുഷന്മാർക്കുള്ളത്.

ഇങ്ങനെയാണെങ്കിലും വ്യക്തിതാൽപര്യങ്ങളാണ് പെർഫ്യൂം തിരഞ്ഞെടുക്കലിൽ പ്രധാനം. സ്ത്രീപുരുഷ വേർതിരിവില്ലാതെ പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്.




Tags:    
News Summary - Different types of perfumes and uses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.