കോഡിങ് പഠനം ഇന്ന് വലിയ ചർച്ചയാണ്. അതുകൊണ്ടുതന്നെ സ്വന്തം കുട്ടിയെ കോഡിങ് ക്ലാസിൽ അയക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്പല രക്ഷിതാക്കളും. കോഡിങ് പഠനത്തിന്‍റെ ഗുണദോഷങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാൻ സഹായകരമായ ചില വിവരങ്ങൾ ഇതാ...
മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതിനു പരിഹാരം തേടിയുള്ള ചർച്ചകൾ ക്ലാസ് പി.ടി.എകൾ മുതൽ സമൂഹമാധ്യമങ്ങളിൽവരെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 'കോവിഡ്' കടന്നുവന്നത്. കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയ രക്ഷിതാക്കൾക്ക് കോവിഡ് ശരിക്കും പണികൊടുത്തു. ഓൺലൈൻ ക്ലാസുകൾ വന്നതോടെ സ്മാർട്ട് ഫോൺ കുട്ടികളുടെ അവകാശമായി മാറി! സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ഉപാധി എന്നനിലയിൽ ഓൺലൈൻ പഠനം പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളെ കൂടുതൽ ആകർഷകമാക്കാൻ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം, കമ്പ്യൂട്ടർ പഠനം തുടങ്ങിയവ സർക്കാർ നടപ്പാക്കിത്തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കുട്ടികളുടെ എണ്ണത്തിലുള്ള വർധനയിലൂടെ അതിന്റെ ഫലം കാണുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിദ്യാസമ്പന്നരായ രക്ഷിതാക്കളിൽനിന്ന് പുതിയ ആവശ്യമുയർന്നിരിക്കുന്നത്, ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ ഭാഷ - 'കോഡിങ്', പഠിപ്പിക്കണമെന്നാണ്. നിലവിലുള്ള സിലബസിനൊപ്പം കോഡിങ് കൂടി പഠിക്കുന്നതുകൊണ്ട് കുട്ടികൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുമെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്.
ചിത്രം വരക്കുകയും കഥ എഴുതുകയും പോലുള്ള ഒരു സൃഷ്ടിപരമായ പ്രവർത്തനമായി കോഡിങ്ങിനെയും കണക്കാക്കാം. സ്വന്തം അറിവുകൊണ്ട് പുതുതായൊരു വിഡിയോ ഗെയിമോ മൊബൈൽ ആപ്പോ വെബ്സൈറ്റോ രൂപകൽപന ചെയ്യുന്ന കുട്ടി പുതുതായൊന്ന് സൃഷ്ടിക്കുകയാണ് ചെയ്യുക. അതിൽ ഭാവനയുടെ സ്വാധീനം ചെറുതല്ല. സ്വയം പ്രകാശിപ്പിക്കാനും അടയാളപ്പെടുത്താനുമുള്ള അവസരം കോഡിങ് പഠനം നൽകുന്നുണ്ട്.
കമ്പ്യൂട്ടറിന് നമ്മുടെ ഭാഷയോ അതിലെ വാക്കുകളോ മനസ്സിലാവില്ല. അതിന് ആകെ മനസ്സിലാവുന്നത് on, off എന്നീ നിർദേശങ്ങൾ മാത്രമാണ്. 1, 0 എന്നീ അക്ഷരങ്ങൾ (അക്കങ്ങൾ) കൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്. ഈ അക്കങ്ങളുടെ അനന്തമായ കോമ്പിനേഷനുകൾ രൂപപ്പെടാൻവേണ്ട നിർദേശമാണ് കോഡിങ്ങിലൂടെ നൽകുന്നതും അതുവഴിയാണ് ഉദ്ദേശിക്കുന്ന രീതിയിൽ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതും. കമ്പ്യൂട്ടറിനുള്ള നിർദേശങ്ങൾ അതിനു മനസ്സിലാകുന്ന രണ്ട് അക്ഷരങ്ങൾ മാത്രമുള്ള ഭാഷയിലേക്ക് (ബൈനറി കോഡിലേക്ക്) വിവർത്തനം ചെയ്യാൻവേണ്ട നിർദേശം നൽകുന്നതിനെയാണ് കോഡിങ് എന്നു പറയുന്നത്. ഓരോ കമ്പ്യൂട്ടർ ആപ്ലിക്കേഷനും പ്രവർത്തിക്കണമെങ്കിൽ ശരിയായി എഴുതി തയാറാക്കിയ കോഡ് പ്രോഗ്രാം ചെയ്യണം. ജാവ, സി++, പൈത്തൺ തുടങ്ങിയവയൊക്കെ ഇത്തരം പ്രോഗ്രാമിങ് ഭാഷകളാണ്.
ഏത് ഇൻപുട്ട് കൊടുത്താലാണ് ഉദ്ദേശിക്കുന്ന ഔട്പുട്ട് ലഭിക്കുന്നതെന്ന് കോഡിങ് പഠിക്കുന്ന വിദ്യാർഥി മനസ്സിലാക്കണം. ഇതിന് ഒരുപാട് ഫോർമാറ്റുകൾ മനഃപാഠമാക്കുകതന്നെ വേണം. കീ ബോർഡിലുള്ള മുഴുവൻ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാൻ അറിഞ്ഞിരിക്കുകയും വേണം.
സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് കോഡിങ്ങിലൂടെ ചെയ്യേണ്ടത്. അതിന് പ്രശ്നത്തെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോന്നും പരിഹരിക്കുകയാണ് ചെയ്യുക. അതിലൂടെ വലിയ പ്രശ്നവും പരിഹരിക്കപ്പെടും. നിത്യജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ തളർന്നുപോകാതെ അവയെ ചെറിയ ഭാഗങ്ങളായിക്കണ്ട് പരിഹാരം കാണാനുള്ള കഴിവ് കോഡിങ് പഠിക്കുന്നവരിൽ വളർന്നുവരും.
കുട്ടികൾക്ക് പഠനത്തിലായാലും മുതിർന്നവർക്ക് ജോലിസ്ഥലത്തെ പെർഫോമൻസിലായാലും ബന്ധങ്ങളിലായാലും സ്ഥിരത ഇല്ലാത്തത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ്. കോഡിങ് പഠിച്ചുതുടങ്ങുമ്പോൾ അത് ഒരു വെല്ലുവിളിയാണ്. സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ തെറ്റുകൾ സ്വാഭാവികമായും സംഭവിക്കും. അപ്പോൾ ക്ഷമയോടെ എവിടെയാണ് പിഴച്ചതെന്നു കണ്ടെത്തി തിരുത്തേണ്ടിവരും. വെല്ലുവിളികൾ നേരിടാനും ക്ഷമയോടെ പരിശ്രമിക്കാനുമുള്ള മനസ്സ് കോഡിങ് പഠനം നൽകുന്നു. അതുകൊണ്ടുതന്നെ, ഇത് പഠിക്കുന്നവർക്ക് ജീവിതത്തിൽ സ്ഥിരത നിലനിർത്താനും കഴിയും.
കോഡിങ്ങിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നത് ഗവേഷണത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയുമാണ്. സഹപഠിതാക്കളുമായി ഒരു ആത്മബന്ധം ഉണ്ടാക്കാൻ ഇത് ഇടയാക്കും. കൂട്ടായി പരിശ്രമിക്കാനുള്ള കഴിവ്, മറ്റുള്ളവർക്ക് സഹായം നൽകിയും അവരുടെ സഹായം സ്വീകരിച്ചും സ്വയം മെച്ചപ്പെടാനുള്ള മനസ്സ് എന്നിവ പഠനത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
കോഡിങ്ങിലൂടെ സങ്കീർണ പ്രശ്നങ്ങൾ വിഭജിച്ച് ലളിതമാക്കി കമ്പ്യൂട്ടറിനു മനസ്സിലാക്കിക്കൊടുക്കുന്നത് പരിശീലിച്ച ഒരാൾക്ക് ഈ ശേഷി കൂടുതലായിരിക്കും.
ശരിയായി ആസൂത്രണം ചെയ്യാനും കണക്കുകൂട്ടലുകൾ നടത്താനും കണ്ടെത്തിയ കാര്യങ്ങൾ നന്നായി അവതരിപ്പിക്കാനുമുള്ള കഴിവുകൾ കോഡിങ് പഠനം നൽകുന്നുണ്ട്. ഈ കഴിവുകളാകട്ടെ ഏതു മേഖലയിലുള്ള പഠനത്തിലായാലും തൊഴിലിലായാലും ആവശ്യമുള്ളതുമാണ്.
എൽ.പി ക്ലാസുകളിലെ കമ്പ്യൂട്ടർ ക്ലാസുകളിൽ നമ്മൾ കുറെ കളികൾ മാത്രമാണല്ലോ പഠിച്ചത്. മൗസ്, കീ ബോർഡ് ഒക്കെ ഉപയോഗിക്കാൻ ആ ഗെയിമുകളിലൂടെ പഠിച്ചു. അതുപോലെ കോഡിങ് പഠിക്കാനായി കുട്ടികൾക്കുവേണ്ടി മൈൻക്രാഫ്റ്റ്, റോബോകോഡ്, ലൈറ്റ്ബൊട്ട് തുടങ്ങി നിരവധി ഗെയിമുകൾ ലഭ്യമാണ്. ബാല്യകാലത്ത് നിങ്ങളിൽ ചിലരെങ്കിലും ബിൽഡിങ് ബ്ലോക്കുകൾ ഉപയോഗിച്ച് വിവിധതരം നിർമിതികൾ ഉണ്ടാക്കി കളിച്ചിട്ടുണ്ടാവും. അതുപോലെ വിഷ്വൽ ബ്ലോക്കുകൾ പ്രത്യേക രീതിയിൽ അടുക്കി കോഡിങ് പഠിക്കാനുള്ള കളികളുമുണ്ട്. പഠിച്ചുകഴിഞ്ഞാൽ ആനിമേഷൻ വിഡിയോകളും ഗെയിമുകളുമൊക്കെ കുട്ടികൾക്കുതന്നെ സ്വയം നിർമിക്കാൻ സാധിക്കും.
സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും നിരന്തരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ സോഫ്റ്റ്‌വെയർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മിക്കവർക്കും അറിയില്ല. ഈ അജ്ഞതക്കൊരു പരിഹാരമാണ് കോഡിങ് പഠനം. സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതെങ്ങനെയെന്നും വെബ് പേജുകൾ സ്ക്രീനിൽ തെളിയുന്നതെങ്ങനെയെന്നും കോഡിങ് അറിയുന്ന ആൾക്ക് വിശദീകരിക്കാനാകും.
മികച്ച ടെക്നിക്കൽ കോഴ്സുകൾക്ക് അഡ്മിഷൻ കിട്ടാനും റോബോട്ടിക്സ് പോലെ വളരുന്ന മേഖലകളിൽ ജോലി നേടാനും കോഡിങ്ങിലുള്ള പരിചയം അധികയോഗ്യതയായി കണക്കാക്കുന്നു. കോഡിങ് പഠിച്ചിട്ടുള്ള ബിരുദധാരിക്ക് പഠിക്കാത്ത ഒരു ബിരുദധാരിയേക്കാൾ 40 ശതമാനം അധിക ജോലിസാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇത്രയൊക്കെ പ്രയോജനങ്ങൾ കോഡിങ് പഠനത്തിനുണ്ടെന്നു പറയുമ്പോഴും അത് പാഠ്യപദ്ധതിയിൽ നിർബന്ധിത വിഷയമാക്കരുതെന്ന് വാദിക്കുന്ന ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധരും രക്ഷിതാക്കളും ഉണ്ട്. അവർ നിരത്തുന്ന വാദങ്ങൾ പരിശോധിക്കാം.
കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായമാണ് ബാല്യകാലം. പഠനം പോലും കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയുമാണ് നടക്കേണ്ടത്. ഈ പ്രായത്തിൽ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത നൂറുകണക്കിന് ഫോർമുലകൾ മനഃപാഠമാക്കേണ്ടിവരുന്നത് അവരുടെ ബാല്യത്തിന്റെ സന്തോഷം നശിപ്പിക്കും.
മിക്ക കുട്ടികൾക്കും കോഡിങ് പഠനം ബോറടിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ചും പഠിച്ചു തുടങ്ങുമ്പോൾ. ചെറിയൊരു തെറ്റ് സംഭവിച്ചാൽ പോലും ഉദ്ദേശിച്ച ഫലം കിട്ടില്ല. തെറ്റു പറ്റിയത് എവിടെയാണെന്നു മനസ്സിലാക്കാൻ കുട്ടിക്ക് പറ്റാതെവരും. ആവർത്തിച്ച് തെറ്റുകൾ വരുമ്പോൾ അവയെല്ലാം തിരുത്തിയെടുക്കാൻ ഏറെ സമയം നഷ്ടപ്പെടും. കുട്ടി പഠനത്തെ വെറുക്കാനും ഇടക്കുവെച്ച് നിർത്താനും ഇത് കാരണമാവും.
ഓൺലൈൻ ക്ലാസുകൾക്കൊപ്പം കോഡിങ് ക്ലാസ് കൂടിയാകുമ്പോൾ ദിവസത്തിലെ അധികസമയവും കുട്ടികൾ സ്ക്രീനിനു മുന്നിൽ ചെലവഴിക്കേണ്ട അവസ്ഥ വരും. ഇത് അവരുടെ കണ്ണുകളെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കും.
മികച്ച സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്നവർക്കും ഈ രംഗത്തെ അസാധാരണ പ്രതിഭകൾക്കും മാത്രമേ മാന്യമായ ശമ്പളമുള്ള ജോലി ലഭിക്കുന്നുള്ളൂ. ഈ വിഭാഗത്തിൽ ഉൾപ്പെടാത്ത ബഹുഭൂരിപക്ഷത്തിനും ദിവസവേതനക്കാർക്കു ലഭിക്കുന്നതിനേക്കാൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടിവരും.
കോഡിങ് പഠിക്കണോ വേണ്ടയോ എന്നത് കുട്ടിയുടെയും രക്ഷിതാവിന്റെയും ഇഷ്ടത്തിന് വിട്ടുകൊടുക്കണം. നമുക്ക് ആവശ്യമുണ്ടെന്നു തോന്നുന്നത് തിരഞ്ഞെടുക്കുക എന്നതാണ് ശരിയായ കാര്യം. കോഡിങ് പഠനം എല്ലാ കുട്ടികളിലും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. എന്നാൽ മധ്യവർഗ സമൂഹം ഇങ്ങനെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിനു മുതിരാതെ 'കോഡിങ് ഭ്രമത്തിൽ' അകപ്പെട്ടിരിക്കുകയാണ്. കോഡിങ്ങിലുള്ള അജ്ഞത ഭാവിയിൽ മക്കളുടെ അവസരങ്ങൾ ഇല്ലാതാക്കുമോയെന്നാണ് അവർ ഭയപ്പെടുന്നത്.
ഒരു വിദേശഭാഷ സംസാരിക്കാൻ പഠിക്കുന്നതിലും എളുപ്പമാണ് കോഡിങ് പഠിക്കുന്നത് എന്ന് വിദ്യാഭ്യാസ വിദഗ്ധന്മാർ അഭിപ്രായപ്പെടുന്നു. അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ പഠനം ഒന്നാം ക്ലാസിൽ (6 വയസ്സിൽ)തന്നെ തുടങ്ങേണ്ട ആവശ്യം ഉണ്ടോ? കോഡിങ് പഠിക്കുന്ന എല്ലാവർക്കും ഭാവിയിൽ അത് പ്രയോജനപ്പെടുമോ? വെബ് ഡെവലപ്പർമാരും ആപ്ലിക്കേഷൻ ഡെവലപ്പർമാരും േഡറ്റ ബേസ് അഡ്മിനിസ്ട്രേറ്റർമാരും ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റുകളുമൊക്കെയാണ് തങ്ങളുടെ തൊഴിലിന് കോഡിങ് അവശ്യം അറിഞ്ഞിരിക്കേണ്ടവർ. ഈ മേഖലകളിലൊക്കെ അത്രത്തോളം തൊഴിൽസാധ്യതകൾ ഉണ്ടോ? കുട്ടികളുടെ ചെറുപ്രായത്തിലെ സ്വാഭാവിക മാനസിക വികാസത്തിന് യാന്ത്രികമായ ഈ പഠനം തടസ്സം സൃഷ്ടിക്കില്ലേ? സംഗീതവും നൃത്തവും ചിത്രകലയുമൊക്കെപ്പോലെ താൽപര്യമുള്ളവർ മാത്രം ഇതു പഠിച്ചാൽ പോരേ?
രണ്ടുവർഷം മുമ്പ് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൽ യു.പി തലം (ആറാം ക്ലാസ്) മുതൽ കോഡിങ് പഠനം ആരംഭിക്കണമെന്ന നിർദേശമാണുള്ളത്. ഈ നിർദേശം യാഥാർഥ്യബോധത്തോടു കൂടിയുള്ളതാണ്. 11 വയസ്സുവരെയെങ്കിലുമുള്ള കുട്ടികളെ കോഡിങ് പഠനത്തിൽനിന്ന് ഒഴിവാക്കുന്നുണ്ടല്ലോ. ഏതു പഠനവും നല്ലതു തന്നെയാണ്. പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതാകുമ്പോൾ അത് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തവുമാണ്. പേക്ഷ, പാകമാകാത്തവരുടെ മേലും താൽപര്യമില്ലാത്തവരുടെ മേലും അത് അടിച്ചേൽപിക്കുമ്പോൾ പഠനം ശിക്ഷയായി മാറാനുള്ള സാധ്യതകൾ ഏറെയാണ്.
സാമ്പത്തിക ശേഷിയുള്ള പല രക്ഷിതാക്കളും പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ഫീസടച്ച് കുട്ടികളെ ആപ് അക്കാദമി, കോഡ്സ്മിത്ത്, വൈറ്റ് ഹാറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഡിങ് ക്ലാസുകളിൽ ചേർത്തുകഴിഞ്ഞു. വൈറ്റ് ഹാറ്റ് ജൂനിയറിന്‍റെ കോഡിങ് പ്ലാറ്റ്ഫോം ബൈജൂസ് വിലയ്ക്കെടുത്തത് 300 മില്യൺ ഡോളറിനാണെന്നറിയുമ്പോൾ ഈ മേഖലയിൽ ഓരോ വർഷവും നടക്കുന്ന ആയിരക്കണക്കിനു കോടികളുടെ ബിസിനസിനേക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.
ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കോഡിങ് പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ഇപ്പോൾ ധാരാളമായി കാണാം. ഭാവിയിൽ നല്ലൊരു ജോലി ലഭിക്കണമെങ്കിൽ കോഡിങ് പഠിക്കാതെ തരമില്ലെന്നും അത് ഒന്നാം ക്ലാസ് മുതൽതന്നെ പഠിച്ചു തുടങ്ങണമെന്നുമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രചരിപ്പിക്കുന്നത്.
പല വൻകിട സ്വകാര്യ സ്കൂളുകളിലും രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് ഐ.ടി കമ്പനികളുടെ പങ്കാളിത്തത്തോടെ കോഡിങ് പഠനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പൊതു മനഃശാസ്ത്രമനുസരിച്ച് അധികം വൈകാതെതന്നെ കോഡിങ് ക്ലാസിനുപോകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു അപകർഷബോധം തോന്നിത്തുടങ്ങും.
ഗീക്ക്സ് ഫോർ ഗീക്ക്സ്, ട്യൂട്ടോറിയൽ പോയന്റ്, ഡബ്ൾയു ത്രീ സ്കൂൾ സ്കൂൾസ്, എഡ് എക്സ്, ക്രിയേറ്റ് ആൻഡ് ലേൺjo തുടങ്ങിയ വെബ്സൈറ്റുകൾ കുട്ടികൾക്കായി സൗജന്യ കോഡിങ് ക്ലാസുകൾ നടത്തുന്നുണ്ട്. ക്യൂരിയർ ജൂനിയർ പോലുള്ള ആപ്പുകളും ഇതേ സേവനം നൽകുന്നു. ഫീസ് നൽകുന്നതിനു പകരം വേണമെങ്കിൽ സ്വന്തമായി ഡെവലപ് ചെയ്ത പ്രോഗ്രാമുകൾ ഷെയർ ചെയ്തു നൽകാം. ഇന്ത്യ ഗവൺമെന്‍റിന്‍റെ കോഡ്ഇന്ത്യ ആപ് സൗജന്യ കോഡിങ് ക്ലാസുകളും കുറഞ്ഞ നിരക്കിലുള്ള കോഴ്സുകളും നടത്തുന്നുണ്ട്. 199 രൂപ മുതൽ 3000 രൂപ വരെയാണ് ഫീസ് നിരക്ക്. അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾ 7000 മുതൽ 3 ലക്ഷം വരെയാണ് കോഴ്സുകൾക്ക് ഫീസായി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.