''തീവണ്ടി ഓടിത്തുടങ്ങിയതിനാൽ ടിക്കറ്റെടുക്കാതെയാണ് വാഴക്കുന്നം നമ്പൂതിരി എറണാകുളത്തേക്ക് വണ്ടികയറിയത്. കഷ്​ടകാലമെന്ന് പറയട്ടെ, ടിക്കറ്റ് പരിശോധകൻ അദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ത​​െൻറ ൈകയിൽ ഇപ്പോൾ ടിക്കറ്റില്ലെന്നും മറ്റു യാത്രക്കാരോടെല്ലാം ടിക്കറ്റ് ചോദിച്ചുവരാനും വാഴക്കുന്നം ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ, ത​െൻറ ജാലവിദ്യ ഉപയോഗിച്ച് തീവണ്ടിയിലെ മുഴുവൻ യാത്രക്കാരുടെയും ടിക്കറ്റുകൾ അദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. ടിക്കറ്റ് പരിശോധകൻ വന്നപ്പോൾ ഒരുചാക്ക് നിറയെ ടിക്കറ്റിങ് മുന്നിൽ ഇട്ടുകൊടുത്തു. ദാ കിടക്കുന്നു. യാത്രക്കാരും ഏമാനും ബോധംകെട്ട് താഴെ...''

പതിവുപോലെ കുഞ്ഞുണ്ണിനായർ കഥ പൂർത്തിയാക്കിയപ്പോൾ മക​െൻറ കണ്ണിൽ മായാജാലത്തോടുള്ള ഇഷ്​ടം ഒന്നുകൂടി തിളങ്ങിനിന്നു. ഇനിയും കഥപറയണമെന്ന പതിവുശാഠ്യത്തിനിടയിൽ എപ്പഴോ കുഞ്ഞു ഗോപിനാഥ് ഉറങ്ങിപ്പോയി. കുഞ്ഞുനാളിൽ അച്ഛൻ മടിയിലിരുത്തി പറഞ്ഞ വാഴക്കുന്നം നമ്പൂതിരിയുടെ മാന്ത്രിക കഥകളിലാണ് തന്നിലെ മായാജാലക്കാരൻ ജനിച്ചതെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയുേമ്പാൾ ആ പിതാവിനോടുള്ള സ്നേഹവും ബഹുമാനവും കണ്ണിൽനിന്ന് വായിച്ചെടുക്കാം. ഒരർഥത്തിൽ പറഞ്ഞാൽ അച്ഛ​െൻറ കഥപറച്ചിലിൽ നിറച്ച കൗതുകങ്ങൾ മുതുകാടിനെ മജീഷ്യനാക്കുകയായിരുന്നു.

ജീവിതത്തിലാദ്യമായും അവസാനമായും താനൊരു മജീഷ്യനല്ലായിരുന്നെങ്കിൽ എന്ന് ചിന്തിച്ചതും ആ അച്ഛനുവേണ്ടിയായിരുന്നു. നിലമ്പൂരിലെ കവളമുക്കട്ടയിൽ ഗ്രാമത്തിലെ സാധാരണ കർഷകനായിരുന്ന അച്ഛൻ കുഞ്ഞുണ്ണിനായർ. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത പച്ചയായ ഗ്രാമീണൻ. ഒരുദിവസം കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അച്ഛനെ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു. അസുഖം ഭേദമായപ്പോൾ നേരത്തെ ഏറ്റുപോയ വാക്ക് പാലിക്കാനായി ഇരിഞ്ഞാലക്കുടയിൽ പരിപാടി അവതരിപ്പിക്കാൻ പോകേണ്ടിവന്നു. അപ്പോഴേക്കും അച്ഛൻ ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയിരുന്നെങ്കിലും പാരിഷ് ഹാളിൽ പരിപാടി അവതരിപ്പിക്കുേമ്പാൾ മനസ്സ്​ നിറയെ ആശങ്കയായിരുന്നു. എല്ലാം കൈവിട്ടുപോകുമെന്ന അവസ്ഥവന്നപ്പോൾ കൈയും മനസ്സും പതറരുതെന്ന് അച്ഛൻ ഉള്ളിൽവന്നു പറയുന്നതുപോലെതോന്നി. ആ മനഃശക്തിയിൽ പരിപാടി ഭംഗിയായി പൂർത്തിയാക്കാനായി. ഷോ കഴിഞ്ഞ് ഇരിഞ്ഞാലക്കുട ഗെസ്​റ്റ്​ ഹൗസിലായിരുന്നു താമസം. രാവിലെ ആരോ വിളിച്ച് വാതിൽ തുറന്നപ്പോൾ കേട്ടത് അച്ഛ​െൻറ മരണവാർത്തയാണ്. പാരിഷ് ഹാളിൽ നിറഞ്ഞ സദസ്സിൽ മാന്ത്രിക​െൻറ കൈയടക്കം നഷ്​ടമാകാതെ ചിന്തകളിൽ ധൈര്യം പകരാൻ അച്ഛനെത്തിയ അതേസമയത്ത് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ഒരുപക്ഷേ, അവസാനനേരത്ത് മക​െൻറ സാന്നിധ്യം ഒരിക്കലെങ്കിലും അച്ഛൻ ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് ഓർത്തപ്പോൾ കണ്ണുനിറയാറുണ്ട്. ഒരു മജീഷ്യനല്ലായിരുന്നെങ്കിൽ ആ സമയത്ത് അദ്ദേഹത്തൊപ്പം ചെലവഴിക്കാനാകുമായിരുന്നു. ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിൽ കൂടെനിന്ന പിതാവിന്‍റെ മരണത്തോളം വലിയ ദുഃഖം പിന്നീടുണ്ടായിട്ടില്ല. ഏഴാം വയസ്സിൽ തുടങ്ങിയപ്പോൾ ആദ്യമായി കേട്ട കൈയടി, ചുങ്കത്തറ തലഞ്ഞിപ്പള്ളി പെരുന്നാളിന് അവതരിപ്പിച്ച ജീവിതത്തിലെ ആദ്യജാലകവിദ്യ പരാജയപ്പെട്ടപ്പോൾ പതറിനിന്ന പത്തു വയസ്സുകാരനെ നെഞ്ചോടുചേർത്തത്, വിജയത്തിൽനിന്ന് ഒരാളും ഒരുപാഠവും പഠിക്കില്ലെന്നും പരാജയത്തിൽനിന്നേ പാഠങ്ങളുണ്ടാവൂ എന്ന ആപ്തവാക്യം ഹൃദയത്തോട് ചേർത്തത്. ഇതിെൻറയെല്ലാം ആകെത്തുകയായിരുന്നു അച്ഛൻ. ഇനി മാജിക്കിന് പോകില്ലെന്നു തീർത്തുപറഞ്ഞ മകനെ ചേർത്തുപിടിച്ച് അന്നദ്ദേഹം നൽകിയ ധൈര്യമാണ് ഇന്നും നയിക്കുന്നത്.

മോഹൻലാലിനൊപ്പം 'ബേണിങ് ഇല്യൂഷന്‍' എന്ന മാജിക് ഷോ നടക്കാത്തത് പ്രഫഷനലായുണ്ടായ വിഷമങ്ങളുടെ കൂട്ടത്തിലുണ്ട്. 45 വർഷമായി കൂടെ കൊണ്ടുനടന്ന പ്രഫഷനൽ മാജിക് ഒഴിവാക്കിയപ്പോൾ തോന്നിയ നൊമ്പരം കുരുന്നുകളുടെ പൂമ്പാറ്റചിരികളിലാണ് ഇല്ലാതായത്. ഇനിയുള്ള കാലം ഭിന്നശേഷിക്കാർക്കുവേണ്ടി മാറ്റിവെക്കാനാണ് മാജിക്കിൽനിന്ന് വിട്ടുനിൽക്കുന്നത്. കൈയടികളും ആരവങ്ങളുമില്ലാത്ത ലോകത്തിെൻറ വിരസത ഈ കുരുന്നുകളുടെ പുഞ്ചിരിയിൽ ഇല്ലാതാവുമെന്നുറപ്പാണ്.


Tags:    
News Summary - Gopinath Muthukad about sad memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.