ആഘോഷം നാടൊന്നിച്ചെങ്കിൽ, ഒരു ഭീമൻ കയറിന്‍റെ രണ്ടു വശത്തായി നിലയുറപ്പിച്ച് ആഞ്ഞുവലിക്കുന്ന വടംവലിയും അതിന്‍റെ ചെറുതും വലുതുമായ മത്സരങ്ങളും മാറ്റിനിർത്തി മലയാളിക്ക് ഒന്നും ആലോചിക്കാനാകില്ല.
നിലക്കാതെ കൈയടിച്ചും ആർത്തുവിളിച്ചും കുട്ടികളും മുതിർന്നവരുമെന്ന വ്യത്യാസമില്ലാതെ പങ്കാളിത്തം ഉറപ്പാക്കിയുള്ള ഈ കിടിലൻ അങ്കം കാണാൻ ചേലു വേറെതന്നെ.
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്‍റും ഒന്നിച്ചുണരുന്ന വടംവലി ഏറെയായി മലയാളി ഉത്സവങ്ങളുടെ ഒന്നാം ചേരുവയാണ്.
ഓരോ നാട്ടിലെയും കുട്ടിക്കൂട്ടങ്ങൾ മുതൽ സ്ത്രീകളും മുതിർന്നവരും വരെ ഏവർക്കും ഒരുപോലെ ഒന്നുപിടിച്ചുനോക്കാവുന്ന ആഘോഷം. പണവും മുട്ടനാടും മുതൽ പഴക്കുല വരെ സമ്മാനമായി മത്സരം കൊഴുപ്പിക്കാനുണ്ടാകും. ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിച്ചാണ് കളിയിൽ വിധി നിർണയിക്കുക.
ചില്ലറക്കാരനല്ല വടംവലി
എളുപ്പം സംഘടിപ്പിക്കാവുന്ന, ഏതു സാധാരണക്കാരനും പങ്കാളിയാകാവുന്ന കായിക ഇനമാണെങ്കിലും വടംവലി അത്ര ചില്ലറക്കാരനല്ല. ഒരു കാലത്ത് ഒളിമ്പിക്സിൽ വരെ മെഡൽ പോരാട്ടമായി ജയിച്ചുനിന്ന പാരമ്പര്യവും പെരുമയുമേറെയുള്ള ഇനം.
പല രാജ്യങ്ങളിലെ താരങ്ങൾ അണിനിരന്ന് വമ്പൻ ക്ലബുകളായി ആഗോള തലത്തിൽ പോര് കനപ്പിച്ചുനിർത്തിയ മത്സരം. ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിൽ വടംവലി കായിക ഇനമാണ്.
വലിയ നിയമങ്ങളുടെ കെട്ടുപാടുകളില്ലാതെ ആർക്കും ഒന്ന് വലിച്ചുനോക്കാവുന്ന ‘tug of war’ൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുക്കാറുണ്ട്. നിരപ്പായ, നീളത്തിൽ ഇത്തിരി സ്ഥലം മതിയെന്നതു പോലെയാണ് നിയമങ്ങളും.
വടംവലി മാമാങ്കം
‘‘മത്സരം അത് പൊരുതാൻ ഉള്ളതാണ്... വിജയം അത് പോരാടുന്നവർക്കാണ്... മത്സര വൈരത്തിന്‍റെ, വിജയ പോരാട്ട വിസ്മയത്തിൽ ചരിത്ര അധ‍്യായങ്ങളിൽ ഒരാൾക്കും നിഷേധിക്കപ്പെടാൻ കഴിയാത്ത അത്ഭുത പേമാരിയായി കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാൻ. ഒരുപാട് മത്സര ആവേശങ്ങളുടെ ചരിത്ര അധ‍്യായങ്ങൾ കൊത്തിവെക്കപ്പെട്ടിട്ടുള്ള ഞീഴൂരിന്‍റെ മണ്ണിൽ.. ഞീഴൂർ ഫ്രണ്ട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന മൂന്നാമത് അഖില കേരള വടംവലി മത്സരം. തീയതി: 11.8.2024 ഞായറാഴ്ച. weight: 455 kg. കോർട്ട്: സ്ലാബ് കോർട്ട്...’’
-ആഗസ്റ്റിൽ നടന്ന ഒരു വടംവലി മത്സരത്തിന്‍റേതായി സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റാണിത്. താഴെ ഒന്നുമുതൽ 17ാമതെത്തുന്നവർക്ക് വരെയുള്ള സമ്മാനത്തുകയും കാണികൾക്ക് ഒരുക്കിയ സൗകര്യങ്ങളും വിശദമായുണ്ട്.
‘‘ഒരു ലക്ഷം രൂപക്കും പോത്തുകുട്ടനും വേണ്ടിയുള്ള പ്രയാണത്തിൽ ക്വാർട്ടർ ഫൈനലിൽ കണ്ടുമുട്ടിയ കവിതയും ഗ്രാൻഡും പയ്യാവൂരിലെ നിറഞ്ഞ ഗാലറിക്ക് മുന്നിൽ’’.... ഇങ്ങനെ സമൂഹമാധ്യമങ്ങൾ വഴി പറന്നുനടക്കുന്ന പരസ്യങ്ങൾ നിരവധി.
ഓണാഘോഷ നാളുകളിലാണ് മലയാളി ഏറ്റവും കൂടുതൽ വടംവലി മത്സരങ്ങൾ നടത്താറുള്ളത്. കേരളത്തിൽ 400ഓളം പ്രഫഷനൽ ക്ലബുകൾ ഈ രംഗത്തുണ്ട്. ജില്ലതല മത്സരങ്ങൾ വരെ നടക്കുന്നുണ്ട്. ചിലപ്പോൾ വലിയ ഫ്ലഡ്‍ലിറ്റ് വേദികളിലുമാകാം മത്സരം.
എട്ട് അംഗങ്ങളുള്ള രണ്ട് ടീമുകളാണ് സാധാരണ അണിനിരക്കുക. ഇതുപക്ഷേ, മത്സരങ്ങൾക്കാണ് ബാധകം. ടീമുകൾക്ക് മൊത്തം അനുവദിച്ച ഭാരത്തിൽ കൂടരുത്. വടം സാധാരണ 10 സെന്‍റീമീറ്റർ വ്യാസമുള്ളതാകും. മധ്യത്തിൽ ഒരു അടയാളം വെച്ച് തൂവാലയോ മറ്റോ ചേർത്തുകെട്ടും.
എതിർ ടീമിനെ വലിച്ചിടുന്നത് ചിലപ്പോൾ സമയമേറെ എടുക്കുന്ന ‘ഹെർക്കുലിയൻ’ അധ്വാനമാകും. ക്ഷമയോടെ, കാത്തിരുന്ന് ചെറുചുവടുകളായി എതിർ ടീമിനെ വരുതിയിലാക്കുന്നതാണ് വലിയ മത്സരങ്ങളിലെ സാധാരണ രീതി.
എണ്ണത്തിൽ പക്ഷേ, അങ്ങനെ നിബന്ധനയൊന്നുമില്ല. സാധാരണ ആഘോഷങ്ങളിൽ 10ഉം 15ഉം അതിലേറെയുമായി എണ്ണം ഉയരും.
അൽപം ചരിത്രം
ഫുട്ബാളും വോളിബാളും ഹോക്കിയും ക്രിക്കറ്റുമടക്കം കൂടുതൽ ജനപ്രിയവും ദൃശ്യമികവുള്ളതുമായ കളികളുടെ ചരിത്രം പരതുമ്പോൾ അത്ര പഴക്കം വരില്ലെങ്കിലും വടംവലി അനേകായിരം വർഷം മുമ്പേ കളിച്ചുവരുന്നതാണെന്ന് ചരിത്രം സൂചിപ്പിക്കുന്നു.
പൗരാണിക ഈജിപ്ത്, ഗ്രീസ്, കംബോഡിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലൊക്കെയും ഇത് നിലനിന്നതിന് രേഖകൾ സാക്ഷി. സൈനികരെ പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി വരെ ഈ മത്സരം ചൈനയിൽ നടത്തിപ്പോന്നു.
150ലേറെ മീറ്റർ നീളമുള്ള കൂറ്റൻ കയർ ഉപയോഗിച്ച്, ഇരുവശത്തും 500 പേർ വരെ നിലയുറപ്പിച്ചായിരുന്നു അന്നത്തെ മത്സരം. ഇരുവശത്തും പ്രത്യേക ഡ്രമ്മുകളുമായി എത്തി ആരവങ്ങൾ മുഴക്കി പ്രോത്സാഹനം നൽകുന്നവരും അണിനിരന്നു. ‘tug of war’ എന്ന ഇംഗ്ലീഷ് പദം 19ാം നൂറ്റാണ്ട് മുതൽ നിലവിലുണ്ട്. അതിന്‍റെ ഫ്രഞ്ച് വകഭേദം പിന്നെയും പഴയതാണ്.
വടംവലിയുടെ ഒളിമ്പിക്സ് നഷ്ടം
ഒളിമ്പിക്സിൽ പലവട്ടം മത്സരിക്കുകയും ബ്രിട്ടൻ മിക്കവാറും തവണ ചാമ്പ്യനാവുകയും ചെയ്തിട്ടും 1920ൽ അത് ഒഴിവാക്കപ്പെടുകയായിരുന്നു. പ്രാവിനെ വെടിവെച്ചിടലും കയറിൽ വലിഞ്ഞുകയറലുംപോലെ പഴിയേറെ കേട്ട് ഒളിമ്പിക്സ് വിട്ടുപോയതല്ലെങ്കിലും സാമാന്യമായി വിശദീകരിക്കാവുന്ന ചില പ്രശ്നങ്ങൾ അതിനുമുണ്ടായിരുന്നു.
ദേശീയമായി ഒരു സംഘടന വേണമെന്ന ചട്ടം മിക്ക രാജ്യങ്ങൾക്കും പാലിക്കാനായില്ലെന്നതാണ് ഔദ്യോഗിക കാരണം. എന്നാൽ, പങ്കെടുപ്പിക്കുന്ന ടീമുകളെ ചൊല്ലിയുള്ള പ്രശ്നങ്ങളും അവരുപയോഗിക്കുന്ന ഷൂ പോലുള്ളവ ഉണ്ടാക്കിയ പുകിലുകളും കാരണം 1920ലെ ഒളിമ്പിക്സ് എത്തുമ്പോഴേക്ക് പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം വെറും രണ്ടായി ചുരുങ്ങി. അതോടെ, മത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.