ചി​​​ത്ര​​​ം:

അ​​​ഷ്​​​​ക​​​ർ

ഒ​​​രു​​​മ​​​ന​​​യൂ​​​ർ

തിരക്കേറിയ റോഡുകളിൽ ​ഡ്രൈവർമാർ തമ്മിൽ തെറി വിളി ഉയരാത്ത ഒരു നേരവും ഉണ്ടാകില്ല. ബസുകളിൽ ചെവിപൊത്താൻ പോലും കഴിയാതെ കുട്ടികൾ അടക്കം ഇതൊക്കെ കേൾക്കേണ്ടി വരും. ആരെങ്കിലും റോഡ്​ മുറിച്ച്​ കടക്കാൻ ശ്രമിക്കുന്നത്​ കണ്ടാൽ ഉടൻ വണ്ടിയുടെ വേഗം കൂട്ടി പേടിപ്പിക്കും. വിലകൂടിയ കാറിൽ പോകുന്നയാൾ വില കുറഞ്ഞ വാഹനം കണ്ടാൽ ഉടൻ പേടിപ്പെടുത്തുന്ന വേഗത്തിൽ ഓവർടേക്ക്​ ചെയ്യും.

മുന്നിൽ പോകുന്ന വാഹനത്തിലുള്ളവരുടെ ചെകിടടപ്പിക്കുന്ന ഹോൺ മുഴക്കി ഭീതി പരത്തും. ഹുങ്കാര ശബ്​ദം പരത്തുന്ന ഇരുചക്രവാഹനങ്ങൾ കൊണ്ട്​ റോഡിൽ സർക്കസുകൾ തീർക്കും. റെഡ്​ സിഗ്​നൽ തെളിഞ്ഞുകിടന്നാൽ പോലും ഹോണടിച്ച്​ കൊണ്ടേയിരിക്കും...


ദൈനംദിന ജീവിതത്തിൽ കേരളത്തിലെ റോഡുകളിൽ അരങ്ങേറുന്ന ഡ്രൈവിങ്​ സംസ്കാരത്തിന്‍റെ നേർക്കാഴ്ചകളാണ്​ ഇവയെല്ലാം. ഗതാഗത നിയമങ്ങൾ പാലിച്ച്​ വേണം വാഹനം ഓടിക്കണമെന്നത്​ മറ്റുള്ളവർക്ക്​ മാത്രമേ​ ബാധകമാകൂവെന്ന കാഴ്ചപ്പാടാണ്​​ നമ്മുടേത്​. ഓരോരുത്തരും അതേ കാഴ്ചപ്പാടിലേക്ക്​ മാറുമ്പോൾ നിരത്തുകളിൽ അപകടങ്ങൾ പെരുകുന്നു. മായാത്ത രക്​തക്കറകൾ കൊണ്ട്​ നടുക്കം തീർക്കുകയാണ്​ നമ്മുടെ റോഡുകൾ. ഒപ്പം തീരാ കണ്ണീർ കുടിച്ച്​ കഴിയുന്നത്​ അനേക ലക്ഷം കുടുംബങ്ങളും.


റോഡിൽ ഒരു ചിട്ട വേണം. നിയമങ്ങൾ ആദ്യമായി എനിക്കാണ്​ ബാധകമെന്ന ബോധം വരണം. മുഖം വലിഞ്ഞുമുറുക്കി, ബ്രേക്കും ആക്സിലറേറ്ററും ചവിട്ടിപ്പൊട്ടിച്ച്​, കലുഷിതമായി അല്ല വാഹനം ഓടിക്കേണ്ടത്​ എന്ന സംസ്കാരത്തിലേക്ക്​ മാറണം. എതിരെ വരുന്ന വാഹനത്തിന്‍റെ ഡ്രൈവർക്ക്​ ഒരു പുഞ്ചിരി സമ്മാനിച്ച്​ കൊണ്ട്​ നമുക്കും തുടങ്ങാം ഒരു പുതിയ ഡ്രൈവിങ്​ രീതി. ചുറ്റുപാടുകളെ മനസ്സിലാക്കികൊണ്ട്​ തുടങ്ങാം ഇനിയുള്ള യാത്രകൾ. അതിലേക്കായി പ്രതിജ്ഞയെടുക്കാം...

Drive with Smile


നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് റോഡുകൾ. വാഹന ഗതാഗതം വികസിച്ചതോടെ റോഡപകടങ്ങളും ഏറിവരുകയാണ്. ആയിരക്കണക്കിന് ജീവനുകളാണ് പൊതുനിരത്തിൽ പൊലിയുന്നത്. വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിലുപരി റോഡ് നിയമങ്ങൾ, റോഡ് മര്യാദകൾ എന്നിവയെക്കുറിച്ച്​ എത്രമാത്രം ബോധവാന്മാരാണ് നമ്മൾ എന്ന് ചിന്തിക്കേണ്ടതുണ്ട്.

വികസിത രാജ്യങ്ങളിൽ പോകുമ്പോൾ അവിടെ റോഡുകളിൽ ക്രമത്തിലും മര്യാദയിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കണ്ട് നാം അത്ഭുതപ്പെട്ടുപോകാറുണ്ട്. എന്താണ് അത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ യാഥാർഥ്യമാകാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അപ്പോഴാണ് നാം റോഡ് സംസ്കാരത്തെക്കുറിച്ച് കൂടുതൽ പറയേണ്ടിവരുക.

വളർത്തണം റോഡ്​ സംസ്കാരം

റോഡ് സംസ്കാരം എന്നാൽ നാം റോഡിൽ പാലിക്കേണ്ട മര്യാദകളാണ്. വാഹനം ഓടിക്കുന്നവർ മാത്രമല്ല, റോഡിൽ നടക്കുന്നവർ പാലിക്കേണ്ട മര്യാദകളും ഇതിൽപെടും. ഉദാഹരണത്തിന്​ നാം റോഡിൽ ഏത് ഭാഗത്തുകൂടി നടക്കണം എന്ന് പലരും ഇനിയും മനസ്സിലാക്കിയിട്ടില്ല. വലതുഭാഗം ചേർന്നുമാത്രമേ കാൽനടക്കാർ പോകാവൂവെന്ന് പറയുന്നത് എതിരെ അഭിമുഖമായി വരുന്ന വാഹനങ്ങളെ കാണാം എന്നതിനാലാണ്. ഇടതുഭാഗത്തുകൂടി നടന്നാൽ പിറകിലൂടെ വാഹനങ്ങൾ വന്ന് അപകടങ്ങളുണ്ടായേക്കാം.


കാൽനടക്കാരെ മാനിക്കണം

റോഡ് കുറുകെ കടക്കുന്നതും സൂക്ഷിച്ചുവേണം. റോഡിൽ സീബ്ര ക്രോസിങ്ങുകളിലൂടെ (പെഡസ്ട്രിയൽ ക്രോസിങ്) മാത്രമെ റോഡ് മുറിച്ചുകടക്കാവൂ. പെഡസ്ട്രിയൽ ക്രോസിങ്ങിൽ നിൽക്കുന്നയാൾ പോയാൽ മാത്രമെ വാഹനം ഓടിക്കാവൂ എന്നാണ് നിയമം പറയുന്നത്. ആ വെള്ള വരയിൽ നിൽക്കുന്നയാളാണ് രാജാവ്. എന്നാൽ, നമ്മുടെ നാട്ടിൽ പലരും ഈ കാര്യങ്ങൾ അറിഞ്ഞമട്ടില്ല. വാഹനം ഓടിക്കുന്നവരുടെ ഔദാര്യമായാണ് സീബ്ര ക്രോസിങ്ങിലൂടെയുള്ള സഞ്ചാരം എന്നാണ് പലരും കരുതുന്നത്.

മര്യാദ വേണം റോഡിൽ

ഡ്രൈവിങ്ങിൽ പാലിക്കേണ്ട മര്യാദകൾ ഒരുപാടുണ്ട്. തിരക്കേറിയ കവലകളിലും റെയിൽ ക്രോസിങ്ങുകളിലും ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകൾ മറന്ന് വാഹനം ഓടിക്കുന്ന മോശം സംസ്കാരം നമുക്കിടയിലുണ്ട്. ഈ സംസ്കാരത്തിൽ നിന്നുള്ള മാറ്റത്തിന് നമുക്കുമാത്രം സഞ്ചരിക്കേണ്ട ഒന്നല്ല റോഡ് എന്ന മനോഭാവം ആദ്യം വളർത്തണം. പല വാഹനങ്ങൾ, കാൽനടക്കാർ എന്നിവർക്കെല്ലാം വേണ്ടിയാണ് നമ്മുടെ റോഡുകൾ നിർമിച്ചിരിക്കുന്നത്. നമുക്ക് എളുപ്പത്തിൽ ലക്ഷ്യത്തിലെത്തണം എന്ന മാനസികാവസ്ഥയിലൂടെ വാഹനം ഓടിക്കാൻ പാടില്ല. അതിനായി മനസ്സിനെ പഠിപ്പിക്കണം.

എനിക്കാദ്യം പോകണമെന്നത്​ ശരിയല്ല

ജങ്ഷനിൽ എത്തുമ്പോൾ കാറാണെങ്കിൽ വലതുഭാഗത്തുകൂടി വരുന്ന വാഹനങ്ങൾക്കാണ് പരിഗണന കൊടുക്കേണ്ടത്. അതും റോഡിലെ മര്യാദയാണ്. ഏതു സ്ഥലത്താണ്​ എങ്കിലും ഡ്രൈവറുടെ വലതുഭാഗത്തുനിന്ന് ഏതു വണ്ടി വരു

ന്നോ ആ വണ്ടിക്കാണ് ആദ്യ പരിഗണന കൊടുക്കേണ്ടത്. ജങ്ഷനിൽ എനിക്ക് വേഗം കടന്നുപോകണം എന്ന് ഓരോരുത്തരും വിചാരിക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യത കൂടും. ആംബുലൻസ്, പൊലീസ് വാഹനങ്ങൾ തുടങ്ങിയ അടിയന്തര സർവിസുകൾ വരുകയാണെങ്കിൽ അവക്കു പോകാൻ സൗകര്യമൊരുക്കേണ്ടത് മര്യാദയാണ്.

ഹോണടി മര്യാദകേട്​

എപ്പോഴും ഹോണടിച്ചുപോകുന്നത് മര്യാദകേടാണ്. വിദേശ രാജ്യങ്ങളിൽ ഹോണടിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ചീത്തവിളിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. ഹോണടിക്കുന്നത് ഫാഷനാണ് എന്നു ചിന്തിച്ചാണ് നമ്മുടെ നാട്ടിലെ വാഹനയോട്ടം. നല്ല ഗതാഗത സംസ്കാരം നമ്മിൽനിന്ന് തുടങ്ങണം. മാതൃകപരമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാൻ കൂട്ടായി നമുക്ക് പരിശ്രമിക്കാം.


അപകടങ്ങളുടെ കണക്ക്​

എല്ലാ വർഷവും ഏകദേശം ഒന്നര ലക്ഷം പേർ ഇന്ത്യയിലെ റോഡുകളിൽ മരിക്കുന്നു. ഓരോ ദിവസവും ശരാശരി 1130 അപകടങ്ങൾ, 432 മരണങ്ങൾ. ഓരോ മണിക്കൂറിലും 47 അപകടങ്ങളിൽ 18 മരണം.

അപകട നിരക്ക്​

2021ൽ കേരളത്തിൽ നടന്നത്​ 33,296 അപകടങ്ങൾ. രാജ്യത്ത്​ അഞ്ചാം സ്ഥാനം. മരണം 3429. ആകെ പരിക്കേറ്റവർ 36,775. ഗുരുതര പരിക്ക്​ 26,495 പേർക്ക്​.

2022ൽ കേരളത്തിൽ 40,008 അപകടങ്ങൾ. 45091 പേർക്ക്​ പരിക്ക്. മരണം 3829.

2021ൽ കൂടുതൽ അപകടത്തിൽപെട്ട വാഹനം മോട്ടോർ സൈക്കിൾ. 10154 അപകടങ്ങളിൽ 1069 മരണം. രണ്ടാമത്​ കാർ -9822 അപകടങ്ങളിൽ മരണം 710.


ഡ്രൈവ്​ ചെയ്യുമ്പോൾ മറക്കരുത്​ ഇക്കാര്യങ്ങൾ

 ഒരു വാഹനം ഓടിക്കുന്നത്​ റോഡിന്‍റെ ഇടതുവശം ചേർന്നാകണം. എതിർദിശയിൽ വരുന്ന എല്ലാ വാഹനത്തെയും വലതുവശത്തുകൂടി കടന്നുപോകാൻ അനുവദിക്കണം. റോങ്​ സൈഡ്​ കയറരുത്​.

 ഓവർടേക്കിങ്​ പാടില്ലാത്ത സന്ദർഭങ്ങൾ

a) ഏതെങ്കിലും ദിശയിൽ പോകുന്ന മറ്റു വാഹനങ്ങൾക്കോ കാൽനടക്കാർക്കോ അസൗകര്യമോ അപകടമോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ.

b) ഒരു വളവ് അല്ലെങ്കിൽ കുന്ന് അല്ലെങ്കിൽ മറ്റേതെങ്കിലും തടസ്സം മൂലം റോഡ് വ്യക്തമായി കാണാനാകാത്ത അവസ്ഥ.

c) പിന്നിൽ വരുന്ന വാഹനം മറികടക്കാൻ തുടങ്ങിയെന്ന് മനസ്സിലായാൽ

d) മുന്നിലുള്ള ഡ്രൈവർ ഓവർടേക്കിങ്ങിന്​ സൂചന നൽകിയില്ലെങ്കിൽ

 തിരക്കേറിയ റോഡിൽ ‘U’ ടേൺ നിരോധിച്ചിടത്ത് ഒരു ഡ്രൈവറും ‘U’ ടേൺ എടുക്കരുത്. ‘U’ ടേൺ അനുവദിച്ചിടത്ത്​ ഡ്രൈവർ വലത്തേക്ക് തിരിയുമ്പോൾ സിഗ്നൽ കാണിക്കണം. റിയർ വ്യൂ മിററിൽ നോക്കി സുരക്ഷിതമായി വാഹനം തിരിക്കുക.

 റോഡിലെ വരകൾ മാനിക്കണം. രേഖപ്പെടുത്തിയ ലൈനിനുള്ളിൽ മാത്രം ഡ്രൈവ് ചെയ്യണം. ശരിയായ സിഗ്നൽ നൽകിയതിനു ശേഷം മാത്രമേ ലൈൻ മാറാൻ പാടുള്ളൂ.

റോഡിൽ മഞ്ഞ രേഖ ഉണ്ടെങ്കിൽ, ഒരേ ദിശയിൽ പോകുന്ന വാഹനങ്ങൾ മഞ്ഞ വര കടക്കാൻ പാടില്ല.

 മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് വേഗം കുറക്കുകയോ നിർത്തുകയോ ചെയ്‌താൽ കൂട്ടിയിടിക്കാതിരിക്കാൻ നമ്മുടെ വാഹനം മതിയായ അകലം പാലിക്കണം.

 വാഹനം റിവേഴ്​സ്​ എടുക്കുമ്പോൾ ഏതെങ്കിലും വ്യക്തിക്കോ വാഹനത്തിനോ നിർമിതിക്കോ ആപത്​കരമാകില്ലെന്ന്​ ഉറപ്പുവരുത്തണം.

 വാഹനം റോഡരികിൽ പാർക്ക് ചെയ്യുമ്പോൾ റോഡ് ഉപയോഗിക്കുന്നവർക്ക് അപകടമോ തടസ്സമോ അസൗകര്യമോ ഉണ്ടാക്കാതെ വേണം.

 ഒരു റോഡിന്‍റെ ക്രോസിങ്ങിലോ വളവിലോ കുന്നിൻ മുകളിലോ പാലത്തിലോ നടപ്പാതയിലോ ഒരു ട്രാഫിക് ലൈറ്റിന്​ സമീപമോ കാൽനട ക്രോസിങ്ങിലോ പാർക്കിങ്​ അരുത്​.

 പാർക്ക് ചെയ്തിരിക്കുന്ന മറ്റൊരു വാഹനത്തിന് എതിരെയോ തടസ്സമായിട്ടോ പാർക്കിങ്​ പാടില്ല. ഫുട്പാത്തിലോ ആശുപത്രികളുടെയോ പ്രധാന കെട്ടിടങ്ങളുടെയോ കവാടത്തിന്​ തടസ്സമായോ വാഹനം പാർക്ക്​ ചെയ്യരുത്​.


Tags:    
News Summary - Important Traffic Rules To Follow To Ensure Safety While Driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.