ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രവുമായി റോഡരികിൽ തളർന്നുറങ്ങിയ ജോർജ് വർഗീസ് എന്ന ബാലന് ഒരു കുടുംബം സ്നേഹനിലാവ് പകർത്തിയ കഥയാണിത്. വിശന്നപ്പോൾ ഊട്ടിയും കരഞ്ഞപ്പോൾ ചേർത്തുനിർത്തിയും അയാൾക്ക് അബൂബക്കർ ഉപ്പയും ഭാര്യ ഫാത്തിമ ഉമ്മയുമായി...
1970കളുടെ രണ്ടാം പകുതി. ഗൂഡല്ലൂരിലെ നീലഗിരി മലനിരകൾ ഇന്നത്തെക്കാൾ കാടു പുതച്ചുകിടക്കുന്ന കാലം. ഞാനും അപ്പുറത്തെ വീട്ടിലെ സണ്ണിയും കോഴിക്കോട്ടേക്ക് ബസ് കയറി. ഞങ്ങൾക്കന്ന് പത്തുവയസ്സുകാണും. കോടപുതച്ച രാവിൽ ചുരമിറങ്ങുന്ന ബസിൽ ഞങ്ങൾ രണ്ടുപേരും ചൂളിക്കൂടിയിരുന്നു. അച്ഛെൻറ കീശയിൽനിന്ന് എടുത്ത കുറച്ച് രൂപയുണ്ടായിരുന്നു കൈയിൽ...മലപ്പുറം മഞ്ചേരിയിലെ ടാക്സി സ്റ്റാൻഡിൽനിന്ന് മധ്യതിരുവിതാംകൂറും മലപ്പുറവും സംഗമിച്ചുണ്ടായ ഭാഷയിൽ ജോർജ് വർഗീസ് ജീവിതം പറഞ്ഞുതുടങ്ങി. ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രങ്ങളുമായി റോഡരികിൽ തളർന്നുറങ്ങിയ ബാലന് മഞ്ചേരി ചെരണിയിലെ വീട് സ്നേഹനിലാവ് പകർത്തിയ കഥയാണത്. വിശന്നപ്പോൾ ഊട്ടിയും കരഞ്ഞപ്പോൾ ചേർത്തുനിർത്തിയും ഉള്ളാട്ടിൽ അബൂബക്കർ അവന് ഉപ്പയും ഭാര്യ ഫാത്തിമ ഉമ്മയുമായി. മഞ്ചേരി നാടും. മെലിഞ്ഞ വയറിനെയും അനാഥത്വം പിടഞ്ഞ മനസ്സിനെയും സ്നേഹത്തിെൻറ സുലൈമാനി കുടിപ്പിച്ച് അവർ വളർത്തി. പെരുന്നാൾ അമ്പിളിയും ക്രിസ്മസ് നക്ഷത്രങ്ങളും ഒരേ തിളക്കത്തിൽ സ്നേഹത്തിെൻറ ആ ആകാശത്ത് വിരിഞ്ഞു. വർഷങ്ങൾ മുന്നോട്ടോടിയെങ്കിലും സ്നേഹത്തിെൻറ ആ നിലാവെളിച്ചം ഒഴുകിക്കൊണ്ടേയിരിക്കുകയാണ്...
അച്ഛെൻറ നാട് എറണാകുളമാണെന്നാണ് കേട്ടറിവ്. ജില്ല ആശുപത്രി നിർമാണപ്രവർത്തനങ്ങൾക്കായി മഞ്ചേരിയിലേക്ക് വന്നതായിരുന്നു അച്ഛൻ. ഹിന്ദുകുടുംബത്തിൽ ജനിച്ച അമ്മയുമായി അച്ഛൻ പ്രണയത്തിലാകുന്നത് മഞ്ചേരിയിൽ വെച്ചാണ്. അവരെയും കൂട്ടി അച്ഛൻ ചുരം കടന്ന് ഗൂഡല്ലൂരിലേക്ക് പോയി. ഞങ്ങൾ മൂന്നുമക്കളും ഗൂഡല്ലൂരിലാണ് ജനിക്കുന്നത്. ചേട്ടനും ചേച്ചിയും ഉണ്ട്. അച്ഛനും അമ്മയും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. ഞാൻ കുഞ്ഞായപ്പോഴേ അവർ വേർപിരിഞ്ഞു. ഒരു ദിവസം വീടുവിട്ടിറങ്ങിപ്പോയ അമ്മ പിന്നീട് വന്നതേയില്ല. ചേച്ചി ബോർഡിങ് സ്കൂളിലായിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോയ ചേട്ടനും തിരിച്ചുവന്നില്ല. പിന്നീട് കുടകിലെവിടെയോ ഉണ്ടെന്ന് കേട്ടു. ആകെ കൂട്ടുണ്ടായിരുന്ന ചേട്ടനും പോയതോടെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ഗൂഡല്ലൂർ നഗരത്തിൽനിന്ന് മാറി നാലാംമൈൽ എന്ന സ്ഥലത്തായിരുന്നു വീട്. അവിടെ കാടിെൻറ നിശ്ശബ്ദതയും കനത്ത ഏകാന്തതയും മാത്രമായിരുന്നു അധികസമയവും കൂട്ട്. അച്ഛന് വല്ലപ്പോഴും മാത്രമേ ജോലിയുണ്ടായിരുന്നുള്ളൂ. അധികവും പട്ടിണിതന്നെ. നിരാശയേറി വന്നപ്പോൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. പത്തുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്ന്. നാടുവിടാൻ തീരുമാനിച്ചപ്പോൾ കൂട്ടായി കളിക്കൂട്ടുകാരൻ സണ്ണിയുമെത്തി. അച്ഛെൻറ പോക്കറ്റിൽനിന്ന് 12 രൂപയെടുത്തു. വീട്ടിൽനിന്ന് നൂറുരൂപ എടുത്തായിരുന്നു സണ്ണി വന്നത്. മുടി വെട്ടാൻ പോകുേമ്പാൾ മാത്രം കണ്ടിട്ടുള്ള ഗൂഡല്ലൂർ നഗരത്തിലേക്ക് ഒരുവിധം ഞങ്ങളെത്തി. ബസ്സ്റ്റാൻഡിലേക്ക് നടന്നു. കള്ളിക്കോട്ട്, കള്ളിക്കോട്ട്... എന്ന് വിളിച്ചുപറയുന്നതുകേട്ട് ആ ബസിൽ കയറി. അന്ന് കോഴിക്കോടിന് തമിഴന്മാർ അങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. മലയും ചുരവും കടന്ന് ബസ് ഞങ്ങളെയുംകൊണ്ട് കോഴിക്കോടെത്തി. പേടിയൊന്നും തോന്നിയില്ല. ഗൂഡല്ലൂരിലെ ഉൾപ്രദേശത്ത് വളർന്ന ഞങ്ങൾക്ക് കോഴിക്കോട് നഗരം വലിയ കൗതുകമായിരുന്നു. കൈയിലുണ്ടായിരുന്ന കാശിന് കിട്ടിയതെല്ലാം വാങ്ങിച്ചുതിന്നു. ഒരു ചോറിന് വെറും 40 പൈസയുണ്ടായിരുന്ന കാലമായിരുന്നു അത്. കളിക്കോപ്പുകൾ വാങ്ങി അതുരുട്ടിയും ശബ്ദമുണ്ടാക്കിയും നേരം കഴിച്ചു. രാത്രി വല്ല കടത്തിണ്ണയിലോ ബസ്സ്റ്റാൻഡിലോ കിടക്കും. തീവണ്ടി കണ്ട് കൊതിതീരാത്തതിനാൽ കുറച്ചുദിവസം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞു. കൗതുകമേറിയപ്പോൾ ഒരു തീവണ്ടിയിൽ കയറി യാത്ര തുടങ്ങി. ഏകദേശം മുക്കാൽ മണിക്കൂറോളം നീളുന്ന യാത്രക്കൊടുവിൽ ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ അവിടെയിറങ്ങി. തിരൂരായിരുന്നു അത്.
അത്തർ മണക്കുന്ന വെള്ളിയാഴ്ച
ഏതാനും ദിവസങ്ങൾ തിരൂരിൽ അലഞ്ഞുനടന്നു. അപ്പോഴേക്കും കൈയിലുള്ള കാശ് തീർന്നുതുടങ്ങിയിരുന്നു. വിശപ്പ് കൂടിക്കൂടി വന്നു. അപ്പോഴാണ് അമ്മയുടെ നാടായ മഞ്ചേരിയിൽ തന്നെ കാത്ത് ആരെങ്കിലും ഉണ്ടാകും എന്ന് തോന്നിത്തുടങ്ങിയത്. മഞ്ചേരിയിലേക്ക് ബസ് കയറി. വന്നിറങ്ങിയപ്പോഴേക്കും വിശന്നു വലഞ്ഞിരുന്നു. ലക്ഷ്യബോധമില്ലാതെ കുറെ നടന്നു. ഹോട്ടലുകളിൽ ജോലി അന്വേഷിച്ചെങ്കിലും കുഞ്ഞായതിനാൽ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. പൊലീസിൽ ഏൽപിക്കുമെന്ന് പലരും പറഞ്ഞതോടെ പേടിയായി. കടുത്ത വിശപ്പ് ഗൂഡല്ലൂരിലേക്ക് തിരിച്ചുപോയാലോ എന്നുവരെ ചിന്തിപ്പിച്ചു. അവിടെയെത്താനുള്ള പണവും കൈയിലില്ല. വിശപ്പ് വയറിനെ കൊത്തിവലിക്കാൻ തുടങ്ങി. ഒരിഞ്ചു നടക്കാനാകാതെ ഞാനും സണ്ണിയും നെല്ലിപ്പറമ്പിലെ നിലമ്പൂരിലേക്കുള്ള റോഡരികിൽ തളർന്നിരുന്നു.
ക്ഷീണം കാരണമുള്ള അർധമയക്കത്തിലായിരുന്നു ഞങ്ങൾ. വെള്ളിയാഴ്ച പള്ളികഴിഞ്ഞിറങ്ങിയ കുറേപ്പേർ ഞങ്ങളെ വട്ടമിട്ടു. പലരും വിവരം തിരക്കി. പകച്ചുനിന്ന ഞങ്ങളുടെ അരികിലേക്ക് അത്തർമണമുള്ള വെള്ളയുടുപ്പിട്ട ഒരു മനുഷ്യനെത്തി. അദ്ദേഹം ഞങ്ങളെ സൈക്കിളിലിരുത്തി കൊണ്ടുപോയി. അവറാൻക്ക എന്നായിരുന്നു അയാളുടെ പേര്. അദ്ദേഹം ഞങ്ങളെ കിണർവെള്ളം കോരിയെടുത്ത് കുളിപ്പിച്ചു. അപ്പുറത്തുള്ള ചെട്ടിയാരുടെ ചായക്കടയിൽനിന്ന് വയറുനിറയെ ഊട്ടി. വിശപ്പുമാത്രം മനസ്സിലുണ്ടായിരുന്ന ഞങ്ങൾക്ക് സ്വബോധം തിരികെ കിട്ടിത്തുടങ്ങി. എനിക്ക് കൂട്ടിനായി മാത്രം വന്ന സണ്ണിക്ക് വീട്ടുകാരെക്കുറിച്ച് ചിന്ത വന്നു. അതോടെ അവനെ മണിമൂളിയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് ബസ് കയറ്റി വിട്ടു. തിരികെപ്പോകാൻ മനസ്സില്ലാത്ത എന്നോട് അവറാൻക്ക പറഞ്ഞു. ''നീ നാലുദിവസം ഇവിടെ ചെട്ടിയാരുടെ കടയിൽ നിൽക്ക്. അപ്പോഴേക്കും നിന്നെ കൊണ്ടുപോകാൻ ഒരാൾ വരും.'' ചെട്ടിയാരോട് തമാശരൂപത്തിൽ ഇങ്ങനെയും പറഞ്ഞു: ''നിെൻറ ഗ്ലാസൊക്കെ പൊട്ടിത്തീരുേമ്പാഴേക്ക് ഓനെക്കൊണ്ടോവാൻ അബു വരും.''
നാലഞ്ചു ദിവസങ്ങൾ ആയിക്കാണും. കടയുടെ മുന്നിലൊരു ലോറി കിതച്ചുനിർത്തി. ലോറിക്കാരനോടൊപ്പം അവറാൻക്കയും ഉണ്ടായിരുന്നു. ''ഇതാണ് ഞാൻ പറഞ്ഞ കുട്ടി. ക്രിസ്ത്യാനിച്ചെക്കനാണ്'' -അവറാൻക്ക ലോറിക്കാരനോട് പറഞ്ഞു. ''ജാതി ഏതായാലും മാണ്ടീല. മര്യാദക്ക് എെൻറ വീട്ടിൽ നിന്നാൽ മതി. ഇസ്കൂളിലോ ട്യൂഷനോ എവിടെ വേണേലും വിട്ടോളാം'' -അയാൾ മറുപടി പറഞ്ഞു. ഞാനാ മനുഷ്യെൻറ കൂടെ നടന്നു. അന്നുമുതൽ അയാൾ എനിക്ക് ഉപ്പയാകുകയായിരുന്നു. പെങ്ങൾ സുഹറയെ പ്രസവത്തിന് കൊണ്ടുവരുന്ന ചടങ്ങ് നടക്കുകയായിരുന്നു അന്ന് വീട്ടിൽ. അന്ന് ഉപ്പയുടെ വിരൽ പിടിച്ച് കുഞ്ഞിനിക്കറുമായി വന്ന എെൻറ രൂപം സുഹറ ഇടക്ക് പറയാറുണ്ട്.
ഉപ്പ ലോറിഡ്രൈവറായി ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന കാലമായിരുന്നു അത്. ആകെയുള്ള മകൾ സുഹറയെ കല്യാണം കഴിപ്പിച്ചയച്ചതോടെ വീട്ടിൽ ഉമ്മ ഒറ്റക്കായിരുന്നു. വീട്ടിൽ തുണക്കായി ഒരാളെ തേടിക്കൊണ്ടിരുന്ന സമയത്താണ് ദൈവനിശ്ചയംപോലെ എന്നെ കിട്ടുന്നത്. അന്നുമുതൽ ഞാനാ വീട്ടിലെ അംഗമാകുകയായിരുന്നു. സുഹറയോട്, ''ഇതാ അനക്കൊരു ആങ്ങളക്കുട്ടി'' എന്നാണ് ഉപ്പ പരിചയപ്പെടുത്തിയത്. വീട്ടിലെ എല്ലാം ഞാനായി. ദൂരസ്ഥലങ്ങളിൽനിന്ന് വരുേമ്പാൾ ഉപ്പ കളിക്കോപ്പുകൾ കൊണ്ടുവന്നു. എന്നോട് കലഹിച്ചവരോട് കണ്ണുരുട്ടി. ഞാൻ വിഷമങ്ങൾ മറന്നുതുടങ്ങി. വണ്ടി ഉരുട്ടിക്കളിച്ചും എനിക്കായി വാങ്ങിത്തന്ന ആടിനെ നോക്കിയും കാലം നീക്കി. മുതിർന്നുതുടങ്ങിയപ്പോൾ സ്വന്തമായി ഒരു ജോലി നോക്കണമെന്ന് ഉപ്പ പറഞ്ഞു. കുറച്ചുകാലം വർക്ഷോപ്പിൽ പോയി. മടികാരണം അതധികം നീണ്ടില്ല. മൂന്നുവർഷം പെയിൻറിങ്ങ് ജോലിക്ക് പോയി. വണ്ടികളോടായിരുന്നു എനിക്ക് ചെറുപ്പംതൊട്ടേ പ്രിയം. അതുകൊണ്ട് മറ്റുജോലികളിലൊന്നും മനസ്സുറച്ചില്ല. ഓട്ടോറിക്ഷകൾ വന്നുതുടങ്ങിയ കാലമായിരുന്നു അത്. ഉപ്പയോട് ഓട്ടോറിക്ഷ വാങ്ങിത്തരാൻ പറഞ്ഞു. കുറേക്കാലം അതും പറഞ്ഞ് ഉപ്പയുടെ പിന്നാലെ നടന്നു. ഒരു ദിവസം ഉച്ചക്ക് ഊണിനെത്തിയപ്പോൾ മുറ്റത്ത് എനിക്കായി ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. തൊടിയിൽനിന്ന് പത്ത് സെൻറ് സ്ഥലം വിറ്റാണ് ഉപ്പ അത് വാങ്ങിയിരുന്നത്. എെൻറ കണ്ണുകൾ നിറഞ്ഞു.
വീണ്ടെടുപ്പിെൻറ കാലം
മഞ്ചേരിയിലെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ കത്തുകൾ മുഖേന അച്ഛനുമായുള്ള ബന്ധം വിളക്കിച്ചേർത്തു. മഞ്ചേരിയിലുള്ള അമ്മവീട്ടുകാരെയും കണ്ടെത്തി. ജോലിക്കിടയിൽ ഒഴിവുകിട്ടുന്ന ദിവസങ്ങളിൽ അവരെ കാണാൻ പോയി. ഇതിനിടയിൽ അമ്മാവെൻറ മകൾ പുഷ്പയുമായി അടുപ്പമായി. ഉപ്പ ഇടപെട്ടാണ് ബന്ധം വിവാഹത്തിലെത്തിച്ചത്. ആദ്യ മകൾ പ്രജ്ന ജനിക്കുംവരെ ഉപ്പക്കും ഉമ്മക്കുമൊപ്പമായിരുന്നു താമസം. പിന്നീട് മഞ്ചേരിക്കടുത്ത് തന്നെ അൽപം സ്ഥലം വാങ്ങി വീടുവെച്ചു. പ്രജീഷ്, പ്രജിഷ എന്നിങ്ങനെ രണ്ടുമക്കൾ കൂടിയുണ്ടായി. ഒറ്റക്കാണെന്ന് അറിഞ്ഞതോടെ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഏറെനാളത്തെ ശ്രമത്തിനുശേഷം അമ്മയെയും കണ്ടെത്തി. അമ്മയുടെ അവസ്ഥ ഉള്ളുലക്കുന്നതായിരുന്നു. താമസിക്കാനിടമില്ലാതെ അലഞ്ഞുനടന്നും കടത്തിണ്ണയിലുറങ്ങിയും കാലംനീക്കിയിരുന്ന അവരെ വീട്ടിലെത്തിച്ചു. എന്നെക്കൊണ്ടാവുംവിധം പരിചരിച്ചു. ഇരുവരും ഇന്നില്ല.
എന്നെ ജോർജായിട്ടു തന്നെയാണ് ഉപ്പയും ഉമ്മയും സ്നേഹിച്ചത്. സ്വന്തം വീടെടുത്ത് താമസിച്ചപ്പോഴും മകനെപ്പോലെത്തന്നെയായിരുന്നു ഞാൻ. അതിനിടയിൽ ഉപ്പക്ക് അർബുദം വന്നു. വീടും സ്ഥലവും വിറ്റ് ചികിത്സിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല.
അസുഖബാധിതനായി കിടക്കുേമ്പാൾ ആശുപത്രിയിലും വീട്ടിലും പരിചരിക്കാൻ ഞാനും ഭാര്യയുമെല്ലാം പോയിരുന്നു. 16 വർഷങ്ങൾക്കു മുമ്പാണ് ഉപ്പ മരണപ്പെട്ടത്. രണ്ടുവർഷങ്ങൾക്കു മുമ്പ് ഉമ്മയും പോയി. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല. പെങ്ങൾ സുഹറയും മക്കളെയുമെല്ലാം കൂട്ടി ഇക്കുറി ക്രിസ്മസ് ആഘോഷിക്കണം. പെരുന്നാളും ക്രിസ്മസും എനിക്ക് ഒരുപോലെയാണ്. എല്ലാം ഞങ്ങൾ ഒന്നിച്ചുതന്നെ ആഘോഷിക്കും.
കുറേക്കാലമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഉപ്പയും ഉമ്മയും ഉറങ്ങുന്ന പള്ളിക്കരികിലെത്തുേമ്പാൾ ഇപ്പോഴും അറിയാതെ കാൽ േബ്രക്കിലമരും. ഖബറിനരികിലേക്ക് നടക്കും. ആരുമറിയാതെ അവരോട് സംസാരിക്കും. അവരിപ്പോഴും കൂടെത്തന്നെയുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.