രണ്ടു കോവിഡ് വർഷങ്ങൾക്കുശേഷം ലോകം പതിയെ ന്യൂ നോർമൽ ജീവിതത്തിലേക്ക് ചുവടുറപ്പിക്കുകയാണ്. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളും പതിയെ മാറിത്തുടങ്ങി. ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും വീണ്ടും സജീവമായി. അതിൽ ഏറ്റവും മുൻപന്തിയിലാണ് വിവാഹവും.
പുത്തൻ ട്രെൻഡുകളുടെ എനർജിയിൽ കളറാണിന്ന് കല്യാണങ്ങൾ. വിവാഹരീതികളും കാഴ്ചപ്പാടുകളും ഇക്കാലത്ത് സിനിമയെ വെല്ലുന്നതരത്തിലാണ്. തന്‍റെ കല്യാണത്തിന് എന്തെങ്കിലും വ്യത്യസ്തത വേണം എന്ന് ന്യൂജൻ വരനും വധുവും ആഗ്രഹിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾക്കൊപ്പം പുത്തൻ ട്രെൻഡുകളും പൊട്ടിവിടരുകയാണ്. മനസ്സിലെ കൺസെപ്റ്റ് പറയുകയേ വേണ്ടൂ, ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും മേലെ മഴവില്ല് വിരിച്ച് ഇവന്‍റ് മാനേജ്മെന്‍റുകൾ അരങ്ങൊരുക്കും.
പ്രിയപ്പെട്ട ഒരുപാടു പേരിൽനിന്ന് ന്യൂ നോർമൽ കാലത്ത് ഏറെ പ്രിയപ്പെട്ടവരിലേക്ക് വിവാഹം ചുരുങ്ങി. ഒരുപാട് പേരെ പങ്കെടുപ്പിച്ചുള്ള വലിയ ആഘോഷത്തിനു പകരം വിവിധ പരിപാടികളാക്കി വിവാഹത്തെ മാറ്റിയതിൽ കോവിഡിന്‍റെ പങ്ക് വലുതാണ്. വലിയ ഹാളുകളിൽനിന്ന് വീടുകളിലേക്കും ചെറു ഇടങ്ങളിലേക്കും വേദികള്‍ മാറി. എല്ലാവരോടും സംസാരിക്കാനും വിശേഷങ്ങൾ പറയാനും കഴിയുന്ന നല്ല നിമിഷങ്ങളാണ് ഇന്‍റിമേറ്റ് വെഡിങ്ങുകളുടെ സാധ്യത വർധിപ്പിച്ചത്.
കുട്ടിവെഡിങ്
പരമ്പരാഗത-നടപ്പുരീതികളുടെ പൊളിച്ചെഴുത്താണിന്ന് പല കല്യാണങ്ങളും. 60 മുതൽ 100 പേർ വരെ മാത്രം പങ്കെടുക്കുന്ന ഹൈ എൻഡ് വിവാഹങ്ങളാണ് അതിലൊന്ന്. ഓരോ അതിഥിയെയും പ്രത്യേകം ശ്രദ്ധിക്കാം എന്നതാണ് കുട്ടിക്കല്യാണങ്ങളുടെ പ്രത്യേകത. അവർക്കായി പ്രത്യേകം ഇരിപ്പിടം, ഡൈനിങ് ടേബിളും ഒരുക്കാം. മടങ്ങുമ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകാം.
വിവാഹം ഒരു ചടങ്ങിനുപകരം മൂന്നോ നാലോ ദിവസത്തെ ചടങ്ങുകളായി മാറ്റുന്നതാണ് മറ്റൊരു ട്രെൻഡ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, വധൂവരന്മാരുടെ വീട്ടുകാർ എന്നിങ്ങനെ കാറ്റഗറി തിരിച്ച് ഓരോ ദിവസവും അവർക്കായി മാറ്റിവെക്കും. വിവാഹം കൂടുതൽ കളറാവണമെന്ന് ആഗ്രഹിക്കുന്നവർ തീം വെഡിങ്ങിനെയും ഡെസ്റ്റിനേഷൻ വെഡിങ്ങുകളെയും കൂട്ടുപിടിക്കുന്നു.
ട്രെൻഡിനൊപ്പം മിഡിൽ ക്ലാസ്
ഇത്തരം ട്രെൻഡുകൾ തന്നെയാവും ഇനിയും ആളുകൾ തുടരാൻ സാധ്യതയെന്നാണ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികൾ പറയുന്നത്. ഹൈ ക്ലാസ് ഫാമിലിയെക്കാൾ മിഡിൽ ക്ലാസ് ഫാമിലികളാണ് കൂടുതലായി ട്രെൻഡിനൊപ്പം ഓടാൻ ശ്രമിക്കുന്നതെന്നാണ് അവർ പറയുന്നത്. ഹണിമൂൺ ഉൾപ്പെടെ മുഴുവൻ വിവാഹ പാക്കേജിന് ഏതാണ്ട് എട്ടുമുതൽ 12 ലക്ഷം വരെയാണ് ചെലവ്. ചെലവ് പരമാവധി കുറച്ച് കല്യാണങ്ങൾ നടത്തുന്നവരുമുണ്ട്.
മധുരമുള്ള ക്ഷണക്കത്ത്
ഒരൊറ്റ കല്യാണത്തിന് പലതരം ക്ഷണമാണ്. ആളും തരവും നോക്കി ക്ഷണിക്കുന്ന രീതിയെന്നു പറയാം. കുട്ടിവെഡിങ്ങുകൾ മലയാളിക്ക് രസിച്ചുതുടങ്ങിയപ്പോൾ ക്ഷണിക്കപ്പെടുന്ന അതിഥികളുടെ എണ്ണവും കുറഞ്ഞു. കല്യാണംവിളി ചുരുങ്ങിയപ്പോൾ ക്ഷണക്കത്തുകളിൽ വൈവിധ്യം കൂടി. ക്ഷണക്കത്തുകൾ ഒരു ബോക്സിലാക്കി അതിനകത്ത് ഡ്രൈ ഫ്രൂട്സും ചോക്ലറ്റും സുഗന്ധദ്രവ്യവും ചേർത്ത് കൈമാറുന്ന രീതിയും കൂടിവരുകയാണ്.
വിവാഹം ക്ഷണിക്കാൻ ഇപ്പോൾ നമ്മൾതന്നെ പോകണമെന്നില്ല. കുലീനമായി ക്ഷണിക്കാൻ ബന്ധുവീടുകളിലേക്ക് പോകാൻ തയാറായി പരിശീലനം ലഭിച്ച ഇൻവിറ്റേഷൻ ഹോസ്റ്റുകളുണ്ട്. മുൻകൂട്ടി നാട്ടിലെത്തി എല്ലാ വീടുകളിലും പോയി ആളുകളെ ക്ഷണിക്കാൻ കഴിയാത്ത പ്രവാസികളും കോവിഡ് ഭയന്ന് യാത്ര ചെയ്യാൻ താൽപര്യപ്പെടാത്ത ആളുകളും ഇപ്പോൾ കല്യാണം ക്ഷണിക്കാൻ ഇവന്‍റ് മാനേജ്മെന്‍റുകളെയാണ് ആശ്രയിക്കുന്നത്.
അതിഥികൾക്ക് സമ്മാനം കൊടുക്കുന്ന ട്രെൻഡും ഇന്ന് വ്യാപകമാണ്. ചെറിയ ചട്ടിയിൽ ചെടി, കോഫി മഗ്, മധുരം... അങ്ങനെ എന്തുമാകാം. ക്ലാസ് സർക്കിളിൽ ഉള്ളവരെ സ്പെഷലായി ക്ഷണിക്കാനായി വെഡിങ് ഇൻവിറ്റേഷൻ കാർഡിനൊപ്പം വിഡിയോയും ട്രെൻഡിലുണ്ട്. പ്രീ വെഡിങ് ഷൂട്ടിലെ ദൃശ്യങ്ങൾ വഴിയാകും ക്ഷണം. കത്തുകളിൽ േപഴ്സനലൈസ് കാർഡുകളോടാണ് ഇന്ന് പലർക്കും താൽപര്യം..
മഴവില്ലഴകിൽ വേദി
അതിഥികളെ ഞെട്ടിക്കാൻ കിടിലൻ ആമ്പിയൻസിൽ വേദി സജ്ജീകരിക്കാൻ കാശ് പൊടിക്കുന്നവരുണ്ട്. വ്യത്യസ്തമായ കൺസെപ്റ്റിലും മൂഡിലും തയാറാക്കുന്ന കൺസെപ്റ്റ് സ്റ്റേജുകളാണ് ട്രെൻഡ്. ഭക്ഷണം, റിസപ്ഷൻ, ആഘോഷം, പാട്ട് അങ്ങനെ ഒരു കുടക്കീഴിൽ വേദികൾ പലതായി മാറ്റുന്നു. വരന്‍റെയും വധുവിന്‍റെയും വ്യക്തിത്വം, ആഗ്രഹങ്ങൾ, ആശയങ്ങൾ, സൗന്ദര്യ സങ്കൽപങ്ങൾ എന്നിവയെല്ലാം കൺസെപ്റ്റ് സ്റ്റേജിൽ ഒരുങ്ങും.
ലൈറ്റ്, പൂക്കൾ, എഴുത്തുകൾ, ചിത്രം, ഇല, ഫാബ്രിക്കുകൾ, കണ്ണാടി എന്നിവയെല്ലാം ഉപയോഗിച്ചാണ് സ്റ്റേജുകൾ ഒരുങ്ങുന്നത്. പരമ്പരാഗത സ്റ്റൈൽ മുതൽ പാശ്ചാത്യൻ രീതികൾ വരെ വിവാഹവേദിയെ കളറാക്കുന്നുണ്ട്. സുതാര്യമായ പന്തലിനോടാണ് മിക്കയാളുകൾക്കും പ്രിയം. നിക്കാഹാവട്ടെ, താലികെട്ടലാവട്ടെ, വേദി കൺവെൻഷൻ സെന്ററോ ഫൈവ് സ്റ്റാർ ഹോട്ടലോ റിസോർട്ടോ വീടിനോടു ചേർന്ന പറമ്പോ ആയാലും അലങ്കാരത്തിന്‍റെ കാര്യത്തിൽ കുറവ് വരുത്താറില്ല. ദൃശ്യചാരുത നൽകി എൽ.ഇ.ഡി വാളുകളും നിറയും.
സ്റ്റേജ് ഡെക്കറേഷന് മാച്ച് ചെയ്യുന്ന അലങ്കാരങ്ങളുടെ ഒരു ചെറിയ ടച്ച് ചെറുക്കന്റെ ഉടുപ്പിലും പെണ്ണിന്റെ മുടിക്കെട്ടിലുമെല്ലാം ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്നവരാവട്ടെ, പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള അലങ്കാരങ്ങളെ പടിക്കു പുറത്തുനിർത്തും. പുനരുപയോഗിക്കാവുന്ന തടിപ്പെട്ടികൾ പലതരം പെയിന്റ് ചെയ്തും മറ്റും വേദി അലങ്കരിക്കും. ചണം, കയർ ഇവകൊണ്ടാവും വേദിയലങ്കാരം. മുസ്‍ലിം വിവാഹത്തിന് വധുവിന്‍റെ വീട്ടുകാർ ഒരുക്കുന്ന അറയാണ് മറ്റൊരു താരം. കണ്ണൂരിൽ മാത്രമായിരുന്ന ഈ സംസ്കാരം പലരും ഏറ്റെടുത്തുകഴിഞ്ഞു.
മഞ്ഞക്കല്യാണം
വിവാഹങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ആഘോഷമായി മാറിക്കഴിഞ്ഞു ഹൽദി. വിവാഹത്തിന്‍റെ മുമ്പുള്ള ദിവസങ്ങളിലാണ് ഹൽദി നടത്താറുള്ളത്. മഞ്ഞൾ, ചന്ദനം, തൈര്, റോസ് വാട്ടർ, ആൽമണ്ട് പൗഡർ എന്നിവ പാലിൽ ചേർത്ത മിശ്രിതം വധൂവരന്മാരുടെ ശരീരത്തിൽ അണിയിക്കുന്ന ആഘോഷമാണിത്.
മഞ്ഞ ഐശ്വര്യത്തിന്‍റെ നിറമാണെന്നും പുതിയ ജീവിതം തുടങ്ങുന്നതിന്‍റെ മുന്നോടിയായി ഈ ചടങ്ങ് നടത്തുന്നത് സന്തോഷകരമായ വിവാഹജീവിതം നൽകുമെന്നുമുള്ള സങ്കൽപത്തിൽനിന്നാണ് ഈ ആഘോഷത്തിന്‍റെ ഉത്ഭവം. മണവാട്ടിയും ചടങ്ങിൽ പങ്കെടുക്കുന്നവരും മഞ്ഞനിറമുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. വധുവിന്‍റെ സുഹൃത്തുക്കൾ വധുവിനെ ബ്രൈഡൽ ഷവർ എന്ന കിരീടം അണിയിക്കുന്ന ചടങ്ങും ഹൽദിക്കു ശേഷമോ ഒപ്പമോ നടത്തുന്നവരുമുണ്ട്.
ഒറിജിനൽ വേണ്ട, ആർട്ടിഫിഷൽ മതി
മലയാളികൾക്ക് സ്റ്റേജ് ഡെക്കറേഷന് ഏറ്റവും ചെലവേറിയതാണ് പൂക്കൾ. പൂക്കളുടെ ലഭ്യതയും വിലയും എന്നും മാറിക്കൊണ്ടേയിരിക്കുന്ന തലവേദനക്ക് പരിഹാരമായാണ് ആർട്ടിഫിഷൽ പൂക്കളുടെ വരവ്. വൈവിധ്യമാർന്ന ഡിസൈനുകളും നിറവും ഡെക്കറേഷനും നൽകാൻ കഴിയുന്ന ഒറിജിനലിനെ വെല്ലുന്ന ആർട്ടിഫിഷൽ പൂക്കൾ ഇന്ന് ലഭ്യമാണ്. ട്രഡീഷനൽ സ്റ്റേജുകളേക്കാൾ കൂടുതൽ റിസപ്ഷൻ സ്റ്റേജുകളിലും ഓപൺ -ഔട്ട്ഡോർ പരിപാടികൾക്കുമാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നത്.
ഡെസ്റ്റിനേഷൻ വെഡിങ്
യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമായ ഡെസ്റ്റിനേഷൻ വെഡിങ്ങിനു പിറകെ ആളുകൾ കൂടുന്ന കാലവുമാണിത്. വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരുസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന രീതിയാണിത്. രാജസ്ഥാനിലെ കൊട്ടാര റിസോർട്ടുകളും ഗോവയിലെ ബീച്ച് റിസോർട്ടുകളും കേരളത്തിലെ അഷ്ടമുടിയും കോവളവുമാണ് ഡെസ്റ്റിനേഷൻ വെഡിങ്ങിൽ കൂടുതൽ ആവശ്യക്കാരുള്ള ഇടങ്ങൾ.
ക്ഷണിക്കപ്പെടുന്ന അതിഥികൾക്കായി മൂന്നു മുതൽ നാലുദിവസം വരെ നീളുന്ന പരിപാടികളാണ് ഉണ്ടാവുക. കോവിഡ് കാലത്ത് റിസോർട്ട് വെഡിങ്ങും ട്രെൻഡായിരുന്നു. ഉത്തരേന്ത്യക്കാരുടെ ഡെസ്റ്റിനേഷൻ വെഡിങ് കേരളത്തിൽ ധാരാളമായി നടക്കുന്നുണ്ട്.
വെഡിങ് ഫോട്ടോഗ്രഫി
വിവാഹനിശ്ചയവും കല്യാണവും മാത്രം ഷൂട്ട് ചെയ്തിരുന്ന പഴയരീതി മാറി സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, മെഹന്ദി, ഹൽദി, വിവാഹ നിശ്ചയം, വിവാഹം, ടീസർ, പോസ്റ്റ് വെഡിങ്, ആഘോഷ ഷൂട്ടുകൾ അങ്ങനെ നീളുന്നു. കുട്ടിക്കല്യാണത്തിന് അതിഥികളുടെ എണ്ണം കുറയുന്നത് ഫോട്ടോഗ്രഫിക്കും ഗുണകരമാണ് എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
കുറച്ച് ആളുകളായാല്‍ എല്ലാവരെയും കാമറ ഫ്രെയിമില്‍ ഒതുക്കാമല്ലോ, ചെലവും കുറക്കാം. വലിയ കാമറ സെറ്റും മറ്റും വേണ്ടിടത്ത് ചെറിയ തുകയില്‍ ഒരു ഫോട്ടോഗ്രാഫറും കാമറയും മതി വിവാഹചിത്രങ്ങള്‍ മനോഹരമാക്കാന്‍. എന്നാൽ, വമ്പൻ സെറ്റുകളിട്ട് ഒരുക്കുന്ന വിവാഹവേദികളും അവിടെ സിനിമ ഷൂട്ടിനെ വെല്ലുന്ന ഫോട്ടോ, വിഡിയോഗ്രഫിയും മറുവശത്തുണ്ട്.
കോവിഡ് കാലത്ത് വിദേശത്തുള്ള പ്രിയപ്പെട്ടവർക്കായി നടത്തിയിരുന്ന ലൈവ് സ്ട്രീമിങ് ഇന്നും തുടർന്നുവരുന്നുണ്ട്. എ ടു ഇസെഡ് വിവരങ്ങൾ അടങ്ങിയ വെഡിങ് മാഗസിനുകൾക്കും ആവശ്യക്കാരുണ്ട്. വരനും വധുവിനും മാത്രമായി പ്രത്യേകമായി ഒരു തീം സെറ്റ് ചെയ്ത് അതിനനുസരിച്ച് ഗാനരചന നടത്തി സംഗീതം ചെയ്ത് എടുക്കുന്നതാണ് മറ്റൊരു രീതി. സേവ് ദ ഡേറ്റ് ഷൂട്ടിനോട് ഇക്കാലത്ത് താൽപര്യം കുറഞ്ഞുവരുന്നുണ്ടെന്നാണ് ഫോട്ടാഗ്രാഫർമാർ പറയുന്നത്.
പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, സേവ് ദ ഡേറ്റ്, വെഡിങ് ആൽബം എന്നിവക്കായി 25,000 രൂപ മുതലാണ് ചാർജ്. ബജറ്റ് അനുസരിച്ച് കാമറകളുടെ എണ്ണം, ഹെലികാം എന്നിവയും സജ്ജീകരിക്കും.
ഇന്‍സ്റ്റ വെഡിങ്
സോഷ്യൽ മീഡിയയിൽ പടം ഇടാൻവേണ്ടി മാത്രമാണോ ഇവർ കല്യാണം കഴിക്കുന്നതെന്ന ചോദ്യം ഉയരുന്ന കാലമാണ്. ഇനി അങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനും റീൽസിനും വേണ്ടി മാത്രം ഫോട്ടോഷൂട്ട് നടത്തുന്നവരുണ്ട്.
അതിനനുസരിച്ച് വസ്ത്രങ്ങളുടെ ഡിസൈനിലും വേദിയുടെ രൂപത്തിലും വരെ മാറ്റങ്ങള്‍ വരുത്താന്‍ ആളുകള്‍ തയാറാണ്. കാറും ഇഷ്ട ലൊക്കേഷനും വസ്ത്രങ്ങളും വരെ തിരഞ്ഞെടുത്ത് ഭീമമായ തുക ചെലവഴിക്കുന്നവരും ഏറെയാണ്. വരനും വധുവും അടുപ്പക്കാരും ബന്ധുക്കളുമെല്ലാം ഇത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഷെയർ ചെയ്യുകയും വാട്സ്ആപ് വഴി കുടുംബ, സൗഹൃദ, പ്രഫഷനൽ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്യും.
പാട്ടില്ലാതെ എന്ത് ആഘോഷം
സംഗീത് എന്ന ഗാന–നൃത്ത രാവുകൾ ഉത്തരേന്ത്യൻ കല്യാണങ്ങളുടെ പ്രത്യേകതയാണ്. കളർഫുള്ളായ ഇത്തരം നൃത്ത-നൃത്യങ്ങൾ നമ്മുടെ നാട്ടിലെ കല്യാണങ്ങളിലും ഒഴിച്ചുകൂടാനാവാത്തതായിട്ടുണ്ട്. സംഗീത ബാൻഡുകൾക്കാണ് കൂടുതൽ ഡിമാൻഡ്. ബിഗ് ബജറ്റ് വിവാഹാഘോഷങ്ങളിൽ സംഗീതനിശക്കായി സെലിബ്രിറ്റി സംഗീതജ്ഞരെ കൊണ്ടുവരുന്നതും ട്രെൻഡിലുണ്ട്. വന്‍തുക പ്രതിഫലമായി കൈപ്പറ്റിയാണ് അരമണിക്കൂര്‍, ഒരുമണിക്കൂര്‍ സെഷനുകളില്‍ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നത്.
ഡ്രംസും കോലുമൊക്കെയായി മലബാറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കൊട്ടിപ്പാട്ട് പോലുള്ളവ ഇന്ന് എല്ലായിടത്തും സജീവമാണ്. മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി മനോഹരമായ സംഗീതം ചിട്ടപ്പെടുത്തിയാണ് പാട്ടുകൾ പാടുന്നത്. ഡി.ജെക്കൊപ്പം ഒപ്പന, ഡാൻഡ്, ഭരതനാട്യം, കോൽക്കളി, തിരുവാതിര തുടങ്ങിയ കലാരൂപങ്ങൾക്കും ആവശ്യക്കാരുണ്ട്. കല്യാണത്തിന് കൊഴുപ്പേകാൻ സൂപ്പർ താരങ്ങളെ ഇറക്കുന്നവരുമുണ്ട്.
വ്യത്യസ്ത രുചികളുടെ ഭക്ഷണ കൗണ്ടർ
ഒരുകാലത്ത് വ്യാപകമായിരുന്ന ബുഫെയൊക്കെ ഇന്ന് ഔട്ടായി. നാലോ ആറോ പേരെ മാത്രം ഇരുത്തി അവരെ രാജകീയമായി ഊട്ടുന്ന ടേബ്ൾ എന്നതിലേക്ക് കാര്യങ്ങൾ മാറി. ഒരു ടേബ്ൾ/ കൗണ്ടർ മാനേജ് ചെയ്യാൻ ഒന്നോ രണ്ടോ പേരുണ്ടാവും. വിവിധ കോഴ്സുകളായി വരുന്ന വിശിഷ്ട വിഭവങ്ങൾ അതിഥികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കും. ബഹളമോ തിരക്കോ ഇല്ലാതെ സ്വസ്ഥമായി കുടുംബത്തോടെയോ സുഹൃത്തുക്കൾക്കൊപ്പമോ രുചിവൈവിധ്യം ആസ്വദിക്കാം. വിഭവങ്ങളിൽ കോണ്ടിനെന്‍റൽ, ചൈനീസ്, മലബാറി, നോർത്ത് ഇന്ത്യ തുടങ്ങിയവയൊക്കെയുണ്ട്. വിദേശ ഷെഫുമാരെ ഭക്ഷണം തയാറാക്കാൻ വേണ്ടി മാത്രം എത്തിക്കുന്നവരുമുണ്ട്.
വെബ്കാസ്റ്റിങ് വഴി കല്യാണം നടത്തി ഭക്ഷണം പാർസലായി വീട്ടിൽ എത്തിച്ചുകൊടുക്കുന്ന രീതി കോവിഡിനിടെ വ്യാപകമായിരുന്നു. ഇപ്പോഴും ചിലർ ഈ മാതൃക പിന്തുടരുന്നുണ്ടെന്നാണ് കാറ്ററിങ് സ്ഥാപനങ്ങൾ പറയുന്നത്. വധൂവരന്മാരുടെ മിനിയേച്ചർ രൂപത്തിലുള്ള കേക്ക്, ഫോട്ടോ പ്രിന്‍റ് ചെയ്ത കാപ്പി, ലോകത്തിലെ വിവിധ ചായകൾ, ഡെസേർട്ടുകൾ, സൂപ്പൂകൾ... അങ്ങനെ നീളുന്നു പുതിയകാല വിവാഹത്തിലെ ഭക്ഷണവിശേഷങ്ങൾ.
3.75 ലക്ഷം കോടിയുടെ വിവാഹവിപണി
ഇന്ത്യക്കാർ ഏറ്റവുമധികം കാത്തിരിക്കുന്നതും ആഘോഷമാക്കുന്നതും വിവാഹങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവാഹ വിപണികളിലൊന്നാണ് ഇന്ത്യ. 2020ലെ കണക്കനുസരിച്ച് 3.75 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യൻ വിവാഹവിപണി. അഞ്ചു ലക്ഷം മുതൽ അഞ്ചു കോടി വരെ വിവാഹത്തിനായി ചെലവഴിക്കുന്ന കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്.
2018ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരുദിവസം ശരാശരി 30,000ത്തോളം വിവാഹങ്ങളാണ് നടക്കുന്നത്. തങ്ങളുടെ സമ്പത്തിന്റെ 20 ശതമാനവും വിവാഹത്തിനായാണ് ശരാശരി ഇന്ത്യൻ കുടുംബങ്ങൾ മുടക്കുന്നത്. രാജ്യത്തെ വിവാഹവിപണി 10 കൊല്ലംകൊണ്ട് 500 ബില്യണ്‍ ഡോളറായി വർധിക്കുമെന്നാണ് മാട്രിമോണിയല്‍.കോം സ്ഥാപകനും സി.ഇ.ഒയുമായ മുരുഗവേല്‍ ജാനകിരാമന്‍ ബിസിനസ് സ്റ്റാന്‍ഡേഡിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്.
മനസ്സിനിണങ്ങിയ വിവാഹവസ്ത്രം
വിവാഹദിവസം നിങ്ങൾക്കായി മാത്രം നെയ്തെടുക്കപ്പെടുന്ന വസ്ത്രം അണിഞ്ഞാൽ എങ്ങനെയായിരിക്കും, സംഗതി വേറെ ലെവലല്ലേ. നമ്മുടെ മനസ്സിലെ സങ്കൽപത്തിനനുസരിച്ചാണ് ഇന്നത്തെ വിവാഹ വസ്ത്രങ്ങൾ ഒരുങ്ങുന്നത്. അതിനായി ക്യുറേറ്റർമാർ വരെ രംഗത്തുണ്ട്. വിദഗ്ധരുടെ സഹായത്തോടെ സ്വയം ഡിസൈൻ ചെയ്യുന്നവരുമുണ്ട്. വിവാഹവസ്ത്രങ്ങളില്‍ പഴമയുടെ ഡിസൈനുകൾ എത്തിക്കുന്നവരാണ് മറ്റൊരു വിഭാഗം.
ഒരുകാലത്ത് വിദേശ വസ്ത്രങ്ങളോടായിരുന്നു ആളുകൾക്ക് പ്രിയമെങ്കിൽ ഇന്ന് തനിമയാര്‍ന്ന വസ്ത്രങ്ങളാണ് ട്രെൻഡ്. ചെലവു കുറയുമെന്ന് മാത്രമല്ല, കാലാവസ്ഥക്ക് യോജിച്ചതും ഈ വസ്ത്രങ്ങളാണ്. തനത് വസ്ത്രങ്ങളായ കാഞ്ചീപുരം സാരി, കേരള സാരി, വൈറ്റ് ഗൗണ്‍, കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍, ചേന്ദമംഗലം സാരികളും കൈത്തറി സാരികളുമൊക്കെയാണ് പുതുതലമുറയുടെ ട്രെന്‍ഡിലുള്ളത്. വിവാഹ ഗൗണുകളും ഇന്ന് പരിഷ്കാരത്തിന്‍റെ പാതയിലാണ്. വിവാഹസാരിക്കും ആഭരണത്തിനും യോജിക്കുന്നതരത്തില്‍ കല്യാണഹാരം ഡിസൈന്‍ ചെയ്യുന്നവരുമുണ്ട്.
മൊഞ്ചിന്‍റെ മൈലാഞ്ചിക്കല്യാണം
മൈലാഞ്ചി ഇടൽ ഇന്നും വിവാഹ ആഘോഷത്തിന്റെ ഭാഗമാണ്. ചടങ്ങിന്‍റെ മുന്നോടിയായി ഒരുദിവസം മൈലാഞ്ചിയിടാൻ മാത്രം ബന്ധുക്കൾ ഒത്തുകൂടും. അരച്ചെടുത്ത മൈലാഞ്ചിക്കു പകരം ഇന്ന് ട്യൂബ് മൈലാഞ്ചിയിലേക്കും നെയിൽപോളിഷിലേക്കും വഴിമാറിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വിവാഹങ്ങൾക്കാണ് കൂടുതലും മൈലാഞ്ചി നിർബന്ധം. ബ്യൂട്ടി പാർലറുകളിൽ വിവാഹ പാക്കേജുകളുടെ ഭാഗമാണ് മെഹന്ദി ഇന്ന്.
പല്ലക്ക് മുതൽ ഹെലികോപ്ടർ വരെ
വിവാഹ റാഗിങ് പോലുള്ള ക്ലീഷേ പരിപാടികളോട് പുതുതലമുറക്ക് താൽപര്യമില്ല. പുതുമകൾ കൊണ്ടുവരാനാണ് അവർക്ക് ഏറെ ഇഷ്ടം. പല്ലക്ക് മുതൽ ഹെലികോപ്ടറിൽ വരെ എത്തുന്ന വധൂവരന്മാരുണ്ട്.
ബജറ്റിനനുസരിച്ച് ആഡംബര കാറുകൾക്കൊപ്പം പോകുന്നവരാണ് ഏറെയും. വധൂവരന്മാർക്ക് അകമ്പടിയായി പാട്ടും ഡാൻസും നാടൻ കലാരൂപങ്ങളും ഒരേ ഡ്രസ് കോഡിൽ ആനയിക്കുന്നവരും വിവാഹത്തിന് കളറേകുന്നുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്:
കോക്കനട്ട് വെഡിങ്, കൊച്ചി
സജി ഫോട്ടോഷോപ്പി, നടക്കാവ്, കോഴിക്കോട്
ഇൻഡിഗോ ഇവന്‍റ്സ്, കോഴിക്കോട്
യൂനിവാക് മീഡിയ, കോഴിക്കോട്
ഫോട്ടോക്ക് കടപ്പാട്:
അഷ്കർ ഒരുമനയൂർ
സജി ഫോട്ടോഷോപ്പി
ശ്രീകുമാർ മുരിയാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.