മഹാമാരിയുടെ പിടിയിൽ ആഘോഷരഹിതമായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ഓണനാളുകൾ. എന്നാൽ, ഈ വർഷം സ്ഥിതി മാറി. ഇത്തവണ ഓണത്തെ ആഘോഷപൂർവം വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. നാടെങ്ങും അതിനുള്ള തയാറെടുപ്പിലാണ്.
ആഘോഷങ്ങൾ എന്തായാലും പക്ഷേ അടുക്കളയുടെ ചുമതല എന്നും വീട്ടിലെ സ്ത്രീകൾക്കുതന്നെയാണ്. ആ ഭാരിച്ച ജോലികളെ 'അമ്മയുടെ നിരുപാധിക സ്നേഹം', 'സൂപ്പർ വിമൻ' തുടങ്ങിയ പ്രകീർത്തനങ്ങളുടെ ടാഗ് ലൈനുകൾ ചേർത്ത് ഫോട്ടോ സഹിതം ആഘോഷിക്കുന്നതും പതിവാണ്. സ്ത്രീകളുടെ മൂല്യവും അന്തസ്സും മലയാളികൾ വിലയിരുത്തുന്ന രീതിയതാണ്.
അമ്മ, ഭാര്യ, സഹോദരി തുടങ്ങിയ റോളുകളിലെ പ്രകടനമാണ് അവരുടെ മികവ് നിർണയിക്കുന്നതിന് ഇപ്പോഴും മാനദണ്ഡമാക്കുന്നത്! രണ്ടു കൊല്ലത്തെ ഇടവേളക്കു ശേഷമെത്തുന്ന ഇത്തവണത്തെ ഓണത്തിലെങ്കിലും ഈ 'ആചാര'ത്തിനൊരു മാറ്റം കൊണ്ടുവരാനാകുമോ?
ആഘോഷത്തിലും അതിന്റെ അരങ്ങൊരുക്കുന്നതിലും സ്ത്രീ പുരുഷ പങ്കാളിത്തത്തിൽ തുല്യ പ്രാതിനിധ്യം കൊണ്ടുവരാനാകും. ഗാർഹിക ജോലികളും ചുമതലകളും കൃത്യമായി പങ്കിട്ടെടുക്കുക എന്നതുതന്നെയാണ് അതിന്റെ പ്രധാന വഴി. സ്ത്രീകൾ അവരുടെ കുടുംബത്തിനുവേണ്ടി ചെയ്യുന്നത് ശമ്പളമില്ലാത്ത ജോലിയാണ് -അഥവാ കോഗ്നിറ്റിവ് ലേബർ. പാചകം, തുണിയലക്കൽ, കുട്ടികളുടെ സ്കൂൾ ആവശ്യങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, വളർത്തുമൃഗങ്ങളുടെ ആവശ്യങ്ങൾ, അവധിദിന-ജന്മദിന ആഘോഷങ്ങൾ... ഈ പട്ടിക അനന്തമായി തോന്നുന്നില്ലേ? ഈ അധ്വാനത്തിൽ പുരുഷന്മാർ അവരുടെ ന്യായമായ പങ്ക് ചെയ്യണം.
ജോലിക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കും തുല്യ മുൻഗണന നൽകുക, ജോലിക്കായി നിങ്ങൾ ലക്ഷ്യങ്ങൾ വെക്കുമ്പോൾ, വീട്ടിലും അത് ചെയ്യുക, കുട്ടികൾക്ക് അവരുടെ പ്രായത്തിനൊത്ത വീട്ടുജോലികൾ നൽകുക, വീട്ടുജോലികളിൽ ന്യായമായ പങ്ക് കുട്ടികളെ ഏൽപിക്കുക. എല്ലാ ജോലികളും ഒരുമിച്ച് ചെയ്യുന്നതിലൂടെ വീട്ടിൽ കുടുംബത്തിലെ ഓരോ വ്യക്തിക്കും പങ്ക് വഹിക്കാനുണ്ടെന്ന പാഠം കുട്ടികൾ കണ്ടുപഠിക്കുകയും ചെയ്യും.
എന്തൊക്കെ ചെയ്യാനാകും?
●ഓണദിനവും തുടർന്ന് കിട്ടുന്ന അവധിദിനങ്ങളും പരമാവധി സന്തോഷകരമായി ഉപയോഗിക്കാൻ പ്ലാൻ തയാറാക്കാം.
●അതിൽ വീട്ടിലെ എല്ലാ അംഗങ്ങൾക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കണം.
●കുടുംബാംഗങ്ങളോ ബന്ധുക്കളോ സുഹൃത്തുക്കളോ പരസ്പരം സമ്മാനങ്ങൾ പങ്കുവെക്കാം.
●രസകരമായ കളികൾ ഉൾപ്പെടുത്താം. വ്യക്തിഗതം, ജോടികൾ, കുടുംബം തുടങ്ങിയ കാറ്റഗറികളിൽ മത്സരം വേണം. വിജയികൾക്ക് സമ്മാനവും നൽകാം.
●ഒരു നൈറ്റ് ഔട്ട് പ്ലാൻ ചെയ്യാം.
●പുരുഷന്മാരുടെ മദ്യസഭകൾ ഓണനാളുകളിൽ വീട്ടിൽനിന്ന് ഒഴിച്ചുനിർത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.