‘ചന്ദ്രനിൽ പോയാലും ചായക്കട നടത്തുന്ന ഒരു മലയാളിയെ കാണാം’ എന്ന് നാം തമാശരൂപേണ പറയാറുണ്ടല്ലോ. ചന്ദ്രനിലെ ആ ചായക്കടക്കാരനും അത്തം പത്തിന് പൂക്കളമിട്ട്, തൂശനിലയിൽ സദ്യയൊരുക്കി പൊന്നോണമാഘോഷിക്കും.
ലോകത്തിന്‍റെ ഏത് കോണിൽ ചെന്നാലും മലയാളിക്ക് അൽപം അഹങ്കാരത്തോടെ, തങ്ങളുടേത് മാത്രമെന്ന് പറയാവുന്ന ആഘോഷമാണ് ഓണം. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളെ ജാതിമത വ്യത്യാസമില്ലാതെ ഓണം ഒരുമിപ്പിക്കുന്നു.
വീടുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഓണം ഇന്ന് പ്രവാസിക്ക് വലിയ ഉത്സവമാണ്. പ്രവാസി മലയാളികളുടെ ഓണവിശേഷങ്ങളിതാ...
ഒരുമാസം നീളുന്ന ആഘോഷം
തുഷാര (അയർലൻഡ്)
അയർലൻഡിലെ എന്‍റെ രണ്ടാമത്തെ ഓണമാണ്. ഇവിടെ ഓണാഘോഷം ഒരുമാസം വരെ നീണ്ടുനിൽക്കും. നാട്ടിലേതിനേക്കാളും മനോഹരമായാണ് ആഘോഷം. നേരത്തേതന്നെ ഓരോ അസോസിയേഷനായി തിരിഞ്ഞ് ആഘോഷ തയാറെടുപ്പുകൾ തുടങ്ങും.
ചെണ്ടമേളം, തിരുവാതിര, മലയാളി മങ്ക, പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ഏറ്റവും ആവേശം വടംവലിയാണ്.
നാട്ടിലെ ഓണം കുടുംബത്തിനുള്ളിൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, ഇവിടത്തെ ഓണാഘോഷം ഒരുപാട് കുടുംബങ്ങൾ ചേർന്നാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ആഘോഷിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഒരുവർഷത്തെ കാത്തിരിപ്പാണ്.
ഞാനും ഭർത്താവ് പ്രജീഷും മക്കളായ പ്രയാനും വിയാനുമാണ് ഇവിടെയുള്ളത്. കാസർകോട് നീലേശ്വരമാണ് സ്വദേശം.
●
മലയാളി വിദ്യാർഥികളെത്തിയതോടെ ഓണം കളറായി
നിജ ജയകുമാർ (യു.കെ)
ഓണമെന്ന് പറഞ്ഞാൽ ശരിക്കും നാടാണ്. എത്രയൊക്കെ ആഘോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും നാട്ടിലെ വൈബ് ഇവിടെ കിട്ടില്ല. പണ്ടൊക്കെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഓണം. എന്നാൽ, ഇന്ന് തിരുവോണം എന്ന ഒറ്റ ദിവസം കൊണ്ട് ഓണം അവസാനിക്കും.
സദ്യയും അത്തപ്പൂക്കളവുമാണ് പ്രവാസി ഓണത്തിലെ പ്രധാനികൾ. പൂക്കളമിടാൻ ചെമ്പരത്തി, തുമ്പ, തെച്ചി ഇങ്ങനെയുള്ള നാടൻ പൂക്കളൊന്നും ഇവിടെ ലഭിക്കില്ല. ജമന്തി, റോസാപ്പൂവ്, തുളസി ഒക്കെയാണ് അധികം വരുന്നത്. അതും വളരെ ചെറിയ അളവിലാണ് സൂപ്പർ മാർക്കറ്റിൽനിന്ന് ലഭിക്കാറുള്ളത്.
അതിനൊപ്പം സാധാരണ ലഭിക്കാത്ത പച്ചക്കറികളും ഓണത്തോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിൽ എത്തും. നാട്ടിൽ സർവസാധാരണമായി ലഭിച്ചിരുന്ന പച്ചക്കറികളാണ് ഇതിൽ പലതും.
ഞങ്ങളുടെ സ്ഥലത്ത് മലയാളി അസോസിയേഷനും കൂട്ടായ്മകളും അത്ര സജീവമായിരുന്നില്ല. ഇപ്പോൾ മാറ്റമുണ്ടായിട്ടുണ്ട്. കൂടാതെ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ യു.കെയിലെത്തിയതോടെ ഓണം കുറച്ചുകൂടി കളറായിട്ടുണ്ട്.
മലയാളികളെപ്പോലെ തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ളവരും ഓണം ആഘോഷിക്കാറുണ്ട്. ജാതിമത ഭേദമില്ലാതെ തിരുവോണനാളിൽ സദ്യയൊരുക്കാനും പൂക്കളമിടാനും ഇവരും മുന്നിലുണ്ടാകും.
വടംവലി, കസേരകളി, തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. നമ്മൾ പത്തുദിവസം ഗംഭീരമായി ആഘോഷിക്കുന്ന ഓണം തിരുവോണം കഴിയുന്നതോടെ ഇവിടെ അവസാനിക്കും.
ഭർത്താവിനും അച്ഛനും അമ്മക്കുമൊപ്പം ഈസ്റ്റ് ലണ്ടനിലാണ് താമസം. ഒമ്പത് വർഷമായി ഇവിടെയുണ്ട്. ഞാൻ ഹെൽത്ത് സർവിസിൽ അഡ്മിനിസ്ട്രേറ്ററാണ്. ഭർത്താവ് നിഖിൽ സെയിൽസ് വിഭാഗത്തിലും. തിരുവനന്തപുരം വർക്കലയാണ് സ്വദേശം. അമ്മ സജിത, അച്ഛൻ ജയകുമാർ. അച്ഛനും ഇവിടെതന്നെയാണ് ജോലി. വിയാൻ മകനാണ്.
●
കുടുംബങ്ങളുടെ ഒത്തുചേരൽ
ദൃശ്യ (അയർലൻഡ്)
നാട്ടിലെ പോലെതന്നെ അതിഗംഭീരമായാണ് അയർലൻഡിലും ഞങ്ങൾ ഓണം ആഘോഷിക്കുന്നത്. വരും തലമുറകളിലേക്ക് നമ്മുടെ മൂല്യങ്ങൾ പകർന്നുനൽകുക എന്നൊരു ഉദ്ദേശ്യംകൂടി ഞങ്ങളുടെ ഓണാഘോഷത്തിനുണ്ട്.
നാട്ടിലേത് പോലെയുള്ള ആഘോഷമല്ലെങ്കിലും അതുപോലെയൊക്കെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. കുടുംബസംഗമം പോലെയാണ് ഇവിടത്തെ ഓണം. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ പരസ്പരമുള്ള സ്നേഹവും സൗഹൃദവും ദൃഢമാക്കുന്നു.
മലയാളി അസോസിയേഷനു കീഴിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജാതിമത ഭേദമന്യേയാണ് ആഘോഷം. തിരുവാതിര, വടംവലി, നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ചാക്കിൽ കയറി ഓട്ടം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയൊക്കെ സംഘടിപ്പിക്കും. ശരിക്കും പറഞ്ഞാൽ കലകൾ അവതരിപ്പിക്കാനുള്ള വേദികൂടിയാണ് ഓണാഘോഷം.
നാലുവർഷമായി ഞാനും ഭർത്താവ് ബിപിനും മകൾ ബ്രയാനയും അയർലൻഡിലുണ്ട്. ഞങ്ങൾ ഇവിടത്തെ സർക്കാർ ആശുപത്രിയിലെ നഴ്സുമാരാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ് സ്വദേശം.
●
പങ്കുവെക്കലിന്‍റെ ഓണസദ്യ
സിബി (കാനഡ)
പങ്കുവെക്കലും ഒത്തുചേരലുമാണ് ഞങ്ങളുടെ ഓണം. കാനഡയിൽ വളരെ ലളിതമായി, രണ്ടു മൂന്ന് കുടുംബങ്ങൾ ഒന്നിച്ചാണ് ഓണാഘോഷം. സദ്യ തന്നെയാണ് പ്രധാനി. എല്ലാവരും ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടി അവിടെവെച്ച് സദ്യ കഴിക്കും. ഓരോ വിഭവവും ഓരോ വീടുകളിൽ നിന്നാവും കൊണ്ടുവരുക.
പിന്നീടുള്ള കലാപരിപാടികൾ വീടിന്‍റെ ബാക്ക് ഗാർഡനിലോ പാർക്കിലോ ആയിരിക്കും. സാധാരണ ഓണാഘോഷങ്ങളിലെ മത്സരങ്ങളെല്ലാം നടത്താറുണ്ട്. പരിപാടികളൊക്കെ കഴിഞ്ഞ് സന്തോഷത്തോടെ പിരിയും. ഞാനും ഭാര്യ അഞ്ജുവും മകൾ സേറയും അടങ്ങിയതാണ് കുടുംബം. എറണാകുളമാണ് സ്വദേശം.
●
ആഘോഷങ്ങളിൽ വിട്ടുവീഴ്ചയില്ല
കൈലാസ് മോഹൻദാസ് (ആസ്ട്രേലിയ)
നാടും സംസ്കാരവും മാറിയെങ്കിലും ആഘോഷങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. നാട്ടിലെപോലെ അതിഗംഭീരമായിത്തന്നെ ഇവിടെയും ഓണം ആഘോഷിക്കാറുണ്ട്. തിരുവോണത്തിനാണ് ഞങ്ങളുടെ ആഘോഷം.
ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുന്നത്. പൂക്കളം, ഊഞ്ഞാൽ, തിരുവാതിര, ഉറിയടി, കസേരകളി എന്നിങ്ങനെ നാട്ടിലെ ഓണാഘോഷ പരിപാടികളെല്ലാം സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിവിധ മലയാളി സംഘടനകളുടെ മെഗാ തിരുവാതിരയും ഉണ്ടാകും. പ്രായഭേദമന്യേ എല്ലാവരും ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്.
ഞാനും ഭാര്യ ദിവ്യ സുരേഷും ഇവിടെ നഴ്സാണ്. തിരുവനന്തപുരം പട്ടമാണ് സ്വദേശം. അനേയ കാളിദാസ് മകളാണ്.
●
ആഘോഷം നാടിനേക്കാള്‍ ആവേശത്തിൽ
വിദ്യ രതീഷ് (യു.എസ്.എ)
ഹൂസ്റ്റണിലെ മലയാളികളും ഓണവട്ടത്തിന്‍റെ തിരക്കിലാണ്. ജോലിത്തിരക്കിനിടയിലും അത്തം മുതല്‍ തിരുവോണം വരെ പൂക്കളം ഒരുക്കാനും ഓണപ്പുടവ ഉടുക്കാനും സദ്യ തയാറാക്കാനും ഒപ്പം സുഹൃത്തുക്കളുമൊന്നിച്ചു അത് പങ്കിടാനും ഓരോ മലയാളിക്കും ആവേശമാണ്.
വീടുവീടാന്തരങ്ങളിൽ മാത്രമല്ല, മലയാളി അസോസിയേഷനുകളിലും കമ്പനികളിലും ഓണം കെങ്കേമമായി കൊണ്ടാടുന്നു. ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന എല്ലായിടങ്ങളിലും ജാതിമത ഭേദമന്യേ ആളുകള്‍ ഒത്തുകൂടും.
ഇവിടെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം എടുത്തുപറയേണ്ട ഒന്നാണ്. ഓണപ്പാട്ടും ഓണക്കളികളും തൂശനിലയില്‍ സദ്യയുമൊക്കെയായി നാടിനേക്കാള്‍ ആവേശത്തിലാണ് ആഘോഷം.
ഓണം സർവത്ര സന്തോഷവും ഉല്ലാസവും തരുന്ന ആഘോഷമായതിനാൽ മലയാളികൾക്കൊപ്പം മറ്റുദേശക്കാരും പങ്കുചേരുന്നു. ആട്ടവും പാട്ടും മാവേലിയും പുലികളിയും ഒക്കെയായി അടുത്ത വര്‍ഷത്തെ ഓണം വരെ മറക്കാനാവാത്ത ഓര്‍മകളും സമ്മാനിച്ചാണ് അവർ പിരിയുക. ഒരുമയുടെ ഓർമച്ചെപ്പായി ഈ ഓണം ഏവർക്കും അനുഭവവേദ്യമാകട്ടെ.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.