'പടച്ചോെൻറ തൊടിയിലെ നല്ലമരം ഉലുത്തിയാൽ വീണുകിട്ടുന്ന ആദ്യത്തെ പൂക്കളിൽ ഒന്ന്' എന്നാണ് ഹൈദ്രോസ് കോയ തങ്ങളെ സിതാര വിശേഷിപ്പിക്കുന്നത്. സൂഫീ സംഗീത വേദിയിൽവെച്ച് പരിചയപ്പെട്ട 'തങ്ങളുപ്പ'യുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പ്രശസ്ത ഗായിക സിതാര പറയുന്നു...
കോഴിക്കോടുനിന്ന് എറണാകുളത്തേക്കുള്ള ഗായിക സിതാരയുടെ യാത്രകൾ തൃശൂരെത്തുമ്പോൾ ഇടക്കൊന്നു വഴിമാറി സഞ്ചരിക്കും. ഗസലുകളെ പ്രണയിക്കുന്ന ഒരു സൂഫിയുടെ സന്നിധിയിലേക്ക്. നിറപുഞ്ചിരിയോടെ ആതിഥ്യമരുളാൻ അവിടെ പ്രിയപ്പെട്ട ഹൈദ്രോസ് കോയ തങ്ങളുണ്ട്.
ചാവക്കാടിനടുത്ത് അരിയങ്ങാടിയിൽ താമസിക്കുന്ന ഹൈദ്രോസ് കോയ തങ്ങളുടെ സന്നിധിയിലെത്തിയാൽ സർവം ഗസൽമയമാണ്. മെഹ്ദി ഹസെൻറയും ഗുലാം അലിയുടെയും ജഗജിത് സിങ്ങിെൻറയും പങ്കജ് ഉദാസിെൻറയും ബാബുരാജിെൻറയുമൊക്കെ സ്വരമാധുര്യം അവിടം സംഗീതസാന്ദ്രമാക്കുന്നുണ്ടാകും. ഇവിടെയുള്ള സംഗീതജ്ഞരുടെ മെഹ്ദി ആവാസിൽ ശ്രോതാവാകാൻ മാത്രമല്ല, ഒരു ചിരികൊണ്ട് മനസ്സിനെ തണുപ്പിക്കുന്ന തങ്ങളുപ്പയുടെ സാന്നിധ്യംകൂടി തേടിയാണ് സിതാരയുടെ ആ യാത്രകൾ. ഹൈദ്രോസ് കോയ തങ്ങളുമായുള്ള തെൻറയും കുടുംബത്തിെൻറയും അടുപ്പത്തെക്കുറിച്ച് മനസ്സ് തുറന്നു ഗായിക സിതാര കൃഷ്ണകുമാർ.
'ആധികാരികമായി സൂഫിസംഗീതത്തെക്കുറിച്ച് സംസാരിക്കാനുള്ള അറിവ് എനിക്കില്ല. അവിടെ പലപ്പോഴും ഞാനൊരു ശ്രോതാവാണ്. വലിയ ഗസൽപ്രേമിയും ആസ്വാദകനുമൊക്കെയായ തങ്ങളുപ്പയെ ആദ്യമായി കാണുന്നതും അത്തരമൊരു വേദിയിൽവെച്ചാണ്. കോഴിക്കോട് ഷഹബാസ്ക്കയുടെ (ഷഹബാസ് അമൻ) ഒരു പരിപാടിയിൽവെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ട് അദ്ദേഹത്തെ കൂടുതൽ അറിഞ്ഞു.
പിന്നീട് ചാവക്കാട്, ഗുരുവായൂർ ഭാഗങ്ങളിൽ പരിപാടികൾ നടക്കുമ്പോൾ അവിടെയൊക്കെ വരാറുണ്ടായിരുന്നു തങ്ങളുപ്പ. സംഗീതോത്സവവേദികളിൽവെച്ചുള്ള കാഴ്ചകളും സംസാരങ്ങളും അദ്ദേഹത്തെ കൂടുതൽ അറിയാൻ വഴിവെച്ചു. പിന്നീട് ഇടക്കൊക്കെ കാണാൻ പോകും. എനിക്കും ഭർത്താവിനും കുഞ്ഞിനുമൊക്കെ വലിയ അടുപ്പമുണ്ട് അദ്ദേഹവുമായി. പലപ്പോഴായി ഒരുപാട് പഴയ കാസറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെയുണ്ടാകുമ്പോൾ അദ്ദേഹവുമായി സംസാരിക്കും. വീട്ടിൽ പോയി സന്ദർശിക്കും. ഒരു അനുഗ്രഹംപോലെ തോന്നുന്ന മനുഷ്യനാണ് തങ്ങളുപ്പ.
തങ്ങളുപ്പ കാരണമായി കുറെ പാട്ടുകൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്. മെഹ്ദി ആവാസിൽ ഒരുപാട് സംഗീതജ്ഞരുണ്ട്. അവരൊക്കെ വലിയ അത്ഭുതങ്ങളാണ്. വാണിജ്യതാൽപര്യങ്ങളില്ലാതെ സംഗീതത്തെ സ്നേഹിക്കുന്ന അവരോട് പ്രത്യേക താൽപര്യമുണ്ട്.
നനുത്ത ഒരു മനുഷ്യൻ
ഹൈദ്രോസ് കോയ തങ്ങളെ ഒരു നനുത്ത മനുഷ്യനെന്ന് വിശേഷിപ്പിക്കാനാണ് സിതാര ഇഷ്ടപ്പെടുന്നത്. 'പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോൾ, പ്രഫഷനിൽ ആശയക്കുഴപ്പങ്ങളുണ്ടാകുമ്പോൾ ഒക്കെ തങ്ങളുപ്പയുടെ സാന്നിധ്യം വളരെയധികം സ്വാധീനിക്കുന്നതായി തോന്നാറുണ്ട്. അദ്ദേഹത്തെ ഒരു തവണ കണ്ടാൽ മനസ്സ് തണുക്കും, ശാന്തമാകും. അത് തങ്ങളുപ്പയുടെ പെരുമാറ്റത്തിെൻറ പ്രത്യേകതയാണ്. എല്ലാ മനുഷ്യരെയും ഒരുപേലെ കണ്ട് അവിടെയെത്തുന്ന ഓരോരുത്തരെയും കൈപിടിച്ച് ചേർത്തുവെക്കുന്ന മഹത്ത്വമാണ് തങ്ങളുപ്പ.
ചെറിയ കുട്ടികൾ മുതൽ എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപെടുന്ന മനുഷ്യൻ. കരുതലോടെയും ബഹുമാനത്തോടെയും സമീപിക്കുന്ന ഒരു മനുഷ്യസ്നേഹിയായി മാത്രമേ അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളൂ.കുടുംബത്തിലെ എല്ലാവരുടെയും കാര്യങ്ങൾ അന്വേഷിക്കാറുണ്ട് അദ്ദേഹം. എന്നാൽ, എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല. ഇടക്കിടെ അദ്ദേഹത്തെയൊന്ന് കാണുക ഒരു ശീലമാണെന്ന് സിതാര പറയുന്നു. അതുകൊണ്ടുതന്നെയാണ് കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് പോകുംവഴി തങ്ങളുപ്പ തൃശൂരുണ്ടോ എന്ന് ഉറപ്പുവരുത്തി അവിടേക്ക് യാത്രയാകുന്നത്.
സൂഫി സംഗീതത്തിെൻറ സ്വാധീനം
പഠിക്കുന്നത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതമാണ്. ഖവാലികളും ഗസലുകളുമൊക്കെ ഹിന്ദുസ്ഥാനിയുമായി പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് സൂഫി സംഗീതത്തോട് പ്രത്യേക താൽപര്യമുണ്ട്. പഠനകാലഘട്ടം ചെലവഴിച്ചത് കൽക്കത്തയിലായിരുന്നു. പുറത്തുനിന്നുള്ള ഒരുപാട് സുഹൃത്തുക്കളുമുണ്ട്. ഇവയെല്ലാം സൂഫി സംഗീതത്തിലേക്ക് അടുപ്പമുണ്ടാക്കാൻ വഴിവെച്ചിട്ടുണ്ട്.
ലോക്ഡൗണിനുശേഷം വീണ്ടും റെക്കോഡിങ്ങുകളൊക്കെ തുടങ്ങിയതോടെ തിരക്കിലേക്കു നീങ്ങുകയാണ്. ബംഗളൂരുവിലും മുംബൈയിലുമൊക്കെ ഇൻറർനെറ്റ് ഷോകൾ ആരംഭിച്ചിട്ടുണ്ട്. ഷൂട്ടിങ്ങുകളും ഇപ്പോൾ തുടങ്ങിയതോടെ പാട്ടിെൻറ ലോകത്തുതന്നെയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.