പരിസ്ഥിതി സംരക്ഷണത്തിനായി സദാസമയവും കർമനിരതനാണ് സുമൻജിത് മിഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാന ചിന്താഗതിക്കാരായ യുവാക്കളെ ചേർത്തുപിടിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
സുമൻജിത് മിഷക്ക് എല്ലാ ദിവസവും പരിസ്ഥിതിദിനമാണ്. മരം വെച്ചുപിടിപ്പിക്കാനും പരിസ്ഥിതിയെ സ്നേഹിക്കാനും പ്രത്യേക ദിവസത്തിനായി അദ്ദേഹം കാത്തിരിക്കാറില്ല. 'എന്തെങ്കിലും കാരണമുണ്ടാക്കി' പരിസ്ഥിതിക്കായി ഇറങ്ങും. ജനനമായാലും മരണവാർഷികമായാലും എല്ലാം പരിസ്ഥിതിസൗഹൃദമാക്കി പ്രകൃതിക്ക് കാവലൊരുക്കുകയാണ് ഈ ചെറുപ്പക്കാരൻ.
ഇതിനകം വിവിധ ജില്ലകളിൽ മരം വെച്ചുപിടിപ്പിക്കൽ, കണ്ടൽ വനവത്കരണവും സംരക്ഷണവും, കണ്ടൽ പഠനയാത്ര, പ്രകൃതിപഠനയാത്ര, വിദ്യാർഥികളിലും മറ്റും പരിസ്ഥിതി അവബോധം സൃഷ്ടിക്കൽ, ക്ലാസുകൾ, കരിമ്പന നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് നീക്കൽ, ക്ലീൻ പള്ളിക്കലാർ ചലഞ്ച്, ഡിസാസ്റ്റർ മാനേജ്മെൻറ്, റിസർച് ആൻഡ് ട്രെയിനിങ്, സന്നദ്ധസഹായം, കാടകം പദ്ധതികൾ എന്നിവയുമായി അദ്ദേഹവും സംഘവും മുന്നിലുണ്ട്.
'നമുക്കുവേണ്ടി മണ്ണിനുവേണ്ടി' എന്ന കാമ്പയിൻ ഈ പരിസ്ഥിതിദിനത്തിൽ പത്താം വർഷത്തിലേക്കു കടക്കുകയാണ്. ഇതിനകം പതിനായിരക്കണക്കിന് മരങ്ങളും കണ്ടൽക്കാടുകളും നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുവരുന്ന ഇവർ ഇത്തവണയും സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
പിറന്നാൾ ആഘോഷിക്കുന്നവർക്കായുള്ള സമ്മാനപദ്ധതിയാണ് 'പിറന്നാൾ മരം'. പിറന്നാൾ ആഘോഷിക്കുന്ന സുഹൃത്തിന് തൈ സമ്മാനിക്കുകയും അത് അവരെക്കൊണ്ട് വീട്ടുപരിസരത്തോ പൊതുസ്ഥലത്തോ െവച്ചുപിടിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ പ്രശസ്തരുടെയോ ബന്ധുക്കളുടെയോ മറ്റോ ഓർമദിനങ്ങളിൽ അവർക്കായി വൃക്ഷത്തൈ െവച്ചു പിടിപ്പിക്കുന്ന 'ഓർമ മരം' പരിപാടിയുമുണ്ട്.
പള്ളിക്കലാറിെൻറ തീരത്ത് നാലു വർഷമായി കണ്ടൽച്ചെടികൾ െവച്ചുപിടിപ്പിച്ചു സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട് സുമൻജിത്തും സംഘവും. ആയിരംതെങ്ങിലെ സ്വാഭാവിക കണ്ടൽവനം സംരക്ഷിക്കാനും അവിടേക്ക് വിദ്യാർഥികൾക്കായി കണ്ടൽ പഠനയാത്ര സംഘടിപ്പിക്കാനും വർഷവും നേതൃത്വം കൊടുക്കുന്നുണ്ട്.
പാലക്കാട് ജില്ലയിൽ കരിമ്പന വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ഇതിനകം ശ്രദ്ധനേടിയിരുന്നു. അതോടൊപ്പം കർണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന റാണിപുരം, അഗസ്ത്യമല സന്ദർശനങ്ങൾ, അരിപ്പയിൽനിന്ന് പൊന്മുടിയിലേക്കുള്ള പ്രകൃതിയെ അറിഞ്ഞുള്ള യാത്ര തുടങ്ങിയവയും സംഘടിപ്പിക്കുന്നു. വെറുതെ യാത്രപോവുകയല്ല പ്രകൃതിയുടെ സവിശേഷതകൾ അറിയാനും അവിടങ്ങളിൽ കണ്ടെത്തുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനും സംഘം മുന്നിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് പ്രവർത്തനങ്ങൾ.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്ന രാഷ്ട്രീയത്തിന് അതീതമായ സംഘടനയിലൂടെയാണ് പ്രവർത്തനങ്ങളത്രയും അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നത്. സംഘടനയുടെ സംസ്ഥാന ചെയർമാൻ കൂടിയാണ് കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്തു വീട്ടിൽ സുമൻജിത് മിഷയെന്ന 35കാരൻ. ഭാര്യ സവിത ശ്രീചിത്രയിൽ സ്റ്റാഫ് നഴ്സാണ്. മകൻ: ധ്യാൻജിത് മിഷ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.