ഒരു വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയം കൂവപ്പള്ളി നാലാംമൈലിലെ ആ വലിയ കുടുംബത്തിലേക്ക് പടിപ്പുര കയറിച്ചെന്നത്. പുറത്തെ മഴത്താളം കേട്ട് വിശാലമായ പൂമുഖം കടന്ന് നടുത്തളത്തിലേക്ക് കയറുമ്പോൾ വരവേറ്റത് സൂഫിഗാനങ്ങളാണ്. തളത്തിലെ ഊഞ്ഞാൽ കസേരയിൽ ചിരിയുതിരുന്ന മുഖവുമായിരിക്കുന്ന ശുഭ്രവസ്ത്രധാരി. ചുറ്റും പ്രാർഥനാനിരതരായിരിക്കുന്ന കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ. പാട്ട് തീർന്നതോടെ കൈയടികൾ മുഴങ്ങി.
ഇതാണ് ഹിദായത്ത് ഭവൻ. രക്തബന്ധമുള്ളവരും അല്ലാത്തവരുമായ 85 പേർ ഒന്നിച്ച് താമസിക്കുന്ന അപൂർവ കൂട്ടുകുടുംബം. വീടുകൾ തങ്ങളിലേക്ക് ചുരുങ്ങുന്ന കാലത്ത് ആളുകളെത്തുന്നതനുസരിച്ച് വലുതാവുകയാണ് ഈ വീട്. മൂന്നുനിലകളിലായി 30 മുറികളുള്ള ഈ വീടിന്‍റെ മുഖമുദ്ര സ്നേഹമാണ്.
ഇവിടെ കയറിവരുന്ന ആരോടും ജാതിയോ മതമോ ചോദിക്കില്ല, പറയുകയുമില്ല. 49കാരനായ നിസാമുദ്ദീനാണ് ഗൃഹനാഥൻ. ഈ കുടുംബത്തിന്‍റെ മാതൃകാപുരുഷൻ കൂടിയാണിദ്ദേഹം. ഇവിടത്തെ എല്ലാ കുട്ടികൾക്കും നിസാമുദ്ദീൻ വാപ്പിയാണ്. ഭാര്യ ഷെഫീന മമ്മയും. എത്ര മക്കളുണ്ടെന്നു ചോദിച്ചാൽ എല്ലാവരും തന്‍റെ മക്കളാണെന്നാണ് നിസാമുദ്ദീന്‍റെ മറുപടി.
ഈ വീടിന് സ്വന്തമായ ചില ചിട്ടവട്ടങ്ങളുണ്ട്
വീടിനെക്കുറിച്ചുള്ള വിശേഷങ്ങൾ നിസാമുദ്ദീൻ പറഞ്ഞുതുടങ്ങി. ‘‘ആലപ്പുഴയിലെ ആദിക്കാട്ടുകുളങ്ങരയാണ് ജന്മസ്ഥലം. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ചെറുപ്പംമുതലേ മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ് എല്ലാവരും ഒന്നിച്ച് ഒരു വീട്ടിൽ കഴിയണമെന്നത്. അന്നതിന് സാമ്പത്തിക സ്ഥിതിയുണ്ടായില്ല.
മെച്ചപ്പെട്ട അവസ്ഥ ആയപ്പോൾ ശ്രമിച്ചു. എരുമേലിയിൽനിന്നാണ് വിവാഹം കഴിച്ചത്. അങ്ങനെ കോട്ടയത്ത് കൂടി. നാലുപേരിൽനിന്നാണ് തുടങ്ങിയത്. ഇപ്പോൾ 65 പേർ ഈ വീട്ടിൽ സ്ഥിരമായുണ്ടാവാറുണ്ട്. ബാക്കിയുള്ളവർ ജോലി ആവശ്യാർഥവും മറ്റും വന്നും പോയുമിരിക്കും.
ഈ വീടിന് സ്വന്തമായ ചില ചിട്ടവട്ടങ്ങളുണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകില്ല. രാവിലെയും വൈകീട്ടും പ്രാർഥനയുണ്ടാവും. എല്ലാവരും അതിന്‍റെ ഭാഗമാകണം.
ഏതുദൈവത്തോട് വേണമെങ്കിലും പ്രാർഥിക്കാം. മുട്ടുകുത്തി പ്രാർഥിക്കാം, നമസ്കരിക്കാം. മുകൾനിലയിൽ വിശാലമായ പ്രാർഥനാമുറിയുണ്ട്. വെള്ളിയാഴ്ചകളിൽ സൂഫിഗാനങ്ങൾ ആലപിക്കും. ആരുടെയും വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലക്കില്ല.
ഡോക്ടർമാരും എൻജിനീയർമാരും ബിസിനസുകാരും കോളജ്-സ്കൂൾ വിദ്യാർഥികളും ഇവിടെയുണ്ട്’’.
എന്നും ഉത്സവം
നിറയെ ആളുകളുള്ളതിനാൽ ഇവിടെ എന്നും ഉത്സവമാണ്. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം ആഘോഷിക്കും. ഓണത്തിന് സ്ത്രീകൾ തിരുവാതിര കളിക്കും. കുട്ടികൾ സ്കൂളിൽ ചെന്ന് വീട്ടിലെ വിശേഷങ്ങൾ പറയുമ്പോൾ എല്ലാവർക്കും കൗതുകമാണ്. കേട്ടറിഞ്ഞ കൂട്ടുകുടുംബത്തിന്‍റെ മനോഹാരിത ആസ്വദിച്ചറിയാൻ പല സ്കൂളുകളിൽനിന്നും കുട്ടികളും അധ്യാപകരും എത്താറുണ്ട്.
വീടിനോടുചേർന്ന് ‘ചില്ലാവ’ എന്ന ഐസ്ക്രീം ഫാക്ടറി നടത്തുകയാണ് നിസാമുദ്ദീൻ. അനിയൻ അബ്ദുല്ലയാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്. ഇതിനുമുമ്പ് വിദേശത്ത് ഹൈപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്നു. കോവിഡ് സമയത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെ അതു പൂട്ടിയാണ് നാട്ടിലെത്തിയത്.
സ്നേഹവഴി തുറന്ന സൂഫിസം
ഹിദായത്ത് ഭവനിലുള്ളവരുടെ ജാതിയും മതവുമെല്ലാം സ്നേഹമാണ്. ഇവിടെ എല്ലാവരും മനുഷ്യരാണെന്നേ നിസാമുദ്ദീൻ പറയൂ. അതിനു വഴിവെച്ചത് സൂഫി ഗുരുവായ കോഴിക്കോട് കളൻതോട് പി.എസ്.കെ. തങ്ങൾ ഉപ്പാവയാണ്. 28 വർഷമായി അദ്ദേഹം പകർന്നുനൽകിയ വിശ്വാസപ്രമാണങ്ങളിലാണ് നിസാമുദ്ദീന്‍റെ ജീവിതം മുന്നോട്ടുനീങ്ങുന്നത്. സ്നേഹത്തെക്കുറിച്ചാണ് ഗുരു പറഞ്ഞുതന്നിട്ടുള്ളത്.
തന്‍റെ രീതികളിൽ അലോസരപ്പെടുന്നവരുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. ഇങ്ങനെയും ജീവിക്കാമെന്ന് താൻ ജീവിച്ചുകാണിക്കുകയാണ്. തന്‍റെ ആശയവുമായി യോജിക്കാൻ കഴിയുന്നവർ ഒന്നിച്ചപ്പോഴാണ് ഈ വലിയ കുടുംബം ഉണ്ടായത്.
‘തട്ടിയും മുട്ടിയും’ പെട്ടി
ഒരു മേശക്കിരുപുറമിരുന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ ഈ ലോകത്ത്. അതിന് കഴിയാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പലർക്കും പരസ്പരം മിണ്ടാൻപോലും നേരമില്ല. ഇത്രയധികം അംഗങ്ങളുണ്ടായിട്ടും ആരും തമ്മിൽ വിദ്വേഷങ്ങളില്ല. കുഞ്ഞുകുഞ്ഞു പരാതികൾ അപ്പോൾതന്നെ പരിഹരിച്ചുകൊടുക്കും.
‘തട്ടിയും മുട്ടിയും’ എന്നൊരു പെട്ടിയുണ്ട് ഇവിടെ. ആർക്കെങ്കിലും പരാതി പറയാനുണ്ടെങ്കിൽ അതിൽ എഴുതിയിടാം. ആരുമറിയാതെ പരിഹരിക്കും. കുറേ നാളായി ആ പെട്ടിയിൽ പരാതികളൊന്നും വീഴുന്നില്ലെന്ന് പറയുമ്പോൾ നിസാമുദ്ദീന് ചിരി. ഇതിനിടയിൽ അദ്ദേഹത്തിന്‍റെ മടിയിൽ കയറിയിരിക്കാൻ മത്സരിക്കുകയാണ് കൃസൃതിക്കുരുന്നുകൾ.
വീടിനുമുണ്ട് സവിശേഷതകൾ
2010ലാണ് കാഞ്ഞിരപ്പള്ളി- എരുമേലി റൂട്ടിലെ കൂവപ്പള്ളി നാലാംമൈലിൽ ഹിദായത്ത് ഭവൻ നിർമിച്ചത്. വീടിനു പുറത്തേക്ക് നാലുവാതിലുകളുണ്ടെന്നതാണ് പ്രധാന പ്രത്യേകത. ആവശ്യമെങ്കിൽ നാലു വീടുകളാക്കാമെന്നായിരുന്നു ഉദ്ദേശ്യം. അത് വേണ്ടിവന്നില്ല. വീടുപണി തീരുംമുമ്പേ കൂടുതൽ ആളുകളെത്തി.
അപ്പോഴാണ് മുകളിലേക്ക് കെട്ടിയത്. വീടിനോടുചേർന്ന് പുറത്താണ് വലിയ അടുക്കള. ഇവിടെ വിറകടുപ്പിൽ സ്ത്രീകൾ എല്ലാവരും ചേർന്ന് ഭക്ഷണമൊരുക്കും. രാവിലെ അഞ്ചരക്ക് ഉണരുന്ന അടുക്കള രാത്രി പത്തുമണിയോടെ അടയും. എല്ലാവർക്കും ഭക്ഷണം കഴിക്കാൻ നീളത്തിൽ മേശയിട്ട ഊട്ടുപുരയുമുണ്ട്.
ഒരിക്കൽ കയറിച്ചെന്നാൽ പിടിവിടാതെ ആകർഷിക്കുന്ന എന്തോ ഒന്ന് ആ വീട്ടിലുണ്ട്. ഓരോരുത്തരുമായി സംസാരിച്ച്, വിശേഷങ്ങൾ കേട്ട്, കുഞ്ഞുകുസൃതികൾ ആസ്വദിച്ച് അവർ പകർന്നുതരുന്ന പുഞ്ചിരിയും ആനന്ദവും മുഖത്തണിഞ്ഞേ ആർക്കും ഹിദായത്ത് ഭവന്‍റെ പടിയിറങ്ങാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.