ആമിന പാറക്കൽ. ചി​​​ത്ര​​​ങ്ങൾ: ഹസനുൽ ബസരി പി.കെ



‘‘ന്‍റെ എഴുത്ത് വളരെ മോശാ... അതോണ്ട് ഞാൻ എഴുതീത് ഒരു കുട്ടീം കാണരുതെന്ന് ഉണ്ടായിരുന്നു. അതോണ്ട് അലമാരന്‍റെ ഏറ്റവും അടീലാണ് ഡയറി വെച്ചിരുന്നത്. അത് അപ്രതീക്ഷിതമായാണ് മോന് കിട്ടീത്. അതിങ്ങനെ ഒരു പുസ്തകം ആവൂന്നൊന്നും ഞാൻ സ്വപ്നത്തിൽകൂടി കരുതീട്ടില്ല’’

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിൻപുറത്തുകാരിയായ ഉമ്മ എങ്ങനെ എഴുത്തുകാരിയായി എന്ന് ചോദിച്ചപ്പോൾ ആമിന പാറക്കൽ മനസ്സ് തുറന്നു. എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ഈ 72കാരി.

പുസ്തകമാക്കണമെന്ന് കരുതിയല്ല ആമിന 23 വർഷം മുമ്പ് ഡയറിയെഴുത്ത് തുടങ്ങിയത്. ഓർമകളോരോന്നും തികട്ടിവന്നപ്പോൾ മക്കളുപേക്ഷിച്ച ഡയറി താളുകളിൽ എഴുതുകയായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വേദന നിറഞ്ഞ രാത്രികളെ അവർ എഴുത്തുകൊണ്ട് മറികടന്നു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ‘കോന്തലക്കിസ്സകൾ’ പിറന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കോഴിക്കോട് ജില്ലയിലെ കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതമാണ് കോന്തലക്കിസ്സകൾ. സ്വന്തം ഗ്രാമമായ കക്കാടും ഇരുവഴിഞ്ഞിപ്പുഴയിലെ മീൻപിടിത്തവും മരക്കച്ചവടവും കണക്കധ്യാപകൻ കാണിച്ച ക്രൂരതയുമെല്ലാം പുസ്തകത്താളുകളിൽ ഇടംപിടിച്ചു. കേവലമൊരു കഥക്കപ്പുറം പുതുതലമുറ അറിയാതെപോയ ഒരു നാടിന്‍റെ ചരിത്രംകൂടിയാണ് ഈ പുസ്തകം.


ആരും കാണാതെയുള്ള എഴുത്ത്

രോഗശയ്യയിൽ തളർന്നുകിടക്കുന്ന ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് വിലപിച്ചിരിക്കുന്ന ഓരോരുത്തർക്കും പ്രചോദനവും പ്രത്യാശയുമാവുകയാണ് കോഴിക്കോട് ചേന്ദമംഗല്ലൂരുകാരി ആമിന പാറക്കൽ. കുറച്ച് മാസം മുമ്പുവരെ വീട്ടമ്മയായിരുന്ന ആമിന ഇന്നൊരു എ‍ഴുത്തുകാരികൂടിയാണ്.

അർബുദത്തെതുടർന്ന് ഒരു വൃക്ക എടുത്തുമാറ്റിയ ആമിന ഉറക്കക്കുറവും തീവ്രമായ വേദനയും മറികടക്കാനാണ് എഴുതിത്തുടങ്ങിയത്. രോഗാവസ്ഥയിലും വേദനകൊണ്ട് തളർന്നിരിക്കാതെ, വിധിയെ പഴിച്ച് ദിവസങ്ങൾ തള്ളിനീക്കാതെ പേനയെടുത്തു.

കൈയക്ഷരവും എഴുത്തും മോശമായതിനാൽ ആരും കാണാതെ രാത്രിയായിരുന്നു എഴുതിയിരുന്നത്. ‘‘ഭർത്താവ് ഇടക്ക് രാത്രി എണീക്കുമ്പോൾ ഞാൻ റൂമിൽ ഇരുന്ന് എഴുതുന്നത് കാണും. എന്താണ് കുത്തിക്കുറിക്കുന്നത്, ഉറങ്ങിയില്ലേ എന്ന് ചോദിക്കും.

ഞാനോരോ പഴമ്പുരാണം എഴുതാന്ന് പറയും. അതെടുത്തുവെച്ച് ഉറങ്ങാൻ പറയും. ഞാൻ വേഗം പോയി കിടക്കും. അദ്ദേഹം ഉറങ്ങിയെന്ന് കണ്ടാൽ വീണ്ടും എണീറ്റ് എഴുത്ത് തുടരും. അങ്ങനെ എത്രയെത്ര രാത്രികൾ’’ -ആമിന ഓർത്തെടുക്കുന്നു.


വേദനകൾ അലിയിച്ച എഴുത്തനുഭവം

വീട്ടിൽ കുട്ടികൾ ഉപേക്ഷിച്ച പഴയ ഡയറികൾ ശേഖരിച്ച് ചെറുപ്പകാലത്തെ അനുഭവങ്ങളും ഉമ്മയും ഉപ്പയും പറഞ്ഞുതന്ന കഥകളും ഓരോന്നായി കുത്തിക്കുറിച്ചു. ചെറുപ്പകാലത്തെ നല്ല ഓർമകൾ, അനുഭവങ്ങൾ, കഥകൾ, അനുഗ്രഹങ്ങൾ, ദുരിതങ്ങൾ അങ്ങനെയങ്ങനെ ഒരുപാട് എനിക്കും പറയാനുണ്ടെന്ന് തോന്നിയപ്പോഴാണ് പുസ്തകവും പേനയുമെടുത്തത്. പതിയെ ഡയറികൾ ഒന്നും രണ്ടും കഴിഞ്ഞ് ആറായത് അറിഞ്ഞതേയില്ല.

എഴുതിത്തുടങ്ങിയപ്പോഴാകട്ടെ ചെറുപ്പകാലത്തെ ഓരോ കുഞ്ഞോർമകളും മനസ്സിലേക്ക് ഓടിയെത്താൻ തുടങ്ങി. വിഷയങ്ങൾക്ക് പഞ്ഞമില്ലാത്തതിനാൽ എഴുത്തൊരു ആവേശമായി, എല്ലാ വേദനകളും മറക്കാനുള്ള മരുന്നായി. 2000ത്തിലാണ് ഓർമയെഴുത്തുകൾ ആരംഭിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പുകൾക്കും അധ്വാനത്തിനും വിരാമമിട്ട് ‘കോന്തലക്കിസ്സകൾ’ വായനക്കാരിലെത്തി.

കണക്കുകൾ തെറ്റിയ കണക്ക് ക്ലാസ്

ചെറുപ്പം മുതൽ വായനയോടും എഴുത്തിനോടും വലിയ ഇഷ്ടമായിരുന്നെങ്കിലും സ്കൂൾ കാലഘട്ടം അത്ര മധുരമുള്ള ഓർമകളായിരുന്നില്ല എനിക്ക്. കാരശ്ശേരി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു അധ‍്യാപകന്‍റെ വിവരക്കേടുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

മദ്യപാനിയായ കണക്ക് അധ്യാപകൻ കുട്ടികൾക്ക് കണക്ക് ചെയ്യാൻ നൽകി. ഞാൻ ചെയ്തത് തെറ്റിപ്പോയി. ഇത് കണ്ട അധ‍്യാപകൻ എന്നെ ചൂരലുകൊണ്ട് അടിച്ചു. ‘‘ഇത്ര ബുദ്ധിയില്ലാത്ത കുട്ടികൾ ഈ ലോകത്ത് ജീവിച്ചിരിക്കാൻ പാടില്ല, മരിക്കുന്നതാണ് നല്ലത്, സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടൻതന്നെ ഉറപ്പുള്ള ഒരു കയറെടുത്ത് ഉയരത്തിൽനിന്ന് ചാടിക്കോ’’ എന്ന് പറഞ്ഞു.

എന്നെ മാനസികമായി തളർത്താൻ ഇതിൽ കൂടുതലൊന്നും വേണ്ടിവന്നില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു. എന്നാൽ, 12 മക്കളെ പ്രസവിച്ച് അഞ്ച് മക്കൾ മാത്രം ബാക്കിയായ ഉമ്മക്ക് ഞാൻ ഒരു പെൺകുട്ടിയേ ഉള്ളൂ എന്ന് ചിന്തിച്ചതോടെ അതിൽനിന്ന് പിന്മാറി. പിന്നീട് ഒരിക്കലും ആ അധ‍്യാപകന്‍റെ മുന്നിൽപെടാതിരിക്കാൻ വാർഷിക പരീക്ഷക്ക് ഉത്തരം തെറ്റിച്ചെഴുതി മനഃപൂർവം തോറ്റുകൊടുത്തു.

ഉമ്മയും ഉപ്പയും ഒന്നും അറിയാതിരിക്കാൻ ചെറിയ കുട്ടികളോടൊപ്പം പഠിക്കാൻ പോവാൻ മടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അന്ന് പഠനം നിർത്തിയപ്പോൾ കരുത്തും വെളിച്ചവുമായത് ഉമ്മയുടെ കഥകളും ഉപദേശങ്ങളുമാണ്. ഉമ്മതന്നെയാണ് ആദ്യത്തെ പാഠശാല.

ഭർത്താവ് ലത്തീഫ് ഉസ്താദിനൊപ്പം


അനുഗ്രഹമായി കടന്നുവന്ന അധ‍്യാപകൻ

1971ലാണ് അധ‍്യാപകനായ ചേന്ദമംഗല്ലൂർ ചെട്ട്യാൻതൊടികയിലെ സി.ടി. അബ്ദുൽ ലത്തീഫ് എന്ന ലത്തീഫ് ഉസ്താദുമായുള്ള വിവാഹം. വിദ്യാർഥികൾക്ക് നല്ല പ്രോത്സാഹനം നൽകിയിരുന്ന അദ്ദേഹം അതേ പ്രോത്സാഹനം എനിക്കും നൽകാൻ മറന്നില്ല.

ഒരു അധ‍്യാപകൻമൂലം വിദ്യാഭ‍്യാസം ഏറെ വേദനയോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും മറ്റൊരു അധ‍്യാപകൻ ജീവിതത്തിലേക്ക് അനുഗ്രഹമായി കടന്നുവരുകയായിരുന്നു. എനിക്ക് കൃഷി ചെയ്യാൻ ഇഷ്ടമാണെന്ന് മനസ്സിലാക്കി പലപല വിത്തുകൾ അദ്ദേഹം കൊണ്ടുവരും. അത് കാണുമ്പോൾ മനസ്സ് നിറയും.

ആരുമറിയാതെ നിധിപോലെ സൂക്ഷിച്ച ഒരു കാലഘട്ടത്തിന്‍റെ കഥകളടങ്ങിയ ഡയറി ഒരു ദിവസം മകൻ കണ്ടുപിടിച്ചു. പിന്നീട് ഭർത്താവും മക്കളും കുടുംബക്കാരും ചേർന്ന് എന്‍റെ ഓർമക്കുറിപ്പുകൾ കോന്തലക്കിസ്സയാക്കി മാറ്റുകയായിരുന്നു.

മുഖ്യ വിനോദം എഴുത്തും കൃഷിയും

എഴുത്തും കൃഷിയുമാണ് മുഖ്യ വിനോദം. പകൽ കൃഷിയും രാത്രി എഴുത്തുമായിരുന്നു അന്ന് ജീവിതം. വീടിനോട് ചേർന്ന് ചെറിയൊരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കളിൽനിന്ന് പകർന്നുകിട്ടിയ കൃഷിപാഠങ്ങൾ സ്വന്തം വീട്ടുവളപ്പിൽ നട്ടുവളർത്തുക വഴി പൊതുവേദി ചേന്ദമംഗല്ലൂരിന്‍റെ മികച്ച ജൈവകർഷകക്കുള്ള പുരസ്കാരങ്ങൾ നിരവധി തവണ ലഭിക്കാൻ സൗഭാഗ്യമുണ്ടായെന്ന് പറയുമ്പോൾ ആമിനയുടെ മുഖം തിളങ്ങി, നിലാവു പോലെ.

അടുത്ത പുസ്തകം

ഒരു പുസ്തകത്തിലൂടെ, ജീവിതത്തിൽ നേരിട്ട വേദനകളെയും തിരിച്ചടികളെയും പോരാടി തോൽപിക്കുകയാണ് ഈ ധീരവനിത. 23 വർഷംകൊണ്ട് ആറു ഡയറികളിലായി എഴുതിയതിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് കോന്തലക്കിസ്സകളായി പുറത്തുവന്നത്.

ഒരു പുസ്തകവുംകൂടി വൈകാതെതന്നെ വായനക്കാരുടെ കൈകളിലെത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ ഉമ്മ.






Tags:    
News Summary - amina umma's ‘konthala kissakal’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.