കെ.ബി. ജയരാജും ഭാര്യ ചാന്ദ്നിയും ചേർത്തലയിലെ ‘ആർമി ഹൗസി’ന് മുന്നിൽ


ആലപ്പുഴ ചേർത്തലയിലെ തണ്ണീർമുക്കം-മുട്ടത്തിപ്പറമ്പ് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇലഞ്ഞാകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. ‘ആർമി ഹൗസ്’ എന്ന ഈ വീട്ടിലെ പട്ടാള ചിട്ടക്കുമുണ്ട് മൂന്ന് തലമുറയുടെ പാരമ്പര്യം.

വലിയ മതിലിൽ തങ്കലിപിയിൽ ആർമി ഹൗസ് എന്നെഴുതിയ ബോർഡിന് മുന്നിൽ എത്തിയാൽ അകത്തേക്ക് പ്രവേശിക്കാൻ യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന ആധുനിക ഗേറ്റ് ചലിച്ചുതുടങ്ങും. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകം.

സൈന്യത്തിൽനിന്ന് കേണലായി വിരമിച്ച കെ.ബി. ജയരാജും ഭാര്യ സൈനിക സ്കൂൾ റിട്ട. പ്രിൻസിപ്പൽ ചാന്ദ്നിയുമാണ് ഇപ്പോൾ ആർമി ഹൗസിലുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കളാൽ മുഖരിതമാണ് വീടകവും. ഇവർക്ക് കിട്ടിയ പാരിതോഷികങ്ങളാണ് അലങ്കാര വസ്തുക്കളിൽ കൂടുതലും.

വൈക്കം സ്വദേശിയായ ജയരാജിന്‍റെ പിതാവും ആർമി ഉദ്യോഗസ്ഥനായിരുന്നു. 1950ൽ വിരമിച്ചശേഷം വിദ്യാഭ്യാസരംഗത്തായിരുന്നു ഇദ്ദേഹത്തിന്‍റെ സേവനം. അമ്മ ഗോമതി അമ്മ സബ് രജിസ്ട്രാറായി വിരമിച്ചു. ഇരുവരും വർഷങ്ങൾക്കുമുമ്പേ മരിച്ചു. ജയരാജിന്‍റെ ഏക മകൻ ജിക്കി ജയരാജ് സൈന്യത്തിൽ മേജറായി സേവനമനുഷ്ഠിക്കുകയാണ്.

ഭാര്യ ചാന്ദ്നി, മകൻ ജിക്കി ജയരാജ്, മരുമകൾ സ്വാതി വർമ എന്നിവർക്കൊപ്പം കെ.ബി. ജയരാജ്


അകവും പുറവും ആർമി

2018ൽ നിർമാണം തുടങ്ങിയത് മുതൽ വീടിന് എന്തു പേരിടണമെന്ന ആലോചനയിലായിരുന്നു ഇരുവരും. പല പേരുകളും മനസ്സിൽ വന്നെങ്കിലും അവസാനം ചാന്ദ്നിതന്നെ കണ്ടുപിടിച്ചു, ‘ആർമി ഹൗസ്’. പേര് കേട്ടപ്പോൾതന്നെ ജയരാജും ഓകെ പറഞ്ഞു.

വീടുപണിയുടെ ഓരോ ഘട്ടത്തിലും അത് എങ്ങനെയായിരിക്കണമെന്ന ബോധ്യം ജയരാജിനുണ്ടായിരുന്നു. കാരണം ഹൈദരാബാദിൽ വർഷങ്ങൾക്കുമുമ്പ് ജയരാജ് ഒരു വീട് പണിതിരുന്നു. അതിന്‍റെ കുറ്റങ്ങളും കുറവുകളും നികത്തിയാണ് പുതിയ വീട് പണിതത്.

ഫുൾ സപ്പോർട്ടുമായി ചാന്ദ്നിയും കൂടെക്കൂടിയതോടെ വിചാരിച്ചതിലും കൂടുതൽ ഭംഗിയാക്കാൻ പറ്റിയെന്ന് ജയരാജ് പറയുന്നു. കളറിങ്ങിലും മിലിറ്ററി ടച്ച് കൊടുത്തതോടെ വീടിനകവും പുറവും മിലിറ്ററി കോട്ടേജായി മാറി.

ചാന്ദ്നിക്ക് സൈനിക സ്കൂളിൽനിന്ന് കിട്ടിയ പുരസ്കാരങ്ങളിലും ജയരാജിന് കിട്ടിയ പുരസ്കാരങ്ങളിലും പാരിതോഷികങ്ങളിലും ചിലത് വീടിനകത്ത് ഷോകേസിൽ വെച്ചു.

ചാന്ദ്നിയുടെ ആവശ്യപ്രകാരം വീടിന്‍റെ വടക്കുകിഴക്ക് ഭാഗത്തെ കിണർ പീരങ്കിയുടെ മാതൃകയിലാക്കി. ക്ഷേത്ര ശിൽപങ്ങൾ നിർമിക്കുന്ന അയൽവാസിയാണ് കിണറിന് ഇരുവശവും വലിയ വീലുകൾ പണിതത്. മുകളിൽ പീരങ്കിക്കുഴലുകളും നിർമിച്ചതോടെ ഒറിജിനലിനെ വെല്ലുന്ന പീരങ്കിയായി.

ഇതിന് സമീപത്തെ കൊടിമരത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകുന്ന പതിവും ഈ കുടുംബം ഇതുവരെ തെറ്റിച്ചിട്ടില്ല.

ഇതുവഴി കടന്നുപോകുന്ന സൈനികരും നേവിക്കാരും മറ്റും വീടിന്‍റെ പേരുകണ്ട് വണ്ടി നിർത്തി വീട്ടിൽ വന്ന് ആശ്ചര്യത്തോടെ ചോദിക്കും, ആർമിയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയാണെന്ന്. ഇത് കേൾക്കുമ്പോൾ ജയരാജിന് വലിയ അഭിമാനം.

ഓർമയിൽ മായാതെ കാർഗിൽ യുദ്ധം

പട്ടാളച്ചിട്ടയിലെ കാഠിന്യവും വീട്ടിലുള്ളവരുടെ ആത്മബന്ധങ്ങളുടെ നിർവികാരതയുമുൾപ്പെടെ വലിയൊരു അധ്യായം തന്നെയുണ്ട് ജയരാജിന് പറയാൻ. 1999ൽ പാകിസ്താനുമായി നടന്ന കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയത് ഇപ്പോഴും മറക്കാൻ പറ്റാത്ത ഒന്നാണ്.

യുദ്ധം തുടങ്ങിയപ്പോൾ വിവരങ്ങൾ നാട്ടിലുള്ള ഭാര്യയും മകനും മാതാപിതാക്കളും മറ്റു ബന്ധുക്കളും പത്രമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സാറ്റലൈറ്റ് ഫോണാണ് നാട്ടിലുള്ളവരെ ബന്ധപ്പെടാനുള്ള മറ്റൊരു മാർഗം. ഫോൺ വിളിക്കാൻ ദിവസങ്ങൾ കാത്തിരിക്കണം. നൂറു സൈനികർക്ക് ഒരു സാറ്റലൈറ്റ് ഫോണാണുള്ളത്. ചില സമയങ്ങളിൽ മാത്രമേ വീട്ടിലേക്ക് വിളിക്കാനാകൂ.

സമുദ്രനിരപ്പിൽനിന്ന് ഉയർന്ന മേഖലയിലാണ് യുദ്ധം നടന്നത്. കൊടും തണുപ്പിനെയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അതിജീവിച്ച കാലഘട്ടം ഇന്നും ജയരാജിന്‍റെ ഓർമയിൽ മായാതെ കിടക്കുന്നു.

ജയരാജും മകൻ ജിക്കിയും


പട്ടാള യൂനിഫോമിലേക്ക് മകനും

1990ലാണ് ചാന്ദ്നിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചത്. മകൻ ജിക്കി ജയരാജിന്‍റെ വിദ്യാഭ‍്യാസം വിവിധ സൈനിക സ്കൂളുകളിലായിരുന്നു. മാതാപിതാക്കളുടെ പാതയിൽ പട്ടാള യൂനിഫോമിനോടായിരുന്നു മകന് താൽപര്യം. അങ്ങനെ സൈന്യത്തിൽതന്നെ ചേർന്നു.

നിലവിൽ മേജറായി സേവനമനുഷ്ഠിക്കുകയാണ്. അവിചാരിതമായി കണ്ടുമുട്ടിയ ഹിമാചൽപ്രദേശ് സ്വദേശി സ്വാതി വർമയെ വിവാഹം കഴിച്ചു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയിലെ ബിസിനസ് ജേണലിസ്റ്റാണ് സ്വാതി വർമ.




Tags:    
News Summary - ‘army house’ at cherthala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.