‘ആദ്യം അവർ എന്നെ അപരിചിതയെപോലെ നോക്കും. അഞ്ചു മിനിറ്റിനുള്ളിൽ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യും’

യാത്രചെയ്യാൻ അത്രയേറെ ഇഷ്ടമുള്ള പെൺകുട്ടി. കുട്ടിക്കാലത്ത് അച്ഛന്റെയും ചേട്ടന്റെയും കൂടെയായിരുന്നു യാത്രയെങ്കിൽ പിന്നീടത് കൂട്ടുകാർക്കൊപ്പമായി. അതും കഴിഞ്ഞായിരുന്നു ഒറ്റക്കുള്ള യാത്രകൾ. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണിപ്പോൾ ഈ മിടുക്കി.

22 രാജ്യങ്ങളാണ് പ്ലാൻ ചെയ്തതെങ്കിലും സാഹചര്യമനുസരിച്ച് കൂടിയേക്കും. പോകുന്നിടത്തെല്ലാം അവരിൽ ഒരാളായി മാറാൻ കഴിയുന്നതുകൊണ്ടാകണം അവിടെയുള്ളവരെല്ലാം അരുണിമയെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നത്. Backpacker_arunima എന്ന സോഷ്യൽ മീഡിയയിലെ യാത്രാ വ്ലോഗുകൾ കണ്ടാലറിയാം എത്ര പെട്ടെന്നാണ് അരുണിമ അവരിലേക്ക് അലിഞ്ഞുചേരുന്നതെന്ന്. ചെല്ലുന്നിടത്തെ ജീവിതങ്ങളിലേക്ക് അരുണിമ ചേർത്തുവെക്കുന്ന കാഴ്ചകളിലെല്ലാം കുട്ടികളുണ്ട്. നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് പറയാതെ പറയുന്ന ചിത്രങ്ങൾ. ഈ അനുഭവങ്ങളും കൂടിയാകുമ്പോഴാണ് അരുണിമയുടെ യാത്രകൾ പൂർണമാകുന്നത്...


യാത്ര, യാത്ര, വീണ്ടും യാത്ര

എന്റെ ജീവിതം തന്നെ യാത്രയാണ്. പ്രഫഷനും പാഷനും എല്ലാം യാത്രയാണ്. പ്ലസ്ടു കഴിഞ്ഞ സമയത്താണ് ഒറ്റക്ക് യാത്രകൾ ചെയ്തുതുടങ്ങിയത്. പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ നീണ്ട യാത്രകളായിരുന്നില്ല അതൊന്നും. എന്നാൽ ഏകദേശം മൂന്നു വർഷമായി യാത്ര മാത്രമേയുള്ളൂ ജീവിതത്തിൽ. ഫുൾ ടൈം യാത്ര തന്നെ, എല്ലാ ദിവസവും യാത്രയാണ്. എമർജൻസി വിസയുൾപ്പെടെ എന്തെങ്കിലും കാര്യമുണ്ടെങ്കിലേ നാട്ടിൽ വരാറുള്ളൂ. അവസാനം നാട്ടിൽ വന്നത് ഏപ്രിലിൽ സഹോദരന്റെ വിവാഹത്തിനാണ്. ജീവിതം ഇങ്ങനെ സന്തോഷത്തോടെ, കൊതിയോടെ ജീവിക്കുന്നതുതന്നെ യാത്ര ചെയ്തുകൊണ്ടാണ്.

ഇത്തിരി ടെൻഷൻ, ഒത്തിരി ത്രിൽ

സൈക്കിളിൽ യാത്ര തുടങ്ങുന്ന സമയത്ത് ആകാംക്ഷയായിരുന്നു മനസ്സിലുണ്ടായിരുന്നത്. സൈക്കിളിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പരിഹരിക്കുന്നത് സംബന്ധിച്ചൊക്കെയുള്ള ടെൻഷൻ. ചില്ലറ മെക്കാനിസമൊക്കെ പഠിച്ചുവെച്ചെങ്കിലും ഉള്ളിൽ ആശങ്കയുണ്ടായിരുന്നു. ആഫ്രിക്കയിൽ എല്ലാ സാധനങ്ങൾക്കും വില കൂടുതലാണെന്നും ആവശ്യമുള്ള പാർട്‌സൊന്നും ലഭിക്കില്ലെന്നുംകൂടി കേട്ടതോടെ ടെൻഷൻ ഒരൽപം കൂടി. എന്നാലും അതെല്ലാം തരണംചെയ്താണ് യാത്ര മുന്നോട്ടുപോയത്. പഞ്ചറും പ്രശ്‌നങ്ങളുമായി പലതവണ പണി കിട്ടിയിട്ടുണ്ട്. ഇത്യോപ്യയിലെത്തിയപ്പോൾ വിമാനത്തിൽവെച്ച്‌ സൈക്കിളിന്റെ ചെയിൻ മിസ്സായി. അത് കിട്ടുമോ എന്നറിയാൻ ഒരു പാട് അലഞ്ഞിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. പിന്നെ അഡ്ജസ്റ്റ് ചെയ്ത് മറ്റൊന്നിട്ട് വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. നേരത്തേ വിയറ്റ്‌നാമിലുള്ളപ്പോൾ സൈക്കിൾ വാടകക്കെടുത്ത് സഞ്ചരിച്ചിട്ടുണ്ട്. അതല്ലാതെ വേൾഡ് ടൂർ എന്ന നിലയിലുള്ള സൈക്കിൾയാത്ര ആദ്യമായാണ്. അതിന്റെ ഒരു ത്രില്ലായിരുന്നു മനസ്സ് നിറയെ.

ഹിച്ച് ഹൈക്കിങ് ടു സൈക്കിൾ

മുന്നിലെത്തുന്ന വാഹനങ്ങളിൽ ലിഫ്റ്റടിച്ചുള്ള ഹിച്ച് ഹൈക്കിങ് രീതിയിലാണ് മുന്നേ യാത്ര ചെയ്തിരുന്നത്. ആദ്യയാത്രകളിലൊക്കെ പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിച്ചു. ബസിലും ട്രെയിനിലെ ജനറൽ കോച്ചുകളിലുമുള്ള യാത്രകളും നന്നായി ആസ്വദിച്ചിട്ടുണ്ട്. ഇങ്ങനെ പല രീതിയിലും യാത്ര പോയിട്ടുണ്ട്. ഇപ്പോഴാണ് സൈക്കിൾ കൂടെ കൂടിയത്. മലപ്പുറത്തുനിന്നായിരുന്നു സൈക്കിൾ ട്രിപ്പിന്റെ തുടക്കം. മുംബൈവരെ സൈക്കിൾ ചവിട്ടി. അവിടെനിന്ന് ഒമാനിലേക്ക് സൈക്കിൾ പാക്ക് ചെയ്ത് അയച്ചു. ഒമാനിൽനിന്ന് സൈക്കിൾ ചവിട്ടി യു.എ.ഇയിലെത്തി മൊത്തം കറങ്ങി.

ഇടക്ക് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ഒരു ബ്രേക്ക് വന്നു. അതിനുശേഷം വിമാനത്തിൽ അസമിലെത്തി. അവിടെനിന്ന് അരുണാചാൽ പ്രദേശ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും. ഈ സമയത്തായിരുന്നു സഹോദരന്റെ കല്യാണം. അങ്ങനെയാണ് ഒരാഴ്ച നാട്ടിലെത്തിയത്. അതുകഴിഞ്ഞ് വീണ്ടും ദുബൈയിലെത്തി. സൗദി, ജോർഡൻ, ഈജിപ്ത്, സുഡാൻ, ഇത്യോപ്യ എന്നിവയായിരുന്നു അടുത്ത പ്ലാൻ. പക്ഷേ, സൗദിയിലെ ചൂടും സുഡാനിലെ ആഭ്യന്തര കലാപങ്ങളും പ്ലാനിൽ മാറ്റം വരുത്തിയതിനാൽ ദുബൈയിൽനിന്ന് വിമാനത്തിൽ നേരെ ഇത്യോപ്യയിലെത്തി. അവിടെനിന്ന് സൈക്കിളിൽ യാത്ര തുടങ്ങി.


ഓർക്കാപ്പുറത്ത് ആഫ്രിക്ക

വിയറ്റ്‌നാം യാത്രക്കിടെയാണ് ആഫ്രിക്ക മനസ്സിലെത്തിയത്. അതിനൊരു കാരണംകൂടിയുണ്ടായിരുന്നു. യുഗാണ്ടയിൽ എനിക്കൊരു സുഹൃത്തുണ്ട്; എപ്പോഴും എന്നെ അങ്ങോട്ടു ക്ഷണിക്കും. സൈക്കിളിൽ സോളോ ട്രിപ് ആ സമയത്ത്‌ മനസ്സിലുണ്ട്. എന്റെ ഒരു ഡ്രീമായി മനസ്സിൽ സൂക്ഷിച്ചുവെച്ചതായിരുന്നു അത്. എവിടെ നടത്തണമെന്ന് ആ നിമിഷംവരെ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

ആയിടക്കാണ് ഏഷ്യൻ രാജ്യങ്ങൾ വിട്ട് ആഫ്രിക്കയിലേക്ക് പോയാലോ എന്ന് തോന്നിയത്. ഉടൻ വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലെത്തി. സൈക്കിൾ ശരിയാക്കാനും മറ്റുമായി ഒരു മാസം ഇവിടെയുണ്ടായിരുന്നു. ശേഷം നേരെ യുഗാണ്ടയിലേക്ക് പോകാതെ ജി.സി.സി കവർചെയ്ത് റോഡ് വഴിതന്നെ ആഫ്രിക്കയിലേക്ക് പോകാനായിരുന്നു പ്ലാൻ. ഏതാണ്ട് ഇരുപതോളം രാജ്യങ്ങൾ വഴി സഞ്ചരിക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയിൽ കാണാൻ ബാക്കിയുണ്ട്

ലോകം ചുറ്റിയടിക്കുന്നെങ്കിലും ഇന്ത്യയിൽ ഞാൻ പോകാത്ത സ്ഥലങ്ങളുണ്ട്. മണിപ്പൂർ, മിസോറം, അന്തമാൻ, ലക്ഷദ്വീപ് ഇതൊക്കെയാണ് ആ ലിസ്റ്റിലുള്ളത്. ബാക്കി ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും അവിടെയുള്ള ഒട്ടേറെ ഗ്രാമങ്ങളിലും പോയിട്ടുണ്ട്. ഒരുപാട് സമയമെടുത്ത് യാത്രചെയ്തതും ഇന്ത്യയിൽ തന്നെയാണ്.

ഓൾ ഇന്ത്യ ട്രിപ്പിൽ ആദ്യം നേപ്പാളിലേക്കാണ് പോയത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് അടുത്ത യാത്ര തായ്‌ലൻഡിൽനിന്ന് തുടങ്ങിയത്. അവിടെനിന്ന് കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, ഒമാൻ, യു.എ.ഇ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഇത്യോപ്യ, കെനിയ, യുഗാണ്ട എന്നീ രാജ്യങ്ങളിലേക്കും. യുഗാണ്ട ഞാനെത്തുന്ന പതിമൂന്നാമത്തെ രാജ്യമാണ്. ഭൂപ്രകൃതികൊണ്ട് എന്നെ വിസ്മയിപ്പിച്ചിട്ടുള്ള രാജ്യം ഇത്യോപ്യയാണ്.

ഓരോ സ്ഥലത്തും ഓരോ അനുഭവം

ഓരോ സ്ഥലത്തും ഓരോ അനുഭവമാണ്. കൂടുതൽ വിദ്യാസമ്പന്നരായി തോന്നിയിട്ടുള്ളത് ഇന്ത്യയും സംസ്ഥാനങ്ങളിൽ കേരളവുമാണ്. അതേപോലെ ചില സാഹചര്യങ്ങളിൽ ഒരുപാട് കാര്യങ്ങളിൽ നമ്മൾ പിറകിലാണെന്നും തോന്നിയിട്ടുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹചര്യം വള​രെ സങ്കടകരമാണ്. അടിസ്ഥാന സൗകര്യംപോലും ഇല്ലാതെ ദുരിതത്തിൽ കഴിയുന്ന എത്രയെത്ര ഗ്രാമങ്ങൾ. ഒറ്റക്ക് യാത്രചെയ്യുമ്പോൾ മാത്രം കിട്ടുന്ന പ്രത്യേക അനുഭൂതിയുണ്ട്. യാത്രയിലുടനീളം ആളുകൾ അവരുടെ വീടുകളിലേക്കും കുടുംബത്തിലേക്കും ക്ഷണിക്കുന്നത് ഒരു പെൺകുട്ടി ഒറ്റക്ക് യാത്ര ചെയ്യുന്നതുകൊണ്ടുകൂടിയാണ്.

ഇരട്ടി രുചിയുള്ള ഇൻജേറയും ബീഫും

ഓരോ നിമിഷവും പുതിയതാണ്. പുതിയ ആളുകൾ, കാഴ്ചകൾ, ഭക്ഷണം, വസ്ത്രം... അങ്ങനെ എല്ലാം തൊട്ടും അനുഭവിച്ചുമാണ് യാത്ര. എങ്കിലും ഇത്യോപ്യൻ യാത്രക്കിടെയുണ്ടായ ഒരനുഭവം മനസ്സിൽ തട്ടിയിരുന്നു. പ്രാതൽ കഴിച്ചശേഷമായിരുന്നു അന്ന് യാത്ര തുടങ്ങിയത്. കുറെ ദൂരം മുന്നോട്ടുപോയെങ്കിലും ഭക്ഷണം കിട്ടുന്ന കടകളൊന്നും ഇല്ല. കുറെക്കൂടി മുന്നോട്ടുപോയി. വൈകീട്ട് അഞ്ചായപ്പോഴേക്കും തുടർച്ചയായി സൈക്കിൾ ചവിട്ടിയതിനാൽ ക്ഷീണവും വിശപ്പുംകൊണ്ട് തളർന്നു. മൂന്നു നാലു വീടുകൾ മാത്രമുള്ള ചെറിയ ഒരു ഗ്രാമത്തിലാണ് എത്തിയത്. അവർക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ആംഗ്യഭാഷയിൽ ഭക്ഷണം തരുമോ എന്ന് ചോദിച്ചെങ്കിലും തന്നില്ല. അതിന്റെ തൊട്ടടുത്ത് പൂക്കളൊക്കെ കൃഷി ചെയ്യുന്ന ഒരു ഫാം ഹൗസ് ഉണ്ട്. അവിടെയുള്ള ഒരാൾ എന്റെയടുത്ത് വന്ന് കാര്യം തിരക്കി. അയാൾക്ക് ഇംഗ്ലീഷ് അറിയാം. കാര്യം പറഞ്ഞതോടെ അയാളും കൂട്ടുകാരും ഭക്ഷണം തന്നു. നമ്മുടെ ചോറിനുപകരമുള്ള അവിടത്തെ പ്രധാന വിഭവമായിരുന്ന ഇൻജേറയായിരുന്നു അത്. നമ്മുടെ നാട്ടിലെ പുളിച്ച ദോശ പോലെയുള്ള ഭക്ഷണമാണ്. മസാലപോലെ ചേർത്തുകഴിക്കാൻ ഒരു പൊടിയും തന്നു. വിശപ്പുള്ളതുകൊണ്ട് ഇരട്ടി രുചി തോന്നി.

നന്ദി പറഞ്ഞ് പോകാൻ ഇറങ്ങുമ്പോഴാണ് വഴിയിൽ താമസിക്കാനുള്ള സ്ഥലങ്ങളൊന്നും ഇല്ലെന്ന കാര്യം അയാൾ പറഞ്ഞത്. ഞാൻ മുറി എടുക്കാറില്ലെന്നും ടെന്റടിച്ച് ഏതെങ്കിലും ഗ്രാമത്തിൽ കഴിയുകയാണ് പതിവെന്നും പറഞ്ഞപ്പോൾ 30 കിലോമീറ്റർ അകലെയാണ് അടുത്ത ഗ്രാമമെന്നും പറഞ്ഞ അയാൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഫാം ഹൗസിനകത്ത് ക്വാർട്ടേഴ്സിലാണ് അയാളും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബം താമസിക്കുന്നത്. രാത്രി ഇൻജേറക്കൊപ്പം അധികം വേവിക്കാത്ത ബീഫും തന്നു. നാട്ടിലൊക്കെ ബീഫ് നന്നായി വേവിക്കുമെന്ന് അവരോട് പറഞ്ഞു. വിശപ്പില്ലെന്ന് പറഞ്ഞതോടെ വേവാത്ത ഇറച്ചി കഴിക്കാനുള്ള എന്‍റെ പ്രയാസം അവർക്ക് എളുപ്പം മനസ്സിലായി. പെട്ടെന്നുതന്നെ എനിക്കായി ബീഫ് പാകം ചെയ്തുതന്നു. മസാലകളൊന്നും ചേർക്കാതെ അൽപം ഉപ്പുമാത്രമേ ചേർത്തുള്ളൂ. കിടക്കാൻ മുറിയും കുളിക്കാനുള്ള സൗകര്യവും എല്ലാം ചെയ്തുതന്നു, മടങ്ങുമ്പോൾ യാത്രക്ക് ഉപകാരപ്പെടുന്ന കുറെയധികം വിവരങ്ങളും. ഇങ്ങനെ എത്രയെത്ര അനുഭവങ്ങളും മനുഷ്യരും...

ഇല്ലായ്മയുണ്ട് പക്ഷേ, സ്‌നേഹത്തിന് കുറവില്ല

ഇവിടെ വൃത്തിയുള്ള വെള്ളം കിട്ടാൻപോലും പ്രയാസമുള്ള സ്ഥലങ്ങളുണ്ട്. ഇത്യോപ്യയിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതലുള്ളതും അനുഭവിച്ചതും. ചളിവെള്ളം ഉപയോഗിച്ചാണ് അവർ ഭക്ഷണം തയാറാക്കുന്നതും കഴിക്കുന്നതുമെല്ലാം. അതെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്. ചളിവെള്ളം കുടിച്ചിട്ടുണ്ട്. അവരുടെ ജീവിതം എന്താണ് എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ഇല്ലായ്മയിലും അവർക്ക് സ്‌നേഹത്തിന് കുറവൊന്നുമില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് അവർക്കറിയാം. ഇങ്ങനെ മോശം സാഹചര്യങ്ങളിൽ ജനിച്ച്, ജീവിച്ച്, മരിക്കേണ്ടിവരുന്ന മനുഷ്യരുണ്ട് ഭൂമിയിൽ എന്നത് എന്തൊരു പ്രയാസമാണ്. ഈ കാഴ്ചകളൊക്കെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ വ്യക്തിപരമായ മോശം അനുഭവങ്ങളൊന്നുമില്ല. സന്തോഷം തരുന്ന അനുഭവങ്ങളാണേറെയും. സൈക്കിളിന് തകരാർ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുപോലും ഞാൻ ആസ്വദിക്കുന്നുണ്ട്. കാരണം ആ അനുഭവങ്ങളും കൂടി ചേരുമ്പോഴാണല്ലോ എന്റെ യാത്ര പൂർണമാകുന്നത്.

സ്‌നേഹത്തോടെ അവർ വീട്ടിലേക്ക് വിളിച്ചു

എന്‍റേത് പൊതുവെ ബജറ്റ് യാത്രയാണ്. യാത്രയുടെ ചെലവ് പരമാവധി അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോകും. ഓരോ ദിവസവും വൈകീട്ട് എത്തുന്ന ഗ്രാമത്തിലാണ് തങ്ങുന്നത്. ഏത് ഗ്രാമമായാലും സൈക്കിളുമായി എന്നെ കാണുമ്പോൾ കുട്ടികളും മുതിർന്നവരും ഓടിവരും. ‘ഒരു അന്യഗ്രഹജീവിയെ കണ്ട അതിശയമായിരിക്കും അവരുടെ മുഖത്തുണ്ടാകുക’. അറിയാവുന്ന ഇംഗ്ലീഷിൽ അവർ സംസാരിക്കും. ടെന്‍റടിച്ചാണ് ഉറക്കം എന്നറിഞ്ഞാൽ അത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് അവരിൽ പലരും സ്നേഹത്തോടെ അന്തിയുറങ്ങാൻ വീട്ടിലേക്ക് ക്ഷണിക്കും.

ഈ അഭിമുഖം നൽകുമ്പോൾ ഞാൻ യുഗാണ്ടയിലെ കറമോജ എന്ന ഗ്രാമത്തിലാണുള്ളത്. വൈദ്യുതിയും സോളാറുമില്ലാത്ത ഗ്രാമമാണ്. ട്രൈബൽ മേഖല ആയതുകൊണ്ട് ടെന്റടിച്ച് കിടക്കൽ അത്ര സുരക്ഷിതമല്ലായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ടവരോട് താമസിക്കാൻ ഇടം ചോദിച്ചപ്പോൾ സ്നേഹത്തോടെ പതിവുപോലെ അവർ വീട്ടിലേക്ക് ക്ഷണിച്ചു.


മിസ്സ് ചെയ്യുന്ന ഭക്ഷണം

പുതിയ കാര്യങ്ങൾ പഠിക്കുന്നതും മനസ്സിലാക്കുന്നതുമാണ് യാത്രയിലെ മറ്റു സന്തോഷങ്ങൾ. ഇഷ്ടപ്പെട്ട കുറെയധികം ആഹാരം മിസ്സ് ചെയ്യാറുണ്ട്. ഇഷ്ടമുള്ള സാധനങ്ങൾ അപ്രതീക്ഷിതമായി കിട്ടുന്നത് വലിയ സന്തോഷമാണ്. ഇവിടത്തെ ചക്കക്ക് നാട്ടിൽപോലും കിട്ടാത്ത മധുരവും രുചിയുമാണ്. ശുദ്ധമായ ഓർഗാനിക് പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊരു പ്രത്യേകത. ആഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് വരുമ്പോഴും മിസ്സ് ചെയ്യുന്നതിന്‍റെ കൂട്ടത്തിൽ ഇതുമുണ്ടാവും. ഇവിടെ നഗരങ്ങളിലെത്തുമ്പോൾ മലയാളികളെ കാണാറുണ്ട്. എന്താണ് കഴിക്കാൻ ആഗ്രഹമെന്ന് അവർ ഉറപ്പായും ചോദിക്കും. ഞാൻ പുട്ട്, മീൻ കറി എന്നൊക്കെ പറയും. അതൊക്കെ അവർ ഉണ്ടാക്കിയും തരും.

കൂടെ കൂടുന്ന കുട്ടികൾ

ആഫ്രിക്കൻ ഗ്രാമങ്ങളിൽ കണ്ടുമുട്ടുന്ന ചില കുട്ടികൾ കാമറയും ഫോണും കാണുമ്പോൾ ഓടിക്കളയും. വ്ലോഗ് ചെയ്യുമ്പോൾ എന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ പേടി തോന്നാറുണ്ട്. ഇംഗ്ലീഷാണെങ്കിൽ അത്ര കുഴപ്പമില്ല. ഫോട്ടോയും വിഡിയോയും എടുക്കൂ എന്നൊക്കെ പറയും. അവരുടെ സന്തോഷം കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്. ആദ്യം അവർ എന്നെ അപരിചിതയെപോലെ നോക്കും. അഞ്ചു മിനിറ്റിനുള്ളിൽ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യും. അതൊക്കെ മറ്റെന്തൊക്കെ ചെയ്താലും കിട്ടാത്ത കാര്യങ്ങളാണ്.

അവസാന ശ്വാസംവരെ ജീവിതം പുതുക്കപ്പെടണം

ആയുഷ്കാലം മുഴുവൻ യാത്ര ചെയ്തു ജീവിക്കണമെന്നാണ് ആഗ്രഹം. യുഗാണ്ടയിൽനിന്ന് റുവാണ്ട, ബുറുണ്ടി, താൻസനിയ, മലാവി, മൊസാംബീക്, സാംബിയ, അംഗോള, ബൊട്‌സ്വാന, നമീബിയ, സിംബാബ്‌വെ, ലസൂട്ടു, എസ്‌വതീനി, സൗത്ത് ആഫ്രിക്ക... പിന്നെ കടലാണ്. തിരിച്ച് ദുബൈലേക്കോ ഇന്ത്യയിലേക്കോ വന്ന് വിസ എടുത്ത് വീണ്ടും യാത്ര ചെയ്യണം.

ചേട്ടൻ ആസ്‌ട്രേലിയയിലാണ്. അങ്ങോട്ട് പോകാനാണ് ആഗ്രഹം. അടുത്ത ഭൂഖണ്ഡത്തിലേക്ക് അങ്ങനെ കടക്കും, പിന്നെ സൗത്ത് അമേരിക്കയാണ് പ്ലാൻ. അപ്പോഴേക്കും എന്റെ യൂട്യൂബ് വളരുകയാണെങ്കിൽ ഉപകാരപ്പെടും. അല്ലെങ്കിൽ മറ്റു സ്‌പോൺസർഷിപ് തേടേണ്ടിവരും. എന്തായാലും വിസ, ഫ്ലൈറ്റ് ചാർജ് കണ്ടെത്തണം. താമസം, മറ്റു ചെലവുകൾ എനിക്ക് മാനേജ് ചെയ്യാൻകഴിയും എന്ന ഉറപ്പുണ്ട്. ആ ഉറപ്പാണ് എന്‍റെ യാത്രകളെ മുന്നോട്ട് നയിക്കുന്നത്. യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് യാത്രക്ക് കൂടുതലായി ഉപയോഗിക്കുന്നത്. മണി മാനേജ്‌മെന്റ് നന്നായി അറിയാം. ചിലപ്പോൾ കടം വാങ്ങാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രമോഷൻ ചെയ്യാറുണ്ട്. അതിൽ നിന്നുള്ള വരുമാനവും യാത്രക്ക് ഉപയോഗിക്കും.

ഭാഷ ഒരിടത്തും പ്രശ്‌നമായില്ല

ഭാഷ ഒരിടത്തും പ്രശ്‌നമായില്ല. ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലും ഭാഷ പ്രശ്നമായിട്ടില്ല. ഇവിടെ ഒരു ഗ്രാമത്തിൽ ചെന്നാൽ ഒരാളെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കും. യുഗാണ്ടയിൽ കുട്ടികൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും, അവർ സ്‌കൂളിൽ പോകുന്നുണ്ട്. ചിലപ്പോൾ ഞാൻ സഹായത്തിനായി ഗൂഗ്ൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ചും വോയ്‌സ് കേൾപ്പിച്ചും കാര്യങ്ങൾ മനസ്സിലാക്കും.

ഇന്‍റർനെറ്റ് കവറേജ് പലപ്പോഴും കുറവായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഈ മാർഗം പറ്റില്ല. മിക്ക സമയത്തും ആംഗ്യം തന്നെയാണ് പ്രധാന ഭാഷ. എവിടെ നിന്നും വന്നു, എങ്ങോട്ട് പോകുന്നു, ഉറങ്ങാറായോ, ഭക്ഷണം എടുക്കട്ടെ ഇതാക്കെയാണ് ആംഗ്യസംസാരങ്ങൾ. ഭാഷ അറിയാത്തതും യാത്രകളെ രസകരമാക്കുന്നുണ്ട്.

കൂടെ നിന്ന സോഷ്യൽ മീഡിയ

പല രാജ്യങ്ങളിലെ മലയാളികളും അല്ലാത്തവരുമെല്ലാം ഞാനുമായി കണക്ടായിരിക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. നാട്ടിലുള്ള ഒന്നു രണ്ട് കൂട്ടുകാരും വീട്ടുകാരും കൂടാത ഇന്നെനിക്കുള്ള സുഹൃത്തുക്കളെ മുഴുവൻ കിട്ടിയത് ഇവിടെ നിന്നാണ്. എത്രയോ വർഷമായി അറിയുന്ന പോലെയാണ് അവരെല്ലാം. വിഡിയോ കോളിലൂടെ മാത്രം വർഷങ്ങളായി സുഹൃത്തുക്കളായിരിക്കുന്നവരുണ്ട്. അവർ ഇന്ത്യയിൽ വരുമ്പോഴായിരിക്കും ഞാൻ കാണുന്നത് തന്നെ. പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും ഒരു മെസേജ് ഇട്ടാൽ സാധിക്കാറുണ്ട്.

അവനവന്റെ സന്തോഷം കണ്ടെത്തണം

പൈസയുടെ മൂല്യം ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞതും യാത്രയിലാണ്. അവർ കൂടെ താമസിപ്പിക്കുന്നതും ഭക്ഷണം തരുന്നതും പൈസ പ്രതീക്ഷിച്ചല്ല. കലർപ്പില്ലാത്ത സ്‌നേഹമാണ് അങ്ങനെ ചെയ്യിക്കുന്നത്. അതും ഉള്ളിൽ നിന്നും വരുന്ന സ്‌നേഹമാണ്. പണ്ടുള്ള എന്റെ ചിന്തയും ഇപ്പോഴുള്ളതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഏവിയേഷൻ ആണ് ഞാൻ പഠിച്ചത്. കാബിൻ ക്രൂ കോഴ്‌സാണ് ചെയ്തത്. ആ ജോലിയും ഇതും യാത്ര തന്നെയാണ്. പക്ഷേ, ഇവിടെ കുറെ ആളുകളിലേക്കാണ് ഞാൻ ഇറങ്ങിച്ചെല്ലുന്നത്.

പിന്നെ, എങ്ങനെ ജീവിക്കണമെന്നത് എന്റെ മാത്രം തീരുമാനമാണ്. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് തോന്നാറുണ്ട്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക, മറ്റുള്ളവരെ പറ്റുന്നപോലെ സഹായിക്കുക, അവരെ ഉപദ്രവിക്കാതിരിക്കുക എന്നിവയൊക്കെയാണ് എന്റെ ലൈഫ് പോളിസി. യാത്രയിലൂടെ ഞാൻ പഠിച്ചതാണ് ഇതൊക്കെ. ആരെങ്കിലും എന്റെ യാത്രകണ്ട് ആ വഴിയിൽ പോകുകയാണെങ്കിൽ അത്രയും സന്തോഷം.

Tags:    
News Summary - Backpacker Arunima travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.