രാജ്യാതിർത്തിക്കും അറബിക്കടലിനും പിരിക്കാനാവാത്ത അപൂർവ സൗഹൃദത്തിന്‍റെ കഥയാണ് മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ലക്കും സിദ്ദീഖിനും പറയാനുള്ളത്. കാലമെത്ര കഴിഞ്ഞാലും സുഹൃദ്ബന്ധം ഊട്ടിയുറപ്പിക്കുന്ന ഇരു ദേശക്കാരുടെ ഇഴപിരിയാത്ത ബന്ധത്തിന്‍റെ കഥ.
മൺസൂണിൽ മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ലയുടെ അത്തറിൻ സുഗന്ധം പൊന്നാനിയിൽ സിദ്ദീഖിന്‍റെ വീട്ടുമുറ്റത്ത് പരക്കും.
അപൂർവ സൗഹൃദത്തിന്‍റെ നനവുള്ള ഓർമകൾ
30 വര്‍ഷത്തിന്‍റെ ആഴമുണ്ട് സിദ്ദീഖിന്‍റെയും മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ലയുടെയും സൗഹൃദത്തിന്. ഖത്തറില്‍നിന്നുള്ള പരിചയം. ഖത്തറില്‍ പൊലീസുകാരനായിരുന്നു അബ്ദുല്ല.
ഒരു ക്ലബില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആ സൗഹൃദമാണ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രിയ കൂട്ടകാരനെത്തേടി മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ല പൊന്നാനിയിലെത്തുന്നതിന് പിന്നിലെ രഹസ്യം.
ഖത്തറില്‍നിന്ന് ഇരുവരും പിരിയുമ്പോൾ എല്ലാ വർഷവും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്താമെന്ന് മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ല, സിദ്ദീഖിന് നൽകിയ വാക്ക് അദ്ദേഹം ഇതുവരെ തെറ്റിച്ചിട്ടില്ല. നാട്ടുകാർക്കും ഇത് അതിശയമാണ്.
സിദ്ദീഖിന്‍റെ അഞ്ച് മക്കളിൽ മൂന്നുപേരും അദ്ദേഹം ജോലി ചെയ്തിരുന്ന പൊലീസ് ഹോഴ്സ് ക്ലബിലെ ജീവനക്കാരാണ്. മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ലയുടെ മൂന്ന് മക്കളും വിവിധ സർക്കാർ വകുപ്പുകളിലും ബാങ്കിലും ജീവനക്കാരാണ്.
കേരളത്തിന്‍റെ മഴ നനയാൻ
കേരളത്തിന്‍റെ മഴക്കാല സൗന്ദര്യത്തിന്‍റെ വിവരണം കൂട്ടുകാരനിൽനിന്ന് കേട്ടറിഞ്ഞ മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ല കേരളത്തിന്‍റെ മഴ നനയാൻ എത്തിയതോടെ മൺസൂൺ കുളിരും സൗന്ദര്യവും ഹൃദയത്തിലേറ്റി.
ഓരോ മൺസൂൺ എത്തുമ്പോഴും കൂട്ടുകാരനൊപ്പം മഴ കണ്ട് സുലൈമാനിയും കുടിച്ചിരിക്കുന്ന തനിനാടൻ മലയാളിയായി മുഹമ്മദ് മഹ്‌മൂദ് അല്‍ അബ്ദുല്ല മാറി.
പെരുമഴയത്ത് ട്രാക് സ്യൂട്ടുമണിഞ്ഞ് പുറത്തെ വാര്‍പ്പു കസേരയില്‍ മഴനനഞ്ഞങ്ങനെ ഇരിക്കും. ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളേറ്റ് കുടചൂടി സ്വന്തം നാട്ടിലെന്നപോലെ പൊന്നാനിയുടെ നാട്ടിടവഴികളിലൂടെ ആ ഖത്തർകാരൻ നടക്കും. സഹയാത്രികനായി സിദ്ദീഖും.
കുട്ടികളുടെ മിഠായി അറബി
തന്‍റെ ചില അവശ്യവസ്തുക്കൾ ഒഴിച്ചാൽ കൊണ്ടുവരുന്ന ലഗേജില്‍ വിവിധതരം മിഠായികളാണ്. സ്‌കൂള്‍ കഴിഞ്ഞെത്തുന്ന കുട്ടികള്‍ സിദ്ദീഖിന്‍റെ ഗുലാബ് സ്റ്റോറെന്ന കൊച്ചു കടക്കുമുന്നില്‍ വരിനില്‍ക്കും.
മിഠായി സഞ്ചിയുമേന്തി മുഹമ്മദ് അവർക്കൊപ്പം കൂടും. അതു മാത്രമല്ല, അതിരാവിലെ ഇറച്ചിക്കടയില്‍ ചെന്ന് മൂന്നുനാല് കിലോ ബീഫ് വാങ്ങി തെരുവുനായ്ക്കള്‍ക്ക് നല്‍കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കും.
അതെല്ലാം കഴിഞ്ഞ് വൈകുന്നേരമാകുമ്പോള്‍ ഗുലാബ് നഗറിലെത്തും. സിദ്ദീഖിന്‍റെ കൂടെ കുറെനേരമിരിക്കും. കാണുന്നവരോടൊക്കെ അറബിയില്‍ സംസാരിക്കും, ചിരിക്കും, സൗഹൃദം പങ്കിടും. സ്വന്തം നാട്ടില്‍ വന്നപോലെ പെരുമാറും... വീണ്ടും കാണാമെന്നുപറഞ്ഞ് അങ്ങനെ അയാള്‍ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.