ലോകത്തിന്റെ നെറുകയിേലക്ക് സംഗീതത്തൂവൽ മിനുക്കി പറക്കാൻ കൊതിക്കുന്ന ഒരു കൊച്ചു കലാകാരിയുണ്ട് നമുക്ക്. ദൂരെയേതോ മഴവിൽ ചീന്തിൽ ഉയരെയൊരു സ്വപ്നതീരമുണ്ടെന്ന് ഒരു താരാട്ടുപാട്ടിൽ കേട്ട സംഗീതഹൃദയം. സ്വപ്നങ്ങൾ പൂക്കുന്ന ചില്ലയിലിരുന്ന് സംഗീതത്തിന്റെ അമ്പിളിവട്ടം കൊതിക്കുന്ന പാട്ടുകാരി.
ഇന്ത്യൻ സംഗീതം ലോകത്ത് അടയാളപ്പെടുത്താൻ വെമ്പുന്ന കലാകാരി. പതിനഞ്ചു സംവത്സരങ്ങൾക്കുമുമ്പ് കേരളതീരം വിട്ട് ആസ്ട്രേലിയയിലെ മെൽബണിൽ ജീവിതം തുഴയുന്ന അനൂപ് ദിവാകരന്റെയും ദിവ്യ രവീന്ദ്രന്റെയും മകൾ ജാനകി ഈശ്വർ വിവിധ വിശ്വവേദികളിൽ തിളങ്ങുകയാണ്.
സ്വന്തം രചനക്ക് സംഗീതം നൽകി പാടുന്നതിനുപുറമെ വിവിധ ഭാഷകളിലുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ സ്വന്തം യൂട്യൂബ് ചാനല്‍ വഴിയും ലോകത്തിനുമുന്നില്‍ എത്തിച്ച് കൈയടി നേടുന്നു. 'ദ വോയ്സ് ആസ്ട്രേലിയ' റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ ഞെട്ടിച്ചുള്ള ജാനകിയുടെ മാസ് എൻട്രി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും സംഗീതം അവതരിപ്പിച്ച ജാനകി തന്‍റെ പുതിയ വിശേഷങ്ങളുടെ പാട്ടുപെട്ടി തുറക്കുകയാണ്.
സംഗീതവഴിയിൽ
2009ൽ മെൽബണിലാണ് ജനിച്ചുവളർന്നത്. അഞ്ചാം വയസ്സിൽ ശോഭ ടീച്ചറുടെ ശിഷ്യയായി കലാഗതി സ്കൂൾ ഓഫ് മ്യൂസിക്കിൽ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. ആസ്ട്രേലിയയിൽ ജനിച്ചുവളർന്നതിനാൽ പാശ്ചാത്യ സംഗീതമായിരുന്നു ഏറെ ഇഷ്ടം. മെൽബൺ എൽഥം ഹൈസ്കൂളിലെ ക്ലാസ് മുറിയിലേക്ക് പുട്ടും കടലയും കർണാടക സംഗീതവുമായി പോവുന്ന കൊച്ചുജാനകി, കൂട്ടുകാരിൽനിന്ന് പാശ്ചാത്യ സംഗീതം പഠിച്ച് മാതാപിതാക്കൾക്കുമുന്നിൽ പാടാൻ തിടുക്കംകൂട്ടിയപ്പോൾ അവളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് ആ വഴി കൈപിടിച്ചുനടത്താൻ അവർ മടിച്ചില്ല. എട്ടാം വയസ്സിൽ പാശ്ചാത്യസംഗീതം അഭ്യസിച്ചുതുടങ്ങി. ഗായകനും പരിശീലകനുമായ ഡേവിഡ് ജാൻസ് ആയിരുന്നു മെന്ററും കോച്ചും.
ആസ്ട്രേലിയൻ പാട്ടുകാരിയും ഗാനരചയിതാവും സിനിമാതാരവുമായ ജെസിക മൗബോയിയും അവളുടെ പ്രതിഭയെ രാകിമിനുക്കുന്നതിൽ ഒപ്പമുണ്ട്. പഠനം ജാൻസ് ഇന്റർനാഷനൽ സിങ്ങിങ് സ്കൂളിൽ. തന്റെ സംഗീത ജീവിതത്തിന് വഴിത്തിരിവായത് ഈ സ്കൂളും മാസ്റ്റർ കോച്ച് ഡേവിഡ് ജാൻസുമാണെന്ന് ജാനകി ആദരപൂർവം പറഞ്ഞുവെക്കുന്നു.
ആസ്ട്രേലിയൻ സംഗീത റിയാലിറ്റി ഷോയായ ‘ദ വോയ്സ് ഓഫ് ആസ്ട്രേലിയ’യുടെ ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞത് കോച്ചായിരുന്നു. അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ പ്രായം പതിനാല് ആയിരുന്ന മത്സരത്തിൽ ഒരു പന്ത്രണ്ടുകാരിക്ക് എങ്ങനെ പങ്കെടുക്കാൻ സാധിക്കുമെന്നു സംശയിച്ചുനിന്നപ്പോൾ തിരസ്കരിക്കപ്പെട്ടേക്കാം; പക്ഷേ, അപേക്ഷിക്കൂ എന്ന് നിർബന്ധിച്ചത് ജീവിതത്തിന്റെ വഴിമാറ്റി ഒഴുക്കുകയായിരുന്നു.
വഴിത്തിരിവായി ‘ദ വോയ്സ്’
പന്ത്രണ്ടാം വയസ്സിൽ വിശ്വപ്രസിദ്ധ സംഗീത റിയാലിറ്റി ഷോയായ ‘ദ വോയ്സ് ഓഫ് ആസ്ട്രേലിയ’യുടെ പത്താം സീസണിൽ പങ്കാളിയായി. അസാധാരണ വൈഭവത്തോടെ ഗാനം ആലപിച്ച് ആഗോളശ്രദ്ധ നേടി. ബ്ലൈൻഡ് ഒാഡിഷനിൽ ഗ്രാമി ജേതാവ് ബില്ലി എലിഷിന്റെ ‘ലവ്‍ലി’യിലെ ‘തോട്ട് ഐ ഫൗണ്ട് എ വേ’ എന്ന ഗാനം പാടി ഏവരുടെയും ഹൃദയം കവർന്നു. ഒരു ഇന്ത്യൻഗാനം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഖമാസ് രാഗത്തിലെ ‘മാതേ മലയധ്വജ’ എന്ന കർണാടക സംഗീതം ആലപിച്ച് അക്ഷരാർഥത്തിൽ ജഡ്ജസിനെയും ആരാധകരെയും അത്ഭുതപ്പെടുത്തി.
ലോകപ്രശസ്ത ഗായകരായ കെയ്ത് അർബൻ, റിത ഓറ, ജെസിക മൗബോയി, ഗ്വേ സെബാസ്റ്റ്യൻ എന്നീ വിധികർത്താക്കളെ ആശ്ചര്യക്കൊടുമുടി കയറ്റിയാണ് മത്സരാർഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. അവർ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ജാനകിയുടെ ഗാനം സ്വീകരിച്ചത്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യൻ വംശജയുമായിരുന്നു അവൾ.
ഇത് ഇന്ത്യൻ സംഗീതത്തിന്റെ കരുത്ത് അവളെ ബോധ്യപ്പെടുത്തുകയും ആ സംഗീതധാരയെ തന്നോട് ചേർത്തുവെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഗീതഷോയിൽ അമ്മ ഡിസൈൻ ചെയ്ത കേരളീയ മുണ്ട് ധരിച്ച് പങ്കെടുത്ത് നമ്മുടെ നാടിന്റെ പൈതൃകത്തെ അടയാളപ്പെടുത്താനും അവൾ മറന്നില്ല.
സ്പോർട്സിൽ പാട്ടിന്റെ കൈയൊപ്പ്
സംഗീതലോകത്തെ മികവിനുള്ള മറ്റൊരു അംഗീകാരമായിരുന്നു 2022ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ സമാപനവേദിയിൽ നടന്ന സംഗീതവിരുന്ന്. ഒരു ലക്ഷത്തോളം വരുന്ന കാണികൾക്കുമുന്നിൽ പാടാൻ ലഭിച്ച അവസരം.
ഈ മത്സരത്തിന്റെ സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിൽ പാകിസ്താൻ-ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യയുടെ സാന്നിധ്യമായി ജാനകി ഈശ്വർ ശ്രദ്ധനേടി. മെൽബൺ സ്റ്റേഡിയത്തിൽ ആസ്ട്രേലിയൻ ഐതിഹാസിക റോക്ക് ബാൻഡായ ‘ഐസ് ഹൗസി’ന് ഒപ്പമാണ് ജാനകി പാടിയത്. ഈ വേദിയിൽ സിംബാബ്വെയിൽ ജനിച്ച ആസ്ട്രേലിയൻ പാട്ടുകാരി താൻഡോ സിക് വിലിന്റെ കൂടെ പാടാൻ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി ജാനകി ചേർത്തുവെക്കുന്നു.
ഖത്തർ ഫിഫ ലോകകപ്പ് ഫുട്ബാൾ 2022ന്റെ ആവേശം കേരളക്കരയിൽ അലയടിച്ചപ്പോൾ ഒരു മ്യൂസിക്കൽ ആൽബത്തിലൂടെ ഫുട്ബാൾ പോരാട്ടത്തിന്റെ ഉണർവ് മലയാളികൾക്ക് പങ്കുെവക്കാനും ജാനകിയുടെ സാന്നിധ്യമുണ്ടായി. ക്രസന്റ് നിർമിച്ച് സ്റ്റോറിബോക്സ് പ്രൊഡക്ഷൻ ചിത്രീകരിച്ച, ധനുഷ് പുറവങ്കരയും സവാദ് സി.പിയും ഗാനരചനയും സംഗീതവും നൽകിയ ‘തൗസൻഡ് മൈൽസ് അപ്’ എന്ന ആൽബത്തിൽ പാടി അഭിനയിച്ചത് ജാനകിയായിരുന്നു.
പാഷനും പ്രഫഷനും
പാട്ടെഴുത്തും ഗാനാലാപനവുമാണ് ജാനകിയുടെ വലിയ പാഷൻ. ഇതുതന്നെ പ്രഫഷൻ ആക്കാനാണ് ആഗ്രഹം. യാത്രയും നൃത്തവും മോഡലിങ്ങും ഇഷ്ടവിനോദമായി കൂടെത്തന്നെയുണ്ട്. ഗിത്താർ, വയലിൻ എന്നിവയും അഭ്യസിക്കുന്നു. ഗിത്താർ വായിക്കാനാണ് കൂടുതൽ ഇഷ്ടം. ‘ക്ലൗൺ’ എന്ന പേരിൽ ആദ്യ ഇംഗ്ലീഷ് സ്വതന്ത്രഗാനം പുറത്തിറക്കി.
ഈ ഗാനം പുറത്തിറങ്ങിയശേഷം അന്താരാഷ്ട്ര പാട്ടെഴുത്ത് മത്സരത്തിന്റെ ഫൈനലിലേക്ക് സെലക്ഷൻ കിട്ടുകയും ട്വീൻസ് കാറ്റഗറിയിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുകയും ചെയ്തു. 2022 ജനുവരിയിൽ ‘ഐ ഹാവ് ബീൻ വെയ്റ്റിങ്...’ എന്ന രണ്ടാമത്തെ സ്വതന്ത്രഗാനം അമേരിക്കൻ മ്യൂസിക് പ്രൊഡ്യൂസർ റിച്ച് ഫെയ്ഡനൊപ്പം പുറത്തിറക്കി.
അതേ വർഷം ജൂണിൽ ‘ബിറ്റർ സ്വീറ്റ്’ എന്ന പേരിൽ മൂന്നാമത്തെ ഗാനവും പുറത്തിറക്കി. മറ്റൊരു സ്വതന്ത്രഗാനത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ചിത്രകലയും തനിക്ക് വഴങ്ങുമെന്ന് ജാനകി തെളിയിച്ചിട്ടുണ്ട്. അവളുടെ ചിത്രങ്ങൾ കോഴിക്കോട് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രകലാ ആസ്വാദകർക്ക് ദൃശ്യവിരുന്നായി.
സെലിബ്രിറ്റികൾക്കൊപ്പം വേദിയിൽ
ലോക പ്രസിദ്ധരായ ഒട്ടേറെ സെലിബ്രിറ്റികൾക്കൊപ്പം വേദിയിലെത്താൻ ജാനകിക്ക് അവസരം ലഭിച്ചു. പാകിസ്താനി പാട്ടുകാരനും ഗാനരചയിതാവും നടനുമായ ആതിഫ് അസ്‍ലമിന്റെ ആസ്ട്രേലിയ-ന്യൂസിലൻഡ് ടൂറിൽ വിവിധ വേദികളിൽ പാടാൻ സാധിച്ചു. ക്രിക്കറ്റ് താരം ബ്രെറ്റ് ലീയുടെയും ബാൻഡിന്റെയും കൂടെ അരങ്ങു പങ്കിടാനും അവസരമുണ്ടായി. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ മെൽബൺ സിംഫണി ഓർക്കസ്ട്രയിലെ സംഗീതജ്ഞരുടെ കൂടെ സ്വന്തം രചനക്ക് സംഗീതം പകർന്ന് ആലപിക്കാൻ സാധിച്ചത് അംഗീകാരമായി കരുതുകയാണ് ജാനകി. മുഖ്യാതിഥികളായി എത്തിയ അഭിഷേക് ബച്ചൻ, കപിൽ ദേവ്, തമന്ന എന്നിവരുടെ സാന്നിധ്യം പ്രചോദനമേകുന്നതായിരുന്നെന്ന് ജാനകി പറയുന്നു.
സകലകലാ വല്ലഭ
പ്രശസ്തിയുടെ നെറുകയിലേക്ക് കുതിക്കുന്ന ജാനകിയെന്ന ഒമ്പതാം ക്ലാസുകാരി ഇന്ന് നമുക്ക് ഇന്ത്യൻ-ആസ്േട്രലിയൻ പാട്ടുകാരി, പാട്ടെഴുത്തുകാരി, കണ്ടന്റ് ക്രിയേറ്റർ, സമൂഹമാധ്യമങ്ങളിലെ താരം, ഫാഷൻ മോഡൽ, ചിത്രകാരി, നർത്തകി എന്നിങ്ങനെ വിശേഷണങ്ങൾ ചേർത്തുവിളിക്കാം. സംഗീതവേരുകൾ ആഴ്ന്നിറങ്ങിയ കുടുംബമാണ് ഇവരുടേത്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ അരുൺ ഗോപന്റെ സഹോദര പുത്രിയാണ് ജാനകി.
പിതാവ് അനൂപും സംഗീതരംഗത്ത് സജീവമാണ്. ജാനകിയുടെ പാട്ടുകളുടെ ആദ്യ വിമർശക അമ്മ തന്നെയാണ്. ഇംഗ്ലീഷിനുപുറമെ മലയാളത്തിലും തമിഴിലും ഇതര ഇന്ത്യൻ ഭാഷകളിലും പാടുന്നു. പുറത്തിറങ്ങാൻ പോകുന്ന ചില സിനിമകളിലും പാടുകയും ഗാനരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദ സീക്രട്ട് ഓഫ് വിമൻ’ എന്ന മലയാള സിനിമയിൽ ജാനകിതന്നെ രചിച്ച് പാടുന്ന ഗാനവുമുണ്ട്. സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പാട്ടുകൾ കേൾക്കാം.
‘ലോകത്തെ ഏറ്റവും മികച്ച പാട്ടുകാരി’
ലോകപ്രസിദ്ധ യൂട്യൂബറായ റൂമി, 10 മുതൽ 95 വരെ പ്രായമുള്ള ഏറ്റവും മികച്ച പാട്ടുകാരിൽ ഒരാളായി ജാനകിയെ പരാമർശിക്കുന്നു. 2019ൽ ‘സംവേർ ഓവർ ദ റെയിൻബോ’ എന്ന വിഡിയോയിലൂടെയാണ് തുടക്കം. 2020 ജനുവരി 23ന് പോസ്റ്റ് ചെയ്ത ‘എന്നടി മായാവി നി’ എന്ന റീ ഓർക്കസ്ട്ര ചെയ്ത ഗാനത്തിന് ശ്രോതാക്കൾ ഏറെയുണ്ടായിരുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.