‘‘കഷണ്ടിക്ക് മരുന്നില്ലെങ്കിലെന്താ തല മൊട്ടയടിച്ചാൽ പോരേ’’ -തൃശൂർ തേക്കിൻകാട് മൈതാനത്ത് ഒത്തുചേർന്ന മൊട്ടകളുടേതാണ് ചോദ്യം.
തൊപ്പി വെച്ചാൽ മൂടിവെക്കുന്നത് പോലെ തോന്നുമോ, വിഗ് വെച്ചാൽ കണ്ടുപിടിക്കുമോ എന്നൊക്കെയുള്ള ടെൻഷനുകളോട് ബൈ പറഞ്ഞ് 25 മൊട്ടകൾ ഒരുമിച്ച് തെക്കേനടയിലെ മൈതാനത്ത് ഒരുമിച്ച് ചിരിക്കുന്നു, പലവിധ പോസുകളിൽ ഫോട്ടോയെടുക്കുന്നു, കണ്ടുനിന്നവർ കൗതുകത്തോടെ നോക്കി നിൽക്കുന്നു.
തീരെ മുടിയില്ലാത്ത കഷണ്ടിത്തലയന്മാരല്ലിത്. കുറച്ചെങ്കിലും മുടിയുള്ളവർ. പക്ഷേ, ദിവസവും തലമുടി ഷേവ് ചെയ്ത് നടക്കുന്നവർ.
കഷണ്ടിത്തലയന്മാരുടെ കൂട്ടായ്മ ഉണ്ടെങ്കിലും തല മൊട്ടയടിക്കുന്നവരുടെ കൂട്ടായ്മ ലോകത്ത് ആദ്യമാണെന്ന് ‘മൊട്ടക്കൂട്ടം’ എന്ന അന്തർദേശീയ സംഘടനക്ക് രൂപം നൽകിയ സ്റ്റാൻഡപ് കൊമേഡിയനും ഇന്‍റർവ്യൂവറുമായ സജീഷ് കുട്ടനെല്ലൂർ അവകാശപ്പെടുന്നു.
മൊട്ടകൾ ഒരുമിച്ചപ്പോൾ
‘മൊട്ട ഗ്ലോബൽ’, ‘മൊട്ടക്കൂട്ടം’ എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിച്ചാൽ ആർക്കും ഒന്ന് മൊട്ടയടിച്ചാലോ എന്ന് തോന്നിപ്പോകുമെന്നാണ് സജീഷിന്‍റെ പക്ഷം. ആഗസ്റ്റ് 11നാണ് ഞങ്ങൾ മൊട്ടകളൊരുമിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് ഒത്തുചേർന്നത്.
ഞാനും എന്‍റെ മകനും മൊട്ടകളെ കാത്തിരിക്കുമ്പോൾ ആദ്യം പോൾസൺ എന്ന മൊട്ട കയറിവന്നു, നിയാസ് വന്നു, പിന്നെ സംഗീത്... അങ്ങനെ പല പല മൊട്ടകൾ. കാണുമ്പോൾ തന്നെ കൗതുകം. ഞങ്ങളെ ചുറ്റിപ്പറ്റി നിന്ന മാധ്യമങ്ങൾക്കും ആളുകൾക്കും അതിലേറെ കൗതുകം. ഞങ്ങൾ ആദ്യമായാണല്ലോ ഒരുമിച്ച് കാണുന്നത്.
15 പേർ ഒരുമിച്ചുനിൽക്കുമ്പോൾ ഒരു രസം അല്ലേ? അതൊരു റീലോ സ്റ്റാറ്റസോ ആക്കാം, ഒരു കൂട്ടായ്മയുണ്ടാക്കാം. അങ്ങനെയാണ് കരുതിയിരുന്നത്. എന്നാൽ, ഇന്നത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു അന്താരാഷ്ട്ര സംഘടനയായി മാറി.
ക്ലീൻ ഷേവ് ചെയ്തവർക്ക് സ്വാഗതം
ഒരു പരിപാടിക്കിടെ ഞാൻ സദസ്സിൽനിന്ന് സ്റ്റേജിലേക്ക് വിളിച്ചുകയറ്റിയ മൊട്ടകളെ ഒരുമിച്ച് കണ്ടപ്പോൾ ആളുകൾ കൗതുകത്തോടെ നോക്കാൻ തുടങ്ങി. മൊത്തം പോസിറ്റിവ്, ഹാപ്പി. അതിന്‍റെ തുടർച്ചയായാണ് ‘മൊട്ടത്തലയന്മാർക്കെല്ലാം തൃശൂരിൽ ഒത്തുചേരാം, ക്ലീൻ ഷേവ് ചെയ്ത തലയുമായി വരുന്ന ആർക്കും സംഘടനയിലേക്ക് സുസ്വാഗതം’ എന്നൊരു പോസ്റ്റർ ഉണ്ടാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. പിന്നെ വാട്സ്ആപ് ഗ്രൂപ്പിലും ഷെയർ ചെയ്തു.
അന്ന് വലിയ പ്രതീക്ഷയില്ലായിരുന്നു. 10, 15 പേർ എന്നേ ചിന്തിച്ചുള്ളൂ. അവരെ ചേർത്ത് ഒത്തുചേരാം എന്നായി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ച് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ള 25 മൊട്ടകൾക്ക് ഒരുമിക്കാൻ കഴിഞ്ഞു. അതങ്ങ് വൈറലായി. മാധ്യമങ്ങളും ഏറ്റെടുത്തു. വലിയ വാർത്തയുമായി.
രാജ്യാതിർത്തിയും ഭേദിച്ച്
സംഘടനയെ ആഗോള തലത്തിൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 100 പേർ തൃശൂരിൽ അണിനിരക്കുന്ന കൂട്ടായ്മക്ക് ഉടൻ രൂപം നൽകും. കൊച്ചിയും കോഴിക്കോടും പ്ലാനിലുണ്ട്. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഡെന്മാർക് തുടങ്ങി 20 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന, ബോഡി ഷെയിമിങ്ങിനെതിരായ കാമ്പയിൻ ഉൾപ്പെടെ പദ്ധതിയിലുണ്ട്. അതിനുള്ള തയാറെടുപ്പിലാണ്.
സോഷ‍്യൽ മീഡിയയിൽ ‘ഓൾഡ് ലുക്ക് ചലഞ്ചസ്’ നടത്തുന്നുണ്ട്. 50 പോസ്റ്റുകൾ പബ്ലിഷ് ചെയ്തു. ‘ഷേവ് ഹെഡ് ലൈഫ്’ എന്ന പേരിൽ റീൽസും ചെയ്യുന്നുണ്ട്. ആളുകൾ അനുഭവങ്ങൾ പറയുന്ന വിഡിയോയും പോസ്റ്റ് ചെയ്യുന്നുണ്ട്.
കോൺഫിഡൻസ് വീണ്ടെടുത്ത്
മുടി കുറഞ്ഞവർക്ക് മൊട്ടയടിക്കുന്നതിലൂടെ കോൺഫിഡൻസ് കൂടുന്നെന്ന് അംഗങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. എല്ലാവരുടെയും തലയിൽ മുടിയുണ്ട്. അതൊക്കെ വടിച്ചിരിക്കുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ നമുക്കുതന്നെ തോന്നും നമ്മൾ വേറിട്ടൊരു രൂപമാണല്ലോയെന്ന്.
കേരളത്തിലാണ് മുടിക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്. വിദേശത്ത് മൊട്ടത്തലയന്മാർ സുന്ദരന്മാരാണ്. ലോകമൊന്നാകെ മലയാളി ശബ്ദമായി ഞങ്ങൾക്ക് മാറണം. സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
ആത്മവിശ്വാസത്തിന് മുടി അവശ്യഘടകമല്ല. ഏതുതരത്തിലുമുള്ള ശരീരത്തെയും ഞങ്ങൾ അംഗീകരിക്കും. തലമൊട്ടയടിച്ച് അതൊരു മുഖമുദ്രയാക്കി ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി നമ്മുടെ ഇടയിൽ തലയുയർത്തി നടക്കുന്ന നിരവധിപേരെ നാം നിത്യവും കാണുന്നുണ്ടെങ്കിലും ആരും അതത്ര കാര്യമായി ഗൗനിക്കാറില്ല. എന്നാൽ, ഈ സംഗമത്തോടെ അവർ ലോകശ്രദ്ധയിൽ വരുകയാണെന്ന് മൊട്ടത്തലയിൽ തലോടി സജീഷ് പറഞ്ഞുനിർത്തി.
വൈസ് പ്രസിഡന്‍റ് ഡോ. വിഷ്ണു വാസുദേവൻ, സെക്രട്ടറി യൂസഫ് കൊടിഞ്ഞി, ട്രഷറർ അരുൺ ജി. നായർ ഉൾപ്പെടെയുള്ളവർ പ്രസിഡന്‍റ് സജീഷിനൊപ്പം കട്ടക്ക് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.