നിദ അന്‍ജും ചേലാട്ട്


ലോകത്തിലെ ഏറ്റവും വലിയ കുതിര സവാരി മത്സരത്തിൽ വിജയിച്ച് റെക്കോഡിട്ട നിദ അന്‍ജുമിനെക്കുറിച്ചറിയാം

കുതിരയോട്ട മത്സരരംഗത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാകുന്ന ഒരു കഥ പറയട്ടേ... കഥ നടക്കുന്നത് അങ്ങ് ഫ്രാൻസിലെ മോൺപാസിയറിലാണ്. പണ്ടുമുതലേ ലോകത്ത് നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ അത്രകണ്ട് ജനപ്രീതിയില്ലാത്ത കായിക ഇനമാണ് കുതിരയോട്ട മത്സരം.

യൂറോപ്പും അമേരിക്കയുമൊക്കെ കുത്തകയാക്കിയ മത്സരരംഗത്ത് ആദ്യമായി ഒരു ഇന്ത്യക്കാരി പങ്കെടുക്കുന്നു, വിജയിക്കുന്നു... അവിടെ ഒരു ചരിത്രം പിറക്കുന്നു, ത്രിവർണത്തിൽ. ആ ചരിത്രമെഴുതിയ റെക്കോഡ് നിദ അന്‍ജും ചേലാട്ട് എന്ന മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിനിയായ മലയാളിക്ക് സ്വന്തം.


ചരിത്രം പിറന്നതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ കുതിര സവാരി ഇവന്‍റുകളിലൊന്നായ ലോക ദീർഘദൂര ഇന്‍റർനാഷനൽ എക്യുസ്ട്രിയൻ ഫെഡറേഷൻ (എഫ്.ഇ.ഐ) സംഘടിപ്പിച്ച വേൾഡ് എക്യുസ്ട്രിയൻ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം 120 കിലോമീറ്റർ മത്സരം വിജയകരമായി പൂർത്തിയാക്കി ലോകത്തിലെ ഏറ്റവും മികച്ച പ്രായം കുറഞ്ഞ എൻഡ്യൂറൻസ് റൈഡർമാരുടെ നിരയിലേക്ക് നിദ ഉയർത്തപ്പെട്ടു.

ഹെൽമറ്റിലും ജഴ്സിയിലും ദേശീയ പതാക വഹിച്ച് ഓരോ കുളമ്പടിയിലും രാജ്യത്തിന്‍റെ പ്രൗഢിയേന്തി മുന്നേറിയ നിദ, അവസാനം ആഗോള വേദിയിൽ ഇന്ത്യൻ സാന്നിധ്യമുറപ്പിച്ചു. പിന്നീട് പിറന്നതാവട്ടെ ചരിത്രം.

ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത എന്നാൽ യു.എ.ഇ, ബഹ്റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അവരുടെ സാംസ്ക‌ാരിക പാരമ്പര്യത്തിന്‍റെ ഭാഗമാക്കിയ മത്സരത്തിന്‍റെ വിജയം കരുത്തരായ എതിരാളികൾക്ക് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു ഈ 22കാരി.

സെപ്റ്റംബര്‍ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാർക്കൊപ്പമാണ് നിദ മത്സരിച്ചത്. കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് പങ്കെടുക്കാൻ യോഗ്യത നേടിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ പാത 10 മണിക്കൂർ 23 മിനിറ്റിൽ നിദ കീഴടക്കി.

73 പേർ അയോഗ്യരായി. ആദ്യ ഘട്ടത്തിൽ 61ാം സ്ഥാനത്തായിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ 56ാം സ്ഥാനത്തും മൂന്നാം ഘട്ടത്തിൽ 41ാം സ്ഥാനത്തും നാലാം ഘട്ടത്തിൽ 36ാം സ്ഥാനത്തും അവിടെ നിന്ന് 27ാം സ്ഥാനത്തുമെത്തി. അവസാനം 17ാം സ്ഥാനമെന്ന മികച്ച റെക്കോഡോടെയാണ് നിദ ഓടിയെത്തിയത്.

കുതിച്ചുചാടിയ കുളമ്പടികൾക്ക് മണിക്കൂറിൽ ശരാശരി വേഗം 16.09 കിലോമീറ്ററായിരുന്നു. നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്. 12 വയസ്സുള്ള തന്‍റെ വിശ്വസ്ത പെൺകുതിര ‘പെട്ര ഡെൽ റേ’യുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്.

ഒരു കുതിരയുമൊത്ത് രണ്ട് വർഷത്തിനിടെ 120 കിലോമീറ്റർ രണ്ട് തവണയെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാവുക. നിദയാകട്ടെ രണ്ട് കുതിരകളുമായി നാലു തവണ ഈ ദൂരം താണ്ടുകയും ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി ‘ത്രീ സ്റ്റാർ റൈഡർ’ പദവി നേടുകയും ചെയ്തു.

കഴിഞ്ഞ വർഷം എഫ്.ഇ.ഐയുടെ എക്യുസ്ട്രിയൻ (കുതിരയോട്ടം) ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡേഴ്സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയ വനിതയായി നിദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഈ വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയപ്പോൾ തന്നെ ഇന്ത്യൻ കുതിരയോട്ട കായിക വിഭാഗത്തിൽ നിദ ചരിത്രമെഴുതിക്കഴിഞ്ഞിരുന്നു. ക്രിക്കറ്റും ഫുട്ബാളും ഹോക്കിയും മറ്റെല്ലാ കായിക ഇനങ്ങളുമെന്നപോലെ കാഠിന്യമേറിയ ഇനങ്ങളും ഇന്ത്യക്കാർക്ക് കഠിന പ്രയത്നത്തിലൂടെ വഴങ്ങുമെന്ന സന്ദേശമാണ് നിദ നൽകുന്നത്.

മത്സരത്തിനുള്ള തയാറെടുപ്പിനിടെ


ഓരോ കുളമ്പടിയും റെക്കോഡിലേക്ക്

അധികമാരും കൈവെക്കാത്ത സ്‌പോര്‍ട്‌സ് ഇനത്തില്‍ മികവ് പുലര്‍ത്തിയ നിദ, കൈപ്പിടിയിലൊതുക്കിയത് കുതിരവേഗത്തിൽ മിന്നും വിജയങ്ങളാണ്. അവയിൽ ചിലത്:

● 2023ൽ എഫ്.ഇ.ഐ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 160 കി.മീ വിഭാഗത്തിൽ 17ാം സ്ഥാനം, എഫ്.ഇ.ഐ കാസ്റ്റൽസാഗ്രാറ്റ് യങ് റൈഡേഴ്സ് ആൻഡ് ജൂനിയേഴ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 21ാം സ്ഥാനം (ഈ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്), ഫ്രാൻസിലെ ഫ്ലൂറിൻസിൽ നടന്ന 120 കിലോമീറ്റർ മത്സരത്തിൽ ആറാം സ്ഥാനം,

● 2022ൽ 100 ​​കിലോമീറ്റർ എസ്.എച്ച് മുഹമ്മദ് ബിൻ സായിദ് ലേഡീസ് കപ്പിൽ 11ാം സ്ഥാനം

● 2021ൽ ക്രൗൺ പ്രിൻസ് ലേഡീസ് കപ്പിൽ 11ാം സ്ഥാനം

● 2020ൽ 160 കിലോമീറ്റർ എച്ച്.എച്ച് പ്രസിഡന്‍റ്സ് കപ്പിൽ എട്ടാം സ്ഥാനം (ആദ്യ 10ൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്)

● 2019ൽ യു.കെയിലെ യൂസ്റ്റൺ പാർക്കിൽ നടന്ന CEI3 160 കിലോമീറ്റർ മത്സരത്തിൽ ഏഴാം സ്ഥാനം (ഇതിലൂടെ 2019ലെ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടി)


കരുത്തും കായികക്ഷമതയും മാത്രം പോര

12 വയസ്സുള്ള പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്. കുതിച്ചു ചാടിയ പെട്രയുടെ മിന്നും പ്രകടനം നിദയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കുതിരയെയും നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മർദത്തിലാക്കുന്ന മത്സരമായതിനാൽ മെയ്‍വഴക്കം മാത്രമല്ല, കുതിരയുമായി തകര്‍ക്കാനാകാത്ത ആത്മബന്ധവും ഉണ്ടാകണം.

ഒപ്പം പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവയെല്ലാം നിരന്തരം പരീക്ഷിക്കപ്പെടും. പാറയിടുക്കുകളും ജലാശയങ്ങളും കാടുമെല്ലാം താണ്ടി കുതിരക്ക് ഒരു പോറൽ പോലുമേൽക്കാതെ മുന്നേറുകയും വേണം. അതിനാൽതന്നെ കുതിരയും മത്സരാർഥിയും നിരവധി വെല്ലുവിളികള്‍ അതിജീവിക്കണം. അസാമാന്യ കരുത്തും കായികക്ഷമതയും മാത്രം പോരെന്നർഥം.

എഫ്.ഇ.ഐയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കുതിരയുടെ ആരോഗ്യ പരിപാലനം വളരെ പ്രധാനമാണ്. കുതിരക്കും പങ്കെടുക്കുന്നയാൾക്കും ശാരീരികക്ഷമതയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും പൂർണ ആരോഗ്യവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ മത്സരിക്കാനാകൂ. 38.65, 20.22, 31.72, 20.22, 23.12, 26.07 കി.മീ. എന്നിങ്ങനെ ആറു ഘട്ടങ്ങളിലാണ് മത്സരിക്കേണ്ടത്.

ഓരോ മണിക്കൂറിലും ശരാശരി 18 കി.മീ. വേഗമെങ്കിലും കൈവരിക്കണം. ആദ്യത്തെ മൂന്നു ഘട്ടത്തിനിടെ കുതിരക്ക് വിശ്രമിക്കാൻ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തെയും മിനിറ്റായിരിക്കും ഇടവേള. ഈ ഘട്ടങ്ങൾക്കുശേഷം വിദഗ്ധരായ 50 മൃഗഡോക്ട‌ർമാർ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമാകുന്ന മത്സരാർഥികൾ അയോഗ്യരാക്കപ്പെടും.

തുണയായത് ഇന്ത്യക്കാരുടെ സ്നേഹവും പിന്തുണയും

എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനായതിൽ ഏറെ അഭിമാനമുണ്ടെന്നും ഇന്ത്യൻ ജനത നൽകിയ സ്നേഹവും പിന്തുണയുമാണ് അവസാനം വരെ പൊരുതാൻ തുണയായതെന്നും നിദ പറയുന്നു. സൗകര്യങ്ങളേതുമില്ലാതെ കഠിനപ്രയത്നത്താലും പരിശ്രമത്താലുമാണ് നിദ ലോകവേദിയിലേക്ക് യോഗ്യത നേടിയത്.

വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ഏറെ ആസ്വദിച്ചെന്നും എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നെന്നും തുടർന്നുള്ള ലോക ചാമ്പ്യൻഷിപ്പുകൾക്കായി തയാറെടുക്കുകയാണെന്നും പറയുന്ന നിദ രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾക്കുവേണ്ടി ശ്രമിക്കുമെന്നും പറയുന്നു.

പ്രിയം കുതിരകളോട്

കുട്ടിക്കാലത്ത് കുതിരകളോട് പ്രിയം തോന്നിത്തുടങ്ങിയത് മാതാപിതാക്കൾക്കൊപ്പം ദുബൈയിൽ എത്തിയതോടെയാണ്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അബൂദബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ‘ഗോൾഡ് സ്വാർഡ്’ പുരസ്ക‌ാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്. അവിടെ നിന്നാണ് ഇപ്പോൾ ഈ കായികയിനത്തിലെ ലോക പ്രസിദ്ധ ചാമ്പ്യൻഷിപ്പുകളിൽ എത്തിനിൽക്കുന്നത്.

കുതിരയോട്ടക്കാരനും പരിശീലകനും തന്‍റെ ഗുരുവുമായ അലി അൽ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാൻ സഹായിച്ചത്. തഖാത് സിങ് റാവോ ആണ് പേഴ്‌സനൽ ട്രെയിനർ. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കൺസൽട്ടന്‍റ്.

യു.കെയിലെ യൂനിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാമിൽനിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബൈയിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐ.ബി ഡിപ്ലോമയും സ്വന്തമാക്കിയ നിദ, ഇപ്പോൾ സ്പെയിനിൽ മാനേജ്‌മെന്‍റിലും ഇന്‍റർനാഷനൽ ഡെവലപ്മെന്‍റിലും മാസ്റ്റേഴ്‌സ് ചെയ്യുകയാണ്.

റീജൻസി ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്‌ടറും കേരള അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്‍റുമായ പിതാവ് ഡോ. അൻവർ അമീൻ ചേലാട്ടും മാതാവ് മിന്നത് അൻവർ അമീനും സഹോദരി ഡോ. ഫിദ അൻജും ചേലാട്ടും സർവ പിന്തുണയുമായി നിദക്കൊപ്പമുണ്ട്.





Tags:    
News Summary - Know about Nidha Anjum who won the horse riding competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.